Wednesday, August 24, 2022

കമ്പിളിപുരാണം

"അതേയ് ബ്ലാങ്കെറ്റ് ഒന്ന് കഴുകിയിട്ടേക്കണേ"

രാവിലത്തെ വീട്ടുതിരക്കുകൾക്കിടയിൽ നിന്നും സ്‌കൂളിലെ തിരക്കുകളിലേയ്ക്ക് ഊളയിടുന്നതിനിടയിൽ ഭാര്യഎന്നോട് വിളിച്ചുപറഞ്ഞുകൊണ്ട് മുറ്റത്തേക്കിറങ്ങി


ദുബായ് ഓർമ്മകൾ നിലനിർത്തി ഇപ്പോഴും കൈവശമുള്ള അല്പം ചില ഗൾഫ് സ്മരണകളിലൊന്നാണ്നാലുവശവും തുന്നലെല്ലാം വിട്ടുതുടങ്ങിയിരിക്കുന്ന പഴയ  ബ്ലാങ്കെറ്റ്


സംഭവം പഴയതാണെങ്കിലും ചെറിയ മകന് ഫാൻ ഫുൾ സ്പീഡിലിട്ട് ഇതിനുള്ളിൽ ചുരുണ്ടുകൂടി അതിലെചൂടുപറ്റി കിടന്നാലേ ഉറക്കം വരൂ എന്നായിട്ടുണ്ട്.

 വിരോധാഭാസത്തിന്റെ പൊരുൾ എനിക്കിപ്പോഴും പിടുത്തം കിട്ടിയിട്ടില്ല


ഉപയോഗിച്ചുപയോഗിച്ച് നന്നേ മുഷിഞ്ഞുതുടങ്ങിയ അത് പുരാവസ്തുക്കാരുടെ കണ്ണിൽപ്പെടാതെ സൂക്ഷിക്കണംഅവരെങ്ങാനും കണ്ടാൽ കർണ്ണന്റെ കവചകുണ്ഡലം പോലെ ഇതും ചുറ്റിപ്പിടിച്ചു നിൽക്കുന്ന ചെക്കനെയടക്കംഎടുത്തോണ്ട് പോവും


പഴയവസ്തു ആയതുകൊണ്ടുതന്നെ ഡ്രൈക്ളീനിംഗിന്റെ ഹൈസ്റ്റൈൽ പരിചരണമെല്ലാം വിട്ട് തല്ലിയലക്കൽഎന്ന പുരാതന മാതൃകയിലേയ്ക്ക് തിരിയാൻ ശീലിപ്പിച്ചിരുന്നു ഇതിനോടകം അതിനെ


തല്ലിയലക്കലിന്റെ കഠിനയാതനകൾ എന്നിലേൽപ്പിക്കുന്ന ക്ഷതങ്ങളെക്കുറിച്ചാലോചിച്ച് ടെൻഷനടിച്ച് സ്വന്തംതോർത്തുവരെ വാഷിംഗ് മെഷീനിൽ ഇട്ട് അലക്കുന്ന എന്നോടായിരുന്നു രാവിലെ ഭാര്യയുടെ  ശാസനം


പത്തുപതിനാറു റാത്തൽ കനമുള്ള  പുരാവസ്തു ഞാനെന്തായാലും തല്ലിയലക്കാനൊന്നും പോണില്ലപിന്നെഭാര്യ തിരിച്ചുവരുമ്പോൾ എന്നെയിട്ട് അലക്കാതിരിക്കണമെങ്കിൽ ഞാനത് വാഷിംഗ് മെഷീനിലിട്ട്അലക്കുകയെങ്കിലും വേണമല്ലോ എന്നാലോചിച്ചു വിഷമിച്ച്സ്ഥായിയായിട്ടുള്ള ധ്യാനാവസ്ഥ വെടിഞ്ഞുകൊണ്ട്ചാരുകസേരയിൽ നിന്നും കൈകാലുകൾ അടത്തിയെടുക്കാൻ ഞാൻ മനസ്സില്ലാമനസ്സോടെ തീരുമാനിച്ചു


സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീനിന്റെ അലക്കു ടബ്ബിൽ  മാറാപ്പും നിക്ഷേപിച്ച് മൂന്നു സ്പൂൺസോപ്പുപൊടിയുമിട്ട് വെള്ളം നിറച്ചുകഴിഞ്ഞപ്പോൾ അസ്ഥാനത്തൊരു ചിന്ത...

ഇതെവിടെ കിടന്ന് ഒരു അരമണിക്കൂർ കുതിരട്ടെ അഴുക്കെല്ലാം ഇളകി വരട്ടേ എന്ന് .

 ഭീമാകാര സാധനത്തിലെ ചളിയെല്ലാം ഇളകാൻ ഇത്ര സോപ്പൊന്നും മതിയാവില്ലഒരു നാല് സ്പൂൺ പൊടികൂടെ കിടക്കട്ടെ...


അതും ഇട്ട് ഒരു കറക്കം കറക്കി അവനെ അവിടെ നിക്ഷേപിച്ചപ്പോൾ ജാത്യാലുള്ള സംശയം വീണ്ടും എന്നോടുചോദിച്ചു 

'ഇതു മതിയാകുമോ നമ്പീശാ ? ഒരു മൂന്നു സ്പൂൺ കൂടെ ഇട്ടാൽ കേമാവില്ലേ ?'

സംശയം വേണ്ടാ..

നിശ്ചയിച്ചു.

നെയ്യേറിയതുകൊണ്ട് അപ്പം കേടാവില്ല എന്നു പറയാറുള്ള മുത്തശ്ശിയെ മനസ്സിൽ ഓർത്തുകൊണ്ട് മൂന്നു സ്പൂൺകൂടി ഇട്ടു


അര മണിക്കൂർ കുതിർക്കൽ യജ്‌ഞം കഴിഞ്ഞ് 15 മിനിറ്റ് സമയത്തേക്ക് വാഷിംഗ് സെറ്റു ചെയ്ത് മെഷീനുംഓണാക്കി തിരികെ ഞാനെന്റെ സ്ഥായീഭാവം ചാരുകസേരാ യോഗാവസ്ഥയിലേക്ക് കൂപ്പുകുത്തി


എന്നൊടാ കളി ..

ഇതല്ലഇതിന്റപ്പുറം കുത്തിത്തിരുമ്പിയവനാണീ നമ്പീശൻ ..

കമ്പിളീ.. നിന്നെ അമ്പിളിപോലെ വെളുപ്പിക്കും ഞാൻനോക്കിക്കോ ..

ഇത്തരം സദ്ചിന്തകളുമായി നേരംപോക്കി നേരം പോയതറിഞ്ഞില്ല


അല്പം കഴിഞ്ഞ് കമ്പിളിയുടെ അവസ്ഥാന്തരത്തെക്കുറിച്ചറിയാൻ അവിടെ ചെന്നു നോക്കിയ ഞാനൊന്ന് ഞെട്ടി.. ശേഷം തരിച്ചു..പിന്നെയൊന്നു നിന്നു .


അവിടെ ലക്സ്‌ സോപ്പിന്റെ പരസ്യത്തിൽ മേലും കീഴും ടബ്ബും നിറയേ സോപ്പു പതയുമായി കുളിക്കുന്ന സിനിമാനടിയെപ്പോലെ സോപ്പുപതക്കൂമ്പാരത്തിനു നടുവിൽ വ്രീളാവിവശയായി നിൽക്കുന്നു എന്റെയാ അലക്കു മെഷീൻ!


കൂടെപ്പിറന്ന സംശയം നിസ്സംശയം ചതിച്ചു

ഉദാരമതിയായ എന്നോട് മതി എന്നുപറയാതെ വാഷിംഗ് മെഷീനിലേയ്ക്ക് ആക്രാന്തഭരിതമായി വീണുല്ലസിച്ച 10 സ്പൂൺ സോപ്പുപൊടി ചെറുതായി ഒരു വലിയ പണി തന്നെ തന്നു


നിലത്തു കുനിഞ്ഞിരുന്നു താരസുന്ദരിയേയും അവൾ നീരാടിയ തറയും തേച്ചു തുടച്ചു വൃത്തിയാക്കികഴിഞ്ഞപ്പോഴേക്കും പുറം കഴച്ചു തുടങ്ങി


എല്ലാം വൃത്തിയാക്കിരണ്ടുവട്ടം കൂടി വെള്ളം മാറ്റി കമ്പിളിയൊന്ന് കറക്കിയെടുത്ത് വെള്ളം വാർന്നു കളയാനായിഅവനെ സ്പിൻ ടബ്ബിലേയ്ക്ക് ഇടാനുള്ള ശ്രമമായി അടുത്തത്

തലയിണയുറയിൽ തലയിണ കുത്തിക്കയറ്റാൻ നോക്കുന്ന പോലെ ടബ്ബിലേയ്ക്ക് കമ്പിളി നിറയ്ക്കാൻശ്രമിച്ചപ്പോൾ ദേ കിടക്കണൂ മുക്കാൽ ഭാഗം പുറത്ത്

ചാഞ്ഞും ചരിഞ്ഞും നിന്നും ഇരുന്നും ശ്രമങ്ങൾ പലതും നടത്തി

എവടെ ........ ങേ ഹേ ........


ഒടുവിൽ ഞാനാ സത്യം അംഗീകരിച്ചു

 വലിയ കമ്പിളിയെ സ്വീകരിക്കാൻ മാത്രം ഹൃദയവിശാലതയൊന്നും ഇല്ല  ടബ്ബിന്

ഇനിയെന്തായാലും അടുത്തവഴി നോക്കുക തന്നെ


പത്തുപതിനാറു റാത്തൽ കനമുണ്ടായിരുന്ന  മൊതല് നനഞ്ഞൊട്ടി ഏതാണ്ട് അമ്പത് റാത്തലോളം തൂക്കമായകാര്യം ഞാൻ മനസ്സിലാക്കിയത് അരിച്ചാക്ക് പുറത്തെടുത്തു പോകുന്ന ലോഡിങ്ങുകാരന്റെ ലാഘവത്തിൽഇതെടുത്തു എന്റെ പുറത്തേക്കു വച്ച് ടെറസ്സിലേയ്ക്ക് ഗോവണി കയറിയപ്പോഴാണ്

മനസ്സിന്റെ ലാഘവത്വം ശരീരം മനസ്സിലാക്കാൻ ശ്രമിക്കാതെ മുഖംതിരിഞ്ഞിരുന്നതുകൊണ്ട് തിശ്രനടയിൽശ്വാസഗതിക്ക് താളം പിടിച്ച് മൂന്നാമത്തെ പടിയിലേയ്ക്ക് മൂക്കു മുട്ടുന്ന തരത്തിലേക്ക് ഞാൻ കൂനിക്കൂടിയിരുന്നു


ഒരുവിധേന മുകളിലെത്തിയതുംഒരുമിച്ച് ഇതിന്റെ വെള്ളം പിഴിഞ്ഞുകളയാൻ സാധിക്കാത്തതുകൊണ്ട്ഒരറ്റത്തുനിന്നും പിഴിഞ്ഞുതുടങ്ങുന്നതിനുള്ള എളുപ്പത്തിനായി മറ്റൊന്നും ചിന്തിക്കാതെ ടിയാനെ അടുത്തുകണ്ടഅയയിലേയ്ക്ക് എടുത്തിട്ടതും ദാണ്ടേ കിടക്കുന്നു കയറും കമ്പിളിയും താഴെ തറയിൽ


വീണ്ടും ചളിപുരണ്ട ജീവിതവുമായി താഴെ തറയിലെ മണ്ണിലും പൊടിയിലും മലർന്നുകിടന്ന്  കമ്പിളി എന്നെദയനീയമായി നോക്കുമ്പോൾഗൾഫിൽ  വക കമ്പിളിയെല്ലാം കണ്ടുപിടിച്ചവന്മാരുടെ പിതാമഹന്മാർപരലോകത്തിരുന്ന് ആറര മിനിറ്റ് കുളിരുകോരി വിറച്ചത് റിക്ടർ സ്കെയിലിൽ 8.1 രേഖപ്പെടുത്തി


തുടർച്ചയായ അഞ്ചാം ദിവസവും തൈലം പുരട്ടി എന്റെ കഴുത്തിലും പുറത്തും ചൂടുപിടിച്ചു തരുമ്പോൾ ഭാര്യയുടെപിറുപിറുക്കൽ ലേശം ഉച്ചത്തിലായില്ലേ എന്നൊരു സംശയം.

ഏതു ഗുളികൻ കയറിയ സമയത്താണാവോ എനിക്കിത് ഇങ്ങേരോട്‌ പറയാൻ തോന്നിയത് ദൈവേ ! ഒന്നുംമിണ്ടാതെ ഞാൻ തന്നെ അലക്കിയാൽ മതിയായിരുന്നു. " 


പ്രദീപ് നമ്പീശൻ 

Tuesday, August 16, 2022

എന്റെ പാചകാന്വേഷണ പരീക്ഷണങ്ങൾ :

എന്നും വിജയത്തിന്റെ പാചകകഥകൾ മാത്രം കേട്ടുശീലിച്ച നിങ്ങൾ ഇടയ്ക്കൊരു പരാജയകഥ കൂടികേൾക്കുന്നത് നല്ലതാണ്അഹങ്കാരത്തിനൊരു ശമനം വരുംപരാജിതർക്കുമില്ലേ മോഹങ്ങളും സ്വപ്നങ്ങളും.. 


സ്വന്തമായി ഗുലാബ് ജാമൂൻ ഉണ്ടാക്കണമെന്ന ചെറ്യേ മോഹവുവുമായി ഞാൻ ചെന്നു കയറിയത്എല്ലാരേയുംപോലെ അടുക്കളയിൽ തന്നെഇങ്ങേരിതിന്ന് എന്തു മല മറിക്കാനാ ഭാവം എന്ന മട്ടിൽ കൗതുകം ലേശംകൂടുതലുള്ള എന്റെ ഭാര്യയും കാഴ്ചക്കാരിയായി എന്റെ പുറകേ വന്നു.


കഴിഞ്ഞതവണ കടയിൽ നിന്നും വാങ്ങിയ ഗുലാബ് ജാമൂൻ മിക്സ് പാക്കറ്റിന്റെ പുറകിൽ എഴുതിയിരുന്നഇൻഗ്രീഡിയൻറ്സ് ലിസ്റ്റ് കമ്പനിക്കാർ അറിയാതെ അടിച്ചുമാറ്റിയതിന്റെ ധൈര്യത്തിൽ ഷെഫ് ദാമു സ്റ്റൈലിൽഞാൻ മൈദയും പാൽപ്പൊടിയും 80:20 റേഷ്യോയിൽ കൃത്യമായി തൂക്കിയെടുത്തുഅതിൽ അല്പം ബേക്കിങ്പൗഡറും ചേർത്ത് ഷാലിമാർ ഹോട്ടലിൽ പൊറോട്ട അടിക്കാൻ നിൽക്കണ തെങ്കാശിക്കാരൻ മുരുകണ്ണനെമനസ്സിൽ ധ്യാനിച്ച് പ്രഹരം തുടങ്ങിമുരുകണ്ണന്റെ പേരിനൊരു കളങ്കവും വരുത്താത്ത രീതിയിൽ അടിച്ചടിച്ചുകുഴച്ചുമറിച്ചിട്ടും തിരിച്ചിട്ടും കുഴച്ചു


അതുവരെ എല്ലാം കറക്റ്റ് ആയിരുന്നുഅതിന്റെ ഉത്സാഹത്തിൽപിന്നാലെത്തന്നെ പഞ്ചസാര പാനിയുംഉണ്ടാക്കി വച്ചുലതും കറ കറക്റ്റ്

അതോടെ കോൺഫിഡൻസ് ലെവൽ വല്ലാതങ്ങ് ഉയർന്നുഉയർന്നു നിൽക്കണ അവനെക്കണ്ട് ഇവിടെയെന്താനടക്കണേ എന്നന്വേഷിച്ച്  അഹങ്കാരം കൂടെ അങ്ങോട്ടു കയറി വന്നതോടെ നമ്മള് പിന്നെ ഭാര്യയെഅടുക്കളഭാഗത്തുനിന്ന് ഓടിച്ചുവിട്ടുഎന്റെ വിജയത്തിന്റെ ക്രെഡിറ്റ് അവളങ്ങനെ ചുമ്മാ ഷെയർ ചെയ്യണ്ടഇതെന്റെ മാത്രം വിജയമാണ്എനിക്കുമാത്രം അവകാശപ്പെട്ടത്


കുഴച്ചുവെച്ച മാവെടുത്ത് ഉരുട്ടി ഉരുളകളാക്കിനളനേയും ഉണ്ണായി വാര്യരേയും കൂടൽമാണിക്യസ്വാമിയേയുംഒരുമിച്ച് മനസ്സിൽ വിചാരിച്ച് ഉരുള കൂട്ടിപ്പിടിച്ച് തിളച്ച എണ്ണയുടെ നടുവിൽ ഒരു ബ്ലും ! 

ചൂടുള്ള എണ്ണയിൽ വീണതോടെ ഉരുള അവന്റെ തനികൊണം പുറത്തെടുത്തുഎന്നോടോ ബാലാ എന്ന മട്ടിൽബലം പിടിച്ചൊരു നിൽപ്പും ഒരു ഉരുളലുംപോരാഞ്ഞിട്ട് പുച്ഛത്തില്‍ എന്നെയൊരു നോട്ടവും


അപകടം മണത്ത ഞാൻ എല്ലാം മറന്ന് ഭാര്യയെ സഹായത്തിനു വിളിച്ചതോടെ എന്റെ പൂർവ്വ ചെയ്തികൾഓരോന്നോരോന്നായി കൊരട്ടത്തുനിന്നെടുത്തു എണ്ണിത്തിട്ടപ്പെടുത്തി ഉറപ്പുവരുത്തിയശേഷം കൊടുങ്ങല്ലൂർഭാഗത്തേയ്ക്ക് തിരിഞ്ഞു നിന്നുകൊണ്ട് എന്നെ നോക്കി കണ്ണുകൾ കൊണ്ടവള്‍ ഗുണനവും ഹരണവും തുടങ്ങിഎനിക്ക് അച്ഛനും അമ്മയും കൂട്ടുകാരും നാട്ടുകാരും ഇട്ട കൗതുകമാർന്ന പേരുകൾ കൂടാതെ കൂടുതൽനാമകരണച്ചടങ്ങുകളുടെ അകമ്പടിയോടെ കുറ്റപത്രപാരായണം ആരംഭിച്ചതോടെ ഞാൻ കൊടുങ്ങല്ലൂരമ്മയെതാണുവണങ്ങി ഇയർഫോൺ ചെവിയിൽ കുത്തിക്കയറ്റി നിനക്കു നീ തന്നെ തുണ മോനേ എന്നും പറഞ്ഞ്തിരിച്ച് അടുക്കളയിലേയ്ക്കുതന്നെ കയറി.


 സമയം ഒന്നുമറിയാത്തപോലെ അക്വട്ടിക്ക് കോംപ്ലെക്സിലെ ഒതളങ്ങ കണക്കേ വടക്കേപ്പറത്തെ പ്ലാവുംനോക്കി എണ്ണയിൽ മലന്നു കിടന്നു കിനാവ് കാണുകയായിരുന്നു മസിൽമാന്മാരായ  ജാമൂൻസൽമാൻഖാൻമാർഅവരെ ഓരോന്നിനേയുമെടുത്ത്  പഞ്ചസാരപ്പാനിയിലിടുക എന്ന കൃത്യം മാത്രേ എനിക്കുചെയ്യാനായി ബാക്കിയുണ്ടായിരുന്നുള്ളൂ


എങ്കിലും അങ്ങനെ വിട്ടുകൊടുക്കാൻ ഞാൻ തയ്യാറല്ലായിരുന്നുപഞ്ചസാരപ്പാനിയിൽ കിടന്ന് മിസ്റ്റർ ഇന്ത്യമത്സരം നടത്തിയിരുന്ന സൽമാൻഖാൻമാരെ നന്നാല് വീതം ഓരോ ബൗളിലാക്കി ഭാര്യയുടെയും മക്കളുടെയുംമുന്നിൽ വച്ചുകൊടുത്തിട്ടുണ്ട്കിലുക്കത്തിലെ തിലകനെപ്പോലെഒരു വെട്ടുകത്തി കിട്ടുമോ എന്നുംചോദിച്ചിരുപ്പുണ്ട് അവരവിടെ.

Saturday, December 20, 2014

കോണാൻ ദി ബാർബേറിയൻ

(എഴുത്തിന്റെ വഴികളില്‍ ഒരു പരീക്ഷണവുമായാണ് ഈ കഥ ഇവിടെ അവതരിപ്പിക്കുന്നത്‌. രണ്ടു പേര്‍ ചേർന്ന്  കഥ എഴുതുന്ന രീതി പണ്ടുമുതല്ക്കേ നിലവിലുണ്ട്. എന്തായാലും ഇവിടെ അതൊരു പുതുമ ആയിരിക്കുംഎന്ന് തോന്നുന്നു . ഞാനും എന്റെ സുഹൃത്ത്  സുരേഷ് വീട്ടിക്കഴിയും  ചേർന്ന് ഞങ്ങളുടെ ആദ്യ കൃതി ഇവിടെ നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കട്ടെ. . സുരേഷ് എഴുത്തിന്റെ വഴികളിൽ അദ്ദേഹത്തിന്റേതായ കയ്യൊപ്പ് അടയാളപ്പെടുത്തിയ വ്യക്തിയാണ്. ഞങ്ങൾ ആദ്യം ഈ കഥ റിലീസ് ചെയ്തത് ഫേസ് ബുക്കിൽ ആയിരുന്നു. )


കോണാൻ ദി ബാർബേറിയൻ
-------------------


വലിയ മനയ്ക്കലെ തിരുമേനി ബഹുകേമൻ തന്നെ. പഴയ മദിരാശി സർവ്വകലാശാലയിലെ ഗണിതശാത്ര ബിരുദം ചുരുട്ടിക്കൂട്ടി മച്ചിൽ ഭഗവതിയ്ക്ക് ഉടവാളായി സമ്മാനിച്ചു ഇല്ലം വക ക്ഷേത്രത്തിൽ പൂജാദികർമ്മങ്ങളും ശാന്തിയും കഴിച്ച് കാലം കഴിച്ചുകൂട്ടുകയാണ്‌ അദ്ദേഹം, അസാമാന്യ ജ്ഞാനി. കല, സാഹിത്യം, ഗണിതം, ശാസ്ത്രം, എന്നുവേണ്ട, സർവ്വമേഖലയിലും അതിനിപുണൻ. അതിലുപരി ഒരു സിനിമ ഭ്രാന്തൻ.  മലയായിലെല്ലാം ഒരു കറക്കം കറങ്ങി ബിരുദം, ജോലി, ഇത്യാദി വിഷയങ്ങളിൽ അവിശ്വാസം രേഖപ്പെടുത്തി തിരിച്ചുവന്നു ഇല്ലം, ക്ഷേത്രം, ഭക്ഷണം, വെടിവട്ടം ഇത്യാദിയിൽ വിശ്വാസം കല്പ്പിച്ചു സുഖിമാനായി കഴിയുകയാണ് അദ്ദേഹം.  ചിട്ടപ്രകാരം അഫനു വേളി നിഷിദ്ധമാകയാൽ ബാന്ധവം വേണ്ട എന്ന് ഏട്ടൻ തിരുമേനി അഭിപ്രായപ്പെട്ടുവെങ്കിലും മലയായിൽ പോയി പരിഷ്കാരം സ്വീകരിച്ചു വന്നതിനാൽ പുതിയനിയമം അടിസ്ഥാനമാക്കി ബാന്ധവിച്ചു, പക്ഷേ പഴയനിയമം കൈവിട്ടതുമില്ല. ആയതിനാൽ അതനുസരിച്ച്  സംബന്ധം നല്ലോണം ഉണ്ടായിതാനും. ബഹുകേമൻ, വിഷയതല്പരൻ.

പുലര്ച്ചെ മൂന്നര നാഴിക വെളുപ്പിനെ എഴുന്നേറ്റു കുളി, തേവാരം ഇവയെല്ലാം കഴിഞ്ഞു ക്ഷേത്രത്തിലെ പൂജയോടെ ആണ്  തിരുമേനിയുടെ ഒരു ദിനം ആരംഭിക്കുന്നത്. ഒറ്റത്തോർത്തും അതിനകത്തുനിന്നും പുറത്തേക്കേന്തിവലിഞ്ഞു നോക്കിനില്ക്കുന്ന ഒരു കോണകവാലും. അതാണ്‌ തിരുമേനിയുടെ സ്ഥിരവേഷം, മുഖമുദ്ര. സ്വാതന്ത്ര്യത്തിൽ അടിയുറച്ചു വിശ്വസിക്കുന്നതിനാൽ തോർത്ത്‌ , കൗപീനം, പൂണൂൽ എന്നീ തൃദോഷങ്ങൾ ഒഴികെ മറ്റു ആടയാഭരണങ്ങൾ എല്ലാം തന്നെ തിരുമേനി ഉപേക്ഷിച്ചു. മനുസ്മൃതി പണ്ടേ വെറുപ്പായിരുന്നതിനാൽ " ന: സ്ത്രീ സ്വാതന്ത്ര്യമർഹതി "  എന്ന ആപ്തവാക്യം ഹോമകുണ്ഡത്തിലർപ്പിച്ച്  സ്ത്രീകളും തന്നെപ്പോലെ സ്വന്ത്രരാകണം എന്നദ്ദേഹം ആത്മാർഥമായി ആഗ്രഹിച്ചിരുന്നു, ഉത്ഘോഷിച്ചിരുന്നു. അമ്പലത്തിൽ സ്ഥിരം തൊഴാൻ വരുന്ന ലലനാമണികളെ ഇക്കാര്യത്തിൽ അദ്ദേഹം അത്യധികം പ്രോത്സാഹിപ്പിക്കാറുണ്ടായിരുന്നു. ഇതേക്കുറിച്ച് ഒരു പ്രഭാഷണ പരമ്പര തന്നെ അദ്ദേഹം വിഭാവന ചെയ്തിട്ടുണ്ടായിരുന്നു.
ഒരു ദിവസം രാവിലെ എതൃത്തപൂജ കഴിഞ്ഞു നട തുറന്നപ്പോഴാണ്  സ്ഥിരാംഗവും സ്വാതന്ത്ര്യ മോഹിയുമായ വാരിയത്തെ ശാന്ത, നീർമിഴികൾ കൂമ്പി അഞ്ജലി കൂപ്പി തൊഴുതു നില്ക്കുന്നത്  തിരുമേനി കണ്ടത്. സ്വതവേ ശാന്തശീലനല്ലാത്തതിനാൽ തിരുമേനിയുടെ ശബ്ദം ഉച്ചയ്ക്ക് മാത്രമല്ല, കാലത്തും വൈകീട്ടും ഇടനേരങ്ങളിലും ഉച്ചത്തിൽ തന്നെ ആയിരുന്നു.
" ഹൈ... എന്താ ശാന്തേ നാലഞ്ച് ദിവസമായി തൊഴാൻ കാണാറില്ലല്ലോ ?"
തൊട്ടടുത്ത്‌ കതിനാവെടി പൊട്ടിയപോലെ ശാന്ത ആദ്യമൊന്നു ഞെട്ടിയെങ്കിലും, കാള കുത്താൻ വന്നാലും നാണംകുണുങ്ങി നഖചിത്രം വരച്ചു നില്ക്കുന്ന പ്രായം കഴിഞ്ഞുവെങ്കിലും, ചോദ്യം കേട്ട്  എന്തോ, ശാന്ത താൻ അറിയാതെതന്നെ വ്രീളാവിവശയായിപ്പോയി. പ്രസാദത്തിനായി നീട്ടിയ കൈകൾകൊണ്ട്  മുഖം മറച്ചു തിരിഞ്ഞുനിന്നു.
അതിനിടയിൽ ഒന്ന് ഗാഡമായി ചിന്തിച്ചു തിരുമേനി അടുത്ത വെടി പൊട്ടിച്ചു.
" അ..അ.... ആ.....മനസ്സിലായി...മനസ്സിലായി... ഒന്നും പറയേണ്ട..വേണ്ടാ...പറയേണ്ടാ..."
ഇത് പറയുന്നതിനിടയിൽ ഗണിതശാസ്ത്ര ബിരുദധാരി ഗണിച്ചു തുടങ്ങിയിരുന്നു.

“ആവറേജ് സ്കോറിൽ നിന്ന് രണ്ടു റണ്‍ കുറഞ്ഞു ഇരുപത്താറിൽ ഔട്ട്‌  ആയി അല്ലെ”

ഇതുകേൾക്കാൻ വാരസ്യാര് നിന്നില്ല. അതിനുമുന്നേ ആദി താളത്തിൽ ആ ജഘനഭാരം ഗമപ ഗമപ അടിച്ചു കൊണ്ട് പ്രദക്ഷിണ വഴിയിലേക്കിറങ്ങിയിരുന്നു . തന്റെ രഹസ്യ ഗണിതം തിരുമേനി പരസ്യമാക്കിയതിൽ കുണ്ഢിതപ്പെട്ട പോലെ .

ചുറ്റുപാടും ഉള്ളവരുടെ നാളും പക്കോം തിഥിയും മാത്രമല്ല, ജാതകവും മൂലം, പൂരാടം എന്നുവേണ്ടാ ഉത്രാടം വരെ തിരുമേനിക്ക് ഹൃദിസ്ഥമാണ്.
ജ്ഞാനിയാണദ്ദേഹം !!! തൃകാലജ്ഞാനി !! ഇതാണ് അഫൻ തിരുമേനി.

ഇങ്ങനെ പൂജയും തിടപ്പള്ളിയിലെ നിവേദ്യവും ഭഗവതി സേവയും പൊതുജന ഗണിതസേവയും സഹായഹസ്തങ്ങളുമായി തന്റെ മൾട്ടി ടാസ്കിംഗ് പെർഫോമൻസ്  തിരുമേനി തുടര്‍ന്നുകൊണ്ടേ ഇരുന്നു. ടൌണ്‍ ടു ടൌണ്‍ ബസ്സുപോലെ തിടപ്പള്ളിക്കും ശ്രീകോവിലിനും ഇടയ്ക്കുള്ള ഓട്ടവും, നടപ്പും, നില്പ്പും, എഴുന്നെൽക്കലും, ഇരിയ്ക്കലും മൂലം അയഞ്ഞുപോകുന്ന കൗപീനം പിന്നിൽ നിന്നും വലിച്ചു ടൈറ്റാക്കലും അതിനോടൊപ്പം തന്നെ അതിവിദഗ്ധമായി നടത്തുന്ന ആസനം മാന്തലും, പൂണൂൽ ഉപയോഗിച്ച്  നടത്തുന്ന പുറം ചൊറിയലും എല്ലാം തന്നെ ഈ ബഹുമേഖലാ  കർത്തവ്യങ്ങളുടെ ഭാഗം തന്നെയായിരുന്നു. എണ്ണയും വിയർപ്പും ദിനംതോറും ആവശ്യാനുസരണം ഒരു പ്രത്യേക അനുപാതത്തിൽ കൂടിച്ചേർന്ന് ആ ഒറ്റത്തോർത്തിൽ വിലയം പ്രാപിച്ചു അതിന്റെ പൂർവ്വഘടനയിൽ നിന്നും വ്യതിയാനം സംഭവിച്ച് അല്പം കാഠിന്യമേറിയ തന്തുരചനയായി,  സ്റ്റിഫ് വിത്തൌട്ട്  ഷൈൻ  ആയി തോർത്ത്‌ ഇടയ്ക്കിടയ്ക്ക് സ്വയം ചുരുണ്ടുകയറാൻ തുടങ്ങും. ആ സമയത്ത് തിരുമേനിയുടെ പുച്ച്ചാഗ്രം പുറത്തുവരികയും ശ്രീകോവിലിനകത്തെയ്ക്ക് തിരിഞ്ഞു നടക്കുന്ന തിരുമേനിയിൽ നിന്നും ഭഗവതിയിലെയ്ക്കുള്ള ദൂരവ്യത്യാസത്തിൽ, ഒരു ത്രീ ഡൈമെൻഷൻ ദർശനകോണിൽ, ഭഗവതിയുടെ കയ്യിലെ പള്ളിവാൾ കണക്കെ സാക്ഷാൽ കൌപീന ദർശന സൗഭാഗ്യം ഭക്തർക്ക്‌ സാധ്യമാവുകയും ചെയ്യും .

ഉഷപൂജയ്ക്ക് നട അടയ്ക്കുന്നതിന് മുൻപേ ഇല്ലത്തുനിന്നും ആത്തേമ്മാര് ഉണ്ണിയേയും കൊണ്ട് തൊഴാൻ വരും. തൊഴുതുമടങ്ങുമ്പോൾ ഉണ്ണിയെ അമ്പലത്തിൽ ബാക്കി വച്ചിട്ടാണ് മടക്കം. ആ സമയം അടിച്ചു തളിക്കാരി ജാനു ഉണ്ണിയുടെ മേൽനോട്ടം വഹിക്കും. തിരുമേനി പൂജ കഴിഞ്ഞു തിരിച്ചു പോകുമ്പോൾ അമ്പലമുറ്റത്ത്‌ കളിച്ചുകൊണ്ടിരിക്കുന്ന മൂന്നു വയസ്സുള്ള മകനെയും കൊണ്ടുപോകും. ഇതാണ് പതിവ് . ജാനുവിനും മൂന്നു വയസ്സുള്ള ഒരു ആണ്‍കുട്ടിയുണ്ട് . തിരുമേനിയെ മുറിച്ച മുറിയാണ് ഇല്ലത്തെ ഉണ്ണി. ജാനുവിന്റെ ചെക്കനാകട്ടേ ഉണ്ണിയുടെ അതേ ഛായയും.

ഇങ്ങനെയെല്ലാം കാലക്ഷേപം നടത്തുന്നതിന്ടയിൽ ഒരു ദിവസം ക്ഷേത്രത്തിനടുത്തുള്ള വീട്ടിൽ, ബോംബെയിൽ നിന്നും പറിച്ചുനടപ്പെട്ട പുതിയ താമസക്കാരായ അച്ഛനും മകളും ക്ഷേത്രത്തിൽ തൊഴാൻ വന്നു.  അന്നാണ് അങ്ങവിടെ ക്യൂബൻ ഭരണാധികാരി ഫിഡൽ കാസ്ട്രോയ്ക്കെതിരെ അമേരിക്ക അനാവശ്യം പറഞ്ഞതും ഇങ്ങിവിടെ  ക്ഷേത്രത്തിൽ മറ്റു രണ്ടു സംഭവങ്ങൾ അരങ്ങേറിയതും.

ശ്രീകോവിലിനകത്തെയ്ക്ക്  തിരുമേനി കയറിപ്പോകുന്ന വിശ്വവിഖ്യാതമായ പുച്ഛാഗ്ര യാത്രക്കിടയിൽ പിൻവശത്ത് ആ പള്ളിവാൽ കണ്ട  പരിഷ്കാരി പെണ്‍കുട്ടി ഒന്ന് അന്തിച്ചുനിന്നു. ശേഷം കുന്തിച്ചിരിന്നു ഒന്ന് കൂടി നോക്കി , ശേഷം ചിന്തിച്ചുനിന്നു. തന്റെ ബോംബെ ജീവിതത്തിലെ ശാർദ്ദൂലവിക്രീടതത്തിലൊന്നുംതന്നെ കാണാത്ത ഈ ഫാഷൻ തരംഗം കണ്ട് ആ കുട്ടി വീണ്ടും ചിന്തിച്ചു. അതല്പ്പം ഉറക്കെ ആയി.
" അച്ഛാ.. വാട്ടീസ്  ദാറ്റ്  , ഹാസ്‌ ഹി ഗോട്ട് എ ടെയിൽ ഓർ വാട്ട് ?"
പെട്ടെന്നുള്ള അമ്പരിപ്പിക്കുന്ന ആ ചോദ്യത്തിൽ ആദ്യമൊന്നു പതറിപ്പോയ അച്ഛൻ, തിരുമേനിക്ക് മനസ്സിലാകാതിരിക്കാൻ ആംഗലേയത്തിൽ തന്നെ മറുമൊഴി ചൊല്ലി.
" നോ മോളൂ, ദാറ്റ്സ് നോട്ട് എ ടെയിൽ. ഇറ്റ്‌ ഈസ്‌ കാൾഡ്  കോണാൻ" കുറച്ചൊന്നു സ്റ്റൈലീകരിച്ചു  അച്ഛൻ ആശ്വാസത്തോടെ പറഞ്ഞു നിർത്തി.
ആശ്വാസം തീരും മുൻപേ അർനോൾദ്‌ ഷ്വാസ്നെഗറുടെ കടുത്ത ഫാനായ മകൾ ആവേശം മൂത്ത്  ഒറ്റശ്വാസത്തിൽ ചോദിച്ചു

" കോനാൻ ദി ബാർബേറിയൻ ? "

ഇതെല്ലാം അകത്തിരുന്നു കേട്ട് സംപ്രീതനായ രസികൻ തിരുമേനി വഹ ഒരു അശരീരി ശ്രീകോവിലിൽ നിന്നും ഉടൻ മുഴങ്ങി
" യെസ് മൈ ഗേൾ , നോം തന്നെ കോണാൻ ദി ബാർബേറിയൻ. നിന്റെ അർനോൾഡിനേക്കാൾ മുന്തിയ പരമേശ്വരൻ"

പ്രചണ്ഡങ്ങള്‍ തകർക്കും ആ ഉഗ്ര അശരീരി കേട്ട് ഉൾപ്പുളകം കൊണ്ടുനില്ക്കുന്ന പതിനാലുകാരി മകളെയും വലിച്ച് തിരുമേനിയെക്കുറിച്ച് നല്ലപോലെ അറിയാവുന്ന സാദാ പരമേശ്വരനായ ആ അച്ഛൻ ഏന്തി വലിഞ്ഞു പുറത്തേക്കു നടന്നു.

ആ സമയത്താണ് സ്ഥലം ശീലാവതിയും ഹേമന്തനീലനിശീഥിനിയുമായ മന്ദാകിനിയുടെ ക്ഷേത്രദർശനം നടന്നത്. യാതൊരു അല്ലലുമില്ലാതെ നിർബാധം ആദിമ കുടിൽ വ്യവസായം നടത്തിവന്നിരുന്ന മന്ദാകിനിയുടെ വിശിഷ്ട സേവനങ്ങൾക്ക് മന്ദിപ്പുണ്ടാക്കുന്ന രീതിയിൽ ആയിരുന്നു ടൌണിൽ നിന്നും പുറന്തള്ളപ്പെട്ടു പുത്തൻ മേച്ചിൽപ്പുറങ്ങൾ തേടി വന്ന തുലോം ചെറുപ്പക്കാരിയായിരുന്ന ഒരു സീമന്തിനിയുടെ കടന്നുകയറ്റം. തന്റെ കച്ചവട മാന്ദ്യം തീർത്ത്, അവതാരോദ്ദേശം കുറ്റമറ്റ രീതിയിൽ നിവൃത്തിച്ചുകൊണ്ടുപോകാനുള്ള ഒരു നിവേദനവുമായിട്ടായിരിരുന്നു മന്ദാകിനിയുടെ ഈ ക്ഷേത്ര ദർശനം. നിവേദനങ്ങൾക്ക് ബലം കൂട്ടുന്നതിനായി ഒരടുക്കു വഴിപാടു രശീതികളും ആ മന്ദഗമന കയ്യിൽ കരുതിയിട്ടുണ്ടായിരുന്നു. രശീതികളെല്ലാം തിരുസന്നിധിയിൽ വച്ച് കണ്ണടച്ച് കൈകൂപ്പി മനമുരുകി മന്ദാകിനിയമ്മ പ്രാർഥിക്കുമ്പോഴാണ് വീണ്ടുമൊരു ഇടിമുഴക്കം പോലെ തിരുമേനിയുടെ ചോദ്യശരം വന്നത്. പെട്ടെന്ന് കണ്ണുതുറന്നു നോക്കുമ്പോൾ അതാ കയ്യിൽ രശീതികളും പിടിച്ചു തിരുമേനി ഗര്ജ്ജിക്കുന്നു.
" ഹേയ്....എന്താ വെടി ഇവടെ?  വെടിയെല്ലാം പൊറത്ത്‌..ഇവടെ അല്ലാ."

തന്റെ കുലത്തൊഴിലിനെ ചോദ്യം ചെയ്തും മാന്യതയ്ക്ക് ഭംഗം വരുത്തിയും തിരുമേനി എയ്ത കൂരമ്പുകൾ തറച്ച് മന്ദാകിനി ഒന്ന് നടുങ്ങി. ശേഷം ഒന്നു തളർന്നു. എങ്കിലും സമചിത്തത വീണ്ടെടുത്ത അവർ പക്ഷേ പുലിയെപ്പോലെ തിരിച്ചു ചീറി.
" ഫാ...$%^@*()%&....അനാവശ്യം പറയുന്നോ *%^&#$% തിരുമേനി...മര്യാദക്കു തൊഴാൻ വന്ന എന്നെക്കുറിച്ച് വേണ്ടാതീനം പറഞ്ഞുപരത്താ %$*&%^*&%&*& മോനെ..".  ശേഷം തിരിഞ്ഞു ഭഗവതിയോട്  "അമ്മേ മഹാ മായേ, സ്വയം കാത്തോളണേ..  നിനക്ക് നീ തന്നെ  തുണ"
അപ്രതീക്ഷിതമായ ഈ പ്രത്യാക്രമണം കണ്ട് തിരുമേനി തരിച്ചു ഞെട്ടിത്തെറിച്ച്  നിൽക്കുമ്പോൾ ഉപമ, ഉൽപ്രേക്ഷ തുടങ്ങിയ അലങ്കാരങ്ങളെല്ലാം ചേർത്ത് തിരുമേനിയെക്കുറിച്ച്  ഒരു ഖണ്ഡകാവ്യം തന്നെ രചിക്കുകയും തിരുസന്നിധിയിൽ വച്ചുതന്നെ ചൊല്ലിക്കേൾപ്പിക്കുകയും ചെയ്തു നിമിഷകവിയായ മായാമോഹിനി  മന്ദാകിനിയമ്മ. അതു മുഴുവൻ കേൾക്കാൻ ത്രാണിയില്ലാതെ ഒരു പ്രാണി കണക്കെ തിടപ്പള്ളിയിലേയ്ക്ക് തിരുമേനി മന്ദിച്ചു നടക്കേ ഇവരുടെ രണ്ടുപേരുടെയും അഭ്യുദയകാംക്ഷിയായ ഉത്സവകമ്മറ്റി പ്രസിഡന്റ്‌ കേശവൻ നായർ മന്ദാകിനിയോട്  ചോദിക്കുന്നുണ്ടായിരുന്നു

"നിന്നോടാരാ ഈ വെടി വഴിപാടിന്റെ രശീതി ഇവിടെ കൊണ്ടുവന്ന് കൊടുക്കാൻ പറഞ്ഞേ? അതു പുറത്തു വെടിക്കാരൻ ഗോപിയുടെ കയ്യിലല്ലേ കൊടുക്കണ്ടേ .. ഇവിടെ പുഷ്പാഞ്ജലി രശീതിയല്ലേ കൊടുക്കാ.. " എന്നെല്ലാം. താഴെ ഇറങ്ങി വെട്ടിയ ഈ കനത്ത ഇടിയിൽ വിരണ്ടുപോയ തിരുമേനി ഉണ്ണിയേയും എടുത്തു ഇല്ലത്തേക്ക് പോകാൻ തീരുമാനിച്ചു നോക്കുമ്പോൾ അതാ ഉണ്ണിയും ജാനുസന്തതിയും ഒരുമിച്ചിരുന്നു കളിയ്ക്കുന്നു.  ആകെ ഉലഞ്ഞുപോയിരുന്ന  തിരുമേനി ദേഷ്യം മുഴുവൻ ആവാഹിച്ചു ജാനുവിനു നേരെ അലറി
" എടീ അസത്തേ.. ഇതിലേതാ ഉണ്ണി..ഏതാ കൊശവൻ..??? "

കുന്തസ്യ


ഉണ്ടിരിക്കുന്ന സായിപ്പിനൊരു വിളി തോന്നി.. ന്നാല്‍ ഇത്തവണ കൈക്കാരന്‍ തന്നെ പൊയ്ക്കോട്ടെ എന്ന്. മസ്കറ്റില്‍ കോണ്‍ഫറൻസ് . 
സായിപ്പിന് ഇവിടുത്തെ പുതിയ രസികത്തി ശീലക്കേടു വിട്ടുപിരിഞ്ഞു രണ്ടു നാള്‍ നില്ക്കാന്‍ മടി. അതേസമയം കുറെ നാളായി ഈയുള്ളവന്‍ ഒരു മൂട്ടജന്മം എടുത്തു ആ ചെവിയില്‍ അസ്കിതപെടുത്താൻ തുടങ്ങിയിട്ട്. കൈവന്ന അവസരം സായിപ്പു കൈവിട്ടില്ല. അസാരം അവസരം ഉപയോഗിച്ചു ചെവിയില്‍ നിന്നും നേരെ മൂട്ടയെ എടുത്തു മേശപ്പുറത്തു ഇരുത്തി ഉവാച: മറ്റന്നാള്‍ നീ ഗോ മസ്കറ്റ്. അവിടെ എനിക്കു പകരം നീ നീണാള്‍ വാഴും. വാറോല കയ്യില്‍ അടിച്ചേൽപ്പിച്ചു കനിമൊഴിഞ്ഞു. 
“മിണ്ടാതെ ഉരിയാടാതെ കോണ്‍ഫറൻസ് കൂടി, കേട്ടത് പാതി കേൾക്കാത്ത പാതി ആയി വിജയശ്രീലാളിതനായി തിരിച്ചു വരിക. പൊന്നാപുരം കോട്ടയെ പറ്റി ഓർമ്മിക്കുകയെ അരുത്. മനമോഹന രാഗത്തില്‍ മനസ്സില്‍ ഒരു കീച്ചു കീച്ചിക്കോ. പിന്നെ ഒന്നും പറയാന്‍ തോന്നില്ല. കോണ്‍ഫറൻസിൽ മൌനം വിദ്വാനു ഭൂഷണം. ലോകത്ത് എല്ലാ കോണ്‍ഫറൻസിനും ഒരൊറ്റ മതമേയുള്ളൂ. മൃഷ്ടാന്നം ഭുജിക്കുക, എല്ലാം കേട്ട് ആരും കാണാതെ ഉറങ്ങുക, നീ മിടുക്കനാണ്. എല്ലാം നേരെയാകും.” 
അനുഗ്രഹാശിസ്സുകള്‍ ഏറ്റുവാങ്ങി പടിയിറങ്ങി, വീടുകയറി ഉള്ളില്‍ തിളയ്ക്കുന്ന സന്തോഷ വെള്ളം നേരെ എടുത്തു ഭാര്യയുടെ മുഖത്തെക്കൊഴിച്ചു. കാല്‍ കപ്പ് അവജ്ഞയും അര കപ്പ് ഉപദേശവും അരയ്ക്കാല്‍ കപ്പ് സന്തോഷവും ബാക്കി പേടിയും ചേർത്തരച്ചു അവളത് ഇങ്ങോട്ട് തിരിച്ചു വിളമ്പി. മൃഷ്ടാന്നഭോജനം കഴിഞ്ഞ് ഏമ്പക്കം വിട്ട് രണ്ടുപേരും ഉപചാരം ചൊല്ലി പിരിഞ്ഞു ഞെരിഞ്ഞു കിടക്കുന്നതിനിടയില്‍ അവള്‍ പരാതിപ്പെട്ടി തുറന്ന് ശ്രുതി പിടിച്ചു തുടങ്ങി. കൂടുതല്‍ രാഗവിസ്താരം നടത്തുന്നതിനു മുൻപ് അതെല്ലാം അവസാനിപ്പിക്കണം എന്ന് അതികഠിനമായി ആഗ്രഹമുണ്ടായിരുന്നു. പക്ഷേ എന്തു ചെയ്യാം..അവള്‍ നമ്മെ കടത്തി വെട്ടിക്കഴിഞ്ഞു. കുടുംബസമേതം ഒരു സിംഗപൂര്‍ ട്രിപ്പ്‌ വരമായി വാങ്ങിയ ശേഷമേ അവള്‍ മധ്യമാവതി പാടി നിര്ത്തിയുള്ളൂ. 
അങ്ങനെ കൂടുതല്‍ സംഭവബഹുലമായ ഒരു ദിനം കൂടി എന്റെ പ്രായത്തിനു നേരെ വിരല്‍ ചൂണ്ടി കടന്നു പോവുകയും മസ്കറ്റ് യാത്രാദിനം ഒരു നവോഢയെപ്പോലെ നാണംകുണുങ്ങി കടന്നുവരികയും ചെയ്തു. യാത്രാരംഭത്തിനു മുന്നോടിയായുള്ള പരിഭ്രമം, മറവി, സർവ്വനാമം ചേര്ത്തു പരസ്പരം അർച്ചന, നാമജപം, പ്രാക്ക്, തിരിച്ചുള്ള ആശീർവ്വാദം, ചില പ്രത്യേക സാധനങ്ങളുടെയും ആടയാഭരണങ്ങളുടെയും വായുവിലൂടെയുള്ള സഞ്ചാരം തുടങ്ങി എല്ലാവിധ കലാപരിപാടികളും അരങ്ങേറുകയും ശേഷം സമ്മാനദാന നിർവ്വഹണം നടക്കുകയുമുണ്ടായി. തദവസരത്തില്‍ എന്റെ ചില പ്രത്യേക പെർഫൊമൻസുകളെ കുറിച്ച് ജഡ്ജെസ് ആയ മക്കള്‍ നല്ല ചില പരാമർശങ്ങൾ നടത്തി എന്നത് ഭര്ത്താവ് എന്ന നിലയില്‍ എനിക്കു ഉൾപുളകം ഉണ്ടാക്കി എന്നത് ഈ അവസരത്തില്‍ എടുത്തുപറയേണ്ടതാണ് 
അങ്ങനെ ആചാരങ്ങളും ഉപചാരങ്ങളും കഴിഞ്ഞ് പുറപ്പെടാന്‍ തയ്യാറായി സൈഡില്‍ മാറ്റി വച്ചിരുന്ന നാണംകുണുങ്ങിയെയും എടുത്തു സ്റ്റാന്ഡിലേയ്ക്ക് വച്ചു പിടിക്കുന്നതിനായി ഇറങ്ങുന്നതിനിടയില്‍ ഭാര്യ ഓടി വന്നു വാറോല മുഖത്തേയ്ക്ക് വലിച്ചെറിഞ്ഞു ചോദ്യം ചോദിച്ചു 
“ ഈ മുദ്രമോതിരം കാണിക്കാതെ അങ്ങോട്ട്‌ കേറ്റുമോ മനുഷ്യാ?” 
ഓ.. ശരി തന്നെ... മസ്കറ്റ് വരെ പോയി ഇമ്ബ്ല്യാണ്ട ശ്രീമാനായി തിരിച്ചു വരേണ്ടി വന്നേനെ ഇപ്പൊ. അതും വാങ്ങി കക്ഷത്ത്‌ വച്ച് ഇറങ്ങി നടന്നു. 
“എല്ലാം എടുത്തില്ലേ?” 
വീണ്ടും പിൻവിളി ചൊല്ലി പതിവു തെറ്റിക്കാതിരിക്കാന്‍ ശ്രദ്ധിച്ചു ഇത്തവണയും ശ്രീമതി. തിരിഞ്ഞുനിന്ന് പതിവു നോട്ടത്തില്‍ നിന്നും ഒരു അണുവിട പോലും വ്യതിചലിക്കാതിരിക്കാന്‍ ഞാനും ശ്രദ്ധിച്ചു. അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ. അതുവരെ കവിത ചൊല്ലിയിരുന്ന കടക്കണ്ണുകള്‍ അവിടുന്നങ്ങോട്ട് ഭരണിപ്പാട്ടും പാടി കൊടുങ്ങല്ലൂരമ്മയെ നിന്നു സ്തുതിച്ചു. സംപ്രീതയായ അമ്മ സഹികെട്ട് പോകാന്‍ അനുമതി നല്കിുയതോടെ അവിടെ നിന്നും പതിയെ യാത്ര പുറപ്പെട്ടു. 
രാവണന്റെ പുഷ്പകന്‍ രാംജിറാവ് വാങ്ങി ഇടക്കാലത്ത് ബജറ്റ് എയർലൈൻ ആക്കി മാറ്റിയത് വലിയ ഉപകാരം ആയിട്ടുണ്ടായിരുന്നു. നമ്മള്‍ ലേശം വൈകിയാലും അവര്‍ ലവലേശം സമയത്ത് പോകില്ല എന്നൊരു സമാധാനമുണ്ട്. വൈകിയ നേരവും എടുത്തു കയ്യില്‍ വച്ചു നേരെ ഓടി എയർപോർട്ട്‌ ചെക്ക്‌ ഇന്‍ കൌണ്ടറിലെ ചീംബ്രന്‍ കണ്ണുള്ള മംഗോളിയന്‍ സുന്ദരിക്കു നേരെ ഞാന്‍ ജാതകവും പ്രശസ്തിപത്രവും നീട്ടി. കണ്ണുകളെക്കാള്‍ ചെറിയ വായ തുറന്ന് നല്ല പാലക്കാടന്‍ മട്ട അരിപ്പല്ലുകള്‍ കാട്ടി ചിരിച്ചുകൊണ്ട് അവര്‍ എന്തോ മൊഴിഞ്ഞു. തല ചെറുതായതുകൊണ്ടോ ചോറ് തിന്നു തീർന്നതിനാലാണോ എന്നറിയില്ല ഒരേ സമയം ഏതെങ്കിലും ഒരു അവയവം മാത്രമേ തുറക്കാന്‍ അവർക്ക് സാധിച്ചിരുന്നുള്ളൂ.. വായ തുറന്നപ്പോള്‍ കണ്ണുകള്‍ അടയുകയും കണ്ണുകള്‍ തുറന്നപ്പോള്‍ വായ അടയുകയും ചെയ്യുന്ന വദനക്രിയ ഏതോ ശ്രീയില്‍ നിന്നും അവര്‍ സ്വായത്തമാക്കിയിരുന്നു എന്നുവേണം കരുതാന്‍. 
“ഹലോ സാര്‍... ആര്‍ യു ഗോയിങ്ങ് വിത്ത്‌ ഫാമിലി?” പാസ്പോർട്ട്‌ നോക്കിക്കൊണ്ട്‌ ആ വര മൊഴിഞ്ഞു.. 
“ന്തൂട്ട്??” തീരെ പ്രതീക്ഷിക്കാത്ത ഒരു ചോദ്യത്തിന്റെ അന്ധാളിപ്പില്‍ ബഹിർഗ്ഗമിച്ച , മലയാളത്തിലും ആംഗലേയത്തിലും ഒരേ അർത്ഥമുള്ള, ആ തൃശ്ശിവപേരൂര്‍ പദം മംഗോളിയയ്ക്ക് ക്ഷ പിടിച്ചു.
“ അല്ലാ... കുടുംബത്തെയും കെട്ടിയെടുത്തോണ്ടാണോ പോണേ.. വെറുതെ എന്തിനാ ഒരു യാത്ര നശിപ്പിക്കുന്നത്? നിർബന്ധാച്ചാൽ ഒരു കമ്പളം വാങ്ങിയാല്‍ പോരേ എന്ന്?” അവള്‍ അംഗലേയത്തില്‍ തന്നെ വിശദീകരിച്ചു. 
“സംശയമെന്ത് ഹരിണാക്ഷീ... അരികില്‍ വരിക മാലിനി പാടി നെന്നെ കൂടെ കൂട്ടാനും ഞാന്‍ തയ്യാര്‍..”
“എങ്കില്‍ പിന്നെ ലവന്‍ ആര്? കുശന്‍ ഇല്ല്യേ?” പാസ്പോർട്ട്‌ എന്റെ മുഖത്തേയ്ക്കു തിരിച്ചുപിടിച്ചുകൊണ്ട് അവള്‍ ശരം തൊടുത്തു.
അവിടെ, സീമന്തപുത്രന്‍ ആ പാസ്പോർട്ടിൽ ഇരുന്ന് എന്നെ നോക്കി കുന്ദഹസിക്കുന്നു. 
“ഈശ്വരാ....” അറിയാതെ വിളിച്ചുപോയി ഞാന്‍.
കഴിഞ്ഞ ജന്മത്തിലെ ശത്രുവാണ് ഈ ജന്മം സന്തതിയായി പിറക്കുക എന്ന ഉപനിഷത്ത് പ്രസ്താവ്യം എത്ര സത്യം... 
ഇവനെങ്ങനെ ഇവിടെ എന്റെ പാസ്പോർട്ടിൽ? മോർഫിംഗ് ?, വെട്ടി ഒട്ടിക്കല്‍?, അസൂയ.. പാര??? പലവിധ ചിന്തകള്‍ അതിവേഗം റണ്‍വേയിൽ അങ്ങോട്ടും ഇങ്ങോട്ടും പാഞ്ഞു. ഒന്നും മനസ്സില്ലായില്ല.. ശൂന്യം...ദില്ലി പിൻകോഡ് പോലെ ശൂന്യം ...ഛെ-ശൂന്യ്-ശൂന്യ്-ശൂന്യ്-ശൂന്യ്-ഏക്‌ ഹൈ.. (കഷ്ടം...എല്ലാ പൂജ്യവും ഒരുപോലെ തന്നെ. ഒന്നും മനസ്സിലാവുന്നില്ല.) 
“സ്വാമിന്‍”.. എന്നെ സമാധിയില്‍ നിന്നുമുണർത്തിക്കൊണ്ട് ആ മംഗളഗാത്രി മൊഴിഞ്ഞു. “ഈ നില്പു നിന്നാല്‍ ഓപ്പ അത്താഴമുണ്ണില്ല. പോയി വേഗം സ്വന്തം ജാതകം എടുത്തോണ്ടു വാടോ പഹയാ.. ഇല്ലെങ്കില്‍ ട്രാൻസ്പോർട്ട് ബസ്‌ സ്റ്റാന്റ് വിട്ടു പോകും.. പറഞ്ഞേക്കാം..”. 
കൊടുങ്ങല്ലൂരമ്മയെ മനസ്സില്‍ ധ്യാനിച്ച്‌ വീണ്ടും സ്തുതിഗീതങ്ങള്‍ പാടി തിരിഞ്ഞോടി.. കിതച്ചു പട്ടിയായി വീടിലെത്തി മകനുനേരെ കുരച്ചു ചാടി...ഞാന്‍ അൽസേഷൻ ആയപ്പോള്‍ അവന്‍ ജർമ്മൻ ഷെപ്പേഡായി തിരിച്ചു ചാടി. തുടർന്ന് അവിടെ അരങ്ങേറിയ വാക്പയറ്റ്, പൂഴികടകന്‍ തുടങ്ങിയ ആയോധന കലാപ്രകടങ്ങള്‍ക്ക് വിഘ്നം വരുത്തിക്കൊണ്ട് അടുത്ത മുറിയില്‍ നിന്നും ഭാര്യയുടെ മില്യണ്‍ ഡോളര്‍ വിളി ഉയർന്നു ..”ദേ മനുഷ്യാ..” ആ വിളിയില്‍ എല്ലാം തീർന്നു .. പിന്‍ ഡ്രോപ്പ് സൈലൻസ് . സൈലന്റ് ആയില്ലെങ്കില്‍ പെണ്ണ് നമ്മളെയെടുത്തു നിലത്തെറിയും. 
സ്വർണ്ണക്കോടാലിയുമായി വനദേവത പ്രത്യക്ഷപ്പെട്ട പോലെ കയ്യില്‍ മറ്റൊരു പാസ്പോർട്ടും പിടിച്ച് അവള്‍ വന്നു.. നിന്നു...തുടങ്ങി...
” സ്വന്തം പാസ്പോർട്ടിനു പകരം അവന്റെ പാസ്പോർട്ടും കൊണ്ടാണോ മനുഷ്യാ നിങ്ങള്‍ പോയത്? നേരത്തെ ബുദ്ധിയെ ഇല്ലാതിരുന്നുള്ളൂ.. ഇപ്പൊ ബോധവും പോയോ?”
നഷ്ടപ്പെട്ട കോണ്‍ഫറൻസും നഷ്ടപ്പെടുമോ എന്നു നിശ്ചയമില്ലാത്ത ജോലിയേയും കുറിച്ചാലോചിച്ച് ഭാവി കുന്തസ്യ ആയി ബ്ലിങ്കസ്യാന്നും പറഞ്ഞു നില്ക്കു്മ്പോള്‍ ഓർത്തു ...രാവിലത്തെ കലാപ്രകടനങ്ങൾക്കിടയിൽ ശേഖരത്തില്‍ നിന്നും ഊരിയെടുത്ത്‌ ഉറയിലിട്ട ആ വാള്‍ പുത്രന്റെതായിരുന്നു എന്ന്.

Saturday, August 30, 2014

മറ്റമ്മക്കഥകള്‍-- അസാരം ചിന്നന്‍സ്

മറ്റമ്മ എന്‍റെ മുത്തശ്ശിയാണ്‌. പാവം.. സെഞ്ച്വറി അടിക്കാന്‍ 3-4 വര്‍ഷങ്ങള്‍ ബാക്കി നില്‍ക്കേ പതിനാറു വര്‍ഷങ്ങള്‍ക്കു മുന്‍പു സ്വര്‍ഗസ്ഥയായി. സ്നേഹനിധിയും ദാനശീലയും നല്ല കാര്യപ്രാപ്തിയും ഉണ്ടായിരുന്ന അവര്‍ മരിക്കുന്നതിന്റെ  തലേ ആഴ്ച്ചവരെ രാവിലെ ആറുമണിക്ക് എഴുന്നേറ്റ് പച്ചവെള്ളത്തില്‍ കുളിച്ച് പത്തുപതിനാറു കോല്‍ താഴ്ചയുള്ള കിണറ്റില്‍‌ നിന്നും രണ്ടു പാട്ട വെള്ളവും കോരി പത്തുകട തുളസിയും നനച്ച് ഒരു മാലയും കെട്ടിയിട്ടേ വല്ലതും കഴിക്കൂ. ഇന്നത്തെ ചില പരിഷ്കാരികള്‍ അല്‍ഷിമേഴ്സ് / അമ്നെഷിയ എന്നൊക്കെ സ്റ്റൈലില്‍ പറയുന്ന ചിന്നന്‍ ഒഴികെ ങേ..ഹേ.. വേറൊരു അസുഖവും ദൈവം സഹായിച്ച് പുള്ളിക്കാരിക്കുണ്ടായിരുന്നില്ല. എന്നാല്‍ ചിന്നന്‍ കുറച്ചു കാര്യമായി തന്നെ തന്‍റെ പണികള്‍ മുത്തശ്ശിയുടെ മേല്‍ നടത്തിപ്പോരുകയും ചെയ്തിരുന്നു. വെറുതെ റോട്ടീക്കൂടെ നടക്കുമ്പോള്‍ സൈക്കിള്‍ വന്നിടിക്കണ പോലെ അത് മൂപ്പത്യാരേം വച്ചുകെട്ടി ഇടക്കിടയ്ക്ക് എന്നെ വന്നിടിച്ചിട്ടു പോവാറുണ്ട്. അതിന്‍റെ പരിണിത ഫലംസ്- തിരുശേഷിപ്പുകള്‍ ഇപ്പോഴും എന്‍റെ പക്കലുണ്ട്.
പഠിപ്പെല്ലാം കഴിഞ്ഞ് ജോലിയും കൂലിയുമില്ലാതെ തെണ്ടീസ് അടിച്ചു ഞാന്‍ ആര്‍ത്തുല്ലസിച്ച് നടക്കുന്ന കാലത്ത് ഒരു ദിവസം സന്ധ്യക്ക്‌ പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ ഇരുകാലുകളും മടക്കി നാല്‍ക്കാലി പോലെ സോഫയില്‍ മടങ്ങി ഒടിഞ്ഞ് ദൂരദര്‍ശനിലെ വാര്‍ത്തകള്‍ വരുന്നതും കാത്തു കുത്തിയിരിക്കുമ്പോഴാണ് തുളസിത്തറയില്‍ തിരി വയ്ക്കാനായി മറ്റമ്മയുടെ വരവ്. ഹാളിൽ നിന്നും പുറത്തേയ്ക്കുള്ള പ്രധാനവാതിലിനരികേ ചുമരും  കുത്തിച്ചാരി നില്‍ക്കണ പഴയ കെല്‍ട്രോണ്‍ ടിവിയില്‍ ന്യൂസ്‌ റീഡര്‍‍‍ പെണ്‍കുട്ടി വന്നു നമസ്കാരം പറഞ്ഞു. അപ്പൊ ദേ പിന്നില്‍ നിന്നും ഒരു പുച്ഛസ്വരത്തില്‍  മറ്റമ്മ തിരിച്ചും പറയുന്നു
“ ഓ..നമസ്കാരം..”   മറ്റമ്മയുടെ ആ നമസ്കാരത്തില്‍ ചിന്നന്‍റെ ഒരു സാന്നിദ്ധ്യം അനുഭവപ്പെടാതിരുന്ന ഞാന്‍ തിരിഞ്ഞിരുന്നു വീണ്ടും ന്യൂസ്‌ കാണാന്‍ തുടങ്ങി. അപ്പോള്‍ വീണ്ടും ടിവിയിലെയ്ക്കു നോക്കിക്കൊണ്ട്‌ മറ്റമ്മ ..
“അതേയ്.. ഈ വാതിലിന്‍റെ നടുവിലന്നെ ഇങ്ങനെ നിന്നു വര്‍ത്തമാനം പറഞ്ഞാലെങ്ങന്യാ? എനിക്കൊന്നങ്ങട് പോണം.” എന്തെങ്കിലും ഉണ്ടെങ്കില്‍ അങ്ങട് മാറി നിന്ന് പറയാ. തൃസന്ധ്യ സമയത്ത് ഉമ്മറപ്പടിയില്‍ നിന്ന് ചെലക്ക്യാണ്ടങ്ങട് മാറാ”
“അത് ടിവിയില്‍ ന്യൂസ്‌ വായിക്കണതാ.. ഇവിടെ ആരുമില്ലാ.. മറ്റമ്മ അങ്ങട് പൊക്കോളൂ” ചിന്നന്‍ വര്‍ക്ക്‌ഔട്ട്‌ ആവുന്നത് മണത്തു ഞാന്‍ ചാടിക്കേറി ഇടപെട്ടു.
അനവസരത്തില്‍ ഉണ്ടായ എന്‍റെ ആ ഇടപെടല്‍ കുറച്ചു സങ്കീര്‍ണ്ണമായിപ്പോയി.
“അ..ആ... ഇവ്ടെ ആരൂല്ല്യാ ന്ന്ച്ചട്ടന്ന്യാ നീയ്യിവളെ ഇവ്ടെ വിളിച്ചു വരുത്യെ ല്ലെ? ന്ന്‍ട്ട് ന്നെ കണ്ടപ്പോ ഒരൂട്ടം ഉരുണ്ടുകളി.. ഞാനിവ്ടെ ഉള്ളടത്തോളം കാലം ഇത്വ്ടെ നടക്കില്ല്യാ..
 കടന്നു പോ ഇവ്ട്ന്നു...” ന്യൂസ്‌ റീഡര്‍ക്കു നേരെ ചാടിക്കൊണ്ട്‌ മറ്റമ്മ അലറി.
ലാസ്റ്റ് ഡയലോഗ് മാത്രം കേട്ടുകൊണ്ട് അങ്ങോട്ട്‌ കടന്നുവന്ന, സ്വതവേ എന്‍റെ നിഷ്കളങ്കതയില്‍ സംശയാലുവായ അമ്മയെ ഇത് എങ്ങനെ പറഞ്ഞു മനസ്സിലാക്കണം എന്ന് ഒരു നിമിഷം ആലോചിച്ചു കൊണ്ട് കൂടുതല്‍ സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കാന്‍ ടിവി ഓഫാക്കി ഞാന്‍ തയ്യാറായി നിന്നു.
അമ്മയെ കണ്ടതും മറ്റമ്മ ഒന്നുകൂടി ഫോമിലായി.
“അതേയ്.. വത്സലേ.. ഇവന്‍ ദേ ഒരു പെങ്കുട്ട്യേം കൊണ്ട് ഇങ്ങട് കേറി വന്നെക്ക്ണൂ. കണ്ണ്വോര്ത്തപ്പന്‍ ഉള്ളതോണ്ട് തക്കസമയത്ത് ഞാന്‍ കണ്ടു. എന്നെ കണ്ടതും അവളോടിപ്പോയ്.”

പിന്നീട് അവിടെ നടന്ന പൂഴികടകനിടയിലും മറ്റമ്മയെക്കൊണ്ട് ചിന്നന്‍ ഡയലോഗ്സ് പ്രാക്ടീസ് ചെയ്യിക്കുന്നത് എനിക്കു കേള്‍ക്കാമായിരുന്നു. 

എഫ് ഐ ആർ -ൽ രേഖപ്പെടുത്താത്തത്

  ആത്മഹത്യ ചെയ്തയാളുടെ സംസ്കാരത്തിന് ജനം ഒഴുകിയെത്തി എന്തിനിയാൾ ഇതുചെയ്തെന്ന് മൂക്കിനു വിരൽവച്ച് ജനം ചോദിച്ചു   വിരൽപകുത്ത നെടുവീർ...