ഉണ്ടിരിക്കുന്ന സായിപ്പിനൊരു വിളി തോന്നി.. ന്നാല്‍ ഇത്തവണ കൈക്കാരന്‍ തന്നെ പൊയ്ക്കോട്ടെ എന്ന്. മസ്കറ്റില്‍ കോണ്‍ഫറൻസ് .
സായിപ്പിന് ഇവിടുത്തെ പുതിയ രസികത്തി ശീലക്കേടു വിട്ടുപിരിഞ്ഞു രണ്ടു നാള്‍ നില്ക്കാന്‍ മടി. അതേസമയം കുറെ നാളായി ഈയുള്ളവന്‍ ഒരു മൂട്ടജന്മം എടുത്തു ആ ചെവിയില്‍ അസ്കിതപെടുത്താൻ തുടങ്ങിയിട്ട്. കൈവന്ന അവസരം സായിപ്പു കൈവിട്ടില്ല. അസാരം അവസരം ഉപയോഗിച്ചു ചെവിയില്‍ നിന്നും നേരെ മൂട്ടയെ എടുത്തു മേശപ്പുറത്തു ഇരുത്തി ഉവാച: മറ്റന്നാള്‍ നീ ഗോ മസ്കറ്റ്. അവിടെ എനിക്കു പകരം നീ നീണാള്‍ വാഴും. വാറോല കയ്യില്‍ അടിച്ചേൽപ്പിച്ചു കനിമൊഴിഞ്ഞു.
“മിണ്ടാതെ ഉരിയാടാതെ കോണ്‍ഫറൻസ് കൂടി, കേട്ടത് പാതി കേൾക്കാത്ത പാതി ആയി വിജയശ്രീലാളിതനായി തിരിച്ചു വരിക. പൊന്നാപുരം കോട്ടയെ പറ്റി ഓർമ്മിക്കുകയെ അരുത്. മനമോഹന രാഗത്തില്‍ മനസ്സില്‍ ഒരു കീച്ചു കീച്ചിക്കോ. പിന്നെ ഒന്നും പറയാന്‍ തോന്നില്ല. കോണ്‍ഫറൻസിൽ മൌനം വിദ്വാനു ഭൂഷണം. ലോകത്ത് എല്ലാ കോണ്‍ഫറൻസിനും ഒരൊറ്റ മതമേയുള്ളൂ. മൃഷ്ടാന്നം ഭുജിക്കുക, എല്ലാം കേട്ട് ആരും കാണാതെ ഉറങ്ങുക, നീ മിടുക്കനാണ്. എല്ലാം നേരെയാകും.”
അനുഗ്രഹാശിസ്സുകള്‍ ഏറ്റുവാങ്ങി പടിയിറങ്ങി, വീടുകയറി ഉള്ളില്‍ തിളയ്ക്കുന്ന സന്തോഷ വെള്ളം നേരെ എടുത്തു ഭാര്യയുടെ മുഖത്തെക്കൊഴിച്ചു. കാല്‍ കപ്പ് അവജ്ഞയും അര കപ്പ് ഉപദേശവും അരയ്ക്കാല്‍ കപ്പ് സന്തോഷവും ബാക്കി പേടിയും ചേർത്തരച്ചു അവളത് ഇങ്ങോട്ട് തിരിച്ചു വിളമ്പി. മൃഷ്ടാന്നഭോജനം കഴിഞ്ഞ് ഏമ്പക്കം വിട്ട് രണ്ടുപേരും ഉപചാരം ചൊല്ലി പിരിഞ്ഞു ഞെരിഞ്ഞു കിടക്കുന്നതിനിടയില്‍ അവള്‍ പരാതിപ്പെട്ടി തുറന്ന് ശ്രുതി പിടിച്ചു തുടങ്ങി. കൂടുതല്‍ രാഗവിസ്താരം നടത്തുന്നതിനു മുൻപ് അതെല്ലാം അവസാനിപ്പിക്കണം എന്ന് അതികഠിനമായി ആഗ്രഹമുണ്ടായിരുന്നു. പക്ഷേ എന്തു ചെയ്യാം..അവള്‍ നമ്മെ കടത്തി വെട്ടിക്കഴിഞ്ഞു. കുടുംബസമേതം ഒരു സിംഗപൂര്‍ ട്രിപ്പ് വരമായി വാങ്ങിയ ശേഷമേ അവള്‍ മധ്യമാവതി പാടി നിര്ത്തിയുള്ളൂ.
അങ്ങനെ കൂടുതല്‍ സംഭവബഹുലമായ ഒരു ദിനം കൂടി എന്റെ പ്രായത്തിനു നേരെ വിരല്‍ ചൂണ്ടി കടന്നു പോവുകയും മസ്കറ്റ് യാത്രാദിനം ഒരു നവോഢയെപ്പോലെ നാണംകുണുങ്ങി കടന്നുവരികയും ചെയ്തു. യാത്രാരംഭത്തിനു മുന്നോടിയായുള്ള പരിഭ്രമം, മറവി, സർവ്വനാമം ചേര്ത്തു പരസ്പരം അർച്ചന, നാമജപം, പ്രാക്ക്, തിരിച്ചുള്ള ആശീർവ്വാദം, ചില പ്രത്യേക സാധനങ്ങളുടെയും ആടയാഭരണങ്ങളുടെയും വായുവിലൂടെയുള്ള സഞ്ചാരം തുടങ്ങി എല്ലാവിധ കലാപരിപാടികളും അരങ്ങേറുകയും ശേഷം സമ്മാനദാന നിർവ്വഹണം നടക്കുകയുമുണ്ടായി. തദവസരത്തില്‍ എന്റെ ചില പ്രത്യേക പെർഫൊമൻസുകളെ കുറിച്ച് ജഡ്ജെസ് ആയ മക്കള്‍ നല്ല ചില പരാമർശങ്ങൾ നടത്തി എന്നത് ഭര്ത്താവ് എന്ന നിലയില്‍ എനിക്കു ഉൾപുളകം ഉണ്ടാക്കി എന്നത് ഈ അവസരത്തില്‍ എടുത്തുപറയേണ്ടതാണ്
അങ്ങനെ ആചാരങ്ങളും ഉപചാരങ്ങളും കഴിഞ്ഞ് പുറപ്പെടാന്‍ തയ്യാറായി സൈഡില്‍ മാറ്റി വച്ചിരുന്ന നാണംകുണുങ്ങിയെയും എടുത്തു സ്റ്റാന്ഡിലേയ്ക്ക് വച്ചു പിടിക്കുന്നതിനായി ഇറങ്ങുന്നതിനിടയില്‍ ഭാര്യ ഓടി വന്നു വാറോല മുഖത്തേയ്ക്ക് വലിച്ചെറിഞ്ഞു ചോദ്യം ചോദിച്ചു
“ ഈ മുദ്രമോതിരം കാണിക്കാതെ അങ്ങോട്ട് കേറ്റുമോ മനുഷ്യാ?”
ഓ.. ശരി തന്നെ... മസ്കറ്റ് വരെ പോയി ഇമ്ബ്ല്യാണ്ട ശ്രീമാനായി തിരിച്ചു വരേണ്ടി വന്നേനെ ഇപ്പൊ. അതും വാങ്ങി കക്ഷത്ത് വച്ച് ഇറങ്ങി നടന്നു.
“എല്ലാം എടുത്തില്ലേ?”
വീണ്ടും പിൻവിളി ചൊല്ലി പതിവു തെറ്റിക്കാതിരിക്കാന്‍ ശ്രദ്ധിച്ചു ഇത്തവണയും ശ്രീമതി. തിരിഞ്ഞുനിന്ന് പതിവു നോട്ടത്തില്‍ നിന്നും ഒരു അണുവിട പോലും വ്യതിചലിക്കാതിരിക്കാന്‍ ഞാനും ശ്രദ്ധിച്ചു. അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ. അതുവരെ കവിത ചൊല്ലിയിരുന്ന കടക്കണ്ണുകള്‍ അവിടുന്നങ്ങോട്ട് ഭരണിപ്പാട്ടും പാടി കൊടുങ്ങല്ലൂരമ്മയെ നിന്നു സ്തുതിച്ചു. സംപ്രീതയായ അമ്മ സഹികെട്ട് പോകാന്‍ അനുമതി നല്കിുയതോടെ അവിടെ നിന്നും പതിയെ യാത്ര പുറപ്പെട്ടു.
രാവണന്റെ പുഷ്പകന്‍ രാംജിറാവ് വാങ്ങി ഇടക്കാലത്ത് ബജറ്റ് എയർലൈൻ ആക്കി മാറ്റിയത് വലിയ ഉപകാരം ആയിട്ടുണ്ടായിരുന്നു. നമ്മള്‍ ലേശം വൈകിയാലും അവര്‍ ലവലേശം സമയത്ത് പോകില്ല എന്നൊരു സമാധാനമുണ്ട്. വൈകിയ നേരവും എടുത്തു കയ്യില്‍ വച്ചു നേരെ ഓടി എയർപോർട്ട് ചെക്ക് ഇന്‍ കൌണ്ടറിലെ ചീംബ്രന്‍ കണ്ണുള്ള മംഗോളിയന്‍ സുന്ദരിക്കു നേരെ ഞാന്‍ ജാതകവും പ്രശസ്തിപത്രവും നീട്ടി. കണ്ണുകളെക്കാള്‍ ചെറിയ വായ തുറന്ന് നല്ല പാലക്കാടന്‍ മട്ട അരിപ്പല്ലുകള്‍ കാട്ടി ചിരിച്ചുകൊണ്ട് അവര്‍ എന്തോ മൊഴിഞ്ഞു. തല ചെറുതായതുകൊണ്ടോ ചോറ് തിന്നു തീർന്നതിനാലാണോ എന്നറിയില്ല ഒരേ സമയം ഏതെങ്കിലും ഒരു അവയവം മാത്രമേ തുറക്കാന്‍ അവർക്ക് സാധിച്ചിരുന്നുള്ളൂ.. വായ തുറന്നപ്പോള്‍ കണ്ണുകള്‍ അടയുകയും കണ്ണുകള്‍ തുറന്നപ്പോള്‍ വായ അടയുകയും ചെയ്യുന്ന വദനക്രിയ ഏതോ ശ്രീയില്‍ നിന്നും അവര്‍ സ്വായത്തമാക്കിയിരുന്നു എന്നുവേണം കരുതാന്‍.
“ഹലോ സാര്‍... ആര്‍ യു ഗോയിങ്ങ് വിത്ത് ഫാമിലി?” പാസ്പോർട്ട് നോക്കിക്കൊണ്ട് ആ വര മൊഴിഞ്ഞു..
“ന്തൂട്ട്??” തീരെ പ്രതീക്ഷിക്കാത്ത ഒരു ചോദ്യത്തിന്റെ അന്ധാളിപ്പില്‍ ബഹിർഗ്ഗമിച്ച , മലയാളത്തിലും ആംഗലേയത്തിലും ഒരേ അർത്ഥമുള്ള, ആ തൃശ്ശിവപേരൂര്‍ പദം മംഗോളിയയ്ക്ക് ക്ഷ പിടിച്ചു.
“ അല്ലാ... കുടുംബത്തെയും കെട്ടിയെടുത്തോണ്ടാണോ പോണേ.. വെറുതെ എന്തിനാ ഒരു യാത്ര നശിപ്പിക്കുന്നത്? നിർബന്ധാച്ചാൽ ഒരു കമ്പളം വാങ്ങിയാല്‍ പോരേ എന്ന്?” അവള്‍ അംഗലേയത്തില്‍ തന്നെ വിശദീകരിച്ചു.
“സംശയമെന്ത് ഹരിണാക്ഷീ... അരികില്‍ വരിക മാലിനി പാടി നെന്നെ കൂടെ കൂട്ടാനും ഞാന്‍ തയ്യാര്‍..”
“എങ്കില്‍ പിന്നെ ലവന്‍ ആര്? കുശന്‍ ഇല്ല്യേ?” പാസ്പോർട്ട് എന്റെ മുഖത്തേയ്ക്കു തിരിച്ചുപിടിച്ചുകൊണ്ട് അവള്‍ ശരം തൊടുത്തു.
അവിടെ, സീമന്തപുത്രന്‍ ആ പാസ്പോർട്ടിൽ ഇരുന്ന് എന്നെ നോക്കി കുന്ദഹസിക്കുന്നു.
“ഈശ്വരാ....” അറിയാതെ വിളിച്ചുപോയി ഞാന്‍.
കഴിഞ്ഞ ജന്മത്തിലെ ശത്രുവാണ് ഈ ജന്മം സന്തതിയായി പിറക്കുക എന്ന ഉപനിഷത്ത് പ്രസ്താവ്യം എത്ര സത്യം...
ഇവനെങ്ങനെ ഇവിടെ എന്റെ പാസ്പോർട്ടിൽ? മോർഫിംഗ് ?, വെട്ടി ഒട്ടിക്കല്‍?, അസൂയ.. പാര??? പലവിധ ചിന്തകള്‍ അതിവേഗം റണ്‍വേയിൽ അങ്ങോട്ടും ഇങ്ങോട്ടും പാഞ്ഞു. ഒന്നും മനസ്സില്ലായില്ല.. ശൂന്യം...ദില്ലി പിൻകോഡ് പോലെ ശൂന്യം ...ഛെ-ശൂന്യ്-ശൂന്യ്-ശൂന്യ്-ശൂന്യ്-ഏക് ഹൈ.. (കഷ്ടം...എല്ലാ പൂജ്യവും ഒരുപോലെ തന്നെ. ഒന്നും മനസ്സിലാവുന്നില്ല.)
“സ്വാമിന്‍”.. എന്നെ സമാധിയില്‍ നിന്നുമുണർത്തിക്കൊണ്ട് ആ മംഗളഗാത്രി മൊഴിഞ്ഞു. “ഈ നില്പു നിന്നാല്‍ ഓപ്പ അത്താഴമുണ്ണില്ല. പോയി വേഗം സ്വന്തം ജാതകം എടുത്തോണ്ടു വാടോ പഹയാ.. ഇല്ലെങ്കില്‍ ട്രാൻസ്പോർട്ട് ബസ് സ്റ്റാന്റ് വിട്ടു പോകും.. പറഞ്ഞേക്കാം..”.
കൊടുങ്ങല്ലൂരമ്മയെ മനസ്സില്‍ ധ്യാനിച്ച് വീണ്ടും സ്തുതിഗീതങ്ങള്‍ പാടി തിരിഞ്ഞോടി.. കിതച്ചു പട്ടിയായി വീടിലെത്തി മകനുനേരെ കുരച്ചു ചാടി...ഞാന്‍ അൽസേഷൻ ആയപ്പോള്‍ അവന്‍ ജർമ്മൻ ഷെപ്പേഡായി തിരിച്ചു ചാടി. തുടർന്ന് അവിടെ അരങ്ങേറിയ വാക്പയറ്റ്, പൂഴികടകന്‍ തുടങ്ങിയ ആയോധന കലാപ്രകടങ്ങള്‍ക്ക് വിഘ്നം വരുത്തിക്കൊണ്ട് അടുത്ത മുറിയില്‍ നിന്നും ഭാര്യയുടെ മില്യണ്‍ ഡോളര്‍ വിളി ഉയർന്നു ..”ദേ മനുഷ്യാ..” ആ വിളിയില്‍ എല്ലാം തീർന്നു .. പിന്‍ ഡ്രോപ്പ് സൈലൻസ് . സൈലന്റ് ആയില്ലെങ്കില്‍ പെണ്ണ് നമ്മളെയെടുത്തു നിലത്തെറിയും.
സ്വർണ്ണക്കോടാലിയുമായി വനദേവത പ്രത്യക്ഷപ്പെട്ട പോലെ കയ്യില്‍ മറ്റൊരു പാസ്പോർട്ടും പിടിച്ച് അവള്‍ വന്നു.. നിന്നു...തുടങ്ങി...
” സ്വന്തം പാസ്പോർട്ടിനു പകരം അവന്റെ പാസ്പോർട്ടും കൊണ്ടാണോ മനുഷ്യാ നിങ്ങള്‍ പോയത്? നേരത്തെ ബുദ്ധിയെ ഇല്ലാതിരുന്നുള്ളൂ.. ഇപ്പൊ ബോധവും പോയോ?”
നഷ്ടപ്പെട്ട കോണ്‍ഫറൻസും നഷ്ടപ്പെടുമോ എന്നു നിശ്ചയമില്ലാത്ത ജോലിയേയും കുറിച്ചാലോചിച്ച് ഭാവി കുന്തസ്യ ആയി ബ്ലിങ്കസ്യാന്നും പറഞ്ഞു നില്ക്കു്മ്പോള്‍ ഓർത്തു ...രാവിലത്തെ കലാപ്രകടനങ്ങൾക്കിടയിൽ ശേഖരത്തില്‍ നിന്നും ഊരിയെടുത്ത് ഉറയിലിട്ട ആ വാള്‍ പുത്രന്റെതായിരുന്നു എന്ന്.
ഛെ--- ശൂന്യ് ശൂന്യ് ശൂന്യ് !!!
ReplyDeleteനന്ദി അജിത് . ഹഹഹ താങ്കൾ മാത്രമേ അത് ആസ്വദിച്ചുള്ളൂ.. സന്തോഷമായി.
Delete