അഞ്ചുമണിയലാറമടിച്ചു
ഇടതടവില്ലാതെ..
ആ
മുഴക്കങ്ങളവളുടെ തലയ്ക്കുള്ളിൽ
പെരുപ്പങ്ങൾ
കൊട്ടിനിറച്ചു
അരികിൽ,
ചീർത്തശവത്തിന്റെ
ചാരായമണമുള്ള
കൂർക്കംവലികൾക്ക്
സമയതടസ്സങ്ങളില്ലായിരുന്നു
അരിപ്പ
മീശകൾക്കിടയിലൂടെ
അവ
സ്വാതന്ത്ര്യത്തിലേയ്ക്ക്
ഒന്നൊന്നായി
പറന്നകന്നുകൊണ്ടിരുന്നു
ഉടുതുണി
ബന്ധനങ്ങളില്ലാതെ
സർവതന്ത്രസ്വതന്ത്രരായി
ചുരുണ്ടുകൂടി
ചില്ലക്ഷരങ്ങൾപോലെ
രണ്ടു മക്കളും
പെരുപ്പങ്ങൾക്കുപിറകേ,
ദിനചര്യയെന്നപോൽ
തലയ്ക്കുള്ളിൽ ചുരുൾനിവർത്തിയ
ജോലികളുടെ
അനുക്രമപട്ടിക
വായിച്ച മനസ്സ്,
മടുപ്പിനെ
മൂടിപ്പുതച്ചലസമായി കിടന്നു
ദുരിതമണിയലാറം
വീണ്ടുമടിച്ചു.
അറിയാതെ
വീണ ചൂരൽപ്പെടപോലെ-
അലസതകൾ
വലിച്ചെറിഞ്ഞ്
ഞെട്ടിയെഴുന്നേറ്റവൾ
എങ്ങോ ദൃഷ്ടി തൂക്കി,
അന്നോളം
സ്വരുക്കൂട്ടിവച്ച നിർവികാരതയോടെ
മോഹങ്ങൾ
കീറപ്പായിൽ ചുരുട്ടിയവളെഴുന്നേറ്റു
മുടിക്കോതിൽ
ആഗ്രഹങ്ങൾ കെട്ടിവച്ചു
മുഖം
കഴുകി,
മുഷിഞ്ഞ
കീറത്തോർത്തിൽ
സ്വപ്നങ്ങൾ
തുടച്ചു കുടഞ്ഞു
പ്രതീക്ഷകളുടെ
വള്ളിപൊട്ടിയ ചെരുപ്പിനുള്ളിൽ
നിലപാടുകൾ
പ്രതിഷ്ഠിച്ച്
അവളിറങ്ങിനടന്നു
തന്റെ
ജയലറകളിലേയ്ക്കുതുറക്കുന്ന
അവരുടെ
സ്വാതന്ത്ര്യത്തിന്റെ
വാതിലുകൾ
ലക്ഷ്യമാക്കി.

No comments:
Post a Comment