Saturday, January 31, 2026

എഫ് ഐ ആർ -ൽ രേഖപ്പെടുത്താത്തത്

 

ആത്മഹത്യ ചെയ്തയാളുടെ സംസ്കാരത്തിന്

ജനം ഒഴുകിയെത്തി

എന്തിനിയാൾ ഇതുചെയ്തെന്ന്

മൂക്കിനു വിരൽവച്ച് ജനം ചോദിച്ചു

 

വിരൽപകുത്ത നെടുവീർപ്പുകൾ

അന്തരീക്ഷത്തിൽ ഉഷ്ണതരംഗങ്ങളുയർത്തി

 

“പ്രശ്നങ്ങൾ പരിഹരിക്കാൻ നമ്മളെല്ലാം ഉണ്ടായിരുന്നല്ലോ,

ഒരുവാക്കുപറഞ്ഞിരുന്നെങ്കിൽ

സമാധാനം ഉണ്ടാക്കിക്കൊടുക്കുമായിരുന്നല്ലോ..”

എന്നും അവർ ആവർത്തിച്ചു പറഞ്ഞു

 

ഇത്രയേറെ ബന്ധുമിത്രാദികളുണ്ടായിട്ടും,

ഒരാളോടുപോലും മനസ്സുതുറക്കാനായില്ലേയെന്ന്

അവർ അത്ഭുതപ്പെട്ടു

 

മനസ്സുതുറക്കാനായി ചെന്നുമുട്ടിയപ്പോൾ

വാതിലടച്ചു രഹസ്യമായി അകത്തിരുന്നവരുടെ —

പരസ്യമായ ഈ പരിതാപം കേട്ട്

പരേതാത്മാവിനു ചിരിപൊട്ടി

 

ചിരിയൊരു മിന്നലായി പിളർന്നു,

മുഴക്കമായി കുതിച്ചു

ഭൂമിയിലെ അടുപ്പക്കാരുടെ ദീർഘദൃഷ്ടിയെ

തകർക്കാൻ ഇടിക്കും മിന്നലിനുമായില്ല

നിലംതൊടുംമുന്നേ ആത്മാവിന്റെ ചിരി

അവർക്കുമുന്നിൽ പിടഞ്ഞുവീണുചത്തു

 

ജനം ഭാവികാര്യം ചിന്തിച്ചു

ചിന്താശകലങ്ങൾ വാനോളമുയർന്നു.

ശകലങ്ങളിലെ കറുപ്പ്

മേഘങ്ങളിൽ മഷിപടർത്തി

 

ചത്തുവീണ ചിരികളെനോക്കി

പരേതാത്മാവ് കണ്ണുനീർവാർത്തു

മിഴിനീർതുള്ളികൾ മഷിമേഘങ്ങളെ കെട്ടിപ്പിടിച്ചു

ഭൂമിയിലേയ്ക്കാർത്തുപതിച്ചു

 

മിഴിനീർമാരി താങ്ങാനാകാതെ

കാടകം പൊട്ടിയൊഴുകി

ദീർഘദൃഷ്ടിക്കാരുടെ ദൃഷ്ടിക്കുമീതെ

മണ്ണും ചളിയും കുത്തിയൊഴുകി

 

ചത്തചിരികളുടെ അട്ടഹാസം

ആർത്തനാദങ്ങളെ മുക്കിമറച്ചു

പ്രകൃതിയുടെ തുലാസ്സ്‌,

മാനത്തു ദൃഷ്ടി കൊളുത്തി

നിർത്താതെ ചിരിച്ചു

വെറും സാദാപ്പൊണ്ണ്

 


അഞ്ചുമണിയലാറമടിച്ചു 

ഇടതടവില്ലാതെ..

മുഴക്കങ്ങളവളുടെ തലയ്ക്കുള്ളിൽ

പെരുപ്പങ്ങൾ കൊട്ടിനിറച്ചു

 

അരികിൽ, ചീർത്തശവത്തിന്റെ

ചാരായമണമുള്ള കൂർക്കംവലികൾക്ക്

സമയതടസ്സങ്ങളില്ലായിരുന്നു 

അരിപ്പ മീശകൾക്കിടയിലൂടെ

അവ സ്വാതന്ത്ര്യത്തിലേയ്ക്ക്

ഒന്നൊന്നായി പറന്നകന്നുകൊണ്ടിരുന്നു

 

ഉടുതുണി ബന്ധനങ്ങളില്ലാതെ

സർവതന്ത്രസ്വതന്ത്രരായി

ചുരുണ്ടുകൂടി 

ചില്ലക്ഷരങ്ങൾപോലെ രണ്ടു മക്കളും

 

പെരുപ്പങ്ങൾക്കുപിറകേ, ദിനചര്യയെന്നപോൽ

തലയ്ക്കുള്ളിൽ  ചുരുൾനിവർത്തിയ ജോലികളുടെ

അനുക്രമപട്ടിക വായിച്ച മനസ്സ്,

മടുപ്പിനെ മൂടിപ്പുതച്ചലസമായി കിടന്നു 

 

ദുരിതമണിയലാറം വീണ്ടുമടിച്ചു.

അറിയാതെ വീണ ചൂരൽപ്പെടപോലെ-

അലസതകൾ വലിച്ചെറിഞ്ഞ്

ഞെട്ടിയെഴുന്നേറ്റവൾ എങ്ങോ ദൃഷ്ടി തൂക്കി,

അന്നോളം സ്വരുക്കൂട്ടിവച്ച നിർവികാരതയോടെ

 

മോഹങ്ങൾ കീറപ്പായിൽ ചുരുട്ടിയവളെഴുന്നേറ്റു 

മുടിക്കോതിൽ ആഗ്രഹങ്ങൾ കെട്ടിവച്ചു

മുഖം കഴുകി,

മുഷിഞ്ഞ കീറത്തോർത്തിൽ

സ്വപ്നങ്ങൾ തുടച്ചു കുടഞ്ഞു

 

പ്രതീക്ഷകളുടെ വള്ളിപൊട്ടിയ ചെരുപ്പിനുള്ളിൽ

നിലപാടുകൾ പ്രതിഷ്ഠിച്ച്

അവളിറങ്ങിനടന്നു

തന്റെ ജയലറകളിലേയ്ക്കുതുറക്കുന്ന

അവരുടെ സ്വാതന്ത്ര്യത്തിന്റെ വാതിലുകൾ

ലക്ഷ്യമാക്കി.

Monday, August 4, 2025

ഭക്തിമാർഗ്ഗം മഹാമാർഗ്ഗം നമുക്കും കിട്ടണം പണം!

 പ്രകൃതിയാരാധനയിൽനിന്നും കാവുകളിലേയ്ക്കും അവിടുന്ന് ക്ഷേത്രസങ്കല്പങ്ങളിലേയ്ക്കും പിന്നീട് ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചുള്ള ഉത്സവങ്ങളിലേയ്ക്കുമുള്ള മനുഷ്യന്റെ പ്രയാണം സമൂഹജീവി എന്ന തലത്തിലുള്ള അവന്റെ സാംസ്‌കാരിക പരിണാമത്തിനോടൊപ്പംതന്നെയോ അല്ലെങ്കിൽ അവരണ്ടും പരസ്പരം ബന്ധപ്പെടുത്തിയോ ആയിരുന്നു

കാർഷിക വിളവെടുപ്പുകളോടനുബന്ധിച്ചാണ് ഭാരതത്തിലെ പ്രധാന ആഘോഷങ്ങളെല്ലാം തന്നെ.  നീണ്ടയൊരു കാലയളവിലെ കഷ്ടപ്പാടുകൾക്കൊരാശ്വാസം എന്ന തരത്തിലാണ് ഈ ആഘോഷങ്ങളെല്ലാംതന്നെ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇവകൂടാതെ പ്രാദേശികോത്സവങ്ങളാകട്ടെ, അതതു ദേശത്തെ ആളുകൾ സംഗമിക്കുന്നതിനും വിവിധ തലങ്ങളിലുള്ളവർ തമ്മിൽ ഒത്തൊരുമിച്ചു പ്രവൃത്തിക്കുന്നതിനും പരിചയം പുതുക്കുന്നതിനുമെല്ലാം പങ്കുവഹിക്കുകയും ചെയ്യുന്നു.  

ഒരു സമൂഹത്തിന്റെ സാംസ്കാരിക ഉന്നതിക്ക്  ഉതകുംവിധമാണ് ഉത്സവാഘോഷങ്ങളെല്ലാം പണ്ടുമുതൽക്കേ വിഭാവനം ചെയ്തിരിക്കുന്നതും നടപ്പിലാക്കിയിരുന്നതും. കാലാകാലങ്ങളിൽ നടന്ന സാമൂഹ്യപരിഷ്ക്കരണങ്ങൾ പ്രാദേശിക ഉത്സവങ്ങളിലും പ്രതിഫലിച്ചിരുന്നു. 

അങ്ങനെ ദേശത്തിന്റെ സാമൂഹ്യ സാംസ്‌കാരിക പരിഷ്കരണത്തിലും രൂപീകരണത്തിലും ഒട്ടും ചെറുതല്ലാത്ത പങ്കുവഹിക്കുന്നു, ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചുള്ള ഇത്തരം ഉത്സവാഘോഷങ്ങൾ. 

സവർണ്ണസംസ്കൃതിയുടെ ഭാഗമായി നിലനിന്നിരുന്ന മേളവും പാഠകവും കൂത്തും കൂടിയാട്ടവും കഥകളിയും ഭജനയും ശാസ്ത്രീയസംഗീതവും മറികടന്ന് അവിടങ്ങളിൽ കഥാപ്രസംഗവും നാടകവും ബാലെയും കടന്നുവന്നു ജനപ്രിയത നേടിയത് സാമൂഹ്യപരിഷ്കരണത്തോടൊപ്പം നാനാജാതികളുടെയും ആസ്വാദനത്തിന്റെ കോലളവുകൾ കൂട്ടിച്ചേർത്തതുകൊണ്ടുമായിരുന്നു 

സാമൂഹ്യപരിഷ്കരണത്തിനുള്ള വിവിധമാർഗ്ഗങ്ങളിൽ ഒന്നുമാത്രമായാണ് ഭക്തിമാർഗ്ഗത്തെയും പൂർവ്വ ജനത കണ്ടിരുന്നത് എന്നുസാരം 


കാലം പരിഷ്കരിച്ചതോടെ മാർഗ്ഗങ്ങൾ മാറി. പുതിയ രീതികളും സങ്കല്പങ്ങളും നിലവിൽ വന്നു.  അന്ധമായ വിശ്വാസത്തിൽ കൂപ്പുകുത്തി അതിൽ നീന്തിത്തുടിക്കുന്നവർ കൂടുതൽ ആൾക്കാരെ മാടിവിളിച്ചു കുളത്തിൽ ചാടിച്ചു. മതവും ദൈവങ്ങളും പലർക്കും  വോട്ടുബാങ്കുകളും  കച്ചവടച്ചരക്കുകളുമായിത്തീർന്നു.  ഭക്തിരസത്തിൽ വെള്ളം കലർന്നു, ഭയത്തിന്റെ മൂർച്ച കൂടി. ദൈവങ്ങൾക്കിടയിലും APL BPL വേർതിരിവുകൾ പ്രകടമാക്കി കോടീശ്വരന്മാർ പിറന്നു. അവിടെയും പുതുപ്പണക്കാരോടുള്ള മനുഷ്യരുടെ മനോഭാവം ഒന്നുതന്നെയായിരുന്നു. ചില ദൈവങ്ങൾ പഴയ തറവാടിത്തവും പ്രൗഢിയും നിലനിർത്തിയപ്പോൾ മറ്റുചിലർക്കത് കൊഴിഞ്ഞുപോയി. ബ്രഹ്മസ്വം ദേവസ്വമായി, കമ്മറ്റികളായി.


തൃപ്തരല്ലാത്ത മനുഷ്യരുടെ തൃപ്തിക്കായി അവർതന്നെ തുടങ്ങിയ പുതിയ പലതരം വഴിപാടുകൾക്കും പൂജകൾക്കും മുന്നിൽ  ദൈവങ്ങൾ മിണ്ടാനാകാതെ നിന്ന് വീർപ്പുമുട്ടി. അവയ്ക്കിടയിൽ വലിയ പഴക്കസ്വാദില്ലാത്ത ഒന്നാണ് അന്നദാനം. 

ദൈവം എന്തിനാണ് വിശ്വാസികൾക്ക് ദാനം നൽകുന്നത്?  മറ്റൊരുത്തരത്തിൽ ചിന്തിച്ചാൽ വിശ്വാസികളെ സംബന്ധിച്ച് അവർക്കുള്ളതെല്ലാംതന്നെ ദൈവത്തിന്റെ ദാനം തന്നെയല്ലേ.  പിന്നെന്തിനാണ് ഒരു അഡിഷണൽ അന്നദാനം എന്നു തോന്നാം.  അങ്ങനെ ലഗ്നാൽ ചിന്തിക്കുമ്പോഴാണ് അന്നദാനത്തിന്റെ ലഗ്നാധിപൻ ഉച്ചരാശിയിലാണെന്ന് കാണുന്നത്. 

പലയിടത്തും അന്നദാനം ഒരു ദാനമല്ല മറിച്ച് ആരാധനാലയങ്ങളിലേയ്ക്ക് ‘വിശ്വാസി’കളെ ആകർഷിക്കുന്ന ഒരു മാർക്കറ്റിംഗ് തന്ത്രം കൂടിയാണ്. കൂടുതൽ ആളുകൾ എത്തിയാലേ അനുബന്ധ കച്ചവടങ്ങൾ കൊഴുക്കൂ. കച്ചവടം കൊഴുത്താലേ ഉന്നതിയുണ്ടാകൂ. ദൈവങ്ങളെ കച്ചവടച്ചരക്കായി മാറ്റുന്നവർക്ക്  ആരാധനാലയങ്ങൾ വിശ്വാസത്തിന്റെ പൊന്നുടയാട പൊതിഞ്ഞ ഷോപ്പിംഗ് മാളുകൾ മാത്രമാണ് എന്നതൊരു നീറുന്ന യാഥാർഥ്യം. അന്നദാനം സ്പോന്സറിങ് അവർക്കൊരു ഫണ്ട് റൈസിംഗ് പ്രോഗ്രാമും

അന്നദാനം, പ്രസാദ ഊട്ട് തുടങ്ങി പലപേരുകളിൽ അറിയപ്പെടുന്ന ഇവയ്ക്ക് വിശദമായ ഒരു ഓഡിറ്റിംഗ് ഏർപ്പെടുത്തിയാൽത്തന്നെ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചു നടക്കുന്ന പല അരുതായ്മകളും മറനീക്കി പുറത്തുവന്നേക്കാം. 


ഭക്തിമാർഗ്ഗം മഹാമാർഗ്ഗം നമുക്കും കിട്ടണം പണം!! 


പള്ളിവാൽക്കഷ്ണം : 

കുടുംബശ്രീയിൽ നിന്നും ഇസാഫിൽ നിന്നുമെല്ലാം ഭാര്യമാരെക്കൊണ്ട് ലോൺ എടുപ്പിച്ച് അന്നദാനം നടത്തിക്കൊണ്ടുപോയി വണ്ടിയും കിണ്ടിയും പണ്ടങ്ങളുമെല്ലാം പണയത്തിലാക്കിയ, ദാരിദ്ര്യരേഖയ്ക്കു കീഴിൽ ജീവിക്കുന്ന, സത്യസന്ധത കൈമുതലായ, ദുരിതബാധിത കമ്മറ്റിക്കാർ മേൽപ്രസ്താവിച്ച വിഭാഗങ്ങളിൽ ഉൾപ്പെടുന്നില്ല  എന്ന് തെര്യപ്പെടുത്തിക്കൊള്ളുന്നു  

Saturday, August 2, 2025

വഴിയാത്രയിൽ ഇറങ്ങിനടന്നവർ


ഒന്നിനുമല്ലാതെ കയറിവന്നവരായിരുന്നു അവർ. 

വന്നശേഷം എന്തെല്ലാമോ ആയവരും. 

സൗഹൃദം പങ്കുവച്ച..

ഹൃദയം തുറന്നുവച്ച..

സാഹോദര്യം കാണിച്ച..

ഊഷ്മളസ്നേഹം നല്കിയ..

പ്രണയവും താപവും നിറച്ച, 

അവർ പലതരക്കാരായിരുന്നു. പലസ്ഥലക്കാരും. 

വരുമ്പോളെന്നപോലെ പോകുമ്പോഴും ഒന്നും പറയാതെയാണവർ ചിലർ ഇറങ്ങിനടന്നത്. 

സ്വയം ഗണിച്ചെടുത്ത ധാരണകൾക്കൊണ്ട് ബന്ധങ്ങളുടെ ഇഴകൾ നെയ്തവരായിരുന്നു അവരെന്ന് അകന്നുപോയതിനുശേഷമാണത്രേ മനസ്സിലായത്. 

ധാരണകൾക്ക് ബലം കുറയും, ഇഴയടുപ്പവും.

ഹൃദയധമനികൾക്കൊണ്ടു ബന്ധങ്ങൾ നെയ്തയാൾക്ക് ധാരണകളെക്കുറിച്ച് വലിയ ധാരണയില്ലായിരുന്നു. 


കൊഴിഞ്ഞുവീണൊരാസന്തോഷശകലങ്ങൾ 

മണ്ണിൽ ദ്രവിച്ചുതീരും മുൻപേ 

നിങ്ങളെനിക്കുനല്കിയേക്കാമൊരാ 

പ്പുഞ്ചിരിപ്രതീക്ഷയിൽ തുടരുമീ  പ്രയാണം. 




Wednesday, August 24, 2022

കമ്പിളിപുരാണം

"അതേയ് ബ്ലാങ്കെറ്റ് ഒന്ന് കഴുകിയിട്ടേക്കണേ"

രാവിലത്തെ വീട്ടുതിരക്കുകൾക്കിടയിൽ നിന്നും സ്‌കൂളിലെ തിരക്കുകളിലേയ്ക്ക് ഊളയിടുന്നതിനിടയിൽ ഭാര്യഎന്നോട് വിളിച്ചുപറഞ്ഞുകൊണ്ട് മുറ്റത്തേക്കിറങ്ങി


ദുബായ് ഓർമ്മകൾ നിലനിർത്തി ഇപ്പോഴും കൈവശമുള്ള അല്പം ചില ഗൾഫ് സ്മരണകളിലൊന്നാണ്നാലുവശവും തുന്നലെല്ലാം വിട്ടുതുടങ്ങിയിരിക്കുന്ന പഴയ  ബ്ലാങ്കെറ്റ്


സംഭവം പഴയതാണെങ്കിലും ചെറിയ മകന് ഫാൻ ഫുൾ സ്പീഡിലിട്ട് ഇതിനുള്ളിൽ ചുരുണ്ടുകൂടി അതിലെചൂടുപറ്റി കിടന്നാലേ ഉറക്കം വരൂ എന്നായിട്ടുണ്ട്.

 വിരോധാഭാസത്തിന്റെ പൊരുൾ എനിക്കിപ്പോഴും പിടുത്തം കിട്ടിയിട്ടില്ല


ഉപയോഗിച്ചുപയോഗിച്ച് നന്നേ മുഷിഞ്ഞുതുടങ്ങിയ അത് പുരാവസ്തുക്കാരുടെ കണ്ണിൽപ്പെടാതെ സൂക്ഷിക്കണംഅവരെങ്ങാനും കണ്ടാൽ കർണ്ണന്റെ കവചകുണ്ഡലം പോലെ ഇതും ചുറ്റിപ്പിടിച്ചു നിൽക്കുന്ന ചെക്കനെയടക്കംഎടുത്തോണ്ട് പോവും


പഴയവസ്തു ആയതുകൊണ്ടുതന്നെ ഡ്രൈക്ളീനിംഗിന്റെ ഹൈസ്റ്റൈൽ പരിചരണമെല്ലാം വിട്ട് തല്ലിയലക്കൽഎന്ന പുരാതന മാതൃകയിലേയ്ക്ക് തിരിയാൻ ശീലിപ്പിച്ചിരുന്നു ഇതിനോടകം അതിനെ


തല്ലിയലക്കലിന്റെ കഠിനയാതനകൾ എന്നിലേൽപ്പിക്കുന്ന ക്ഷതങ്ങളെക്കുറിച്ചാലോചിച്ച് ടെൻഷനടിച്ച് സ്വന്തംതോർത്തുവരെ വാഷിംഗ് മെഷീനിൽ ഇട്ട് അലക്കുന്ന എന്നോടായിരുന്നു രാവിലെ ഭാര്യയുടെ  ശാസനം


പത്തുപതിനാറു റാത്തൽ കനമുള്ള  പുരാവസ്തു ഞാനെന്തായാലും തല്ലിയലക്കാനൊന്നും പോണില്ലപിന്നെഭാര്യ തിരിച്ചുവരുമ്പോൾ എന്നെയിട്ട് അലക്കാതിരിക്കണമെങ്കിൽ ഞാനത് വാഷിംഗ് മെഷീനിലിട്ട്അലക്കുകയെങ്കിലും വേണമല്ലോ എന്നാലോചിച്ചു വിഷമിച്ച്സ്ഥായിയായിട്ടുള്ള ധ്യാനാവസ്ഥ വെടിഞ്ഞുകൊണ്ട്ചാരുകസേരയിൽ നിന്നും കൈകാലുകൾ അടത്തിയെടുക്കാൻ ഞാൻ മനസ്സില്ലാമനസ്സോടെ തീരുമാനിച്ചു


സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീനിന്റെ അലക്കു ടബ്ബിൽ  മാറാപ്പും നിക്ഷേപിച്ച് മൂന്നു സ്പൂൺസോപ്പുപൊടിയുമിട്ട് വെള്ളം നിറച്ചുകഴിഞ്ഞപ്പോൾ അസ്ഥാനത്തൊരു ചിന്ത...

ഇതെവിടെ കിടന്ന് ഒരു അരമണിക്കൂർ കുതിരട്ടെ അഴുക്കെല്ലാം ഇളകി വരട്ടേ എന്ന് .

 ഭീമാകാര സാധനത്തിലെ ചളിയെല്ലാം ഇളകാൻ ഇത്ര സോപ്പൊന്നും മതിയാവില്ലഒരു നാല് സ്പൂൺ പൊടികൂടെ കിടക്കട്ടെ...


അതും ഇട്ട് ഒരു കറക്കം കറക്കി അവനെ അവിടെ നിക്ഷേപിച്ചപ്പോൾ ജാത്യാലുള്ള സംശയം വീണ്ടും എന്നോടുചോദിച്ചു 

'ഇതു മതിയാകുമോ നമ്പീശാ ? ഒരു മൂന്നു സ്പൂൺ കൂടെ ഇട്ടാൽ കേമാവില്ലേ ?'

സംശയം വേണ്ടാ..

നിശ്ചയിച്ചു.

നെയ്യേറിയതുകൊണ്ട് അപ്പം കേടാവില്ല എന്നു പറയാറുള്ള മുത്തശ്ശിയെ മനസ്സിൽ ഓർത്തുകൊണ്ട് മൂന്നു സ്പൂൺകൂടി ഇട്ടു


അര മണിക്കൂർ കുതിർക്കൽ യജ്‌ഞം കഴിഞ്ഞ് 15 മിനിറ്റ് സമയത്തേക്ക് വാഷിംഗ് സെറ്റു ചെയ്ത് മെഷീനുംഓണാക്കി തിരികെ ഞാനെന്റെ സ്ഥായീഭാവം ചാരുകസേരാ യോഗാവസ്ഥയിലേക്ക് കൂപ്പുകുത്തി


എന്നൊടാ കളി ..

ഇതല്ലഇതിന്റപ്പുറം കുത്തിത്തിരുമ്പിയവനാണീ നമ്പീശൻ ..

കമ്പിളീ.. നിന്നെ അമ്പിളിപോലെ വെളുപ്പിക്കും ഞാൻനോക്കിക്കോ ..

ഇത്തരം സദ്ചിന്തകളുമായി നേരംപോക്കി നേരം പോയതറിഞ്ഞില്ല


അല്പം കഴിഞ്ഞ് കമ്പിളിയുടെ അവസ്ഥാന്തരത്തെക്കുറിച്ചറിയാൻ അവിടെ ചെന്നു നോക്കിയ ഞാനൊന്ന് ഞെട്ടി.. ശേഷം തരിച്ചു..പിന്നെയൊന്നു നിന്നു .


അവിടെ ലക്സ്‌ സോപ്പിന്റെ പരസ്യത്തിൽ മേലും കീഴും ടബ്ബും നിറയേ സോപ്പു പതയുമായി കുളിക്കുന്ന സിനിമാനടിയെപ്പോലെ സോപ്പുപതക്കൂമ്പാരത്തിനു നടുവിൽ വ്രീളാവിവശയായി നിൽക്കുന്നു എന്റെയാ അലക്കു മെഷീൻ!


കൂടെപ്പിറന്ന സംശയം നിസ്സംശയം ചതിച്ചു

ഉദാരമതിയായ എന്നോട് മതി എന്നുപറയാതെ വാഷിംഗ് മെഷീനിലേയ്ക്ക് ആക്രാന്തഭരിതമായി വീണുല്ലസിച്ച 10 സ്പൂൺ സോപ്പുപൊടി ചെറുതായി ഒരു വലിയ പണി തന്നെ തന്നു


നിലത്തു കുനിഞ്ഞിരുന്നു താരസുന്ദരിയേയും അവൾ നീരാടിയ തറയും തേച്ചു തുടച്ചു വൃത്തിയാക്കികഴിഞ്ഞപ്പോഴേക്കും പുറം കഴച്ചു തുടങ്ങി


എല്ലാം വൃത്തിയാക്കിരണ്ടുവട്ടം കൂടി വെള്ളം മാറ്റി കമ്പിളിയൊന്ന് കറക്കിയെടുത്ത് വെള്ളം വാർന്നു കളയാനായിഅവനെ സ്പിൻ ടബ്ബിലേയ്ക്ക് ഇടാനുള്ള ശ്രമമായി അടുത്തത്

തലയിണയുറയിൽ തലയിണ കുത്തിക്കയറ്റാൻ നോക്കുന്ന പോലെ ടബ്ബിലേയ്ക്ക് കമ്പിളി നിറയ്ക്കാൻശ്രമിച്ചപ്പോൾ ദേ കിടക്കണൂ മുക്കാൽ ഭാഗം പുറത്ത്

ചാഞ്ഞും ചരിഞ്ഞും നിന്നും ഇരുന്നും ശ്രമങ്ങൾ പലതും നടത്തി

എവടെ ........ ങേ ഹേ ........


ഒടുവിൽ ഞാനാ സത്യം അംഗീകരിച്ചു

 വലിയ കമ്പിളിയെ സ്വീകരിക്കാൻ മാത്രം ഹൃദയവിശാലതയൊന്നും ഇല്ല  ടബ്ബിന്

ഇനിയെന്തായാലും അടുത്തവഴി നോക്കുക തന്നെ


പത്തുപതിനാറു റാത്തൽ കനമുണ്ടായിരുന്ന  മൊതല് നനഞ്ഞൊട്ടി ഏതാണ്ട് അമ്പത് റാത്തലോളം തൂക്കമായകാര്യം ഞാൻ മനസ്സിലാക്കിയത് അരിച്ചാക്ക് പുറത്തെടുത്തു പോകുന്ന ലോഡിങ്ങുകാരന്റെ ലാഘവത്തിൽഇതെടുത്തു എന്റെ പുറത്തേക്കു വച്ച് ടെറസ്സിലേയ്ക്ക് ഗോവണി കയറിയപ്പോഴാണ്

മനസ്സിന്റെ ലാഘവത്വം ശരീരം മനസ്സിലാക്കാൻ ശ്രമിക്കാതെ മുഖംതിരിഞ്ഞിരുന്നതുകൊണ്ട് തിശ്രനടയിൽശ്വാസഗതിക്ക് താളം പിടിച്ച് മൂന്നാമത്തെ പടിയിലേയ്ക്ക് മൂക്കു മുട്ടുന്ന തരത്തിലേക്ക് ഞാൻ കൂനിക്കൂടിയിരുന്നു


ഒരുവിധേന മുകളിലെത്തിയതുംഒരുമിച്ച് ഇതിന്റെ വെള്ളം പിഴിഞ്ഞുകളയാൻ സാധിക്കാത്തതുകൊണ്ട്ഒരറ്റത്തുനിന്നും പിഴിഞ്ഞുതുടങ്ങുന്നതിനുള്ള എളുപ്പത്തിനായി മറ്റൊന്നും ചിന്തിക്കാതെ ടിയാനെ അടുത്തുകണ്ടഅയയിലേയ്ക്ക് എടുത്തിട്ടതും ദാണ്ടേ കിടക്കുന്നു കയറും കമ്പിളിയും താഴെ തറയിൽ


വീണ്ടും ചളിപുരണ്ട ജീവിതവുമായി താഴെ തറയിലെ മണ്ണിലും പൊടിയിലും മലർന്നുകിടന്ന്  കമ്പിളി എന്നെദയനീയമായി നോക്കുമ്പോൾഗൾഫിൽ  വക കമ്പിളിയെല്ലാം കണ്ടുപിടിച്ചവന്മാരുടെ പിതാമഹന്മാർപരലോകത്തിരുന്ന് ആറര മിനിറ്റ് കുളിരുകോരി വിറച്ചത് റിക്ടർ സ്കെയിലിൽ 8.1 രേഖപ്പെടുത്തി


തുടർച്ചയായ അഞ്ചാം ദിവസവും തൈലം പുരട്ടി എന്റെ കഴുത്തിലും പുറത്തും ചൂടുപിടിച്ചു തരുമ്പോൾ ഭാര്യയുടെപിറുപിറുക്കൽ ലേശം ഉച്ചത്തിലായില്ലേ എന്നൊരു സംശയം.

ഏതു ഗുളികൻ കയറിയ സമയത്താണാവോ എനിക്കിത് ഇങ്ങേരോട്‌ പറയാൻ തോന്നിയത് ദൈവേ ! ഒന്നുംമിണ്ടാതെ ഞാൻ തന്നെ അലക്കിയാൽ മതിയായിരുന്നു. " 


പ്രദീപ് നമ്പീശൻ 

Tuesday, August 16, 2022

എന്റെ പാചകാന്വേഷണ പരീക്ഷണങ്ങൾ :

എന്നും വിജയത്തിന്റെ പാചകകഥകൾ മാത്രം കേട്ടുശീലിച്ച നിങ്ങൾ ഇടയ്ക്കൊരു പരാജയകഥ കൂടികേൾക്കുന്നത് നല്ലതാണ്അഹങ്കാരത്തിനൊരു ശമനം വരുംപരാജിതർക്കുമില്ലേ മോഹങ്ങളും സ്വപ്നങ്ങളും.. 


സ്വന്തമായി ഗുലാബ് ജാമൂൻ ഉണ്ടാക്കണമെന്ന ചെറ്യേ മോഹവുവുമായി ഞാൻ ചെന്നു കയറിയത്എല്ലാരേയുംപോലെ അടുക്കളയിൽ തന്നെഇങ്ങേരിതിന്ന് എന്തു മല മറിക്കാനാ ഭാവം എന്ന മട്ടിൽ കൗതുകം ലേശംകൂടുതലുള്ള എന്റെ ഭാര്യയും കാഴ്ചക്കാരിയായി എന്റെ പുറകേ വന്നു.


കഴിഞ്ഞതവണ കടയിൽ നിന്നും വാങ്ങിയ ഗുലാബ് ജാമൂൻ മിക്സ് പാക്കറ്റിന്റെ പുറകിൽ എഴുതിയിരുന്നഇൻഗ്രീഡിയൻറ്സ് ലിസ്റ്റ് കമ്പനിക്കാർ അറിയാതെ അടിച്ചുമാറ്റിയതിന്റെ ധൈര്യത്തിൽ ഷെഫ് ദാമു സ്റ്റൈലിൽഞാൻ മൈദയും പാൽപ്പൊടിയും 80:20 റേഷ്യോയിൽ കൃത്യമായി തൂക്കിയെടുത്തുഅതിൽ അല്പം ബേക്കിങ്പൗഡറും ചേർത്ത് ഷാലിമാർ ഹോട്ടലിൽ പൊറോട്ട അടിക്കാൻ നിൽക്കണ തെങ്കാശിക്കാരൻ മുരുകണ്ണനെമനസ്സിൽ ധ്യാനിച്ച് പ്രഹരം തുടങ്ങിമുരുകണ്ണന്റെ പേരിനൊരു കളങ്കവും വരുത്താത്ത രീതിയിൽ അടിച്ചടിച്ചുകുഴച്ചുമറിച്ചിട്ടും തിരിച്ചിട്ടും കുഴച്ചു


അതുവരെ എല്ലാം കറക്റ്റ് ആയിരുന്നുഅതിന്റെ ഉത്സാഹത്തിൽപിന്നാലെത്തന്നെ പഞ്ചസാര പാനിയുംഉണ്ടാക്കി വച്ചുലതും കറ കറക്റ്റ്

അതോടെ കോൺഫിഡൻസ് ലെവൽ വല്ലാതങ്ങ് ഉയർന്നുഉയർന്നു നിൽക്കണ അവനെക്കണ്ട് ഇവിടെയെന്താനടക്കണേ എന്നന്വേഷിച്ച്  അഹങ്കാരം കൂടെ അങ്ങോട്ടു കയറി വന്നതോടെ നമ്മള് പിന്നെ ഭാര്യയെഅടുക്കളഭാഗത്തുനിന്ന് ഓടിച്ചുവിട്ടുഎന്റെ വിജയത്തിന്റെ ക്രെഡിറ്റ് അവളങ്ങനെ ചുമ്മാ ഷെയർ ചെയ്യണ്ടഇതെന്റെ മാത്രം വിജയമാണ്എനിക്കുമാത്രം അവകാശപ്പെട്ടത്


കുഴച്ചുവെച്ച മാവെടുത്ത് ഉരുട്ടി ഉരുളകളാക്കിനളനേയും ഉണ്ണായി വാര്യരേയും കൂടൽമാണിക്യസ്വാമിയേയുംഒരുമിച്ച് മനസ്സിൽ വിചാരിച്ച് ഉരുള കൂട്ടിപ്പിടിച്ച് തിളച്ച എണ്ണയുടെ നടുവിൽ ഒരു ബ്ലും ! 

ചൂടുള്ള എണ്ണയിൽ വീണതോടെ ഉരുള അവന്റെ തനികൊണം പുറത്തെടുത്തുഎന്നോടോ ബാലാ എന്ന മട്ടിൽബലം പിടിച്ചൊരു നിൽപ്പും ഒരു ഉരുളലുംപോരാഞ്ഞിട്ട് പുച്ഛത്തില്‍ എന്നെയൊരു നോട്ടവും


അപകടം മണത്ത ഞാൻ എല്ലാം മറന്ന് ഭാര്യയെ സഹായത്തിനു വിളിച്ചതോടെ എന്റെ പൂർവ്വ ചെയ്തികൾഓരോന്നോരോന്നായി കൊരട്ടത്തുനിന്നെടുത്തു എണ്ണിത്തിട്ടപ്പെടുത്തി ഉറപ്പുവരുത്തിയശേഷം കൊടുങ്ങല്ലൂർഭാഗത്തേയ്ക്ക് തിരിഞ്ഞു നിന്നുകൊണ്ട് എന്നെ നോക്കി കണ്ണുകൾ കൊണ്ടവള്‍ ഗുണനവും ഹരണവും തുടങ്ങിഎനിക്ക് അച്ഛനും അമ്മയും കൂട്ടുകാരും നാട്ടുകാരും ഇട്ട കൗതുകമാർന്ന പേരുകൾ കൂടാതെ കൂടുതൽനാമകരണച്ചടങ്ങുകളുടെ അകമ്പടിയോടെ കുറ്റപത്രപാരായണം ആരംഭിച്ചതോടെ ഞാൻ കൊടുങ്ങല്ലൂരമ്മയെതാണുവണങ്ങി ഇയർഫോൺ ചെവിയിൽ കുത്തിക്കയറ്റി നിനക്കു നീ തന്നെ തുണ മോനേ എന്നും പറഞ്ഞ്തിരിച്ച് അടുക്കളയിലേയ്ക്കുതന്നെ കയറി.


 സമയം ഒന്നുമറിയാത്തപോലെ അക്വട്ടിക്ക് കോംപ്ലെക്സിലെ ഒതളങ്ങ കണക്കേ വടക്കേപ്പറത്തെ പ്ലാവുംനോക്കി എണ്ണയിൽ മലന്നു കിടന്നു കിനാവ് കാണുകയായിരുന്നു മസിൽമാന്മാരായ  ജാമൂൻസൽമാൻഖാൻമാർഅവരെ ഓരോന്നിനേയുമെടുത്ത്  പഞ്ചസാരപ്പാനിയിലിടുക എന്ന കൃത്യം മാത്രേ എനിക്കുചെയ്യാനായി ബാക്കിയുണ്ടായിരുന്നുള്ളൂ


എങ്കിലും അങ്ങനെ വിട്ടുകൊടുക്കാൻ ഞാൻ തയ്യാറല്ലായിരുന്നുപഞ്ചസാരപ്പാനിയിൽ കിടന്ന് മിസ്റ്റർ ഇന്ത്യമത്സരം നടത്തിയിരുന്ന സൽമാൻഖാൻമാരെ നന്നാല് വീതം ഓരോ ബൗളിലാക്കി ഭാര്യയുടെയും മക്കളുടെയുംമുന്നിൽ വച്ചുകൊടുത്തിട്ടുണ്ട്കിലുക്കത്തിലെ തിലകനെപ്പോലെഒരു വെട്ടുകത്തി കിട്ടുമോ എന്നുംചോദിച്ചിരുപ്പുണ്ട് അവരവിടെ.

എഫ് ഐ ആർ -ൽ രേഖപ്പെടുത്താത്തത്

  ആത്മഹത്യ ചെയ്തയാളുടെ സംസ്കാരത്തിന് ജനം ഒഴുകിയെത്തി എന്തിനിയാൾ ഇതുചെയ്തെന്ന് മൂക്കിനു വിരൽവച്ച് ജനം ചോദിച്ചു   വിരൽപകുത്ത നെടുവീർ...