Saturday, August 30, 2014

മറ്റമ്മക്കഥകള്‍-- അസാരം ചിന്നന്‍സ്

മറ്റമ്മ എന്‍റെ മുത്തശ്ശിയാണ്‌. പാവം.. സെഞ്ച്വറി അടിക്കാന്‍ 3-4 വര്‍ഷങ്ങള്‍ ബാക്കി നില്‍ക്കേ പതിനാറു വര്‍ഷങ്ങള്‍ക്കു മുന്‍പു സ്വര്‍ഗസ്ഥയായി. സ്നേഹനിധിയും ദാനശീലയും നല്ല കാര്യപ്രാപ്തിയും ഉണ്ടായിരുന്ന അവര്‍ മരിക്കുന്നതിന്റെ  തലേ ആഴ്ച്ചവരെ രാവിലെ ആറുമണിക്ക് എഴുന്നേറ്റ് പച്ചവെള്ളത്തില്‍ കുളിച്ച് പത്തുപതിനാറു കോല്‍ താഴ്ചയുള്ള കിണറ്റില്‍‌ നിന്നും രണ്ടു പാട്ട വെള്ളവും കോരി പത്തുകട തുളസിയും നനച്ച് ഒരു മാലയും കെട്ടിയിട്ടേ വല്ലതും കഴിക്കൂ. ഇന്നത്തെ ചില പരിഷ്കാരികള്‍ അല്‍ഷിമേഴ്സ് / അമ്നെഷിയ എന്നൊക്കെ സ്റ്റൈലില്‍ പറയുന്ന ചിന്നന്‍ ഒഴികെ ങേ..ഹേ.. വേറൊരു അസുഖവും ദൈവം സഹായിച്ച് പുള്ളിക്കാരിക്കുണ്ടായിരുന്നില്ല. എന്നാല്‍ ചിന്നന്‍ കുറച്ചു കാര്യമായി തന്നെ തന്‍റെ പണികള്‍ മുത്തശ്ശിയുടെ മേല്‍ നടത്തിപ്പോരുകയും ചെയ്തിരുന്നു. വെറുതെ റോട്ടീക്കൂടെ നടക്കുമ്പോള്‍ സൈക്കിള്‍ വന്നിടിക്കണ പോലെ അത് മൂപ്പത്യാരേം വച്ചുകെട്ടി ഇടക്കിടയ്ക്ക് എന്നെ വന്നിടിച്ചിട്ടു പോവാറുണ്ട്. അതിന്‍റെ പരിണിത ഫലംസ്- തിരുശേഷിപ്പുകള്‍ ഇപ്പോഴും എന്‍റെ പക്കലുണ്ട്.
പഠിപ്പെല്ലാം കഴിഞ്ഞ് ജോലിയും കൂലിയുമില്ലാതെ തെണ്ടീസ് അടിച്ചു ഞാന്‍ ആര്‍ത്തുല്ലസിച്ച് നടക്കുന്ന കാലത്ത് ഒരു ദിവസം സന്ധ്യക്ക്‌ പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ ഇരുകാലുകളും മടക്കി നാല്‍ക്കാലി പോലെ സോഫയില്‍ മടങ്ങി ഒടിഞ്ഞ് ദൂരദര്‍ശനിലെ വാര്‍ത്തകള്‍ വരുന്നതും കാത്തു കുത്തിയിരിക്കുമ്പോഴാണ് തുളസിത്തറയില്‍ തിരി വയ്ക്കാനായി മറ്റമ്മയുടെ വരവ്. ഹാളിൽ നിന്നും പുറത്തേയ്ക്കുള്ള പ്രധാനവാതിലിനരികേ ചുമരും  കുത്തിച്ചാരി നില്‍ക്കണ പഴയ കെല്‍ട്രോണ്‍ ടിവിയില്‍ ന്യൂസ്‌ റീഡര്‍‍‍ പെണ്‍കുട്ടി വന്നു നമസ്കാരം പറഞ്ഞു. അപ്പൊ ദേ പിന്നില്‍ നിന്നും ഒരു പുച്ഛസ്വരത്തില്‍  മറ്റമ്മ തിരിച്ചും പറയുന്നു
“ ഓ..നമസ്കാരം..”   മറ്റമ്മയുടെ ആ നമസ്കാരത്തില്‍ ചിന്നന്‍റെ ഒരു സാന്നിദ്ധ്യം അനുഭവപ്പെടാതിരുന്ന ഞാന്‍ തിരിഞ്ഞിരുന്നു വീണ്ടും ന്യൂസ്‌ കാണാന്‍ തുടങ്ങി. അപ്പോള്‍ വീണ്ടും ടിവിയിലെയ്ക്കു നോക്കിക്കൊണ്ട്‌ മറ്റമ്മ ..
“അതേയ്.. ഈ വാതിലിന്‍റെ നടുവിലന്നെ ഇങ്ങനെ നിന്നു വര്‍ത്തമാനം പറഞ്ഞാലെങ്ങന്യാ? എനിക്കൊന്നങ്ങട് പോണം.” എന്തെങ്കിലും ഉണ്ടെങ്കില്‍ അങ്ങട് മാറി നിന്ന് പറയാ. തൃസന്ധ്യ സമയത്ത് ഉമ്മറപ്പടിയില്‍ നിന്ന് ചെലക്ക്യാണ്ടങ്ങട് മാറാ”
“അത് ടിവിയില്‍ ന്യൂസ്‌ വായിക്കണതാ.. ഇവിടെ ആരുമില്ലാ.. മറ്റമ്മ അങ്ങട് പൊക്കോളൂ” ചിന്നന്‍ വര്‍ക്ക്‌ഔട്ട്‌ ആവുന്നത് മണത്തു ഞാന്‍ ചാടിക്കേറി ഇടപെട്ടു.
അനവസരത്തില്‍ ഉണ്ടായ എന്‍റെ ആ ഇടപെടല്‍ കുറച്ചു സങ്കീര്‍ണ്ണമായിപ്പോയി.
“അ..ആ... ഇവ്ടെ ആരൂല്ല്യാ ന്ന്ച്ചട്ടന്ന്യാ നീയ്യിവളെ ഇവ്ടെ വിളിച്ചു വരുത്യെ ല്ലെ? ന്ന്‍ട്ട് ന്നെ കണ്ടപ്പോ ഒരൂട്ടം ഉരുണ്ടുകളി.. ഞാനിവ്ടെ ഉള്ളടത്തോളം കാലം ഇത്വ്ടെ നടക്കില്ല്യാ..
 കടന്നു പോ ഇവ്ട്ന്നു...” ന്യൂസ്‌ റീഡര്‍ക്കു നേരെ ചാടിക്കൊണ്ട്‌ മറ്റമ്മ അലറി.
ലാസ്റ്റ് ഡയലോഗ് മാത്രം കേട്ടുകൊണ്ട് അങ്ങോട്ട്‌ കടന്നുവന്ന, സ്വതവേ എന്‍റെ നിഷ്കളങ്കതയില്‍ സംശയാലുവായ അമ്മയെ ഇത് എങ്ങനെ പറഞ്ഞു മനസ്സിലാക്കണം എന്ന് ഒരു നിമിഷം ആലോചിച്ചു കൊണ്ട് കൂടുതല്‍ സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കാന്‍ ടിവി ഓഫാക്കി ഞാന്‍ തയ്യാറായി നിന്നു.
അമ്മയെ കണ്ടതും മറ്റമ്മ ഒന്നുകൂടി ഫോമിലായി.
“അതേയ്.. വത്സലേ.. ഇവന്‍ ദേ ഒരു പെങ്കുട്ട്യേം കൊണ്ട് ഇങ്ങട് കേറി വന്നെക്ക്ണൂ. കണ്ണ്വോര്ത്തപ്പന്‍ ഉള്ളതോണ്ട് തക്കസമയത്ത് ഞാന്‍ കണ്ടു. എന്നെ കണ്ടതും അവളോടിപ്പോയ്.”

പിന്നീട് അവിടെ നടന്ന പൂഴികടകനിടയിലും മറ്റമ്മയെക്കൊണ്ട് ചിന്നന്‍ ഡയലോഗ്സ് പ്രാക്ടീസ് ചെയ്യിക്കുന്നത് എനിക്കു കേള്‍ക്കാമായിരുന്നു. 

Saturday, December 7, 2013

ആട്ടപ്രകാരം


അപ്രകാരം മഹാമുനിയുടെ ആജ്ഞപോലെ രാജകുമാരന്‍ വടക്ക് പടിഞ്ഞാറ് ദിശ ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു. അവിടെ യമുനാ നദിക്കരയില്‍ സുന്ദരിയായ ഒരു യുവതി ഒറ്റയ്ക്ക് വിഷണ്ണയായി ഇരിയ്ക്കുന്നത് അദ്ദേഹം കണ്ടു. അതു എന്താണെന്നറിയാന്‍ അദ്ദേഹം അവിടേയ്ക്ക് ചെന്നു

ഹേ!! സൗന്ദര്യധാമമേ,

കടലിന്‍റെ അഗാധതയില്‍ തിളങ്ങുന്ന രണ്ടു മുത്തുകള്‍ പോലെ ഭവതിയുടെ ഈ നയനങ്ങള്‍

ഉദയരവി കിരണങ്ങളേറ്റു തുടുത്തപോല്‍ ഭവതിയുടെയീ കവിളിണകള്‍

ഒരു താമരനൂലിനു പോലും കടന്നുപോകാന്‍ ഇടം തരാതെ ഇടഞ്ഞു നില്‍ക്കുന്ന കൊങ്കത്തടങ്ങള്‍

ഇന്ദുമൌലി കയ്യിലേന്തുന്ന തുടി പോലെ നിന്റെയീ ജഘനങ്ങള്‍

നിന്‍ ദേഹകാന്തിയില്‍ നിന്നും വേര്‍തിരിച്ചറിയാന്‍ കഴിയാത്തവണ്ണമുള്ള ഈ ജരികയാല്‍ മറയ്ക്കപ്പെട്ട ചന്ദനമാറിടങ്ങളില്‍ നിന്നാണോ മനം മയക്കുന്ന ഈ ദേഹസൌരഭ്യം

ഈ അധരപുടങ്ങളെ മാത്രം ഞാന്‍ വര്‍ണ്ണിക്കാതെ മാറ്റി നിര്‍ത്തട്ടെ, അവ എനിയ്ക്ക് പാനം ചെയ്യാനുള്ളവയെന്നു തന്നെ ഞാന്‍ ധരിക്കട്ടെ

സന്ധ്യാംബരത്തില്‍ ചിതറിനില്‍ക്കുന്ന കുങ്കുമജലദം പോലെ നിന്റെയീ അളകങ്ങള്‍. മന്ദമാരുതന്‍ അസൂയ കൊണ്ടോ എന്തോ അവയെ അലോസരപ്പെടുത്തുന്നുണ്ടോ. സാരമില്ല. നിന്‍റെ നയനങ്ങളെ പവിഴങ്ങളെന്നു ധരിച്ച് സാഗരം കൊണ്ടുപോകാതെ അത് മറയ്ക്കും

പാര്‍വതീദേവിയെക്കാള്‍ സൌന്ദര്യമുള്ളവളേ.. നീ ആരാണ്

നിന്‍റെ കുലമേത്

നീ എന്തിനാണ് ഈ ഏകാന്തതയെ തോഴിയാക്കി ഇവിടെ വന്ന് ഇരിയ്ക്കുന്നത്

കഠിനമായ വ്യഥകള്‍ നിമിത്തം നിന്‍റെ മനസ്സ് ആകുലമാണല്ലോ

ആകുലങ്ങളെങ്കിലും നിന്‍റെ മിഴികള്‍ ഇരുട്ടില്‍ വജ്രങ്ങള്‍ എന്നപോല്‍ തിളങ്ങുന്നവ തന്നെ

വാള്‍ തലപ്പില്‍ തട്ടി തെറിയ്ക്കുന്ന സൂര്യ രശ്മികള്‍ പോലെ അവ എന്‍റെ കാഴ്ചയ്ക്ക് മങ്ങലേല്‍പ്പിക്കുന്നു.

ഭവതിയ്ക്ക് എന്തോ പറയാനുണ്ട്

ഭവതിയുടെ മുഖം അത് വ്യക്തമാക്കുന്നു.

എന്താണത്

എന്തുതന്നെയായാലും അത് തുറന്നു പറയു

ഞാന്‍ ഭവതിയെ സഹായിക്കാം

ഞാന്‍ ആരെന്ന് ഭവതിയ്ക്കറിയാമോ

ഈ ഭൂമിയിലെ കേമന്മാര്‍ എന്ന് ധരിയ്ക്കുന്ന പലരും എന്‍റെ സഹായം ലഭ്യമാക്കിയിട്ടുള്ളവരാണ്

എന്‍റെ കുതിരകളുടെ കുളമ്പടി ശബ്ദം കേട്ടാല്‍ പോലും അങ്ങകലെ ഘോരവനത്തിലെ ദുഷ്ടമൃഗങ്ങള്‍ തങ്ങളുടെ ഗുഹ തേടി ഒളിയ്ക്കും

എന്‍റെ വാളിന്റെ സീല്‍ക്കാരം കേട്ടാല്‍ രാക്ഷസന്മാര്‍ വരെ ഒരു നിമിഷം ശ്വാസമെടുക്കാന്‍ പോലും മറന്ന് നിന്നുപോകും

എന്‍റെ സാന്നിദ്ധ്യത്താല്‍ പ്രജകള്‍ ഭയമില്ലാത്തവരായി മാറുന്നു

എന്‍റെ സ്വരവാണിയില്‍ സ്ത്രീരത്നങ്ങള്‍ സ്നേഹലോലുപതയാല്‍ പുളകിതരാകുന്നു.

ഗോപികമാര്‍ ശ്രീകൃഷ്ണനെയെന്നപോലെ തരുണികള്‍ എന്നെ കാണുന്നു

സൂര്യഭാഗവാന്‍ രണ്ട് അക്ഷയപാത്രങ്ങള്‍ സൃഷ്ടിച്ചു. അതിലൊന്ന് അദ്ദേഹം ദ്രൗപദിയ്ക്കു കൊടുത്തു. ദ്രൗപദി അത് എല്ലാവര്‍ക്കും നിറയെ വിഭവസമൃദ്ധമായി ഊട്ടുന്നതിനു ഉപയോഗിച്ചു. മറ്റൊന്ന് ഭഗവാന്‍ എനിയ്ക്കു നല്‍കി. ഞാനത് എന്‍റെ ഹൃദയകമലത്തില്‍ ഉറവവറ്റാത്ത സ്നേഹം വിളമ്പുന്നതിനായി സൂക്ഷിച്ചു.

അത് ആവോളം പാനം ചെയ്യുന്നതിനായി കുലസ്ത്രീകള്‍ വ്രതങ്ങള്‍ വരെ നോല്‍ക്കുന്നു.

ഇനി പറയൂ, ഞാന്‍ എങ്ങനെയാണ് ഭവതിയെ സഹായിക്കേണ്ടത്

ഭവതിയുടെ മുഖാരവിന്ദങ്ങളില്‍, ഇന്ദുവിനു മേല്‍ കല എന്ന പോലെ തോന്നിപ്പിയ്ക്കുന്ന ഈ വ്യഥ എന്നെ ആലോചിച്ചുള്ളതാണോ. ഉഷയ്ക്ക് അനിരുദ്ധനോടെന്ന പോല്‍, ദമയന്തിയ്ക്കു നളനോടെന്ന പോല്‍ സുഭദ്രയ്ക്ക് അര്‍ജുനനോടെന്ന പോല്‍......

നാം തമ്മില്‍ കണ്ടുമുട്ടിയിട്ട് അര നാഴിക നേരം പോലും ആയില്ലെങ്കില്‍ പോലും മഹര്‍ഷി വര്യന്‍ പറഞ്ഞ ലക്ഷണങ്ങള്‍ വച്ച് മനസിലാക്കുന്നു ഞാന്‍ തേടി വന്നത് ഭവതിയെ തന്നെയാണ് എന്ന്

എന്ത്? കഴിഞ്ഞ ജന്മത്തില്‍ നാം ഒരുമിച്ചു ജീവിച്ചവര്‍ തന്നെയോ

അതെ. അത് ഭഗവാന്‍ കാണിച്ചു തന്നത് തന്നെ

ഈ ജന്മത്തിലും ഭവതിയ്ക്കു നായകന്‍ ഈ ഞാന്‍ തന്നെ. നിശ്ചയം.

വ്യഥകള്‍ മാറ്റിവയ്ക്ക. പുറപ്പെടാന്‍ തയ്യാറായിക്കൊള്‍ക

ഞാന്‍ എന്‍റെ രഥം തയ്യാര്‍ ചെയ്യട്ടെ.

ഇപ്രകാരം പറഞ്ഞുകൊണ്ട് രാജകുമാരന്‍ തന്‍റെ രഥത്തിനടുത്തേയ്ക്ക് നീങ്ങി.

 

സമര്‍പ്പണം: മാന്‍പേടയുടെ മുഖമുള്ള മൃഗശീര്‍ഷം നക്ഷത്രക്കാരിയ്ക്ക്

Saturday, May 4, 2013

സാവകാശം നഷ്ടപ്പെട്ടവര്‍


കടല്‍ക്കരയില്‍ മുഖം ചെരിച്ചിരുന്നുകൊണ്ട് അറ്റമില്ലാ കടലിനേയും ആകാശത്തേയും നോക്കിയിരിക്കാന്‍ എന്തു രസം. ചിന്തകളുടെ വേലിയേറ്റത്തിനൊടുവില്‍ പലതും കടലമ്മ തന്നെ തിരികെ കൊണ്ടുപോയി. ഇവിടെ ഇങ്ങനെ ഇരുന്നുനോക്കുമ്പോള്‍ കടലിനും ആകാശത്തിനും ഒരേനിറം. കടലിന്‍റെ നീലമഷിക്കൂട്ട് ആകാശത്തിലേയ്ക്ക് പടര്‍ന്നുകയറിയപോലെ. രണ്ടു വൈരുദ്ധ്യങ്ങളായി മുന്നോട്ടു പോയ്പ്പോയ്‌ അകലങ്ങളില്‍ കണ്‍വെട്ടത്തിനിപ്പുറത്തെങ്ങോ ലയിച്ചുചേരുന്ന കടലും ആകാശവും. സമഗമങ്ങള്‍ക്കിടയില്‍ മറുകര തേടിപ്പോകുന്ന യാനങ്ങള്‍.

കടല്‍ക്കരയില്‍ ആളുകളുടെ തിരക്കേറി വന്നുതുടങ്ങി. കോര്‍ണിഷിലെ ഭംഗിയേറിയ പുല്‍ത്തകിടികള്‍ക്കിടയിലെ ഒഴിഞ്ഞ മൂലയിലുള്ള മരബെഞ്ചിലേയ്ക്ക് താമസം മാറുന്നതിനിടയില്‍ ആലോചിച്ചു. ഇവര്‍ക്കൊക്കെ വീട്ടിലെന്തെല്ലാം പണികളുള്ളതാ..എല്ലാം ഇട്ടെറിഞ്ഞ് സ്വന്തം സുഖംമാത്രം തേടി എന്തിനിങ്ങോട്ടു തന്നെ വന്നു.

എന്‍റെ സ്വകാര്യതയിലേയ്ക്കുള്ള കടന്നുകയറ്റത്തിനെതിരെ ഉയര്‍ന്നു വന്ന രോഷം എത്ര ശ്രമിച്ചിട്ടും അടക്കി വയ്ക്കാന്‍ സാധിച്ചില്ല. എനിയ്ക്കെന്തിനാണ് അവരോടു ദേഷ്യം തോന്നുന്നത്? മനസ്സ് അതിന്‍റെ കരിങ്കാലിപ്പണി ഇടയ്ക്കെങ്ങോ പുറത്തെടുത്തു..

തിരക്കും വര്‍ത്തമാനങ്ങളും കോലാഹലങ്ങളും കൂടിക്കൂടി വരുന്നു. വീട്ടിലിത്ര നേരവും ഈ ബഹളങ്ങള്‍ തന്നെയായിരുന്നില്ലേ ..ഇവിടെ വന്നാലെങ്കിലും സമാധാനമായിരുന്നുകൂടെ....ശാന്തത എന്നൊരു വികാരം ഇവര്‍ക്കറിയില്ല എന്നു തോന്നുന്നു. കടലിന്‍റെ സൗന്ദര്യം ഇവര്‍ അറിയുന്നേയില്ല. സൗന്ദര്യം നുകരാനറിയാതെ കടല്‍ക്കരയില്‍ വന്നിരിയ്ക്കുന്ന വിഡ്ഢികള്‍. ഓരോ അണുവിലുമുള്ള സൗന്ദര്യം പതിയെ പതിയെ ഒപ്പിയെടുത്ത് ലയിച്ചിരിക്കുന്നതിന്‍റെ ലഹരി ഇവര്‍ മറന്നു പോയിരിക്കുന്നു. ഒച്ചയും വേഗതയുമൊക്കെയാണ് അവരെ നയിക്കുന്നത്. തിരമാലകള്‍ക്കുള്ളിലൂടെ പൊങ്ങിയും താണും, ആഴക്കടലിലേയ്ക്കു നീന്തി പവിഴപ്പുറ്റുകള്‍ കണ്ടും തിരികെ വരുന്ന ജലമത്സ്യങ്ങളാകാതെ കൃത്രിമ സൗകര്യങ്ങള്‍ നിറച്ച് ഉപ്പുവെള്ളത്തിനു മുകളില്‍ പൊങ്ങിക്കിടക്കുന്ന നക്ഷത്രക്കപ്പലുകള്‍ പോലെയായിരിക്കുന്നു ഇവരുടെ ആസ്വാദനം.  

ബീച്ചില്‍ ഒരറ്റത്ത് ഒരു കുടുംബം ബാഡ്മിന്റണ്‍ കളി തുടങ്ങിയിരുന്നു. മുന്നിലെ നടപ്പാതയിലൂടെ തിളങ്ങുന്ന പച്ച ബനിയനും കറുത്ത ഷോര്‍ട്ട്സുമിട്ടു ഒരു സായിപ്പ് വേഗത്തില്‍ നടന്നു പോയി. പ്രായമായ ചിലര്‍ പരസ്പരം സുപ്രഭാതം നേര്‍ന്നുകൊണ്ട് കടന്നുപോകുന്നുണ്ടായിരുനു.. അപ്പുറത്ത് ചെറു പച്ചപ്പനകളിലെ അന്തേവാസികളായ കിളികള്‍ ഇതൊന്നും ശ്രദ്ധിക്കാതെ പുല്‍ത്തകിടികള്‍ക്കു മീതെ ഓടിയും പറന്നും തങ്ങളുടേതായ തീറ്റി തേടലും മറ്റു പണികളിലും ഏര്‍പ്പെട്ടു. അവര്‍ക്കും തിരക്കു ബാധിച്ച പോലെ. എന്തിനാണെന്നറിയാതെ അവറ്റകളും വേഗത്തില്‍ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നുണ്ട്.
കാണെക്കാണെ കടല്‍ക്കാറ്റിനും തിരമാലകള്‍ക്കും വേഗം വര്‍ദ്ധിച്ചു. ഈ മനുഷ്യരെക്കൊണ്ടു തോറ്റു. അവര്‍ എല്ലാത്തിന്‍റെയും വേഗം വര്‍ദ്ധിപ്പിക്കും. അവരോടൊപ്പം മത്സരിക്കാന്‍ പ്രകൃതിയും തുനിഞ്ഞിറങ്ങിയിരിക്കയാണോ? വേഗത പഠിക്കാന്‍ മറന്ന എന്നേയും തട്ടിമാറ്റി ഉച്ചത്തില്‍ എന്തൊക്കെയോ പുലമ്പിക്കൊണ്ട് എന്‍റെ തൊപ്പിയും പറിച്ചെടുത്തു കടല്‍ക്കാറ്റ് കരയിലേക്ക് പാഞ്ഞു. . അതിന്‍റെ ഉലച്ചിലില്‍ സന്തുലനം നഷ്ടപ്പെട്ട ഞാനും താഴേയ്ക്കു പോയി. അവിടെ പുല്‍ത്തകിടികള്‍ക്കു മീതെ ചാടിക്കളിയ്ക്കുന്ന ചെറു പ്രാണികളും മണ്ണില്‍ നിരന്നു നീങ്ങുന്ന കുഞ്ഞുറുമ്പുകളും മാത്രം ഇതൊന്നുമറിയാതെ സാവകാശം തങ്ങളുടെ ഒരു ദിനം മുന്നോട്ടു നീക്കുകയായിരുന്നു അപ്പോള്‍.  

Sunday, April 21, 2013

ബാച്ചിലര്‍ പരിണാമ ചക്രം


മഞ്ഞ ചായം പൂശി അവിടവിടെ പൊട്ടിപ്പൊളിഞ്ഞ് നാട്ടിലെ മുനിസിപ്പാലിറ്റി കെട്ടിടം പോലെയുള്ള ആ ബില്‍ഡിംഗ് കണ്ടപ്പോഴേ മനസ്സില്‍ തോന്നി.. .. ദ്ആ ഗള്‍ഫ്‌? ..ന്തൂട്ട് ഗള്‍ഫാ ദ്? സകലമാന ദൈവങ്ങളെയും വിളിച്ചു വേണം ആ കെട്ടിടത്തിനുള്ളിലേയ്ക്കു കയറാന്‍. ഒരുപക്ഷേ ദൈവം റസ്റ്റ്‌ എടുക്കുന്ന സമയമാണെങ്കില്‍ കേറിയവന്‍റെ കാര്യം ചിന്ത്യം. ഗള്‍ഫ്‌ കണ്ടുപിടിച്ച കാലത്തോ മറ്റോ ഇറങ്ങിയ ഒരു ലിഫ്റ്റാണവിടെയുള്ളത്. ഒരു ഇടിമുഴക്കത്തോടെ അതിന്‍റെ വാതിലടഞ്ഞതും അത്ര താല്‍പര്യമൊന്നുമില്ലാത്ത മട്ടില്‍ വലിയ മൂളലോടും കിതപ്പോടും കൂടി അത് ഞങ്ങളെ അഞ്ചാം നിലയിലേയ്ക്ക് വലിച്ചു കയറ്റി. പടിഞ്ഞാറേലെ ഗോപാലേട്ടന്‍റെ ശ്വാസംമുട്ട് എങ്ങനെയുണ്ടാവോ? ഇതിന്‍റെ വലിയുടെ അടുത്തുനില്‍ക്കുന്ന ഒരു വലി കേട്ടിരിക്കുന്നത് പിന്നെ ഗോപാലേട്ടന്‍റെയാണ്.

അവിടെ ചെന്നുകയറിപ്പോള്‍ ദേ കെടക്കണൂ ബാക്കി കൈവശമുണ്ടായിരുന്ന കുറച്ചു സ്വപ്‌നങ്ങള്‍ കൂടി.  “ഠിം”.. കയ്യിലെ മധുചഷകം നിലത്തുവീണുടഞ്ഞ പോലെയായി. ഗ്ലാസ്‌ പിന്നെയും വാങ്ങാം, പക്ഷേ പോയ ബ്രാണ്ടി പോയതുതന്നെയല്ലേ. സ്വപ്നങ്ങള്‍ ഇനിയും വേറെ കാണാം.. പക്ഷേ...തകര്‍ന്ന സ്വപ്നങ്ങള്‍..

മുറിയുടെ വാതില്‍ക്കല്‍ തന്നെ കട്ടളയില്‍ കയ്യും താങ്ങി കക്ഷമെല്ലാം കാണിച്ചുകൊണ്ട് കറുത്തു തടിച്ച ഒരു കുടവയറന്‍ നില്‍പുണ്ടായിരുന്നു. ഷര്‍ട്ടിടാത്ത ആ ദേഹകാന്തി കണ്ടപ്പോള്‍ എന്തോ ഒരുനിമിഷം മാപ്രാണം ഷാപ്പിന്‍റെ അനുഭൂതി മനസ്സില്‍ നിറഞ്ഞു. അയാളുടെ കക്ഷത്തിനടിയിലൂടെ വിയര്‍പ്പുനാറ്റമടിക്കാതെ ഉള്ളിലോട്ട് കയറിപ്പറ്റാന്‍ എന്തു ചെയ്യണമെന്ന് ഒരു നിമിഷം ആലോചിച്ചു നില്‍ക്കുന്നതിനിടയില്‍ യോഗാഭ്യാസത്തിന്‍റെ ആവശ്യകതയെക്കുറിച്ചും അതെന്നെ ചിന്തിപ്പിക്കുകയുണ്ടായി. ഷാജി കൈലാസിനെ മനസ്സില്‍ ധ്യാനിച്ച് മനസ്സില്‍ മന്ത്രം ചൊല്ലി...യോഗീന്ദ്രാണാം ത്വതംഗേഷു.. (യോഗികളായാലും സ്വന്തം കാര്യം നോക്കണം എന്നു വ്യംഗ്യാര്‍ത്ഥം ) ശ്വാസം ഉള്ളിലേയ്ക്കു വലിച്ചുപിടിച്ച് കട്ടിളയ്ക്കും ആ കരിവീട്ടി ദേഹത്തിനും ഇടയിലൂടെ കുനിഞ്ഞ് ഒരൊറ്റ ചാട്ടം. സംഗതി സക്ക്സസ്. എന്താണ് സംഭവിച്ചതെന്ന് അയാള്‍ക്ക്‌ മനസ്സിലാവുന്നതിനു മുന്‍പേ രാജീവന്‍ അയാളോട് സംസാരം തുടങ്ങിക്കഴിഞ്ഞിരുന്നു. “നാട്ടില്‍ നിന്ന് ജോലി കിട്ടി ഇങ്ങോട്ട് വന്നതാ, എന്‍റെ കൂട്ടുകാരനാ.. റൂമിന്‍റെ കാര്യം സുകുവേട്ടനോട് പറഞ്ഞിരുന്നു”.

“ങ്ആ..... സുകു പുറത്തു പോയിരിക്കുകയാ.. വാ... റൂം ഞാന്‍ കാണിച്ചു തരാം” എന്‍റെ നുഴഞ്ഞുകയറ്റത്തിന്‍റെ അമ്പരപ്പ് ഇനിയും വിട്ടു മാറാത്ത ഭാവത്തില്‍ മൊഴിഞ്ഞുകൊണ്ട് അയാള്‍ ഞങ്ങളെ എനിയ്ക്കു പറഞ്ഞു വച്ചിട്ടുള്ള മുറിയിലേയ്ക്ക് ആനയിച്ചു.

ഗള്‍ഫിനെക്കുറിച്ചുള്ള എന്‍റെ ധാരണകളുടെ മേല്‍ ഒരു വെട്ടിനിരത്തല്‍ തന്നെ നടത്തിക്കൊണ്ട് അവിടെ ആ മുറിയില്‍, പല രൂപത്തിലും ഭാവത്തിലും ഒറ്റനോട്ടത്തില്‍ ദൈന്യരും നിരാലംബരുമാണെന്നു തോന്നിപ്പിക്കുന്ന വിധത്തില്‍ കുറേപ്പേര്‍. ഗള്‍ഫിലെ സര്‍ക്കാരാശുപത്രിയിലേയ്ക്കാണോ രാജീവന്‍ എന്നെ കൊണ്ടുവന്നിരിയ്ക്കുന്നത്?...നിരയൊപ്പിച്ചിട്ടിരിക്കുന്ന കട്ടിലുകളില്‍ കട്ടിക്കമ്പിളിയ്ക്കുള്ളിലേയ്ക്ക് പാതി ദേഹം തിരുകിക്കയറ്റി വച്ച് പുസ്തകവായനയിലും ഫോണ്‍ വിളിയിലും, ഏതോ ലോകത്തെന്നപോലെ അകലങ്ങളില്‍ ദൃഷ്ടി പതിപ്പിച്ച് ആലോചനയിലും മുഴുകിയിരിക്കുന്ന വിവിധ രൂപങ്ങള്‍. ഏതോ നിബന്ധനയ്ക്കു വിധേയമാംവണ്ണം ഓരോ കട്ടിലിനു കീഴിലും സ്ഥാപിതമായ പെട്ടികളും വശങ്ങളില്‍ ചെറിയ തുണിയലമാരകളും. ഈശ്വരാ... ഇതാണോ ഞാന്‍ ധരിച്ചു വശായ ആ സുന്ദരസുരഭില മനോജ്ഞ ഗള്‍ഫ്‌? ...ഇതിനി ശരിക്കും ഗള്‍ഫ്‌ തന്നെയല്ലേ? ഗഫൂര്‍ക്കാ ദോസ്ത്? കാലിഫോര്‍ണിയക്കു പോയ എയര്‍ ഇന്ത്യ എക്സ്പ്രസ്സ്‌ എന്നെ മദിരാശിയിലാണോ ഇറക്കി വിട്ടത്? ഏയ്‌.. ആവാന്‍ തരമില്ല. എന്‍റെ ചിന്തകള്‍ക്ക് വിരാമമിട്ടുകൊണ്ട്, അതിലൊരു കട്ടിലും അലമാരയും ചൂണ്ടി കാരണവര്‍ മൊഴിഞ്ഞു. “ഇതാണ് നിങ്ങളുടെ സ്ഥലം. നേരത്തേ ഇവിടെയുണ്ടായിരുന്ന ആളുടെ കട്ടിലാണ്. വേണമെങ്കില്‍ അതുപയോഗിക്കാം. അല്ലെങ്കില്‍ വേറെ വാങ്ങിക്കോ.” ഈ അഭയാര്‍ഥികേന്ദ്രത്തില്‍ കൂടുതല്‍ ഇന്‍വെസ്റ്റ്‌മെന്റ്‌ വിഡ്ഢിത്തമാണെന്ന തിരിച്ചറിവില്‍ ഞാന്‍ അതുതന്നെ സ്വീകരിക്കാന്‍ തയ്യാറായി.

ഒരുമാതിരിപ്പെട്ട എല്ലാ ബാച്ചിലര്‍ താമസസ്ഥലങ്ങളിലേയും പോലെതന്നെ ഇവിടെയും പഴയ പ്രൊഫഷണല്‍ നാടകങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള സ്ഥിതിവിശേഷമാണ് നിലനിന്നുപോന്നിരുന്നത്. ആ വീട്ടിലെ കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്ന ഏകാധിപതിയെപ്പോലൊരു കാരണവര്‍, അയാളുടെ കയ്യാളായി എല്ലാം ചെയ്തുകൊടുക്കുകയും എന്നാല്‍ മറ്റുള്ളവരെ അത്യാവശ്യം ഭരിക്കാനും പാരപണിയാനും നടക്കുന്ന കാര്യസ്ഥന്‍, കാരണവരുടെ ചെയ്തികളെ ചോദ്യം ചെയ്യുന്ന ധിക്കാരിയും തന്‍റേടിയും കുടുംബത്തിനു ദുഷ്പേരുണ്ടാക്കാന്‍ വേണ്ടിമാത്രം ജനിച്ചു എന്നാരോപിക്കപ്പെടുന്ന ചെറുപ്പക്കാരന്‍, കാരണവരുടെ ചെയ്തികളില്‍ എതിര്‍പ്പുണ്ടെങ്കിലും ഒന്നും തുറന്നുപറയാന്‍ ധൈര്യമില്ലാതെ എല്ലാം കണ്ടും കേട്ടും സഹിച്ചും കഴിയുന്ന ചെറിയച്ഛന്‍, മുതിര്‍ന്നവരുടെ കണ്‍വെട്ടത്തു നിന്നുമാറി സകല കുരുത്തക്കേടുകളും കാട്ടിക്കൂട്ടുന്ന ചെറുബാല്യക്കാര്‍. ഈ നാടക കഥാപാത്രങ്ങളെയെല്ലാം കൂടി ഒരു ഗ്ലോറിഫൈഡ് രൂപത്തിലേയ്ക്കാക്കി പ്രതിഷ്ഠിച്ചാല്‍ ഇതൊക്കെതന്നെയാണ് ഒരുമാതിരിപ്പെട്ട ബാച്ചിലര്‍ താമസസ്ഥലങ്ങളുടെയെല്ലാം സ്റ്റാന്‍ഡേര്‍ഡ് പ്രൊഫൈല്‍. എന്നേയും ആ നാടക സമിതിയിലേയ്ക്ക് തള്ളിവിട്ട് എന്‍റെ താല്‍ക്കാലിക ഉടമസ്ഥന്‍ പിന്നെ കാണാമെന്നും പറഞ്ഞ് തിരിച്ചുപോയി. പിന്നെ എന്നതിന് ഗള്‍ഫില്‍ വ്യാപകമായ അര്‍ത്ഥങ്ങളുണ്ട് എന്നത് ശിഷ്ടജീവിതം എനിയ്ക്കു മനസ്സിലാക്കിത്തരികയുണ്ടായി.

ആദ്യദിനം സ്വാഗതപ്രസംഗം, നന്ദിപ്രകടനം, ആശംസാപ്രസംഗങ്ങള്‍, എല്ലാമായി കടന്നുപോയി. രണ്ടാംദിവസം വൈകുന്നേരമായപ്പോള്‍ കാരണവരുടെ മൌനാനുവാദത്തോടെ കുരുത്തംകെട്ട പിള്ളേരിലൊരുവന്‍ എന്നോട് ബാത്ത്റൂം കഴുകുവാന്‍ ഉത്തരവിട്ടു. പെട്ടെന്നുള്ള ഒരു അന്ധാളിപ്പില്‍ നിന്നും മുക്തനായ എനിയ്ക്ക് വീട്ടിലെ രാജാവ്‌ ഗള്‍ഫിലെ തോട്ടിയായ പോലെ ഒരു ഫീലിംഗ്. റൊട്ടേഷന്‍ സ്കീം എന്നൊരു സ്കീം ഉണ്ടെന്നും അനുസരിച്ച് എനിയ്ക്കന്ന് ക്ലീനിംഗ് എന്ന പണിയുമാണത്രേ. പിന്നെ കുക്കിംഗ്, പര്‍ച്ചേസിങ്ങ് തുടങ്ങി പലതും പിന്നാലെ വരുന്നുണ്ട് എന്നും അറിയിപ്പുണ്ടായി. – “അപ്പോള്‍... ഇതിനൊന്നും ഇവിടെ ആള്‍ക്കാരെ വച്ചുകൂടെ?” എന്‍റെ സംശയം സംശയമായിതന്നെ ബാക്കിനിര്‍ത്തിക്കൊണ്ട് അയാള്‍ കിരീടവും ചെങ്കോലും കൈമാറുന്ന ഗൌരവത്തോടെ ബക്കറ്റും ബ്രഷും എന്‍റെ കൈകളിലേയ്ക്ക് വച്ചുതന്നു. ജീവിതത്തിലാദ്യമായി ചെയ്യുന്ന ആ പ്രവൃത്തിക്കിടയില്‍ എന്തുകൊണ്ടോ പണിക്കാരി സരോജിനി എന്‍റെ ഓര്‍മ്മകളിലേയ്ക്കു കടന്നുവന്നു. ആരും സരോജിനിയായി ജനിക്കുന്നില്ല, സാഹചര്യമാണ് ഓരോരുത്തരെയും സരോജിനിയാക്കുന്നത് മോനേ.... എന്ന ആപ്തവാക്യം മനസ്സില്‍ മുഴങ്ങുന്നതിനനുസരിച്ച് ഞാന്‍ അവിടെമെല്ലാം ഉരച്ചുകഴുകിക്കൊണ്ടേയിരുന്നു. വീട്ടുജോലിക്കാരുടെ നേരെയുള്ള മനുഷ്യത്വരഹിത പ്രവര്‍ത്തങ്ങള്‍ക്കെതിരെ പ്രതികരിയ്ക്കുന്നതിനായി എന്‍റെ ശമ്പളത്തില്‍ നിന്നും ഒരു നിശ്ചിതതുക മാസാമാസം അവരുടെ സംഘടനയിലേയ്ക്ക് അയയ്ക്കുന്നതിനുള്ള ഒരു തീരുമാനവും തദവസരത്തില്‍ എടുത്തുചാടി ഞാന്‍ എടുക്കുകയുണ്ടായി.  പണിയെല്ലാം കഴിഞ്ഞ് ക്ഷീണിച്ച ഞാന്‍ കുളിയും കൂടി കഴിഞ്ഞതോടെ തളര്‍ന്നവശനായി പോയി. ഗള്‍ഫിലെ സമൃദ്ധഭക്ഷണം സ്വപ്നംകണ്ടുകൊണ്ട് എന്തെങ്കിലും കുറച്ച് വേഗം അകത്താക്കാന്‍ ആര്‍ത്തിയോടെ അടുക്കളയില്‍ ഓടിച്ചെന്നു നോക്കിയപ്പോള്‍ ആജന്മശത്രുവായ മിസ്‌.കഞ്ഞി അതാ കലത്തിലിരുന്നു എന്നെനോക്കി ചിരിക്കുന്നു. ഈശ്വരാ... ഇതെന്താ പരീക്ഷണങ്ങളുടെ അണക്കെട്ട് തുറന്നുവിട്ടിരിക്കുകയാണോ?... ഒന്നിനു പിറകെ ഒന്നൊന്നായി...

“ഇന്നെന്താ കഞ്ഞിയാണോ? വേറെ ഒന്നുമില്ലേ?” അന്നത്തെ കുക്കര്‍ മിസ്റ്റര്‍ നളനോട് ഞാന്‍ ആരാഞ്ഞു.

“ഇന്ന് ബുധനാഴ്ച്ചയല്ലേ.. എല്ലാ ബുധനാഴ്ചയും രാത്രി കഞ്ഞിയാണ്.” നളന്‍ ഉവാച:

“അതെന്താ അങ്ങനെ? എന്തെങ്കിലും പ്രത്യേക കാരണങ്ങള്‍ വല്ലതും?” എന്‍റെ ആകാംക്ഷ ഞാന്‍ മറച്ചുവച്ചില്ല.

“അതറിയില്ല.. ഞാന്‍ വന്നത് മുതല്‍ ഇങ്ങനെയാണ് കാണുന്നത്. ബുധനാഴ്ച രാത്രി കഞ്ഞി മസ്റ്റ്.. പക്ഷേ ആരും കഴിക്കാറില്ലെന്നു മാത്രം. എല്ലാവരും അന്നുരാത്രി പുറത്തുനിന്നു കഴിച്ചു വരും. ആര്‍ക്കും ഈ കഞ്ഞി അത്ര താല്പര്യമില്ല.” നളന്‍ ഇളിച്ചുകൊണ്ടു മൊഴിഞ്ഞു.

“എന്നാല്‍ പിന്നെയെന്തിനാ ഇത് വയ്ക്കുന്നത്?” എന്‍റെ ആ സംശയവും സംശയമായിത്തന്നെ നിലനിര്‍ത്തിക്കൊണ്ട് ഒന്നുമുരിയാടാതെ ഇതെന്തുചോദ്യം എന്നത്ഭുതപ്പെട്ട് നളന്‍ സ്ഥലം വിട്ടു.

ഗള്‍ഫിലെ ബാച്ചിലര്‍ താമസങ്ങളില്‍ ഇങ്ങനെ ചില തിരുത്താനാവാത്ത അലിഖിതനിയമങ്ങളുണ്ട് എന്നതും ശിഷ്ടകാലം എനിക്കു മനസ്സിലാക്കി തന്നിരുന്നു.

ദുര്‍ഘടങ്ങളുടെ കണ്ടെയ്നര്‍ ലോറി മറിഞ്ഞപോലെയായിരുന്നു പിന്നീടങ്ങോട്ടുള്ള ദിനങ്ങള്‍. പ്രഭാതകൃത്യങ്ങള്‍ക്ക് കൃത്യമായി നിശ്ചയിച്ച സമയക്രമങ്ങള്‍. അഞ്ചുമിനിട്ട് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാല്‍ വാതില്‍ക്കല്‍ ഇടിയോടിടിയും തെറിവിളിയും. കുളിക്കുമ്പോള്‍ വെള്ളം തെറിച്ച് കഴുകാനിട്ടിരിക്കുന്ന തുണിയില്‍ വീണു എന്നുപറഞ്ഞ് ചീത്തവിളി. ഞാന്‍ ചായയുണ്ടാക്കിയത് അശോകന്‍ കാശുകൊടുത്തുവാങ്ങി സ്വകാര്യാവശ്യത്തിനു വച്ചിരുന്ന പാലാണെന്നു പറഞ്ഞ് അശോകനുണ്ടാക്കിയ പുകിലൊന്നു വേറെ. വൈകീട്ട് ആറുമണിയ്ക്ക് സജിയേട്ടന്‍ ഉറങ്ങിക്കിടക്കുന്നതിനു സമീപത്തിരുന്നു ഞാന്‍ വര്‍ത്തമാനം പറഞ്ഞതിനാല്‍ അങ്ങേരുടെ ഉറക്കം നഷ്ടപ്പെട്ടുവെന്നു പറഞ്ഞ് അയാളുണ്ടാക്കിയ ബഹളത്തില്‍ നഷ്ടപ്പെട്ടത് എന്‍റെ മാനം. ഇതെന്താ ഗള്‍ഫോ അതോ നാട്ടിലെ ചന്തയോ? എന്‍റെ സംശയങ്ങള്‍ അപ്പോഴും ബാക്കിതന്നെ...ഇങ്ങനെ അല്പരസം, അസഹിഷ്ണുത, സ്വാര്‍ത്ഥത എന്നിവയെല്ലാം സ്വന്തം ഉപയോഗത്തില്‍ കവിഞ്ഞ് പുറത്തേയ്ക്കു വില്‍ക്കാന്‍ പാകത്തില്‍ ഉല്പാദനം നടത്തിയിരുന്ന അവിടെ എവിടെയൊക്കെയോ കുറച്ചു നന്മകളും നിലനിന്നിരുന്നുവെങ്കിലും എന്തുകൊണ്ടോ അവിടെനിന്നും മാറാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.

അങ്ങനെയുള്ള അന്വേഷണത്തിനൊടുവിലാണ് എന്‍റെ നാട്ടുകാരന്‍ തന്നെയായ ബ്രോക്കര്‍ മൊയ്തുവിനെ ഞാന്‍ കണ്ടുമുട്ടുന്നത്. മൊയ്തുവാണ് എനിക്ക് എക്സിക്യൂട്ടീവ് ബാച്ചിലര്‍ അക്കമഡേഷന്‍ എന്ന കുറേക്കൂടി ഉയര്‍ന്ന ഗ്രേഡ് താമസത്തിനെക്കുറിച്ച് പറഞ്ഞു തന്നത്. കേള്‍ക്കുമ്പോള്‍ വലിയ സംഭവമാണെന്നെല്ലാം തോന്നുമെങ്കിലും സര്‍ക്കാരാശുപത്രിയില്‍ നിന്നും പ്രൈവറ്റ് ആശുപത്രിയിലേയ്ക്ക് മാറുന്ന വ്യത്യാസം മാത്രമേ അതിനുണ്ടായിരുന്നുള്ളൂ. സുഖസൌകര്യങ്ങള്‍ കൂടുകയും ചില ആനുകൂല്യങ്ങള്‍ നഷ്ടമാവുകയുമാണ് ചുരുക്കത്തില്‍ സംഭവിച്ചത്. എക്സിക്യൂട്ടീവ് ബാച്ചിലര്‍ ഭക്ഷണം പാകം ചെയ്യാന്‍ പാടില്ലത്രേ. ഹോട്ടലിലേ കഴിക്കൂ. ബാത്ത്റൂം കഴുകാന്‍ സരോജിനിമാര്‍ വേറെ വരും. പണം പോയാലും പത്രാസുള്ള താമസം. അങ്ങനെ ഈ പത്രാസും താങ്ങിയുള്ള ജീവിതം കുറച്ചു കാലം കൊണ്ടുനടന്നപ്പോള്‍ ഹോട്ടല്‍ ഭക്ഷണം കഴിച്ച് ശാരീരിക അളവുകളില്‍ ചില വ്യതിയാനങ്ങള്‍ സംഭവിക്കുകയും ശരീരം ചില ഭാഗങ്ങളില്‍ നിക്ഷേപസമാഹരണം നടത്തുകയുമുണ്ടായി. തുല്യ ദുഖിതരും സമാന ചിന്താഗതിക്കാരുമായ മറ്റു ചിലരെക്കൂടി കണ്ടുമുട്ടിയപ്പോള്‍, ശാരീരികവും സാമ്പത്തികവുമായ ആരോഗ്യസംരക്ഷത്തിന്‍റെ ഭാഗമായി, എല്ലാവര്‍ക്കും കൂടി ഒരു ഫ്ലാറ്റ് വാടകയ്ക്കെടുത്തു താമസം തുടങ്ങിക്കൂടെ എന്നൊരു ചിന്ത. വീണ്ടും മൊയ്‌തുവിന്‍റെ  അന്വേഷണം നീണ്ടു. അന്വേഷണങ്ങള്‍ക്കൊടുവില്‍ ഞങ്ങളെല്ലാവരും കൂടി പുതിയൊരു ഫ്ലാറ്റിലേയ്ക്ക് താമസം മാറി. മുന്‍പുണ്ടായിരുന്ന താമസസ്ഥലങ്ങളിലേയ്ക്ക് ഓടിക്കേറി താമസിക്കുന്ന സുഖമൊന്നും ഇതിനുണ്ടായിരുന്നില്ല. ലീസിംഗ് കമ്പനി മുതല്‍ ഇലക്ട്രിസിറ്റി, ഗ്യാസ്, ഇന്റര്‍നെറ്റ്‌, ഫോണ്‍, ടിവി,  തുടങ്ങി വെള്ളം സപ്ലൈക്കാരനു വരെ ഡിപോസിറ്റ്. ആ വകയില്‍ തുക എണ്ണായിരം. പിന്നെ ഫ്ലാറ്റിലേയ്ക്കുള്ള അത്യാവശ്യം ഫര്‍ണീച്ചര്‍, അടുക്കള ഉപകരണങ്ങള്‍, മറ്റു പലവഹ- തുക പതിനായിരം. ക്ലീനിംഗ്, പെയിന്റിംഗ് തുടങ്ങി തുക ആയിരത്തി അഞ്ഞൂറ്. ഇതെല്ലാം കൊടുത്തു തിരിഞ്ഞു നോക്കുമ്പോള്‍ മൊയ്തു തല ചൊറിഞ്ഞു നില്‍ക്കുന്നു. അവന്‍റെ കമ്മീഷന്‍ മൂവായിരത്തി അഞ്ഞൂറ്... ഈ സംരഭത്തിനു മുന്‍കൈ എടുത്തത്‌ ഞാനായതുകൊണ്ടും, കോണ്‍ട്രാക്റ്റ് എന്‍റെ പേരില്‍ എഴുതിയതിനാലും, മറ്റുള്ളവര്‍ക്ക് അല്ലറ ചില അസൌകര്യങ്ങള്‍ ഉള്ളതിനാലും ഇതെല്ലാം എന്‍റെ തലയില്‍ തന്നേ പെട്ടു. ഈശ്വരാ...... ഈ പൈസയെല്ലാം ഞാന്‍ എവിടെ നിന്നുണ്ടാക്കും എന്നാലോചിച്ചു നില്‍ക്കുമ്പോഴേക്കും എവിടെ നിന്നെന്നറിയില്ല ഒരു സഹായഹസ്തം എന്‍റെ നേരെ നീണ്ടു. നിറയെ രോമങ്ങള്‍ നിറഞ്ഞ തടിച്ചുരുണ്ട് കണ്ടുപരിചയമുള്ള  ഒരു കൈത്തണ്ട... പലിശക്കാരന്‍ വാറുണ്ണി??... അല്ല.. വാറുണ്ണിയുടേയും ഗ്ലോറിഫൈഡ് രൂപം...ക്രെഡിറ്റ്‌ കാര്‍ഡ്. ആപത്തില്‍ സഹായിക്കാന്‍ അല്ലെങ്കിലും ഇത്തരക്കാര്‍ മാത്രമേ ഉണ്ടാകാറുള്ളൂ. രണ്ടും കല്‍പ്പിച്ചു, കുളിച്ചു ശുദ്ധമായി ഈറനുടുത്തു വന്നു കഴുത്തു ബലിക്കല്ലില്‍ വച്ചു. തുടര്‍ന്നങ്ങോട്ട് സംഭവരഹിതങ്ങളായ ആദ്യ ചില മാസങ്ങള്‍ കഴിഞ്ഞതോടെ അവിടവിടെയായി അല്ലറ ചില്ലറ തീപ്പൊരികള്‍ കണ്ടു തുടങ്ങി. ഒന്നര വര്‍ഷം കഴിഞ്ഞപ്പോഴേക്കും സാമ്പിള്‍ വെടിക്കെട്ട്‌ ഒറിജിനല്‍ വെടിക്കെട്ടായി മാറുകയും ഫിനിഷിംഗ് പോയന്റിലെ കൂട്ടപ്പോരിച്ചിലുകള്‍ക്കിടയില്‍ കാര്യങ്ങള്‍ക്ക് ഏതാണ്ടൊരു തീരുമാനമുണ്ടാവുകയുമുണ്ടായി.
ഇപ്പോള്‍ ഞാന്‍ സ്വന്തമായൊരു നാടക കമ്പനി നടത്തുകയാണ്. കാരണവര്‍ ഞാന്‍ തന്നെ. അന്ന് കൂടെ വന്നവരില്‍ ഒരാള്‍ ഇപ്പോള്‍ എന്‍റെ കാര്യസ്ഥനാണ്. മറ്റു കഥാപാത്രങ്ങളെ ഞാന്‍ പല സമയങ്ങളിലായി കൂടെ കൂട്ടി. ഓഫീസ് ജോലി വേഗം തീര്‍ത്ത് ഇന്നു നേരത്തെ വീട്ടിലെത്തണം. നാട്ടില്‍ നിന്നും പുതിയതായി വന്ന പയ്യനെയും കൂട്ടി രാജീവന്‍ വരാമെന്നു പറഞ്ഞിട്ടുണ്ട്
 

Monday, November 12, 2012

മണ്ഡലവും ഗള്‍ഫും പിന്നെ അയ്യപ്പനും

ഗള്‍ഫ്‌ മലയാളിയുടെ ജീവിതം കൃത്യമായ ആഘോഷഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഏപ്രില്‍ മുതല്‍, സ്കൂള്‍ അടയ്ക്കുന്ന ജൂണ്‍-ജൂലൈ മാസം വരെ നീളുന്ന വിഷു ആഘോഷങ്ങള്‍. സ്കൂള്‍ അടച്ചാലുടന്‍ കുടുംബത്തെ നാട്ടിലേക്കയച്ച് അടുത്ത ഒരുമാസക്കാലം പുരുഷന്മാര്‍ ബാച്ചിലര്‍ ജീവിതമാഘോഷിക്കുന്ന ‘മധു’മാസം. അതുകഴിഞ്ഞാല്‍ പിന്നെ അടുത്ത മൂന്നുമാസക്കാലം അവര്‍ ഓണാഘോഷത്തിന്‍റെ തിരക്കിലായിരിക്കും. ഗള്‍ഫ്‌ മലയാളിക്ക് എന്തും ഏതും ആഘോഷമാണ്. ആഘോഷങ്ങളില്ലാത്ത ഒരു അവസ്ഥയെപ്പറ്റി ആലോചിക്കാനേ അവര്‍ക്ക് കഴിയില്ല. എല്ലാ ആഘോഷങ്ങളുടെയും ആഴങ്ങളിലേയ്ക്കിറങ്ങി ചെന്നാല്‍ അവിടെ ധാരാളം ലഹരി തളംകെട്ടിക്കിടക്കുന്നതു കാണാം, അതിനുമപ്പുറത്ത് കുറച്ചു കെട്ടുകാഴ്ചകളും.

മാസങ്ങള്‍ നീളുന്ന ഓണാഘോഷങ്ങള്‍ അവസാനിക്കുന്നതോടെ ഇക്കണ്ട ആഘോഷങ്ങളെല്ലാം “ആഘോഷിച്ച്” ഇനി വയ്യേ എന്ന അവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് സാക്ഷാല്‍ സ്വാമി അയ്യപ്പന്‍ മണ്ഡലവ്രതം എന്ന പാപമോചന ഓഫറുമായി ഗള്‍ഫ്‌ പര്യടനത്തിനെത്തുന്നത്. ഇത്രയും കാലം ദിവസേന നടത്തിക്കൊണ്ടുപോന്നിരുന്ന ലഹരിസാധക പ്രവര്‍ത്തനങ്ങളും, സ്മാര്‍ത്തവിചാരങ്ങളുടെ കണക്കും, കൂടാതെ തീര്‍ന്നുപോയ ദിവസങ്ങളുടെ ഉറപ്പുമാത്രം കൈമുതലായുള്ള ജോലിയുമായി, നാളെയെക്കുറിച്ച് യാതൊരു ഉറപ്പുമില്ലാതെ ജീവിക്കുന്ന ഒരുവിഭാഗം ഗള്‍ഫ്‌ മലയാളികള്‍ക്ക് ഇതുവരെ ചെയ്ത അപരാധങ്ങള്‍ക്കെല്ലാമായുള്ള പ്രായശ്ചിത്തവും, സുന്ദരസുരഭില ഭാവിജീവിതത്തിനു വേണ്ടിയുള്ള ഒരു മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാനുമുള്ള അവസരവുമാണ് ഈ മണ്ഡലക്കാലം 41 ദിവസം വ്രതം നോല്ക്കുക എന്നത്. ലോകത്ത് ഏറ്റവുമധികം ഗൃഹാതുരത്വം പേറി നടക്കുന്ന ജീവിയായി യുനെസ്കോ അംഗീകരിച്ച ഗള്‍ഫ്‌ മലയാളികള്‍ക്കിടയില്‍ അയ്യപ്പന്‍റെ ഈ മണ്ഡല ഓഫര്‍ ചൂട് അരവണ പോലെ എപ്പോള്‍ വിറ്റുപോയി എന്ന് ചോദിച്ചാല്‍ മതി. ഇതോടുകൂടി അവരുടെ ആഘോഷങ്ങള്‍ക്ക് ഒരു ഭക്തിപരിവേഷം കൈവരുകയും ദിവസേന രണ്ടുനേരം (മാത്രം) അവര്‍ ഭക്തിപരവശതയില്‍ ആറാടിതുടങ്ങുകയും ചെയ്യും. പിന്നത്തെ രണ്ടുമാസക്കാലം കിട്ടിയ ഗ്യാപ്പിലെല്ലാം അയ്യപ്പപൂജ, വിളക്ക്, ഭജന, ഇങ്ങനെ മാറി മാറി ആഘോഷങ്ങളുമായി അവര്‍ മുന്നേറുന്നു.

തുലാം പതിനഞ്ചോടു കൂടി തന്നെ പലരും ഡീസന്‍സി അനൌണ്സ്മെന്‍റ് നടത്തി കഴിഞ്ഞിരിക്കും. വൃശ്ചികം ഒന്നുമുതല്‍ അവന്‍റെ സ്വഭാവത്തില്‍ പ്രകടമായ വ്യത്യാസങ്ങളാണ് കണ്ടുതുടങ്ങുന്നത്. രാവിലെ നേരത്തേ എണീക്കുന്നു, കുളിക്കുന്നു, അയ്യപ്പഭക്തിഗാനങ്ങള്‍ വീടിനുള്ളില്‍ മുഴങ്ങികേള്‍ക്കുന്നു, ഓരോരോ കാര്യസാദ്ധ്യങ്ങള്‍ക്കായി പ്രത്യേകം പ്രത്യേകം നിരത്തിവച്ചിരിയ്ക്കുന്ന നിരവധി ഈശ്വരന്‍മാരുടെ ഫോട്ടോകള്‍ക്ക് മുന്നില്‍ വന്ന് ഒരു രാഷ്ട്രീയ ലൈനില്‍ പുകഴ്ത്തലും നിവേദനവും ഒന്നിച്ചു നടത്തി തിരിച്ചു പോരുന്നു. അടങ്ങിയൊതുങ്ങി, ദുശ്ശീലങ്ങളില്ലാതെയുള്ള ജീവിതം ശീലമില്ലാത്ത ഇവര്‍ക്ക് “പച്ചയായ” മണ്ഡലജീവിതം ഇങ്ങനെ അധികം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാറില്ല എന്നതാണ് വാസ്തവം. അതിന് മറ്റൊരു കാരണം കൂടിയുണ്ട്. അയ്യപ്പന്‍റെ മണ്ഡലക്കാലം പൊളിക്കാന്‍ കച്ചകെട്ടി ഇറങ്ങിയ പോലെയാണ് ക്രിസ്തുമസിന്‍റെ വരവ്. എല്ലാത്തവണയും മണ്ഡലക്കാലം അവസാനമാകുമ്പോഴേയ്ക്കും സാന്താക്ലോസ് ക്രിസ്തുമസ്സുമായി കടന്നുവരും. അതിന്‍റെ ആഘോഷങ്ങള്‍ ഒരാഴ്ച മുന്‍പേ തുടങ്ങും. ആഘോഷങ്ങള്‍, പ്രത്യേകിച്ച് സ്വല്പം വീര്യമുള്ളത്, എന്നുമൊരു വീക്ക്നെസ്സ് ആയ ഗള്‍ഫ്‌ മലയാളിക്ക് പിന്നെ പിടിച്ചുനില്‍ക്കാനാവില്ല. മണ്ഡലം 30-ന് തന്നെ എല്ലാം അവസാനിപ്പിച്ച്, ഒരുമാസക്കാലത്തോളം താന്‍ പ്രലോഭനങ്ങളില്‍ വീഴാതെ പിടിച്ചുനിന്നു എന്ന അഭിമാനത്തോടെ അവന്‍ ഞെളിഞ്ഞുനില്ക്കും. 75%-ല്‍ കൂടുതല്‍ ഹാജരുള്ളതിനാല്‍ പാപഭാരങ്ങളില്‍ നിന്ന് ഒഴിവാക്കുന്നതിനായി അയ്യപ്പന് ഒരു സ്പെഷ്യല്‍ അപ്പീലും കൂട്ടത്തില്‍ നല്ലൊരു തുക വഴിപാട് എന്ന പേരില്‍ കൈക്കൂലിയും ഓഫര്‍ ചെയ്ത് അവന്‍ നേരെ സന്താക്ലോസിനെയും പുതുവത്സരത്തേയും വരവേല്‍ക്കാന്‍ പോകും.

കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി അയ്യപ്പന്‍ പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും ഗള്‍ഫ്‌ മലയാളിയെക്കൊണ്ട് മണ്ഡലവ്രതം 30-35 ദിവസത്തില്‍ കൂടുതല്‍ എടുപ്പിയ്ക്കാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ വന്ന അപ്പീലുകളിലൊന്നും തന്നെ അയ്യപ്പന്‍ തീരുമാനവുമെടുത്തിട്ടില്ല. വ്രതം നോല്‍ക്കാന്‍ പ്രയാസതകളനുഭവിക്കുന്ന പ്രവാസിമലയാളികളോടുള്ള അയ്യപ്പന്‍റെ അവഗണനയിലും നിഷേധാത്മക നയത്തിലും പ്രതിഷേധിച്ച് ഒരു നിവേദനം അയ്യപ്പന്‍റെ ആത്മസുഹൃത്ത് വാവര്‍ കൈവശം കൊടുത്തയക്കാന്‍ അവര്‍ തയ്യാറാക്കിക്കഴിഞ്ഞു. അതിന്‍റെ പകര്‍പ്പ് താഴെ കൊടുക്കുന്നു.

-ശ്രീ-
അവശതയനുഭവിച്ചുകൊണ്ടിരിക്കുന്ന ഗള്‍ഫ്‌ മലയാളികള്‍ സ്വാമി അയ്യപ്പന്‍ അവര്‍കള്‍ മുന്‍പാകെ സമര്‍പ്പിക്കുന്ന അപേക്ഷ എന്തെന്നാല്‍-
അങ്ങ് കല്പ്പിച്ചരുളിചെയ്തു നിശ്ചയിച്ച മണ്ഡലവ്രത നോലമ്പിന്‍റെ പേരില്‍ വര്‍ഷങ്ങളായി ഞങ്ങള്‍ ഗള്‍ഫ്‌ മലയാളികള്‍ വളരെയധികം കഷ്ടതകള്‍ അനുഭവിക്കുകയും വീട്ടുകാരുടെ പീഡനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തുവരികയാണ്. അടിയങ്ങളുടെ സുഖലോലുപതയില്‍ ആണിക്കല്ലടിക്കുന്ന ഈ സംവിധാനത്തില്‍ പരിഷ്കാരങ്ങള്‍ വരുത്തുകയും അടിയങ്ങളുടെ സാങ്കേതിക-മാനസിക പ്രശ്നങ്ങള്‍ കണക്കിലെടുത്ത് സമക്ഷം കനിവുണ്ടായി ഇനി പറഞ്ഞിരിക്കുന്ന വിഷയങ്ങളില്‍ ഒരു തീരുമാനം കല്പ്പിക്കുകയും വേണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു.

1.       ഗള്‍ഫുകാരുടെ ഇളംശരീരപ്രകൃതി കണക്കിലെടുത്ത്കഠിനമായ മണ്ഡലവ്രത നിയമങ്ങളില്‍ ഇളവുവരുത്തുക

2.       മണ്ഡലവ്രതം 41 ദിവസത്തില്‍ നിന്നും 30 ദിവസമായി വെട്ടിക്കുറയ്ക്കുക.

3.       പതിനാലു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ആഴ്ചയിലൊരിക്കല്‍ രഹസ്യമായി മത്സ്യമാംസവിഭവങ്ങള്‍ കൊടുക്കാനുള്ള അനുമതി നല്‍കുക

4.       മണ്ഡലവ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് അടുത്ത മകരവിളക്ക്‌ കഴിയുന്നതുവരെ ജോലി ഭദ്രത ഉറപ്പുനല്‍കുക

5.       ഗള്‍ഫ്‌ മേഘലയിലെ വാവര്‍ സാന്നിദ്ധ്യ സ്ഥലങ്ങളില്‍ ദര്‍ശനം നടത്തുന്നവര്‍ക്ക് അയ്യപ്പദര്‍ശനഫലം തന്നെ നല്‍കി അരുളുക.  

6.       പ്രവാസി-അയ്യപ്പ ദര്‍ശന കാര്‍ഡ്‌ അനുവദിക്കുക.

7.       ഗള്‍ഫുകാരുടെ കാല്‍പാദങ്ങളുടെ പ്രത്യേക രൂപഘടന കണക്കിലെടുത്ത് കല്ലും മുള്ളും നിറഞ്ഞ വഴികള്‍ ഒഴിവാക്കി സന്നിധാനത്തിലേക്ക് വാഹനപാത സജ്ജമാക്കുക.

8.       വിജയകരമായി 30 ദിവസം മണ്ഡലവ്രതം അനുഷ്ഠിച്ചവര്‍ക്ക് അയ്യപ്പന്‍റെ ഒപ്പോടുകൂടിയ മണ്ഡലവ്രതം സര്‍ട്ടിഫിക്കറ്റ്, പ്രശസ്തിപത്രം എന്നിവ നല്‍കുക

9.       ഗൃഹനാഥനും രണ്ടു കുട്ടികള്‍ക്കും ശബരിമലയില്‍ പോലീസ്‌ അകമ്പടിയോടുകൂടി സ്പെഷ്യല്‍ ദര്‍ശനം, 5-സ്റ്റാര്‍ താമസം-ഭക്ഷണം, തന്ത്രിയില്‍നിന്നും നേരില്‍ അനുഗ്രഹം-പ്രസാദം ലഭിക്കല്‍, എന്നീ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുക

10.    ശബരിമല ദര്‍ശനത്തിന് നേരില്‍ വരാന്‍ സാധിക്കാത്തവര്‍ക്കുവേണ്ടി അവിടുന്ന് ഒരു വെര്‍ച്വല്‍ സൈറ്റ് തുടങ്ങുകയും അതില്‍ പ്രതീകാത്മക കാണിക്കയിടല്‍, നെയ്യഭിഷേകം, അര്‍ച്ചന എന്നിവ നടത്തി സയൂജ്യമടയാന്‍ പ്രത്യേകം സൗകര്യം നല്‍കുകയും ചെയ്യുക.

11.    “ദീപാരാധന, പടിപൂജ & മാളികപ്പുറത്ത് നാളികേരമുരുട്ടല്‍” എന്നിവയുടെ ഫ്രീ ആപ്പ്സ്‌ ഡൌണ്‍ലോഡ് അനുവദിക്കുകവഴി ജോലിസമയത്ത്‌ ഇത്യാദി വിദ്യകള്‍ നടത്തി അടിയങ്ങളുടെ ഭക്തിതോത് വര്‍ദ്ധിപ്പിക്കാനുള്ള അവസരം നല്‍കുക
മേല്‍പ്പറഞ്ഞ നിവേദനങ്ങളില്‍ ഉടനടി തീര്‍പ്പുകല്പ്പിച്ച് ഉത്തരവാക്കാന്‍ താഴ്മയായി അപേക്ഷിക്കുന്നു.
എന്ന് പ്രവാസി പ്രയാസ ഭക്തസംഘം
ഒപ്പ്.

Monday, November 5, 2012

ഡെല്ലി ബെല്ലി അഥവാ നിങ്ങള്‍ക്കുമാകാം യൂറോപ്യന്‍


ചൂട്... അസാദ്ധ്യചൂട്... അല്‍ സലാം സ്ട്രീറ്റിലെ നെടുങ്കന്‍ കെട്ടിടങ്ങളുടെ ചുവടുപിടിച്ച് നടക്കുമ്പോള്‍ ബോധോദയമുണ്ടായി. “വേണ്ടീയിരുന്നില്ല, നടത്തം ഒഴിവാക്കാമായിരുന്നു.”
എങ്കിലും ഡല്‍ഹിയേക്കാള്‍ ഭേദം തന്നെ ഇവിടം. ഹൌ... ദല്‍ഹി യാത്ര അസാദ്ധ്യം തന്നെ. മറക്കാന്‍ സാധിക്കില്ല.
നാട്ടില്‍ ഒരു ഗതിയും പരഗതിയുമില്ലാതെ നട്ടംതിരിച്ചില്‍ എന്ന ജോലിയില്‍ വ്യാപൃതനായപ്പോഴാണ് ഗള്‍ഫ്‌ എന്ന പുച്ഛത്തെക്കുറിച്ച് ആലോചിച്ചത്. ഒരു തൊഴില്‍രഹിതന്‍റെ സോഷ്യലിസ്റ്റ്‌ ചിന്താഗതിയില്‍ നിലനിന്നുകൊണ്ട്,  പ്രസിദ്ധീകരണങ്ങള്‍, മിമിക്രി, വാണിജ്യ സിനിമകള്‍, ഗള്‍ഫ്‌, ഗള്‍ഫുകാരന്‍ എന്നിവയെ എല്ലാം ഒരേ നിലപാടില്‍ വീക്ഷിച്ചിരുന്നതില്‍ നിന്നും ഗള്‍ഫിനെ മാത്രം പ്രത്യേകാധികാര പദവി ഉപയോഗിച്ച് ജി പട്ടികയില്‍ നിന്നും ഒഴിവാക്കി ഒരു ശരാശരി രാഷ്ട്രീയ നിലപാടിലേക്ക് കൂപ്പുകുത്തിയതിനു പിറകില്‍ മറ്റു ഗൂഢലക്ഷ്യങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്ന് ഇത്തരുണത്തില്‍ വ്യക്തമാക്കട്ടെ.
കേരളമെന്ന പൊട്ടക്കിണറ്റിലെ മണ്ഢൂകം, അതുവരെ കേട്ടറിവ് മാത്രമുള്ള കോര്‍പറേറ്റ് കള്‍ച്ചറും മെട്രോ ജീവിതവും അല്പം പഠിക്കുകയാണ് ഗള്‍ഫിലേക്ക് പറക്കുന്നതിന് മുന്‍പ് നല്ലത് എന്ന ഉപദേശം ലഭിച്ചു. ദല്‍ഹി, ബോംബെ, ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളാണ് ഇത്തരം പഠനങ്ങള്‍ക്ക് പറ്റിയ സ്ഥലം എന്ന തിരിച്ചറിവില്‍, കടം വാങ്ങിയ സോഷ്യലിസം തിരിച്ചു കൊടുത്ത് നറുക്ക് വീണ ഡല്‍ഹിക്ക് വച്ച് പിടിക്കാന്‍ തന്നെ തീരുമാനിച്ചു. പാര്‍ലമെന്‍റ് മന്ദിരത്തിന്റെയും ഇന്ത്യ ഗേറ്റിന്‍റെയും ദല്‍ഹി, മനോഹരങ്ങളായ റോഡുകളും അതിനിരുവശത്തുമുള്ള അതിമനോഹരങ്ങളായ പുല്‍ത്തകിടികളും, സുന്ദരികളായ പെണ്‍കൊടികളും നിറഞ്ഞ ദല്‍ഹി. ഈ സുന്ദര ദൃശ്യങ്ങളിലേക്ക്‌ വണ്ടി കയറാന്‍ തന്നെ തീരുമാനമായി.
കല്ലേറ്റുംകര എന്ന ഉണക്ക റെയില്‍വേ സ്റ്റേഷനില്‍ (തലേന്നു വരെ അത് പച്ച റെയില്‍വേ സ്റ്റേഷന്‍ ആയിരുന്നു ) കേരള എക്സ്പ്രസ്സ്‌ വരുന്നതും കാത്തിരിക്കുന്ന സമയത്ത് അവിടെ അബദ്ധവശാല്‍ വന്നുപെട്ട പോലെ മൂന്നു നാല് തരുണികള്‍ നില്‍ക്കുന്ന കണ്ടപ്പോള്‍ സ്ഥായീ സ്വഭാവം കൊണ്ട് ഉള്ളൊന്നു വിടര്‍ന്നു എങ്കിലും പൂത്തുതളിര്‍ത്ത ദല്‍ഹി പെണ്‍കൊടികള്‍ മനസ്സില്‍ ഹോളി നടത്തിയപ്പോള്‍ ഒട്ടൊരു പുച്ഛത്തോടെ ഇവരെ നോക്കി തിരിഞ്ഞിരുന്നു. വെറുതെയല്ല പ്രവാസികള്‍ നാടിന്‍റെ ഡെവലപ്പ്മെന്‍റിനെ കുറിച്ച് പരാതി പറയുന്നത് എന്ന് മനസ്സില്‍ ഓര്‍ത്തുകൊണ്ട് ഐശ്യര്യത്തിന്‍റെ സൈറണ്‍ വിളിയുമായി വന്നു നിന്ന തീവണ്ടിയിലേക്ക് വലതുകാല്‍ വച്ച് കയറി. പരിചയ സമ്പന്നത സ്ഫുരിക്കുന്ന മുഖഭാവത്തോടെ ഇരിക്കുന്ന യാത്രക്കാരെ മാനിച്ചുകൊണ്ട് പറഞ്ഞുവച്ച ഇരിപ്പിടത്തില്‍ ഞാന്‍ ആസനം സ്വസ്ഥമാക്കി.
കുഞ്ഞുകുട്ടി പരാധീനങ്ങളുമായി സാധാരണക്കാരായ രണ്ടു കുടുംബങ്ങള്‍, നാലഞ്ച് പട്ടാളക്കാര്‍. ഇവരായിരുന്നു ആ രണ്ടാംക്ലാസ്സ്‌ കമ്പാര്‍ട്ട്മെന്റില്‍ എന്‍റെ തൊട്ടടുത്ത അയല്‍ക്കാര്‍. പട്ടാള മാന്വലിലെ ഏതോ നിയമം അനുസരിക്കാന്‍ കാത്തുനിന്ന പോലെ രാത്രിയായപ്പോഴേക്കും പട്ടാളക്കാര്‍ മുകളിലെ ബര്‍ത്തുകളില്‍ സേവ കൂടുകയും കുടുംബങ്ങള്‍ പ്രാരാബ്ധങ്ങള്‍ മുന്നില്‍ നിരത്തി ഭേദ്യം തുടങ്ങുന്നതും കണ്ടപ്പോള്‍ പ്രത്യേകിച്ച് ബാധ്യതകള്‍ ഒന്നുമില്ലാത്ത ഞാന്‍ ഭക്ഷണം കഴിച്ചു ഭാവി സ്വപ്നം കണ്ട് കിടന്നുറങ്ങി.
പരിചിതമല്ലാത്ത ശബ്ദങ്ങളും ബഹളങ്ങളും കേട്ടുകൊണ്ടാണ് രാവിലെ ഉറക്കമുണര്‍ന്നത്. കമ്പാര്‍ട്ട്‌മെന്റിന്‍റെ ഇരുവശത്തുമുള്ള ടോയ്‌ലറ്റുകളില്‍ നിന്നും നീണ്ട് ഇറങ്ങി വരുന്ന ക്യുവില്‍ നിന്നുമായിരുന്നു ആ ബഹളങ്ങള്‍. ഇത്രമാത്രം ജനസാന്നിദ്ധ്യം ആ കമ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നു എന്ന് അപ്പോഴാണ്‌ മനസ്സിലായത്. പല്ലുതേച്ച് കാപ്പി കുടിക്കുന്ന ദു:ശ്ശീലം പണ്ടേ ഇല്ലാത്തതിനാല്‍ ഒരു ചായയും വാങ്ങികുടിച്ച് ഞാന്‍ കാഴ്ചകളും കണ്ടിരുന്നു. വണ്ടിയുടെ കുലുക്കത്തില്‍ കക്കൂസില്‍ ബാലന്‍സ് ഉറപ്പിച്ച് ഇരിക്കാനുള്ള ശ്രമത്തിലാണ് മിക്കവാറും ആള്‍ക്കാരുടെയും ഭൂരിഭാഗസമയവും ടോയ്‌ലറ്റില്‍ ചിലവാകുന്നത് എന്ന സത്യം അതിനുള്ളില്‍ കയറി കൃത്യനിര്‍വഹണത്തിന് ശ്രമിച്ചപ്പോഴാണ് ഞാന്‍ തിരിച്ചറിഞ്ഞത്‌. എന്തായാലും പരിചയക്കുറവിന്‍റെ അടിസ്ഥാനത്തില്‍ എനിക്ക് തല്ക്കാലം തോറ്റു പിന്മാറേണ്ടി വന്നു. രണ്ടു ദിവസം കൂടി ഇതേ വണ്ടിയില്‍ യാത്ര തുടരുന്നതിനാലും കക്കൂസും ഈ കമ്പാര്‍ട്ട്മെന്റിന്‍റെ കൂടെ ഡല്‍ഹിക്ക് വരുന്നതിനാലും പരിശ്രമം കുറച്ച് കഴിഞ്ഞാകാം എന്ന് നിശ്ചയിച്ച് തിരിച്ചിറങ്ങി. അപ്പോഴേക്കും വണ്ടി ആന്ധ്ര സംസ്ഥാനത്തിന്‍റെ അരികുകളില്‍ എത്തിച്ചേര്‍ന്നിരുന്നു. മീനമാസത്തിലെ ആ പകലില്‍ ചൂടിന്റെ ഇതുവരെ അനുഭവിച്ചറിയാത്ത ഭാവങ്ങള്‍ എന്‍റെ കണ്ണുകളിലേക്ക് തുളച്ചുകയറി, അത് ശരീരം മുഴുവന്‍ വ്യാപിച്ച് എന്‍റെ ഓരോ രോമകൂപത്തിലൂടെയും പുറത്തേക്ക് പ്രവഹിച്ചുതുടങ്ങി. വറചട്ടിയില്‍ നിന്ന് എരിതീയ്യിലേക്ക് എന്ന് പറഞ്ഞ പോലെ ആന്ധ്ര കഴിഞ്ഞപ്പോള്‍ ദേ വരണൂ ചൂടിന്റെ പല പല വെറൈറ്റികളുമായി ഓരോരോ സംസ്ഥാനങ്ങള്‍. ഇത്രയും ചൂട് ജീവിതത്തില്‍ ആദ്യമായതിനാല്‍ സ്വന്തമായി ഉള്ള രണ്ടു കണ്ണുകളും പുറത്തേക്ക് തള്ളി പുകഞ്ഞിരിക്കാനേ എനിക്ക് സാധിച്ചുള്ളൂ. മറ്റുള്ള ആള്‍ക്കാര്‍ കാണിക്കുന്നതു കണ്ട് ഞാനും ഇടയ്ക്കിടയ്ക്ക് തലയും മുഖവുമെല്ലാം കഴുകുകയും തോര്‍ത്ത്‌ നനച്ചു കഴുത്തും തലയുമെല്ലാം മൂടി വയ്ക്കുകയും ചെയ്തുവെങ്കിലും കാര്യമായ ഫലമൊന്നും ഉണ്ടായില്ല. ചൂടിന്റെ കാഠിന്യം കൂടുന്തോറും ആള്‍ക്കാരുടെ നാണവും കുറഞ്ഞു വന്നു തുടങ്ങി. ഓരോരുത്തര്‍ ഷര്‍ട്ടൂരുന്നൂ, ബനിയന്‍ ഊരുന്നൂ, പാന്‍റ് ഊരി കൈലിയുടുക്കുന്നൂ.. എന്ന് വേണ്ടാ, പറ്റാവുന്ന അടിതടകളെല്ലാം പരീക്ഷിക്കുന്നുണ്ട്. ഞാനും ഒട്ടും കുറക്കാന്‍ പാടില്ലല്ലോ. എന്‍റെ പിത്തക്കാടി ശരീരത്തിന്‍റെ വൃത്തികേടുകള്‍ പ്രദര്‍ശിപ്പിക്കാത്ത രീതിയില്‍ ചിലതെല്ലാം ഞാനും ഊരിയെറിഞ്ഞു. പോരാത്തതിന് ചൂടുകാലത്ത് ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതിരിക്കാന്‍ ധാരാളം വെള്ളം കുടിക്കണമെന്ന് സ്കൂളില്‍ പഠിച്ചത് തക്കസമയത്ത് ഓര്‍മ്മ വരികയും ചെയ്തു. (ഫ്രണ്ട്സ്‌.... പ്ലീസ്... എന്നോട് അസൂയ വച്ചുപുലര്‍ത്തേണ്ട സന്ദര്‍ഭമല്ല ഇത്) കുറെയധികം പഠിക്കുകയല്ല, മറിച്ച് പഠിച്ച കാര്യങ്ങള്‍ ആവശ്യ സമയത്ത് ഓര്‍ക്കുകയാണ് വേണ്ടത് എന്ന് സ്വയം അഭിമാനിച്ച് വെള്ളവും ജ്യുസും മുറക്ക് അടിച്ചു കേറ്റുന്നത്തില്‍ ഞാന്‍ ബദ്ധ ശ്രദ്ധാലുവായി. ഇതിനിടയില്‍ മരട് വേലക്ക് ഡൈന പൊട്ടുന്ന പോലെ പട്ടാളക്കാരുടെ വീരകഥകള്‍ മറുവശത്ത് തകര്‍ക്കുന്നു.. കനത്ത ചൂടില്‍ ക്ഷീണിതരാണെങ്കില്‍ കൂടിയും കൃത്യനിര്‍വഹണത്തില്‍ അവര്‍ ഒട്ടും വീഴ്ച വരുത്തിയിരുന്നില്ല. കണ്ടകശനിയുടെ പോക്കും വരവും “അറിയിച്ചു”കൊണ്ടാകും എന്ന് ജ്യോത്സ്യന്‍ പറഞ്ഞത് എത്ര ശരിയാണ്... ഇതിപ്പോ വരവാണെങ്കിലും പോക്കാണെങ്കിലും എന്‍റെ കാര്യം ആകപ്പാടെ പോക്കായിയിരുന്നു. ഒരു ഇംഗ്ലീഷ് ഹൊറര്‍ ത്രില്ലര്‍ സിനിമ കണ്ട അവശതയോടെ ഇതെല്ലാം സഹിച്ച് നിസ്സഹായനായി ഞാന്‍ തളര്‍ന്നിരുന്നു.
ഈ കനത്ത ചൂടിനിടയിലും ഭക്ഷണ ഇന്‍പുട്ട് ദാക്ഷിണ്യമില്ലാതെ സംഭവാമി യുഗേ യുഗേയായി നടക്കുന്നുണ്ടായിരുന്നു. നേരത്തെ സൂചിപ്പിച്ച പരിചയകുറവ് മൂലം ഔട്പുട് ഒരു ഭീകരപ്രശ്നമായി മാറിയിരുന്നു അപ്പോഴേക്കും. അധികം കാത്തിരിക്കേണ്ടി വന്നില്ല, പരിചയകുറവിനെ ആവശ്യം കടത്തിവെട്ടി. കനത്ത ചൂടില്‍ ശീലമില്ലാത്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍ വയറ്റില്‍ നടത്തിയ രാസപ്രവര്‍ത്തനങ്ങളില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ ഞാന്‍ ടോയ്‌ലറ്റിലേക്ക്‌ ഓടി. ഇത്തവണ വണ്ടിയുടെ കുലുക്കമോ ടോയ്‌ലറ്റിലെ വൃത്തികേടോ നാറ്റമോ ഒന്നുംതന്നെ എനിക്കൊരു തടസ്സമായിരുന്നില്ല.
ഒരു സുഖവിരേചനത്തിന്‍റെ മൂര്‍ഛയില്‍ ആശ്വാസം കൊണ്ടിരിക്കുമ്പോള്‍ എനിക്കുള്ള കാലക്കേടിന്‍റെ അടുത്ത ഗഡു വാട്ടര്‍ ടാപ്പിന്‍റെ രീതിയില്‍ മുന്നില്‍ തന്നെ ഇളിച്ച് ഇരിക്കുന്നുണ്ടായിരുന്നു. കുറച്ച് സീല്‍ക്കാര ശബ്ദങ്ങള്‍ മാത്രം പുറപ്പെടുവിച്ച് അത് എന്നെ കളിയാക്കി നോക്കി. ചൂടിനെ പ്രതിരോധിക്കാനായി പലവിധ ജലവിദ്യകള്‍ ആളുകള്‍ മാറി മാറി പരീക്ഷിച്ചതിന്‍റെ ഫലമായി ടാങ്കിലെ വെള്ളം നിശ്ശേഷം തീര്‍ന്നിരുന്നു. ജലക്ഷാമത്തിന്‍റെ രൂക്ഷത കൊണ്ട് കടന്നുവന്ന സ്റ്റേഷനുകളില്‍ നിന്ന് ഒന്നും തന്നെ ഇതില്‍ വെള്ളം നിറച്ചിരുന്നുമില്ല. ഒഴിച്ചുകളഞ്ഞ മൂത്രത്തെയോര്‍ത്ത് ആ നിമിഷം ഞാന്‍ ശരിക്കും ദുഖിച്ചുപോയി. വെള്ളമെടുക്കാനായി കൊണ്ടുവന്ന പ്ലാസ്റ്റിക്‌ മഗും അതിനുള്ളിലെ റെക്സോണ സോപ്പും എന്‍റെ മുന്നില്‍ പണിയൊന്നുമില്ലാതെ ചൊറിയുംകുത്തി ഇരിക്കുന്നു. പിന്നെ മറ്റു മാര്‍ഗ്ഗങ്ങളൊന്നും എന്‍റെ മുന്നില്‍ ഇല്ലായിരുന്നു. റെക്സോണ സോപ്പിനെ പൊതിഞ്ഞിരിക്കുന്ന പച്ച കടലാസ് ഊരിയെടുത്ത് സായ്പിനെ മനസ്സില്‍ ധ്യാനിച്ച് ആവാഹിച്ച് ഭേഷായി തുടച്ചു. മുത്തശ്ശന്‍റെ കണക്കില്‍ ഇന്ത്യന്‍ റെയില്‍വേ എന്നെ യൂറോപ്യനായി അവരോധിച്ചതിന്‍റെ ഉള്‍പുളകത്തില്‍ ഞാന്‍ കുളിര്‍ കോരി നിന്നു.
“ഈ സായ്പിനെ യൂറോപ്യന്‍ എന്ന് വിളിക്കാന്‍ എന്താ കാരണം? കക്കൂസില്‍ പോയാല്‍ ചവുദിക്കില്ല്യാ.. കടലാസെടുത്ത് ഒപ്പുകയെ ഉള്ളൂ. അങ്ങനെ ഊര ഒപ്പ്യോന്‍ എന്നത് ലോപിച്ചാണ് യൂറോപ്യന്‍ എന്നായത്” ബ്രിട്ടീഷുകാരെ അടിമുടി വെറുത്തിരുന്ന മുത്തശ്ശന്‍റെ വാക്കുകള്‍ എന്‍റെ മനസ്സിലൂടെ കടന്നുപോയി.
ആ കത്തുന്ന വേനലില്‍ കുളിയും പല്ലുതേപ്പും ശൌചവുമില്ലാത്ത കുറെ യൂറോപ്യന്‍സിനേയും വെള്ളമില്ലാത്ത കമ്പാര്‍ട്ട്മെന്റും പേറി ഇതൊന്നും വകവയ്ക്കാതെ കേരള എക്സ്പ്രസ്സ്‌ ദല്‍ഹി ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു.

Saturday, March 3, 2012

പ്രണയം- ഒരു പഴയ പതിപ്പ്


പ്രണയവും പ്രണയ സ്വപ്നങ്ങളും എന്നും എല്ലാ മനുഷ്യരുടെയും ഉള്ളിലെ മോഹങ്ങളും ആവേശവുമാണ്, പ്രത്യേകിച്ച് കൗമാരത്തില്‍. ഏതൊരു സഹജീവിയെയും പോലെ കൗമാരത്തില്‍ ഞാനും ഈവക മോഹങ്ങളും സ്വപ്നങ്ങളും ഉള്ളില്‍ കൊണ്ടുനടന്നിരുന്നു. അന്നത്തെ പ്രണയ സങ്കല്‍പ്പങ്ങളും രീതികളും ഇന്നത്തേതില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. ഒരു പത്തിരുപത്തഞ്ചു വര്‍ഷം മുന്‍പെങ്കിലും കൗമാരം പിന്നിട്ടവര്‍ക്ക് അത് എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കും.
ഈശ്വരാ... ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ എന്ന് പറഞ്ഞപ്പോഴാണ് എനിക്ക് ഇത്രയും പ്രായമായോ എന്ന് ഒരു ഞെട്ടലോടെയെങ്കിലും ഓര്‍ക്കുന്നത്. പ്രായം ഇത്രയായെങ്കിലും മനസ്സിലെ പ്രണയം ഇപ്പോഴും ആ കൗമാരം പിന്നിട്ടിട്ടില്ല. ഭാഗ്യം... ഭാര്യ ഞാന്‍ എഴുതിയതൊന്നും വായിക്കാന്‍ മിനക്കെടാറില്ല. എല്ലാ കാര്യങ്ങും ഒരു കഥ പോലെ പറഞ്ഞു കേള്‍ക്കുന്നതാണ് അവര്‍ക്കിഷ്ടം. എല്ലാ ഇഷ്ടങ്ങളും സാധിപ്പിച്ചു കൊടുക്കുന്നവന്‍ നല്ല ഭര്‍ത്താവല്ല എന്ന തത്വത്തില്‍ വിശ്വസിക്കുന്നവനായത് കാരണം ഞാന്‍ അതിനൊന്നും മുതിരാറില്ല. നിങ്ങളുടെ കൂട്ടത്തില്‍നിന്നൊരു ചന്തുവിനെ ഞാന്‍ പ്രതീക്ഷിക്കുന്നുമില്ല.
കൗമാരത്തില്‍ ഇരിങ്ങാലക്കുടയിലെ എല്ലാ പെണ്‍കുട്ടികളോടും സ്വാഭാവികമായും എനിക്ക് പ്രണയം തോന്നിയിരുന്നു. ആരു വന്നു ചോദിച്ചാലും ഒട്ടും വൈകാതെ എടുത്തു കൊടുക്കാന്‍ പാകത്തില്‍ ഒരു ചുവന്ന ചൈനാ പേപ്പറില്‍ പൊതിഞ്ഞ് അതില്‍ ഒരു ചെമ്പരത്തി പൂവും കുത്തി (ഒരു സാദാ ഹൈസ്കൂള്‍ അദ്ധ്യാപകന്‍റെ മകന് റോസാപ്പൂവും വിലകൂടിയ വര്‍ണ്ണകടലാസുകളും ആഗ്രഹിക്കാനുള്ള യോഗ്യത അന്നുണ്ടായിരുന്നില്ല) എന്‍റെ ഹൃദയം ഞാനെപ്പോഴും തയ്യാറാക്കി വച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ അന്ന് ഒരൊറ്റ പെണ്‍കുട്ടി പോലും അത് തിരിച്ചറിഞ്ഞില്ല എന്നത് ഇപ്പോഴും എന്‍റെ ദുഃഖമായി നിലനില്‍ക്കുന്നുണ്ട്. ഏതെങ്കിലും പെണ്‍കുട്ടിക്ക് എന്നെ ഇഷ്ടമായിരുന്നോ എന്ന് എനിക്കിപ്പോഴും അറിയില്ല. പക്ഷേ എനിക്ക് തീരെ ധൈര്യമില്ലായിരുന്നു എന്‍റെ ഉളിലെ പ്രണയം ആരോടെങ്കിലും ഒന്ന് തുറന്നു പറയാന്‍. കൂടിവന്നാല്‍ ഹൃദയം കുറച്ചൊന്നു തരളിതമാക്കി കണ്ണുകളിലെ തിളക്കം വര്‍ദ്ധിപ്പിച്ച് മുഖത്തൊരു മന്ദസ്മിതം വരുത്തി എന്ന മട്ടില്‍ പ്രണയം പ്രതിഫലിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടൊരു നോട്ടം. അതും ഒരൊറ്റ തവണ. ഒരു സാദാ ഹൈസ്കൂള്‍ അദ്ധ്യാപകന്‍റെ മകന് അത്രയൊക്കെ ധൈര്യമേ അവലംബിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. (ഈ വാചകം സൗകര്യം പോലെ എവിടെ വേണമെങ്കിലും ഉപയോഗിച്ചോളൂ. ഇത് ഞാന്‍ നിങ്ങള്‍ക്കായി ഡെഡിക്കേറ്റു ചെയ്യുന്നു.)

സെന്‍റ് ജോസഫ്‌ കോളേജിലെ സുന്ദരിമാരെ വഹിച്ചുകൊണ്ടു പോകുന്ന കോളേജ് വാനിനു പുറകില്‍ ബൈക്കുകളില്‍ ചെത്തി പോകുന്ന സഹസികരെയും, ആവശ്യമില്ലെങ്കില്‍ കൂടിയും ഇഷ്ടപ്പെട്ട പെണ്‍കുട്ടിയുടെ വീടിനടുത്തുള്ള ബസ്‌സ്റ്റോപ്പില്‍ കഷ്ടപ്പെട്ട് ചെന്നെത്തി അവിടെനിന്നും അവളുടെ കൂടെ ബസില്‍ കയറി കോളേജിലെത്തുന്ന ആത്മാര്‍ത്ഥത നിറഞ്ഞവരെയും, ടൈപ്പ്റൈറ്റിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ വിപുല സാദ്ധ്യതകള്‍ മനസ്സിലാക്കി അതിനകത്ത് കഠിനപ്രയത്നം നടത്തുന്ന സാങ്കേതിക വിദഗ്ദ്ധരായ കാമുകന്മാരെയും എല്ലാം നോക്കി ഞാന്‍ അത്ഭുതപ്പെട്ടു നിന്നു. പ്രണയത്തിനായി അത്രത്തോളം ത്യാഗസന്നദ്ധമായൊരു മനസ്സ് എനിക്കില്ലാതെ പോയതില്‍ ഞാന്‍ പരിതപിച്ചു. മാറി വരുന്ന ജീവിത സാഹചര്യങ്ങളില്‍ ഒരു ഒരു കോളേജ്‌ കുമാരന്‌ യമഹ ബൈക്ക് വേണ്ടുന്നതിന്‍റെ ആവശ്യകതയെ കുറിച്ച് അച്ഛനെ ബോധവല്‍ക്കരിക്കാന്‍ ശ്രമിച്ചതിന്‍റെ ഫലമായി ഉണ്ടായിരുന്ന പഴയ റാലി സൈക്കിളിന്‍റെ വാല്‍ട്യൂബ് മാന്യപിതാശ്രീ അഴിച്ചു വയ്ക്കുകയും തദ്വാരാ രണ്ടുനാള്‍ കോളേജിലേക്ക് നടന്നു പോകേണ്ടതായി വരികയും വേണ്ടിവന്നു.
കൗമാരത്തിലൊന്നും വിജയം കാണാത്ത പ്രണയ സ്വപ്നങ്ങളുമായി ഞാന്‍ യൌവ്വനത്തിലെത്തിയപ്പോഴും പ്രണയ സാഫല്യമടയാത്ത എന്‍റെ മനസ്സ് കൗമാരത്തില്‍ തന്നെ കെട്ടുപിണഞ്ഞു കിടക്കുകയായിരുന്നു. എങ്കിലും ഇരിങ്ങാലക്കുടയിലെ പെണ്‍കുട്ടികളെ ഒന്നടങ്കം ഞാന്‍ നിര്‍ബാധം സ്നേഹിച്ചു പോരുകയും അവരെ കാണുമ്പോള്‍ എനിക്കു മാത്രം മനസ്സിലാകുന്ന രീതിയില്‍ നേരത്തെ പറഞ്ഞ കണ്ണുകൊണ്ടും ഹൃദയം കൊണ്ടുമുള്ള കോപ്രായങ്ങള്‍ തുടരുകയും ചെയ്തിരുന്നു. വെറുതെ മോഹം മാത്രം ഉള്ളില്‍ കൊണ്ടുനടന്നാല്‍ നീ ആഗ്രഹിക്കുന്ന പെണ്‍കുട്ടി അതെങ്ങനെ അറിയും എന്ന് എന്‍റെ ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ചോദിച്ചപ്പോള്‍ അത്രയും കാലം ഇല്ലാതിരുന്ന ഒരു വെളിച്ചം എന്‍റെ തലയിലേക്ക് കടന്നുവരികയായിരുന്നു. എന്‍റെ ഉള്ളിലെ മോഹങ്ങള്‍ ആരോടായാലും തുറന്നു പറയാനുള്ള ധൈര്യവും ചങ്കൂറ്റവും എനിക്കു വേണമെന്ന് അവരെന്നെ പഠിപ്പിച്ചു. ആഴ്ചകള്‍ നീണ്ട പ്രണയ കോഴ്സിനു ശേഷം അല്പസ്വല്പം ആത്മവിശ്വാസവുമൊക്കെയായി ഞാന്‍പുറത്തിറങ്ങി. പക്ഷേ അപ്പോഴേക്കും കണ്ടുവച്ചിരുന്ന പെണ്‍കുട്ടികളെല്ലാം ഓരോരുത്തരുടെ കൂടെ എന്‍ഗേജ്‌ഡായി കഴിഞ്ഞിരുന്നു.
അങ്ങനെ ദിവസങ്ങള്‍ തള്ളിനീക്കുന്നതിനിടയിലാണ് എന്‍റെ ഹൃദയം തരളിതമാക്കികൊണ്ട് ആ സുന്ദരി, ചന്ദ്രേട്ടന്‍റെ കടയുടെ മുന്നിലൂടെ സ്ഥിരപ്രയാണം ആരംഭിച്ചത്. വാടിക്കരിഞ്ഞുപോയി എന്നു കരുതിയിരുന്ന എന്‍റെ പ്രണയസ്വപ്‌നങ്ങള്‍ വീണ്ടും തളിരിട്ടു. മാറത്ത് ഒരടുക്കു പുസ്തകവും ചേര്‍ത്തുപിടിച്ച് തലകുമ്പിട്ട് എന്നും അതുവഴി കടന്നു പോകുന്ന ആ പാവടക്കാരിയെ കാണുന്നതിനായി ചന്ദ്രേട്ടന്‍റെ പലചരക്കുകടയിലെ ഉപ്പുപെട്ടിക്കു മുകളില്‍ രണ്ടു ചതുരശ്ര അടി സ്ഥലം ഞാന്‍ സ്ഥിരവാടകക്കെടുത്തു. പിന്നീടുള്ള എന്‍റെ രാവുകളും പകലുകളും അവളെകുറിച്ചുള്ള സപ്നങ്ങള്‍ നിറഞ്ഞതായിരുന്നു. ആ സ്വപ്നങ്ങളില്‍ ഞങ്ങളെകുറിച്ചുള്ള പല കഥകളും പിറന്നുവീണു. സിനിമാഗാനങ്ങളുടെ വരികള്‍ ആദ്യമായി ശ്രദ്ധിച്ചു കേള്‍ക്കാന്‍ തുടങ്ങി. അതിലെല്ലാം നിറഞ്ഞുനില്‍ക്കുന്നത് എന്‍റെ മനോവികാരങ്ങളാണെന്നു തോന്നി. ഓരോ കഥയും ഞങ്ങളെ കുറിച്ചാണ് എഴുതിയതെന്നും ഓരോ സിനിമയും ഞങ്ങളെകുറിച്ചുള്ളതാണെന്നും അത്ഭുതം കൊണ്ടു. അവളെ കാണാന്‍ സിനിമാനടി ഭാനുപ്രിയയുടെ പോലെയാണെന്നു തോന്നിതുടങ്ങി. പക്ഷേ എവിടം കൊണ്ടോക്കെയോ സുമലതയും കൂടി കടന്നുവന്ന് രണ്ടുപേരും തമ്മില്‍ ക്ലാഷ് ആയപ്പോള്‍ ആവശ്യമുള്ളപ്പോള്‍ വിളിച്ചാല്‍ മാത്രം വന്നാല്‍ മതിയെന്നു പറഞ്ഞ് തല്‍ക്കാലം രണ്ടു പേരെയും പറഞ്ഞു വിടേണ്ടി വന്നു.
സ്വന്തം സൗന്ദര്യസംരക്ഷണത്തില്‍ ശ്രദ്ധ ചെലുത്തേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് ചിന്തിച്ചു തുടങ്ങിയതും അപ്പോഴാണ്‌. എന്‍റെ തലമുടി കമലാഹാസന്‍റെ പോലെ ആകുന്നില്ല എന്ന പരാതിയുമായി ബാര്‍ബര്‍ഷാപ്പില്‍ ചെന്ന എന്നോട് ജനിതക വൈകല്യം ബാധിച്ച ഈ മുടിയില്‍ ഇനി എന്തുചെയ്തിട്ടും കാര്യമില്ല എന്നു പറഞ്ഞ ബാര്‍ബര്‍ കുമാരനെ ആ ക്ഷൌരക്കത്തിയെടുത്ത് കീറി മുറിക്കാനാണു തോന്നിയത്.
പ്രണയാഭ്യര്‍ത്ഥന എന്ന മംഗളകര്‍മ്മത്തിനു മുന്നോടിയായി ആ പെണ്‍കുട്ടിയുടെ മുന്നിലൂടെ ഒന്നു ചെത്തി ഷൈന്‍ ചെയ്യുന്നതിനായി സുഹൃത്തായ കുമാറിന്‍റെ കയ്യും കാലും പിടിച്ച് അവന്‍റെ അച്ഛനറിയാതെ ഒരു ദിവസം അവരുടെ ലാംബ്രട്ടാ സ്കൂട്ടറുമെടുത്ത്‌, ബാലന്‍സ്‌ ഉറക്കാതെ ഞാന്‍ വിറച്ചു വിറച്ചു വന്നതും മുന്നിലേക്കുള്ള നോട്ടവും ക്ലച്ച്-ഗിയര്‍-ആക്സിലേറ്റര്‍ തമ്മിലുള്ള ഒരു സാങ്കേതിക ഏകീകരണവും സാദ്ധ്യമാക്കുന്നതിനുള്ള കഠിനപരിശ്രമത്തിനിടയില്‍ സകല കണ്ട്രോളും പോയി ലാംബ്രട്ടാ സ്കൂട്ടര്‍ കുതിര ചാടുന്നതുപോലെ അടുത്ത വേലിക്കെട്ടും തകര്‍ത്തുകൊണ്ട് കുറുപ്പിന്‍റെ വളപ്പിലെ സര്‍പ്പക്കാവില്‍ ഇടിച്ചുനിന്നതും ഇപ്പോഴും വളരെ വ്യക്തമായി ഓര്‍മ്മയുണ്ട്. പ്രണയത്തിന്‍റെ ആദ്യവിലയായ എണ്ണൂറു രൂപ ഉണ്ടാക്കാനുള്ള തത്രപ്പാടില്‍ ആ പെണ്‍കുട്ടിയുടെ പ്രതികരണം എന്തായിരുന്നു എന്നതിനെകുറിച്ച് അന്വേഷിക്കാന്‍ തല്‍ക്കാലം എനിക്കു സാധിച്ചില്ല.
ഇത്രയൊക്കെ സംഭവവികാസങ്ങള്‍ നടന്നതോടുകൂടി ഞങ്ങളുടെ തീവ്ര പ്രണയത്തെക്കുറിച്ച് ആ പെണ്‍കുട്ടി ഒഴികെ ഒരുവിധം പ്രദേശവാസികളെല്ലാം തന്നെ മനസ്സിലാക്കി കഴിഞ്ഞിരുന്നു. ഈ വാര്‍ത്താ പ്രചാരണത്തില്‍ സ്കൂട്ടര്‍ മെക്കാനിക്ക്‌ ജോണിയുടെ സേവനം എടുത്തു പറയത്തക്കതായിരുന്നു.
എന്തായാലും കാര്യങ്ങള്‍ ഇത്രത്തോളമായ സ്ഥിതിക്ക് ഞാന്‍ ആ കുട്ടിയോട് മനസ്സു തുറക്കണമെന്ന് ഉപദേശക സംഘം ശക്തമായി ആവശ്യപ്പട്ടു. അതനുസരിച്ച് പിറ്റേന്നു രാവിലെ എന്‍റെ സ്വന്തം ഉപ്പുവീപ്പയുടെ മുകളില്‍ അവള്‍ വരുന്നതും കാത്ത് ഞാനിരുന്നു. എന്‍റെ ഹൃദയമിടിപ്പിന്‍റെ വേഗം കൂട്ടിക്കൊണ്ട് അകലെ നിന്നും നടന്നു വരുന്ന അവളെ കണ്ടപ്പോള്‍ അത് വരെ സംഭരിച്ച ധൈര്യവും തീരുമാനങ്ങളും ഒരു ഉരുള്‍പൊട്ടല്‍ വന്ന് ഒലിച്ചുപോയ പോലെ. എങ്കിലും എവിടുന്നൊക്കെയോ സംഭരിച്ച ഊര്‍ജവുമായി ഞാന്‍ അവളുടെ നേരെ നടന്നു നീങ്ങി. ശരീരത്തിനു ചെറുതായി ഒരു തളര്‍ച്ച തോന്നുന്നുണ്ട്. നാവും തൊണ്ടയും വരണ്ടു പോകുന്നു. ചുണ്ടുകള്‍ക്കും മൂക്കിന്‍ തുമ്പത്തുമെല്ലാം ഒരു ചൂട്. കണ്ണുകള്‍ ചുവന്നു തുടുക്കുന്നു. എന്‍റെ വരവുകണ്ട് ആ പെണ്‍കുട്ടിക്കും എന്തോ പന്തികേട് തോന്നിയിട്ടുണ്ടാകാം. പതിയെ അവള്‍ ഒഴിഞ്ഞ് വഴിയുടെ ഓരം ചേര്‍ന്ന് നടക്കാന്‍ തുടങ്ങി. രണ്ടും കല്പിച്ച് ഞാന്‍ ആ പെണ്‍കുട്ടിയുടെ മുന്നില്‍ ചെന്നുനിന്നു. അവളുടെ കണ്ണുകളില്‍ പരിഭ്രമമോ ഭയമോ എന്താണെന്ന് തിരിച്ചറിയാനുള്ള വിവേകവും ബോധവും എനിക്കില്ലായിരുന്നു. ആദ്യമായി ഒരു പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്താന്‍ പോകുന്നതിന്‍റെ വികാരതീവ്രതയിലും ചുറ്റുപാടും ആള്‍ക്കാര്‍ ഞങ്ങളെ ശ്രദ്ധിക്കുന്നു എന്നറിഞ്ഞതിന്‍റെ ടെന്‍ഷനിലും ആണോ എന്നറിയില്ല എന്‍റെ രക്തസമ്മര്‍ദ്ദം കൂടി. എന്തൊക്കെയോ ഒരു വിമ്മിഷ്ടം പോലെ. അടിവയറ്റില്‍ നിന്നും എന്തോ ഉരുണ്ടുകൂടി മുകളിലേക്ക് വരുന്നു. അധികമൊന്നും ആലോചിക്കേണ്ടതായി വന്നില്ല. ടെന്‍ഷന്‍റെ പരമകാഷ്ടയില്‍ എല്ലാ അഭ്യര്‍ഥനകളും ഉരുണ്ടുകൂടി വായിലൂടെ ബഹിര്‍ഗമിക്കുകയും റോഡരുകില്‍ വാളുവച്ച് ഞാന്‍ കുഴഞ്ഞിരിക്കുകയും ചെയ്തു. എന്‍റെ ഈ പരാക്രമങ്ങളെല്ലാം തന്നെ വളരെ ആത്മാര്‍ഥമായ ഒരു പ്രണയാഭ്യര്‍ത്ഥനയുടെ മുന്നോടിയായിരുന്നു എന്ന പരമ സത്യം തിരിച്ചറിയാതെ ധാരാളം തെറ്റിധാരണകളുമായി ആ പെണ്‍കുട്ടി വേഗത്തില്‍ നടന്നകന്നു. പ്രേംനസീറാവാന്‍ പരിശ്രമിച്ച ഞാന്‍ ഒരു സത്താര്‍ ഇമേജുമായി വഴിയരുകിലെ ഇലക്ട്രിക് പോസ്റ്റില്‍ ചാരി തളര്‍ന്നിരുന്നു.
പിന്നീടൊരിക്കലും ആ പെണ്‍കുട്ടിയെ ഞാന്‍ കണ്ടിട്ടില്ല. കാണാന്‍ ശ്രമിച്ചില്ല എന്നതാണ് വാസ്തവം. നാണക്കേടുകൊണ്ട് കുറച്ചുകാലം ചന്ദ്രേട്ടന്‍റെ കടയുടെ ഭാഗത്തെക്കൊന്നും തന്നെ ഞാന്‍ വരാറില്ലായിരുന്നു. ഈ സംഭവത്തിനുശേഷം പ്രണയാഭ്യര്‍ത്ഥനകള്‍ നടത്താനുള്ള ശ്രമം ഞാന്‍ പരിപൂര്‍ണ്ണമായി ഉപേക്ഷിച്ചു. സഫലീകൃതമാകാത്ത, പൂര്‍ത്തീകരിക്കാനാകാത്ത ഒരു പ്രണയ സങ്കല്‍പം ആ പഴയ ചൈനാപേപ്പറില്‍ പൊതിഞ്ഞ് ചെമ്പരത്തിപ്പൂവും ചൂടി ഇരിങ്ങാലക്കുടയില്‍ ഇപ്പോഴും ഗതികിട്ടാതെ അലയുന്നു..

എഫ് ഐ ആർ -ൽ രേഖപ്പെടുത്താത്തത്

  ആത്മഹത്യ ചെയ്തയാളുടെ സംസ്കാരത്തിന് ജനം ഒഴുകിയെത്തി എന്തിനിയാൾ ഇതുചെയ്തെന്ന് മൂക്കിനു വിരൽവച്ച് ജനം ചോദിച്ചു   വിരൽപകുത്ത നെടുവീർ...