മറ്റമ്മ എന്‍റെ
മുത്തശ്ശിയാണ്. പാവം.. സെഞ്ച്വറി അടിക്കാന്‍ 3-4 വര്‍ഷങ്ങള്‍ ബാക്കി നില്‍ക്കേ
പതിനാറു വര്‍ഷങ്ങള്‍ക്കു മുന്‍പു സ്വര്‍ഗസ്ഥയായി. സ്നേഹനിധിയും ദാനശീലയും നല്ല
കാര്യപ്രാപ്തിയും ഉണ്ടായിരുന്ന അവര്‍ മരിക്കുന്നതിന്റെ തലേ ആഴ്ച്ചവരെ രാവിലെ
ആറുമണിക്ക് എഴുന്നേറ്റ് പച്ചവെള്ളത്തില്‍ കുളിച്ച് പത്തുപതിനാറു കോല്‍ താഴ്ചയുള്ള
കിണറ്റില്‍ നിന്നും രണ്ടു പാട്ട വെള്ളവും കോരി പത്തുകട തുളസിയും നനച്ച് ഒരു
മാലയും കെട്ടിയിട്ടേ വല്ലതും കഴിക്കൂ. ഇന്നത്തെ ചില പരിഷ്കാരികള്‍ അല്‍ഷിമേഴ്സ് / അമ്നെഷിയ എന്നൊക്കെ
സ്റ്റൈലില്‍ പറയുന്ന ചിന്നന്‍ ഒഴികെ ങേ..ഹേ.. വേറൊരു അസുഖവും ദൈവം സഹായിച്ച്
പുള്ളിക്കാരിക്കുണ്ടായിരുന്നില്ല. എന്നാല്‍ ചിന്നന്‍ കുറച്ചു കാര്യമായി തന്നെ തന്‍റെ
പണികള്‍ മുത്തശ്ശിയുടെ മേല്‍ നടത്തിപ്പോരുകയും ചെയ്തിരുന്നു. വെറുതെ റോട്ടീക്കൂടെ
നടക്കുമ്പോള്‍ സൈക്കിള്‍ വന്നിടിക്കണ പോലെ അത് മൂപ്പത്യാരേം വച്ചുകെട്ടി ഇടക്കിടയ്ക്ക്
എന്നെ വന്നിടിച്ചിട്ടു പോവാറുണ്ട്. അതിന്‍റെ പരിണിത ഫലംസ്- തിരുശേഷിപ്പുകള്‍
ഇപ്പോഴും എന്‍റെ പക്കലുണ്ട്.
പഠിപ്പെല്ലാം കഴിഞ്ഞ്
ജോലിയും കൂലിയുമില്ലാതെ തെണ്ടീസ് അടിച്ചു ഞാന്‍ ആര്‍ത്തുല്ലസിച്ച് നടക്കുന്ന
കാലത്ത് ഒരു ദിവസം സന്ധ്യക്ക് പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ ഇരുകാലുകളും
മടക്കി നാല്‍ക്കാലി പോലെ സോഫയില്‍ മടങ്ങി ഒടിഞ്ഞ് ദൂരദര്‍ശനിലെ വാര്‍ത്തകള്‍
വരുന്നതും കാത്തു കുത്തിയിരിക്കുമ്പോഴാണ് തുളസിത്തറയില്‍ തിരി വയ്ക്കാനായി
മറ്റമ്മയുടെ വരവ്. ഹാളിൽ നിന്നും പുറത്തേയ്ക്കുള്ള പ്രധാനവാതിലിനരികേ ചുമരും കുത്തിച്ചാരി നില്‍ക്കണ പഴയ കെല്‍ട്രോണ്‍
ടിവിയില്‍ ന്യൂസ് റീഡര്‍ പെണ്‍കുട്ടി വന്നു നമസ്കാരം പറഞ്ഞു. അപ്പൊ ദേ പിന്നില്‍
നിന്നും ഒരു പുച്ഛസ്വരത്തില്‍ മറ്റമ്മ
തിരിച്ചും പറയുന്നു
“ ഓ..നമസ്കാരം..” മറ്റമ്മയുടെ ആ നമസ്കാരത്തില്‍ ചിന്നന്‍റെ ഒരു
സാന്നിദ്ധ്യം അനുഭവപ്പെടാതിരുന്ന ഞാന്‍ തിരിഞ്ഞിരുന്നു വീണ്ടും ന്യൂസ് കാണാന്‍ തുടങ്ങി. അപ്പോള്‍ വീണ്ടും ടിവിയിലെയ്ക്കു നോക്കിക്കൊണ്ട് മറ്റമ്മ ..
“അതേയ്.. ഈ വാതിലിന്‍റെ
നടുവിലന്നെ ഇങ്ങനെ നിന്നു വര്‍ത്തമാനം പറഞ്ഞാലെങ്ങന്യാ? എനിക്കൊന്നങ്ങട് പോണം.”
എന്തെങ്കിലും ഉണ്ടെങ്കില്‍ അങ്ങട് മാറി നിന്ന് പറയാ. തൃസന്ധ്യ സമയത്ത് ഉമ്മറപ്പടിയില്‍
നിന്ന് ചെലക്ക്യാണ്ടങ്ങട് മാറാ”
“അത് ടിവിയില്‍ ന്യൂസ്
വായിക്കണതാ.. ഇവിടെ ആരുമില്ലാ.. മറ്റമ്മ അങ്ങട് പൊക്കോളൂ” ചിന്നന്‍ വര്‍ക്ക്‌ഔട്ട്
ആവുന്നത് മണത്തു ഞാന്‍ ചാടിക്കേറി ഇടപെട്ടു.
അനവസരത്തില്‍ ഉണ്ടായ എന്‍റെ
ആ ഇടപെടല്‍ കുറച്ചു സങ്കീര്‍ണ്ണമായിപ്പോയി.
“അ..ആ... ഇവ്ടെ ആരൂല്ല്യാ
ന്ന്ച്ചട്ടന്ന്യാ നീയ്യിവളെ ഇവ്ടെ വിളിച്ചു വരുത്യെ ല്ലെ? ന്ന്‍ട്ട് ന്നെ കണ്ടപ്പോ
ഒരൂട്ടം ഉരുണ്ടുകളി.. ഞാനിവ്ടെ ഉള്ളടത്തോളം കാലം ഇത്വ്ടെ നടക്കില്ല്യാ..
കടന്നു പോ
ഇവ്ട്ന്നു...” ന്യൂസ് റീഡര്‍ക്കു നേരെ ചാടിക്കൊണ്ട് മറ്റമ്മ അലറി.
ലാസ്റ്റ് ഡയലോഗ് മാത്രം
കേട്ടുകൊണ്ട് അങ്ങോട്ട് കടന്നുവന്ന, സ്വതവേ എന്‍റെ നിഷ്കളങ്കതയില്‍ സംശയാലുവായ അമ്മയെ
ഇത് എങ്ങനെ പറഞ്ഞു മനസ്സിലാക്കണം എന്ന് ഒരു നിമിഷം ആലോചിച്ചു കൊണ്ട് കൂടുതല്‍
സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കാന്‍ ടിവി ഓഫാക്കി ഞാന്‍ തയ്യാറായി നിന്നു.
അമ്മയെ കണ്ടതും മറ്റമ്മ
ഒന്നുകൂടി ഫോമിലായി.
“അതേയ്.. വത്സലേ.. ഇവന്‍ ദേ
ഒരു പെങ്കുട്ട്യേം കൊണ്ട് ഇങ്ങട് കേറി വന്നെക്ക്ണൂ. കണ്ണ്വോര്ത്തപ്പന്‍ ഉള്ളതോണ്ട്
തക്കസമയത്ത് ഞാന്‍ കണ്ടു. എന്നെ കണ്ടതും അവളോടിപ്പോയ്.”
പിന്നീട് അവിടെ നടന്ന
പൂഴികടകനിടയിലും മറ്റമ്മയെക്കൊണ്ട് ചിന്നന്‍ ഡയലോഗ്സ് പ്രാക്ടീസ് ചെയ്യിക്കുന്നത്
എനിക്കു കേള്‍ക്കാമായിരുന്നു.
അമ്പടാ ചിന്നാ!!
ReplyDeleteGood narration
ReplyDelete