Monday, November 12, 2012

മണ്ഡലവും ഗള്‍ഫും പിന്നെ അയ്യപ്പനും

ഗള്‍ഫ്‌ മലയാളിയുടെ ജീവിതം കൃത്യമായ ആഘോഷഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഏപ്രില്‍ മുതല്‍, സ്കൂള്‍ അടയ്ക്കുന്ന ജൂണ്‍-ജൂലൈ മാസം വരെ നീളുന്ന വിഷു ആഘോഷങ്ങള്‍. സ്കൂള്‍ അടച്ചാലുടന്‍ കുടുംബത്തെ നാട്ടിലേക്കയച്ച് അടുത്ത ഒരുമാസക്കാലം പുരുഷന്മാര്‍ ബാച്ചിലര്‍ ജീവിതമാഘോഷിക്കുന്ന ‘മധു’മാസം. അതുകഴിഞ്ഞാല്‍ പിന്നെ അടുത്ത മൂന്നുമാസക്കാലം അവര്‍ ഓണാഘോഷത്തിന്‍റെ തിരക്കിലായിരിക്കും. ഗള്‍ഫ്‌ മലയാളിക്ക് എന്തും ഏതും ആഘോഷമാണ്. ആഘോഷങ്ങളില്ലാത്ത ഒരു അവസ്ഥയെപ്പറ്റി ആലോചിക്കാനേ അവര്‍ക്ക് കഴിയില്ല. എല്ലാ ആഘോഷങ്ങളുടെയും ആഴങ്ങളിലേയ്ക്കിറങ്ങി ചെന്നാല്‍ അവിടെ ധാരാളം ലഹരി തളംകെട്ടിക്കിടക്കുന്നതു കാണാം, അതിനുമപ്പുറത്ത് കുറച്ചു കെട്ടുകാഴ്ചകളും.

മാസങ്ങള്‍ നീളുന്ന ഓണാഘോഷങ്ങള്‍ അവസാനിക്കുന്നതോടെ ഇക്കണ്ട ആഘോഷങ്ങളെല്ലാം “ആഘോഷിച്ച്” ഇനി വയ്യേ എന്ന അവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് സാക്ഷാല്‍ സ്വാമി അയ്യപ്പന്‍ മണ്ഡലവ്രതം എന്ന പാപമോചന ഓഫറുമായി ഗള്‍ഫ്‌ പര്യടനത്തിനെത്തുന്നത്. ഇത്രയും കാലം ദിവസേന നടത്തിക്കൊണ്ടുപോന്നിരുന്ന ലഹരിസാധക പ്രവര്‍ത്തനങ്ങളും, സ്മാര്‍ത്തവിചാരങ്ങളുടെ കണക്കും, കൂടാതെ തീര്‍ന്നുപോയ ദിവസങ്ങളുടെ ഉറപ്പുമാത്രം കൈമുതലായുള്ള ജോലിയുമായി, നാളെയെക്കുറിച്ച് യാതൊരു ഉറപ്പുമില്ലാതെ ജീവിക്കുന്ന ഒരുവിഭാഗം ഗള്‍ഫ്‌ മലയാളികള്‍ക്ക് ഇതുവരെ ചെയ്ത അപരാധങ്ങള്‍ക്കെല്ലാമായുള്ള പ്രായശ്ചിത്തവും, സുന്ദരസുരഭില ഭാവിജീവിതത്തിനു വേണ്ടിയുള്ള ഒരു മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാനുമുള്ള അവസരവുമാണ് ഈ മണ്ഡലക്കാലം 41 ദിവസം വ്രതം നോല്ക്കുക എന്നത്. ലോകത്ത് ഏറ്റവുമധികം ഗൃഹാതുരത്വം പേറി നടക്കുന്ന ജീവിയായി യുനെസ്കോ അംഗീകരിച്ച ഗള്‍ഫ്‌ മലയാളികള്‍ക്കിടയില്‍ അയ്യപ്പന്‍റെ ഈ മണ്ഡല ഓഫര്‍ ചൂട് അരവണ പോലെ എപ്പോള്‍ വിറ്റുപോയി എന്ന് ചോദിച്ചാല്‍ മതി. ഇതോടുകൂടി അവരുടെ ആഘോഷങ്ങള്‍ക്ക് ഒരു ഭക്തിപരിവേഷം കൈവരുകയും ദിവസേന രണ്ടുനേരം (മാത്രം) അവര്‍ ഭക്തിപരവശതയില്‍ ആറാടിതുടങ്ങുകയും ചെയ്യും. പിന്നത്തെ രണ്ടുമാസക്കാലം കിട്ടിയ ഗ്യാപ്പിലെല്ലാം അയ്യപ്പപൂജ, വിളക്ക്, ഭജന, ഇങ്ങനെ മാറി മാറി ആഘോഷങ്ങളുമായി അവര്‍ മുന്നേറുന്നു.

തുലാം പതിനഞ്ചോടു കൂടി തന്നെ പലരും ഡീസന്‍സി അനൌണ്സ്മെന്‍റ് നടത്തി കഴിഞ്ഞിരിക്കും. വൃശ്ചികം ഒന്നുമുതല്‍ അവന്‍റെ സ്വഭാവത്തില്‍ പ്രകടമായ വ്യത്യാസങ്ങളാണ് കണ്ടുതുടങ്ങുന്നത്. രാവിലെ നേരത്തേ എണീക്കുന്നു, കുളിക്കുന്നു, അയ്യപ്പഭക്തിഗാനങ്ങള്‍ വീടിനുള്ളില്‍ മുഴങ്ങികേള്‍ക്കുന്നു, ഓരോരോ കാര്യസാദ്ധ്യങ്ങള്‍ക്കായി പ്രത്യേകം പ്രത്യേകം നിരത്തിവച്ചിരിയ്ക്കുന്ന നിരവധി ഈശ്വരന്‍മാരുടെ ഫോട്ടോകള്‍ക്ക് മുന്നില്‍ വന്ന് ഒരു രാഷ്ട്രീയ ലൈനില്‍ പുകഴ്ത്തലും നിവേദനവും ഒന്നിച്ചു നടത്തി തിരിച്ചു പോരുന്നു. അടങ്ങിയൊതുങ്ങി, ദുശ്ശീലങ്ങളില്ലാതെയുള്ള ജീവിതം ശീലമില്ലാത്ത ഇവര്‍ക്ക് “പച്ചയായ” മണ്ഡലജീവിതം ഇങ്ങനെ അധികം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാറില്ല എന്നതാണ് വാസ്തവം. അതിന് മറ്റൊരു കാരണം കൂടിയുണ്ട്. അയ്യപ്പന്‍റെ മണ്ഡലക്കാലം പൊളിക്കാന്‍ കച്ചകെട്ടി ഇറങ്ങിയ പോലെയാണ് ക്രിസ്തുമസിന്‍റെ വരവ്. എല്ലാത്തവണയും മണ്ഡലക്കാലം അവസാനമാകുമ്പോഴേയ്ക്കും സാന്താക്ലോസ് ക്രിസ്തുമസ്സുമായി കടന്നുവരും. അതിന്‍റെ ആഘോഷങ്ങള്‍ ഒരാഴ്ച മുന്‍പേ തുടങ്ങും. ആഘോഷങ്ങള്‍, പ്രത്യേകിച്ച് സ്വല്പം വീര്യമുള്ളത്, എന്നുമൊരു വീക്ക്നെസ്സ് ആയ ഗള്‍ഫ്‌ മലയാളിക്ക് പിന്നെ പിടിച്ചുനില്‍ക്കാനാവില്ല. മണ്ഡലം 30-ന് തന്നെ എല്ലാം അവസാനിപ്പിച്ച്, ഒരുമാസക്കാലത്തോളം താന്‍ പ്രലോഭനങ്ങളില്‍ വീഴാതെ പിടിച്ചുനിന്നു എന്ന അഭിമാനത്തോടെ അവന്‍ ഞെളിഞ്ഞുനില്ക്കും. 75%-ല്‍ കൂടുതല്‍ ഹാജരുള്ളതിനാല്‍ പാപഭാരങ്ങളില്‍ നിന്ന് ഒഴിവാക്കുന്നതിനായി അയ്യപ്പന് ഒരു സ്പെഷ്യല്‍ അപ്പീലും കൂട്ടത്തില്‍ നല്ലൊരു തുക വഴിപാട് എന്ന പേരില്‍ കൈക്കൂലിയും ഓഫര്‍ ചെയ്ത് അവന്‍ നേരെ സന്താക്ലോസിനെയും പുതുവത്സരത്തേയും വരവേല്‍ക്കാന്‍ പോകും.

കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി അയ്യപ്പന്‍ പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും ഗള്‍ഫ്‌ മലയാളിയെക്കൊണ്ട് മണ്ഡലവ്രതം 30-35 ദിവസത്തില്‍ കൂടുതല്‍ എടുപ്പിയ്ക്കാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ വന്ന അപ്പീലുകളിലൊന്നും തന്നെ അയ്യപ്പന്‍ തീരുമാനവുമെടുത്തിട്ടില്ല. വ്രതം നോല്‍ക്കാന്‍ പ്രയാസതകളനുഭവിക്കുന്ന പ്രവാസിമലയാളികളോടുള്ള അയ്യപ്പന്‍റെ അവഗണനയിലും നിഷേധാത്മക നയത്തിലും പ്രതിഷേധിച്ച് ഒരു നിവേദനം അയ്യപ്പന്‍റെ ആത്മസുഹൃത്ത് വാവര്‍ കൈവശം കൊടുത്തയക്കാന്‍ അവര്‍ തയ്യാറാക്കിക്കഴിഞ്ഞു. അതിന്‍റെ പകര്‍പ്പ് താഴെ കൊടുക്കുന്നു.

-ശ്രീ-
അവശതയനുഭവിച്ചുകൊണ്ടിരിക്കുന്ന ഗള്‍ഫ്‌ മലയാളികള്‍ സ്വാമി അയ്യപ്പന്‍ അവര്‍കള്‍ മുന്‍പാകെ സമര്‍പ്പിക്കുന്ന അപേക്ഷ എന്തെന്നാല്‍-
അങ്ങ് കല്പ്പിച്ചരുളിചെയ്തു നിശ്ചയിച്ച മണ്ഡലവ്രത നോലമ്പിന്‍റെ പേരില്‍ വര്‍ഷങ്ങളായി ഞങ്ങള്‍ ഗള്‍ഫ്‌ മലയാളികള്‍ വളരെയധികം കഷ്ടതകള്‍ അനുഭവിക്കുകയും വീട്ടുകാരുടെ പീഡനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തുവരികയാണ്. അടിയങ്ങളുടെ സുഖലോലുപതയില്‍ ആണിക്കല്ലടിക്കുന്ന ഈ സംവിധാനത്തില്‍ പരിഷ്കാരങ്ങള്‍ വരുത്തുകയും അടിയങ്ങളുടെ സാങ്കേതിക-മാനസിക പ്രശ്നങ്ങള്‍ കണക്കിലെടുത്ത് സമക്ഷം കനിവുണ്ടായി ഇനി പറഞ്ഞിരിക്കുന്ന വിഷയങ്ങളില്‍ ഒരു തീരുമാനം കല്പ്പിക്കുകയും വേണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു.

1.       ഗള്‍ഫുകാരുടെ ഇളംശരീരപ്രകൃതി കണക്കിലെടുത്ത്കഠിനമായ മണ്ഡലവ്രത നിയമങ്ങളില്‍ ഇളവുവരുത്തുക

2.       മണ്ഡലവ്രതം 41 ദിവസത്തില്‍ നിന്നും 30 ദിവസമായി വെട്ടിക്കുറയ്ക്കുക.

3.       പതിനാലു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ആഴ്ചയിലൊരിക്കല്‍ രഹസ്യമായി മത്സ്യമാംസവിഭവങ്ങള്‍ കൊടുക്കാനുള്ള അനുമതി നല്‍കുക

4.       മണ്ഡലവ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് അടുത്ത മകരവിളക്ക്‌ കഴിയുന്നതുവരെ ജോലി ഭദ്രത ഉറപ്പുനല്‍കുക

5.       ഗള്‍ഫ്‌ മേഘലയിലെ വാവര്‍ സാന്നിദ്ധ്യ സ്ഥലങ്ങളില്‍ ദര്‍ശനം നടത്തുന്നവര്‍ക്ക് അയ്യപ്പദര്‍ശനഫലം തന്നെ നല്‍കി അരുളുക.  

6.       പ്രവാസി-അയ്യപ്പ ദര്‍ശന കാര്‍ഡ്‌ അനുവദിക്കുക.

7.       ഗള്‍ഫുകാരുടെ കാല്‍പാദങ്ങളുടെ പ്രത്യേക രൂപഘടന കണക്കിലെടുത്ത് കല്ലും മുള്ളും നിറഞ്ഞ വഴികള്‍ ഒഴിവാക്കി സന്നിധാനത്തിലേക്ക് വാഹനപാത സജ്ജമാക്കുക.

8.       വിജയകരമായി 30 ദിവസം മണ്ഡലവ്രതം അനുഷ്ഠിച്ചവര്‍ക്ക് അയ്യപ്പന്‍റെ ഒപ്പോടുകൂടിയ മണ്ഡലവ്രതം സര്‍ട്ടിഫിക്കറ്റ്, പ്രശസ്തിപത്രം എന്നിവ നല്‍കുക

9.       ഗൃഹനാഥനും രണ്ടു കുട്ടികള്‍ക്കും ശബരിമലയില്‍ പോലീസ്‌ അകമ്പടിയോടുകൂടി സ്പെഷ്യല്‍ ദര്‍ശനം, 5-സ്റ്റാര്‍ താമസം-ഭക്ഷണം, തന്ത്രിയില്‍നിന്നും നേരില്‍ അനുഗ്രഹം-പ്രസാദം ലഭിക്കല്‍, എന്നീ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുക

10.    ശബരിമല ദര്‍ശനത്തിന് നേരില്‍ വരാന്‍ സാധിക്കാത്തവര്‍ക്കുവേണ്ടി അവിടുന്ന് ഒരു വെര്‍ച്വല്‍ സൈറ്റ് തുടങ്ങുകയും അതില്‍ പ്രതീകാത്മക കാണിക്കയിടല്‍, നെയ്യഭിഷേകം, അര്‍ച്ചന എന്നിവ നടത്തി സയൂജ്യമടയാന്‍ പ്രത്യേകം സൗകര്യം നല്‍കുകയും ചെയ്യുക.

11.    “ദീപാരാധന, പടിപൂജ & മാളികപ്പുറത്ത് നാളികേരമുരുട്ടല്‍” എന്നിവയുടെ ഫ്രീ ആപ്പ്സ്‌ ഡൌണ്‍ലോഡ് അനുവദിക്കുകവഴി ജോലിസമയത്ത്‌ ഇത്യാദി വിദ്യകള്‍ നടത്തി അടിയങ്ങളുടെ ഭക്തിതോത് വര്‍ദ്ധിപ്പിക്കാനുള്ള അവസരം നല്‍കുക
മേല്‍പ്പറഞ്ഞ നിവേദനങ്ങളില്‍ ഉടനടി തീര്‍പ്പുകല്പ്പിച്ച് ഉത്തരവാക്കാന്‍ താഴ്മയായി അപേക്ഷിക്കുന്നു.
എന്ന് പ്രവാസി പ്രയാസ ഭക്തസംഘം
ഒപ്പ്.

Monday, November 5, 2012

ഡെല്ലി ബെല്ലി അഥവാ നിങ്ങള്‍ക്കുമാകാം യൂറോപ്യന്‍


ചൂട്... അസാദ്ധ്യചൂട്... അല്‍ സലാം സ്ട്രീറ്റിലെ നെടുങ്കന്‍ കെട്ടിടങ്ങളുടെ ചുവടുപിടിച്ച് നടക്കുമ്പോള്‍ ബോധോദയമുണ്ടായി. “വേണ്ടീയിരുന്നില്ല, നടത്തം ഒഴിവാക്കാമായിരുന്നു.”
എങ്കിലും ഡല്‍ഹിയേക്കാള്‍ ഭേദം തന്നെ ഇവിടം. ഹൌ... ദല്‍ഹി യാത്ര അസാദ്ധ്യം തന്നെ. മറക്കാന്‍ സാധിക്കില്ല.
നാട്ടില്‍ ഒരു ഗതിയും പരഗതിയുമില്ലാതെ നട്ടംതിരിച്ചില്‍ എന്ന ജോലിയില്‍ വ്യാപൃതനായപ്പോഴാണ് ഗള്‍ഫ്‌ എന്ന പുച്ഛത്തെക്കുറിച്ച് ആലോചിച്ചത്. ഒരു തൊഴില്‍രഹിതന്‍റെ സോഷ്യലിസ്റ്റ്‌ ചിന്താഗതിയില്‍ നിലനിന്നുകൊണ്ട്,  പ്രസിദ്ധീകരണങ്ങള്‍, മിമിക്രി, വാണിജ്യ സിനിമകള്‍, ഗള്‍ഫ്‌, ഗള്‍ഫുകാരന്‍ എന്നിവയെ എല്ലാം ഒരേ നിലപാടില്‍ വീക്ഷിച്ചിരുന്നതില്‍ നിന്നും ഗള്‍ഫിനെ മാത്രം പ്രത്യേകാധികാര പദവി ഉപയോഗിച്ച് ജി പട്ടികയില്‍ നിന്നും ഒഴിവാക്കി ഒരു ശരാശരി രാഷ്ട്രീയ നിലപാടിലേക്ക് കൂപ്പുകുത്തിയതിനു പിറകില്‍ മറ്റു ഗൂഢലക്ഷ്യങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്ന് ഇത്തരുണത്തില്‍ വ്യക്തമാക്കട്ടെ.
കേരളമെന്ന പൊട്ടക്കിണറ്റിലെ മണ്ഢൂകം, അതുവരെ കേട്ടറിവ് മാത്രമുള്ള കോര്‍പറേറ്റ് കള്‍ച്ചറും മെട്രോ ജീവിതവും അല്പം പഠിക്കുകയാണ് ഗള്‍ഫിലേക്ക് പറക്കുന്നതിന് മുന്‍പ് നല്ലത് എന്ന ഉപദേശം ലഭിച്ചു. ദല്‍ഹി, ബോംബെ, ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളാണ് ഇത്തരം പഠനങ്ങള്‍ക്ക് പറ്റിയ സ്ഥലം എന്ന തിരിച്ചറിവില്‍, കടം വാങ്ങിയ സോഷ്യലിസം തിരിച്ചു കൊടുത്ത് നറുക്ക് വീണ ഡല്‍ഹിക്ക് വച്ച് പിടിക്കാന്‍ തന്നെ തീരുമാനിച്ചു. പാര്‍ലമെന്‍റ് മന്ദിരത്തിന്റെയും ഇന്ത്യ ഗേറ്റിന്‍റെയും ദല്‍ഹി, മനോഹരങ്ങളായ റോഡുകളും അതിനിരുവശത്തുമുള്ള അതിമനോഹരങ്ങളായ പുല്‍ത്തകിടികളും, സുന്ദരികളായ പെണ്‍കൊടികളും നിറഞ്ഞ ദല്‍ഹി. ഈ സുന്ദര ദൃശ്യങ്ങളിലേക്ക്‌ വണ്ടി കയറാന്‍ തന്നെ തീരുമാനമായി.
കല്ലേറ്റുംകര എന്ന ഉണക്ക റെയില്‍വേ സ്റ്റേഷനില്‍ (തലേന്നു വരെ അത് പച്ച റെയില്‍വേ സ്റ്റേഷന്‍ ആയിരുന്നു ) കേരള എക്സ്പ്രസ്സ്‌ വരുന്നതും കാത്തിരിക്കുന്ന സമയത്ത് അവിടെ അബദ്ധവശാല്‍ വന്നുപെട്ട പോലെ മൂന്നു നാല് തരുണികള്‍ നില്‍ക്കുന്ന കണ്ടപ്പോള്‍ സ്ഥായീ സ്വഭാവം കൊണ്ട് ഉള്ളൊന്നു വിടര്‍ന്നു എങ്കിലും പൂത്തുതളിര്‍ത്ത ദല്‍ഹി പെണ്‍കൊടികള്‍ മനസ്സില്‍ ഹോളി നടത്തിയപ്പോള്‍ ഒട്ടൊരു പുച്ഛത്തോടെ ഇവരെ നോക്കി തിരിഞ്ഞിരുന്നു. വെറുതെയല്ല പ്രവാസികള്‍ നാടിന്‍റെ ഡെവലപ്പ്മെന്‍റിനെ കുറിച്ച് പരാതി പറയുന്നത് എന്ന് മനസ്സില്‍ ഓര്‍ത്തുകൊണ്ട് ഐശ്യര്യത്തിന്‍റെ സൈറണ്‍ വിളിയുമായി വന്നു നിന്ന തീവണ്ടിയിലേക്ക് വലതുകാല്‍ വച്ച് കയറി. പരിചയ സമ്പന്നത സ്ഫുരിക്കുന്ന മുഖഭാവത്തോടെ ഇരിക്കുന്ന യാത്രക്കാരെ മാനിച്ചുകൊണ്ട് പറഞ്ഞുവച്ച ഇരിപ്പിടത്തില്‍ ഞാന്‍ ആസനം സ്വസ്ഥമാക്കി.
കുഞ്ഞുകുട്ടി പരാധീനങ്ങളുമായി സാധാരണക്കാരായ രണ്ടു കുടുംബങ്ങള്‍, നാലഞ്ച് പട്ടാളക്കാര്‍. ഇവരായിരുന്നു ആ രണ്ടാംക്ലാസ്സ്‌ കമ്പാര്‍ട്ട്മെന്റില്‍ എന്‍റെ തൊട്ടടുത്ത അയല്‍ക്കാര്‍. പട്ടാള മാന്വലിലെ ഏതോ നിയമം അനുസരിക്കാന്‍ കാത്തുനിന്ന പോലെ രാത്രിയായപ്പോഴേക്കും പട്ടാളക്കാര്‍ മുകളിലെ ബര്‍ത്തുകളില്‍ സേവ കൂടുകയും കുടുംബങ്ങള്‍ പ്രാരാബ്ധങ്ങള്‍ മുന്നില്‍ നിരത്തി ഭേദ്യം തുടങ്ങുന്നതും കണ്ടപ്പോള്‍ പ്രത്യേകിച്ച് ബാധ്യതകള്‍ ഒന്നുമില്ലാത്ത ഞാന്‍ ഭക്ഷണം കഴിച്ചു ഭാവി സ്വപ്നം കണ്ട് കിടന്നുറങ്ങി.
പരിചിതമല്ലാത്ത ശബ്ദങ്ങളും ബഹളങ്ങളും കേട്ടുകൊണ്ടാണ് രാവിലെ ഉറക്കമുണര്‍ന്നത്. കമ്പാര്‍ട്ട്‌മെന്റിന്‍റെ ഇരുവശത്തുമുള്ള ടോയ്‌ലറ്റുകളില്‍ നിന്നും നീണ്ട് ഇറങ്ങി വരുന്ന ക്യുവില്‍ നിന്നുമായിരുന്നു ആ ബഹളങ്ങള്‍. ഇത്രമാത്രം ജനസാന്നിദ്ധ്യം ആ കമ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നു എന്ന് അപ്പോഴാണ്‌ മനസ്സിലായത്. പല്ലുതേച്ച് കാപ്പി കുടിക്കുന്ന ദു:ശ്ശീലം പണ്ടേ ഇല്ലാത്തതിനാല്‍ ഒരു ചായയും വാങ്ങികുടിച്ച് ഞാന്‍ കാഴ്ചകളും കണ്ടിരുന്നു. വണ്ടിയുടെ കുലുക്കത്തില്‍ കക്കൂസില്‍ ബാലന്‍സ് ഉറപ്പിച്ച് ഇരിക്കാനുള്ള ശ്രമത്തിലാണ് മിക്കവാറും ആള്‍ക്കാരുടെയും ഭൂരിഭാഗസമയവും ടോയ്‌ലറ്റില്‍ ചിലവാകുന്നത് എന്ന സത്യം അതിനുള്ളില്‍ കയറി കൃത്യനിര്‍വഹണത്തിന് ശ്രമിച്ചപ്പോഴാണ് ഞാന്‍ തിരിച്ചറിഞ്ഞത്‌. എന്തായാലും പരിചയക്കുറവിന്‍റെ അടിസ്ഥാനത്തില്‍ എനിക്ക് തല്ക്കാലം തോറ്റു പിന്മാറേണ്ടി വന്നു. രണ്ടു ദിവസം കൂടി ഇതേ വണ്ടിയില്‍ യാത്ര തുടരുന്നതിനാലും കക്കൂസും ഈ കമ്പാര്‍ട്ട്മെന്റിന്‍റെ കൂടെ ഡല്‍ഹിക്ക് വരുന്നതിനാലും പരിശ്രമം കുറച്ച് കഴിഞ്ഞാകാം എന്ന് നിശ്ചയിച്ച് തിരിച്ചിറങ്ങി. അപ്പോഴേക്കും വണ്ടി ആന്ധ്ര സംസ്ഥാനത്തിന്‍റെ അരികുകളില്‍ എത്തിച്ചേര്‍ന്നിരുന്നു. മീനമാസത്തിലെ ആ പകലില്‍ ചൂടിന്റെ ഇതുവരെ അനുഭവിച്ചറിയാത്ത ഭാവങ്ങള്‍ എന്‍റെ കണ്ണുകളിലേക്ക് തുളച്ചുകയറി, അത് ശരീരം മുഴുവന്‍ വ്യാപിച്ച് എന്‍റെ ഓരോ രോമകൂപത്തിലൂടെയും പുറത്തേക്ക് പ്രവഹിച്ചുതുടങ്ങി. വറചട്ടിയില്‍ നിന്ന് എരിതീയ്യിലേക്ക് എന്ന് പറഞ്ഞ പോലെ ആന്ധ്ര കഴിഞ്ഞപ്പോള്‍ ദേ വരണൂ ചൂടിന്റെ പല പല വെറൈറ്റികളുമായി ഓരോരോ സംസ്ഥാനങ്ങള്‍. ഇത്രയും ചൂട് ജീവിതത്തില്‍ ആദ്യമായതിനാല്‍ സ്വന്തമായി ഉള്ള രണ്ടു കണ്ണുകളും പുറത്തേക്ക് തള്ളി പുകഞ്ഞിരിക്കാനേ എനിക്ക് സാധിച്ചുള്ളൂ. മറ്റുള്ള ആള്‍ക്കാര്‍ കാണിക്കുന്നതു കണ്ട് ഞാനും ഇടയ്ക്കിടയ്ക്ക് തലയും മുഖവുമെല്ലാം കഴുകുകയും തോര്‍ത്ത്‌ നനച്ചു കഴുത്തും തലയുമെല്ലാം മൂടി വയ്ക്കുകയും ചെയ്തുവെങ്കിലും കാര്യമായ ഫലമൊന്നും ഉണ്ടായില്ല. ചൂടിന്റെ കാഠിന്യം കൂടുന്തോറും ആള്‍ക്കാരുടെ നാണവും കുറഞ്ഞു വന്നു തുടങ്ങി. ഓരോരുത്തര്‍ ഷര്‍ട്ടൂരുന്നൂ, ബനിയന്‍ ഊരുന്നൂ, പാന്‍റ് ഊരി കൈലിയുടുക്കുന്നൂ.. എന്ന് വേണ്ടാ, പറ്റാവുന്ന അടിതടകളെല്ലാം പരീക്ഷിക്കുന്നുണ്ട്. ഞാനും ഒട്ടും കുറക്കാന്‍ പാടില്ലല്ലോ. എന്‍റെ പിത്തക്കാടി ശരീരത്തിന്‍റെ വൃത്തികേടുകള്‍ പ്രദര്‍ശിപ്പിക്കാത്ത രീതിയില്‍ ചിലതെല്ലാം ഞാനും ഊരിയെറിഞ്ഞു. പോരാത്തതിന് ചൂടുകാലത്ത് ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതിരിക്കാന്‍ ധാരാളം വെള്ളം കുടിക്കണമെന്ന് സ്കൂളില്‍ പഠിച്ചത് തക്കസമയത്ത് ഓര്‍മ്മ വരികയും ചെയ്തു. (ഫ്രണ്ട്സ്‌.... പ്ലീസ്... എന്നോട് അസൂയ വച്ചുപുലര്‍ത്തേണ്ട സന്ദര്‍ഭമല്ല ഇത്) കുറെയധികം പഠിക്കുകയല്ല, മറിച്ച് പഠിച്ച കാര്യങ്ങള്‍ ആവശ്യ സമയത്ത് ഓര്‍ക്കുകയാണ് വേണ്ടത് എന്ന് സ്വയം അഭിമാനിച്ച് വെള്ളവും ജ്യുസും മുറക്ക് അടിച്ചു കേറ്റുന്നത്തില്‍ ഞാന്‍ ബദ്ധ ശ്രദ്ധാലുവായി. ഇതിനിടയില്‍ മരട് വേലക്ക് ഡൈന പൊട്ടുന്ന പോലെ പട്ടാളക്കാരുടെ വീരകഥകള്‍ മറുവശത്ത് തകര്‍ക്കുന്നു.. കനത്ത ചൂടില്‍ ക്ഷീണിതരാണെങ്കില്‍ കൂടിയും കൃത്യനിര്‍വഹണത്തില്‍ അവര്‍ ഒട്ടും വീഴ്ച വരുത്തിയിരുന്നില്ല. കണ്ടകശനിയുടെ പോക്കും വരവും “അറിയിച്ചു”കൊണ്ടാകും എന്ന് ജ്യോത്സ്യന്‍ പറഞ്ഞത് എത്ര ശരിയാണ്... ഇതിപ്പോ വരവാണെങ്കിലും പോക്കാണെങ്കിലും എന്‍റെ കാര്യം ആകപ്പാടെ പോക്കായിയിരുന്നു. ഒരു ഇംഗ്ലീഷ് ഹൊറര്‍ ത്രില്ലര്‍ സിനിമ കണ്ട അവശതയോടെ ഇതെല്ലാം സഹിച്ച് നിസ്സഹായനായി ഞാന്‍ തളര്‍ന്നിരുന്നു.
ഈ കനത്ത ചൂടിനിടയിലും ഭക്ഷണ ഇന്‍പുട്ട് ദാക്ഷിണ്യമില്ലാതെ സംഭവാമി യുഗേ യുഗേയായി നടക്കുന്നുണ്ടായിരുന്നു. നേരത്തെ സൂചിപ്പിച്ച പരിചയകുറവ് മൂലം ഔട്പുട് ഒരു ഭീകരപ്രശ്നമായി മാറിയിരുന്നു അപ്പോഴേക്കും. അധികം കാത്തിരിക്കേണ്ടി വന്നില്ല, പരിചയകുറവിനെ ആവശ്യം കടത്തിവെട്ടി. കനത്ത ചൂടില്‍ ശീലമില്ലാത്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍ വയറ്റില്‍ നടത്തിയ രാസപ്രവര്‍ത്തനങ്ങളില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ ഞാന്‍ ടോയ്‌ലറ്റിലേക്ക്‌ ഓടി. ഇത്തവണ വണ്ടിയുടെ കുലുക്കമോ ടോയ്‌ലറ്റിലെ വൃത്തികേടോ നാറ്റമോ ഒന്നുംതന്നെ എനിക്കൊരു തടസ്സമായിരുന്നില്ല.
ഒരു സുഖവിരേചനത്തിന്‍റെ മൂര്‍ഛയില്‍ ആശ്വാസം കൊണ്ടിരിക്കുമ്പോള്‍ എനിക്കുള്ള കാലക്കേടിന്‍റെ അടുത്ത ഗഡു വാട്ടര്‍ ടാപ്പിന്‍റെ രീതിയില്‍ മുന്നില്‍ തന്നെ ഇളിച്ച് ഇരിക്കുന്നുണ്ടായിരുന്നു. കുറച്ച് സീല്‍ക്കാര ശബ്ദങ്ങള്‍ മാത്രം പുറപ്പെടുവിച്ച് അത് എന്നെ കളിയാക്കി നോക്കി. ചൂടിനെ പ്രതിരോധിക്കാനായി പലവിധ ജലവിദ്യകള്‍ ആളുകള്‍ മാറി മാറി പരീക്ഷിച്ചതിന്‍റെ ഫലമായി ടാങ്കിലെ വെള്ളം നിശ്ശേഷം തീര്‍ന്നിരുന്നു. ജലക്ഷാമത്തിന്‍റെ രൂക്ഷത കൊണ്ട് കടന്നുവന്ന സ്റ്റേഷനുകളില്‍ നിന്ന് ഒന്നും തന്നെ ഇതില്‍ വെള്ളം നിറച്ചിരുന്നുമില്ല. ഒഴിച്ചുകളഞ്ഞ മൂത്രത്തെയോര്‍ത്ത് ആ നിമിഷം ഞാന്‍ ശരിക്കും ദുഖിച്ചുപോയി. വെള്ളമെടുക്കാനായി കൊണ്ടുവന്ന പ്ലാസ്റ്റിക്‌ മഗും അതിനുള്ളിലെ റെക്സോണ സോപ്പും എന്‍റെ മുന്നില്‍ പണിയൊന്നുമില്ലാതെ ചൊറിയുംകുത്തി ഇരിക്കുന്നു. പിന്നെ മറ്റു മാര്‍ഗ്ഗങ്ങളൊന്നും എന്‍റെ മുന്നില്‍ ഇല്ലായിരുന്നു. റെക്സോണ സോപ്പിനെ പൊതിഞ്ഞിരിക്കുന്ന പച്ച കടലാസ് ഊരിയെടുത്ത് സായ്പിനെ മനസ്സില്‍ ധ്യാനിച്ച് ആവാഹിച്ച് ഭേഷായി തുടച്ചു. മുത്തശ്ശന്‍റെ കണക്കില്‍ ഇന്ത്യന്‍ റെയില്‍വേ എന്നെ യൂറോപ്യനായി അവരോധിച്ചതിന്‍റെ ഉള്‍പുളകത്തില്‍ ഞാന്‍ കുളിര്‍ കോരി നിന്നു.
“ഈ സായ്പിനെ യൂറോപ്യന്‍ എന്ന് വിളിക്കാന്‍ എന്താ കാരണം? കക്കൂസില്‍ പോയാല്‍ ചവുദിക്കില്ല്യാ.. കടലാസെടുത്ത് ഒപ്പുകയെ ഉള്ളൂ. അങ്ങനെ ഊര ഒപ്പ്യോന്‍ എന്നത് ലോപിച്ചാണ് യൂറോപ്യന്‍ എന്നായത്” ബ്രിട്ടീഷുകാരെ അടിമുടി വെറുത്തിരുന്ന മുത്തശ്ശന്‍റെ വാക്കുകള്‍ എന്‍റെ മനസ്സിലൂടെ കടന്നുപോയി.
ആ കത്തുന്ന വേനലില്‍ കുളിയും പല്ലുതേപ്പും ശൌചവുമില്ലാത്ത കുറെ യൂറോപ്യന്‍സിനേയും വെള്ളമില്ലാത്ത കമ്പാര്‍ട്ട്മെന്റും പേറി ഇതൊന്നും വകവയ്ക്കാതെ കേരള എക്സ്പ്രസ്സ്‌ ദല്‍ഹി ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു.

Saturday, March 3, 2012

പ്രണയം- ഒരു പഴയ പതിപ്പ്


പ്രണയവും പ്രണയ സ്വപ്നങ്ങളും എന്നും എല്ലാ മനുഷ്യരുടെയും ഉള്ളിലെ മോഹങ്ങളും ആവേശവുമാണ്, പ്രത്യേകിച്ച് കൗമാരത്തില്‍. ഏതൊരു സഹജീവിയെയും പോലെ കൗമാരത്തില്‍ ഞാനും ഈവക മോഹങ്ങളും സ്വപ്നങ്ങളും ഉള്ളില്‍ കൊണ്ടുനടന്നിരുന്നു. അന്നത്തെ പ്രണയ സങ്കല്‍പ്പങ്ങളും രീതികളും ഇന്നത്തേതില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. ഒരു പത്തിരുപത്തഞ്ചു വര്‍ഷം മുന്‍പെങ്കിലും കൗമാരം പിന്നിട്ടവര്‍ക്ക് അത് എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കും.
ഈശ്വരാ... ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ എന്ന് പറഞ്ഞപ്പോഴാണ് എനിക്ക് ഇത്രയും പ്രായമായോ എന്ന് ഒരു ഞെട്ടലോടെയെങ്കിലും ഓര്‍ക്കുന്നത്. പ്രായം ഇത്രയായെങ്കിലും മനസ്സിലെ പ്രണയം ഇപ്പോഴും ആ കൗമാരം പിന്നിട്ടിട്ടില്ല. ഭാഗ്യം... ഭാര്യ ഞാന്‍ എഴുതിയതൊന്നും വായിക്കാന്‍ മിനക്കെടാറില്ല. എല്ലാ കാര്യങ്ങും ഒരു കഥ പോലെ പറഞ്ഞു കേള്‍ക്കുന്നതാണ് അവര്‍ക്കിഷ്ടം. എല്ലാ ഇഷ്ടങ്ങളും സാധിപ്പിച്ചു കൊടുക്കുന്നവന്‍ നല്ല ഭര്‍ത്താവല്ല എന്ന തത്വത്തില്‍ വിശ്വസിക്കുന്നവനായത് കാരണം ഞാന്‍ അതിനൊന്നും മുതിരാറില്ല. നിങ്ങളുടെ കൂട്ടത്തില്‍നിന്നൊരു ചന്തുവിനെ ഞാന്‍ പ്രതീക്ഷിക്കുന്നുമില്ല.
കൗമാരത്തില്‍ ഇരിങ്ങാലക്കുടയിലെ എല്ലാ പെണ്‍കുട്ടികളോടും സ്വാഭാവികമായും എനിക്ക് പ്രണയം തോന്നിയിരുന്നു. ആരു വന്നു ചോദിച്ചാലും ഒട്ടും വൈകാതെ എടുത്തു കൊടുക്കാന്‍ പാകത്തില്‍ ഒരു ചുവന്ന ചൈനാ പേപ്പറില്‍ പൊതിഞ്ഞ് അതില്‍ ഒരു ചെമ്പരത്തി പൂവും കുത്തി (ഒരു സാദാ ഹൈസ്കൂള്‍ അദ്ധ്യാപകന്‍റെ മകന് റോസാപ്പൂവും വിലകൂടിയ വര്‍ണ്ണകടലാസുകളും ആഗ്രഹിക്കാനുള്ള യോഗ്യത അന്നുണ്ടായിരുന്നില്ല) എന്‍റെ ഹൃദയം ഞാനെപ്പോഴും തയ്യാറാക്കി വച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ അന്ന് ഒരൊറ്റ പെണ്‍കുട്ടി പോലും അത് തിരിച്ചറിഞ്ഞില്ല എന്നത് ഇപ്പോഴും എന്‍റെ ദുഃഖമായി നിലനില്‍ക്കുന്നുണ്ട്. ഏതെങ്കിലും പെണ്‍കുട്ടിക്ക് എന്നെ ഇഷ്ടമായിരുന്നോ എന്ന് എനിക്കിപ്പോഴും അറിയില്ല. പക്ഷേ എനിക്ക് തീരെ ധൈര്യമില്ലായിരുന്നു എന്‍റെ ഉളിലെ പ്രണയം ആരോടെങ്കിലും ഒന്ന് തുറന്നു പറയാന്‍. കൂടിവന്നാല്‍ ഹൃദയം കുറച്ചൊന്നു തരളിതമാക്കി കണ്ണുകളിലെ തിളക്കം വര്‍ദ്ധിപ്പിച്ച് മുഖത്തൊരു മന്ദസ്മിതം വരുത്തി എന്ന മട്ടില്‍ പ്രണയം പ്രതിഫലിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടൊരു നോട്ടം. അതും ഒരൊറ്റ തവണ. ഒരു സാദാ ഹൈസ്കൂള്‍ അദ്ധ്യാപകന്‍റെ മകന് അത്രയൊക്കെ ധൈര്യമേ അവലംബിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. (ഈ വാചകം സൗകര്യം പോലെ എവിടെ വേണമെങ്കിലും ഉപയോഗിച്ചോളൂ. ഇത് ഞാന്‍ നിങ്ങള്‍ക്കായി ഡെഡിക്കേറ്റു ചെയ്യുന്നു.)

സെന്‍റ് ജോസഫ്‌ കോളേജിലെ സുന്ദരിമാരെ വഹിച്ചുകൊണ്ടു പോകുന്ന കോളേജ് വാനിനു പുറകില്‍ ബൈക്കുകളില്‍ ചെത്തി പോകുന്ന സഹസികരെയും, ആവശ്യമില്ലെങ്കില്‍ കൂടിയും ഇഷ്ടപ്പെട്ട പെണ്‍കുട്ടിയുടെ വീടിനടുത്തുള്ള ബസ്‌സ്റ്റോപ്പില്‍ കഷ്ടപ്പെട്ട് ചെന്നെത്തി അവിടെനിന്നും അവളുടെ കൂടെ ബസില്‍ കയറി കോളേജിലെത്തുന്ന ആത്മാര്‍ത്ഥത നിറഞ്ഞവരെയും, ടൈപ്പ്റൈറ്റിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ വിപുല സാദ്ധ്യതകള്‍ മനസ്സിലാക്കി അതിനകത്ത് കഠിനപ്രയത്നം നടത്തുന്ന സാങ്കേതിക വിദഗ്ദ്ധരായ കാമുകന്മാരെയും എല്ലാം നോക്കി ഞാന്‍ അത്ഭുതപ്പെട്ടു നിന്നു. പ്രണയത്തിനായി അത്രത്തോളം ത്യാഗസന്നദ്ധമായൊരു മനസ്സ് എനിക്കില്ലാതെ പോയതില്‍ ഞാന്‍ പരിതപിച്ചു. മാറി വരുന്ന ജീവിത സാഹചര്യങ്ങളില്‍ ഒരു ഒരു കോളേജ്‌ കുമാരന്‌ യമഹ ബൈക്ക് വേണ്ടുന്നതിന്‍റെ ആവശ്യകതയെ കുറിച്ച് അച്ഛനെ ബോധവല്‍ക്കരിക്കാന്‍ ശ്രമിച്ചതിന്‍റെ ഫലമായി ഉണ്ടായിരുന്ന പഴയ റാലി സൈക്കിളിന്‍റെ വാല്‍ട്യൂബ് മാന്യപിതാശ്രീ അഴിച്ചു വയ്ക്കുകയും തദ്വാരാ രണ്ടുനാള്‍ കോളേജിലേക്ക് നടന്നു പോകേണ്ടതായി വരികയും വേണ്ടിവന്നു.
കൗമാരത്തിലൊന്നും വിജയം കാണാത്ത പ്രണയ സ്വപ്നങ്ങളുമായി ഞാന്‍ യൌവ്വനത്തിലെത്തിയപ്പോഴും പ്രണയ സാഫല്യമടയാത്ത എന്‍റെ മനസ്സ് കൗമാരത്തില്‍ തന്നെ കെട്ടുപിണഞ്ഞു കിടക്കുകയായിരുന്നു. എങ്കിലും ഇരിങ്ങാലക്കുടയിലെ പെണ്‍കുട്ടികളെ ഒന്നടങ്കം ഞാന്‍ നിര്‍ബാധം സ്നേഹിച്ചു പോരുകയും അവരെ കാണുമ്പോള്‍ എനിക്കു മാത്രം മനസ്സിലാകുന്ന രീതിയില്‍ നേരത്തെ പറഞ്ഞ കണ്ണുകൊണ്ടും ഹൃദയം കൊണ്ടുമുള്ള കോപ്രായങ്ങള്‍ തുടരുകയും ചെയ്തിരുന്നു. വെറുതെ മോഹം മാത്രം ഉള്ളില്‍ കൊണ്ടുനടന്നാല്‍ നീ ആഗ്രഹിക്കുന്ന പെണ്‍കുട്ടി അതെങ്ങനെ അറിയും എന്ന് എന്‍റെ ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ചോദിച്ചപ്പോള്‍ അത്രയും കാലം ഇല്ലാതിരുന്ന ഒരു വെളിച്ചം എന്‍റെ തലയിലേക്ക് കടന്നുവരികയായിരുന്നു. എന്‍റെ ഉള്ളിലെ മോഹങ്ങള്‍ ആരോടായാലും തുറന്നു പറയാനുള്ള ധൈര്യവും ചങ്കൂറ്റവും എനിക്കു വേണമെന്ന് അവരെന്നെ പഠിപ്പിച്ചു. ആഴ്ചകള്‍ നീണ്ട പ്രണയ കോഴ്സിനു ശേഷം അല്പസ്വല്പം ആത്മവിശ്വാസവുമൊക്കെയായി ഞാന്‍പുറത്തിറങ്ങി. പക്ഷേ അപ്പോഴേക്കും കണ്ടുവച്ചിരുന്ന പെണ്‍കുട്ടികളെല്ലാം ഓരോരുത്തരുടെ കൂടെ എന്‍ഗേജ്‌ഡായി കഴിഞ്ഞിരുന്നു.
അങ്ങനെ ദിവസങ്ങള്‍ തള്ളിനീക്കുന്നതിനിടയിലാണ് എന്‍റെ ഹൃദയം തരളിതമാക്കികൊണ്ട് ആ സുന്ദരി, ചന്ദ്രേട്ടന്‍റെ കടയുടെ മുന്നിലൂടെ സ്ഥിരപ്രയാണം ആരംഭിച്ചത്. വാടിക്കരിഞ്ഞുപോയി എന്നു കരുതിയിരുന്ന എന്‍റെ പ്രണയസ്വപ്‌നങ്ങള്‍ വീണ്ടും തളിരിട്ടു. മാറത്ത് ഒരടുക്കു പുസ്തകവും ചേര്‍ത്തുപിടിച്ച് തലകുമ്പിട്ട് എന്നും അതുവഴി കടന്നു പോകുന്ന ആ പാവടക്കാരിയെ കാണുന്നതിനായി ചന്ദ്രേട്ടന്‍റെ പലചരക്കുകടയിലെ ഉപ്പുപെട്ടിക്കു മുകളില്‍ രണ്ടു ചതുരശ്ര അടി സ്ഥലം ഞാന്‍ സ്ഥിരവാടകക്കെടുത്തു. പിന്നീടുള്ള എന്‍റെ രാവുകളും പകലുകളും അവളെകുറിച്ചുള്ള സപ്നങ്ങള്‍ നിറഞ്ഞതായിരുന്നു. ആ സ്വപ്നങ്ങളില്‍ ഞങ്ങളെകുറിച്ചുള്ള പല കഥകളും പിറന്നുവീണു. സിനിമാഗാനങ്ങളുടെ വരികള്‍ ആദ്യമായി ശ്രദ്ധിച്ചു കേള്‍ക്കാന്‍ തുടങ്ങി. അതിലെല്ലാം നിറഞ്ഞുനില്‍ക്കുന്നത് എന്‍റെ മനോവികാരങ്ങളാണെന്നു തോന്നി. ഓരോ കഥയും ഞങ്ങളെ കുറിച്ചാണ് എഴുതിയതെന്നും ഓരോ സിനിമയും ഞങ്ങളെകുറിച്ചുള്ളതാണെന്നും അത്ഭുതം കൊണ്ടു. അവളെ കാണാന്‍ സിനിമാനടി ഭാനുപ്രിയയുടെ പോലെയാണെന്നു തോന്നിതുടങ്ങി. പക്ഷേ എവിടം കൊണ്ടോക്കെയോ സുമലതയും കൂടി കടന്നുവന്ന് രണ്ടുപേരും തമ്മില്‍ ക്ലാഷ് ആയപ്പോള്‍ ആവശ്യമുള്ളപ്പോള്‍ വിളിച്ചാല്‍ മാത്രം വന്നാല്‍ മതിയെന്നു പറഞ്ഞ് തല്‍ക്കാലം രണ്ടു പേരെയും പറഞ്ഞു വിടേണ്ടി വന്നു.
സ്വന്തം സൗന്ദര്യസംരക്ഷണത്തില്‍ ശ്രദ്ധ ചെലുത്തേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് ചിന്തിച്ചു തുടങ്ങിയതും അപ്പോഴാണ്‌. എന്‍റെ തലമുടി കമലാഹാസന്‍റെ പോലെ ആകുന്നില്ല എന്ന പരാതിയുമായി ബാര്‍ബര്‍ഷാപ്പില്‍ ചെന്ന എന്നോട് ജനിതക വൈകല്യം ബാധിച്ച ഈ മുടിയില്‍ ഇനി എന്തുചെയ്തിട്ടും കാര്യമില്ല എന്നു പറഞ്ഞ ബാര്‍ബര്‍ കുമാരനെ ആ ക്ഷൌരക്കത്തിയെടുത്ത് കീറി മുറിക്കാനാണു തോന്നിയത്.
പ്രണയാഭ്യര്‍ത്ഥന എന്ന മംഗളകര്‍മ്മത്തിനു മുന്നോടിയായി ആ പെണ്‍കുട്ടിയുടെ മുന്നിലൂടെ ഒന്നു ചെത്തി ഷൈന്‍ ചെയ്യുന്നതിനായി സുഹൃത്തായ കുമാറിന്‍റെ കയ്യും കാലും പിടിച്ച് അവന്‍റെ അച്ഛനറിയാതെ ഒരു ദിവസം അവരുടെ ലാംബ്രട്ടാ സ്കൂട്ടറുമെടുത്ത്‌, ബാലന്‍സ്‌ ഉറക്കാതെ ഞാന്‍ വിറച്ചു വിറച്ചു വന്നതും മുന്നിലേക്കുള്ള നോട്ടവും ക്ലച്ച്-ഗിയര്‍-ആക്സിലേറ്റര്‍ തമ്മിലുള്ള ഒരു സാങ്കേതിക ഏകീകരണവും സാദ്ധ്യമാക്കുന്നതിനുള്ള കഠിനപരിശ്രമത്തിനിടയില്‍ സകല കണ്ട്രോളും പോയി ലാംബ്രട്ടാ സ്കൂട്ടര്‍ കുതിര ചാടുന്നതുപോലെ അടുത്ത വേലിക്കെട്ടും തകര്‍ത്തുകൊണ്ട് കുറുപ്പിന്‍റെ വളപ്പിലെ സര്‍പ്പക്കാവില്‍ ഇടിച്ചുനിന്നതും ഇപ്പോഴും വളരെ വ്യക്തമായി ഓര്‍മ്മയുണ്ട്. പ്രണയത്തിന്‍റെ ആദ്യവിലയായ എണ്ണൂറു രൂപ ഉണ്ടാക്കാനുള്ള തത്രപ്പാടില്‍ ആ പെണ്‍കുട്ടിയുടെ പ്രതികരണം എന്തായിരുന്നു എന്നതിനെകുറിച്ച് അന്വേഷിക്കാന്‍ തല്‍ക്കാലം എനിക്കു സാധിച്ചില്ല.
ഇത്രയൊക്കെ സംഭവവികാസങ്ങള്‍ നടന്നതോടുകൂടി ഞങ്ങളുടെ തീവ്ര പ്രണയത്തെക്കുറിച്ച് ആ പെണ്‍കുട്ടി ഒഴികെ ഒരുവിധം പ്രദേശവാസികളെല്ലാം തന്നെ മനസ്സിലാക്കി കഴിഞ്ഞിരുന്നു. ഈ വാര്‍ത്താ പ്രചാരണത്തില്‍ സ്കൂട്ടര്‍ മെക്കാനിക്ക്‌ ജോണിയുടെ സേവനം എടുത്തു പറയത്തക്കതായിരുന്നു.
എന്തായാലും കാര്യങ്ങള്‍ ഇത്രത്തോളമായ സ്ഥിതിക്ക് ഞാന്‍ ആ കുട്ടിയോട് മനസ്സു തുറക്കണമെന്ന് ഉപദേശക സംഘം ശക്തമായി ആവശ്യപ്പട്ടു. അതനുസരിച്ച് പിറ്റേന്നു രാവിലെ എന്‍റെ സ്വന്തം ഉപ്പുവീപ്പയുടെ മുകളില്‍ അവള്‍ വരുന്നതും കാത്ത് ഞാനിരുന്നു. എന്‍റെ ഹൃദയമിടിപ്പിന്‍റെ വേഗം കൂട്ടിക്കൊണ്ട് അകലെ നിന്നും നടന്നു വരുന്ന അവളെ കണ്ടപ്പോള്‍ അത് വരെ സംഭരിച്ച ധൈര്യവും തീരുമാനങ്ങളും ഒരു ഉരുള്‍പൊട്ടല്‍ വന്ന് ഒലിച്ചുപോയ പോലെ. എങ്കിലും എവിടുന്നൊക്കെയോ സംഭരിച്ച ഊര്‍ജവുമായി ഞാന്‍ അവളുടെ നേരെ നടന്നു നീങ്ങി. ശരീരത്തിനു ചെറുതായി ഒരു തളര്‍ച്ച തോന്നുന്നുണ്ട്. നാവും തൊണ്ടയും വരണ്ടു പോകുന്നു. ചുണ്ടുകള്‍ക്കും മൂക്കിന്‍ തുമ്പത്തുമെല്ലാം ഒരു ചൂട്. കണ്ണുകള്‍ ചുവന്നു തുടുക്കുന്നു. എന്‍റെ വരവുകണ്ട് ആ പെണ്‍കുട്ടിക്കും എന്തോ പന്തികേട് തോന്നിയിട്ടുണ്ടാകാം. പതിയെ അവള്‍ ഒഴിഞ്ഞ് വഴിയുടെ ഓരം ചേര്‍ന്ന് നടക്കാന്‍ തുടങ്ങി. രണ്ടും കല്പിച്ച് ഞാന്‍ ആ പെണ്‍കുട്ടിയുടെ മുന്നില്‍ ചെന്നുനിന്നു. അവളുടെ കണ്ണുകളില്‍ പരിഭ്രമമോ ഭയമോ എന്താണെന്ന് തിരിച്ചറിയാനുള്ള വിവേകവും ബോധവും എനിക്കില്ലായിരുന്നു. ആദ്യമായി ഒരു പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്താന്‍ പോകുന്നതിന്‍റെ വികാരതീവ്രതയിലും ചുറ്റുപാടും ആള്‍ക്കാര്‍ ഞങ്ങളെ ശ്രദ്ധിക്കുന്നു എന്നറിഞ്ഞതിന്‍റെ ടെന്‍ഷനിലും ആണോ എന്നറിയില്ല എന്‍റെ രക്തസമ്മര്‍ദ്ദം കൂടി. എന്തൊക്കെയോ ഒരു വിമ്മിഷ്ടം പോലെ. അടിവയറ്റില്‍ നിന്നും എന്തോ ഉരുണ്ടുകൂടി മുകളിലേക്ക് വരുന്നു. അധികമൊന്നും ആലോചിക്കേണ്ടതായി വന്നില്ല. ടെന്‍ഷന്‍റെ പരമകാഷ്ടയില്‍ എല്ലാ അഭ്യര്‍ഥനകളും ഉരുണ്ടുകൂടി വായിലൂടെ ബഹിര്‍ഗമിക്കുകയും റോഡരുകില്‍ വാളുവച്ച് ഞാന്‍ കുഴഞ്ഞിരിക്കുകയും ചെയ്തു. എന്‍റെ ഈ പരാക്രമങ്ങളെല്ലാം തന്നെ വളരെ ആത്മാര്‍ഥമായ ഒരു പ്രണയാഭ്യര്‍ത്ഥനയുടെ മുന്നോടിയായിരുന്നു എന്ന പരമ സത്യം തിരിച്ചറിയാതെ ധാരാളം തെറ്റിധാരണകളുമായി ആ പെണ്‍കുട്ടി വേഗത്തില്‍ നടന്നകന്നു. പ്രേംനസീറാവാന്‍ പരിശ്രമിച്ച ഞാന്‍ ഒരു സത്താര്‍ ഇമേജുമായി വഴിയരുകിലെ ഇലക്ട്രിക് പോസ്റ്റില്‍ ചാരി തളര്‍ന്നിരുന്നു.
പിന്നീടൊരിക്കലും ആ പെണ്‍കുട്ടിയെ ഞാന്‍ കണ്ടിട്ടില്ല. കാണാന്‍ ശ്രമിച്ചില്ല എന്നതാണ് വാസ്തവം. നാണക്കേടുകൊണ്ട് കുറച്ചുകാലം ചന്ദ്രേട്ടന്‍റെ കടയുടെ ഭാഗത്തെക്കൊന്നും തന്നെ ഞാന്‍ വരാറില്ലായിരുന്നു. ഈ സംഭവത്തിനുശേഷം പ്രണയാഭ്യര്‍ത്ഥനകള്‍ നടത്താനുള്ള ശ്രമം ഞാന്‍ പരിപൂര്‍ണ്ണമായി ഉപേക്ഷിച്ചു. സഫലീകൃതമാകാത്ത, പൂര്‍ത്തീകരിക്കാനാകാത്ത ഒരു പ്രണയ സങ്കല്‍പം ആ പഴയ ചൈനാപേപ്പറില്‍ പൊതിഞ്ഞ് ചെമ്പരത്തിപ്പൂവും ചൂടി ഇരിങ്ങാലക്കുടയില്‍ ഇപ്പോഴും ഗതികിട്ടാതെ അലയുന്നു..

Saturday, January 7, 2012

വണിക് വിജയ വൃത്താന്തം


1182 ധനുമാസം  22 –ംനു ശനിയാഴ്ച
സമയം പകല്‍ ഉദിച്ച് 16 നാഴിക  7 വിനാഴിക

നാളെ ധനുമാസത്തിലെ തിരുവാതിര. ശ്രീപരമേശ്വരന്‍റെ പിറന്നാള്‍. ധനുമാസത്തിലെ കുളിര്‍ കോരുന്ന വെളുപ്പാന്‍കാലത്ത് മഞ്ഞിന്‍റെ മരവിപ്പുള്ള ജലത്തില്‍ മുങ്ങി നിവര്‍ന്നു മലര്‍ വറുത്തും, തിരുവാതിര കളിച്ചും, എട്ടങ്ങാടി നിവേദിച്ചും, പാതിരാപ്പൂ ചൂടിയും, വെറ്റില മുറുക്കിയും സ്ത്രീകള്‍ ആചരിച്ചും ആഘോഷിച്ചും വരുന്ന തിരുവാതിര. 

ആചാരങ്ങളെ ആഘോഷമാക്കുകയും പിന്നീടതിനെ വാണിജ്യവല്ക്കരിക്കുകയും ചെയ്യുന്ന വണികവൃന്ദം എന്തേ ഈ തിരുവാതിരയുടെ സാധ്യതകള്‍ കാണാതെ പോയതാവോ?
തുണിക്കച്ചവടക്കാര്‍ ഓണത്തിനെയും, സ്വര്‍ണ്ണക്കച്ചവടക്കാര്‍ അക്ഷയ ത്രിതീയയേയും, ട്രാവല്‍ ഏജന്‍സികള്‍ നാലമ്പല ദര്‍ശനത്തെയും ദത്തെടുത്ത സ്ഥിതിക്ക് റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാര്‍ക്ക് കയ്യേറാന്‍ തിരുവാതിര കുളിച്ചൊരുങ്ങി പാതിരാപ്പൂ ചൂടി നില്‍പ്പുണ്ട്. തന്‍റെ പിറന്നാളാഘോഷം ഗംഭീരമാക്കിയതിന്‍റെ സന്തോഷസൂചകമായി ശ്രീപരമേശ്വരന്‍ പ്രിയപത്നി പാര്‍വതീദേവിക്ക് കൈലാസത്തില്‍ നൂറേക്കര്‍ സ്ഥലവും ഒരു പുരയിടവും തീറെഴുതി കൊടുത്തു എന്നും, അതിനാല്‍ തിരുവാതിര ദിവസം പുരുഷപ്രജകള്‍ തനിക്കു പ്രിയപ്പെട്ടവര്‍ക്ക് സ്ഥലമോ വീടോ ഫ്ലാറ്റോ വാങ്ങി കൊടുക്കുന്നത് ഐശ്വര്യസമൃദ്ധിക്ക് നല്ലതാണെന്നും കാണിച്ച് മുന്‍കൂര്‍ ബുക്കിങ്ങും ലോണും ഉള്‍പ്പെടെയുള്ള സൌകര്യങ്ങള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ തുടങ്ങി വയ്ക്കാന്‍ സാദ്ധ്യതയുണ്ട്. ഏറി വന്നാല്‍ ഒരു കൊല്ലം. അതിനുള്ളില്‍ ചൊവ്വാദോഷം തീണ്ടിനില്‍ക്കുന്ന ഈ തിരുവാതിരയെ ആരെങ്കിലും സ്വന്തമാക്കും. റിയല്‍ എസ്റ്റേറ്റ്, വൈറ്റ്ഗുഡ്സ്, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍, ഇന്‍ഷുറന്‍സ്, സ്റ്റോക്ക്‌ മാര്‍ക്കറ്റ്‌ തുടങ്ങി പലരും സ്വന്തമായൊരു ആഘോഷം കിട്ടാതെ തെണ്ടിതിരിയുകയാണിന്ന്‍.

എനിക്ക് ഓര്‍മ്മവച്ച നാള്‍ മുതല്‍, അക്ഷത്രിതീയ ദിവസം മുത്തശ്ശി ദാനം നടത്തുന്നതാണ് കണ്ടു വന്നിരിക്കുന്നത്. അന്നേ ദിവസം ബ്രാഹ്മണര്‍ക്ക് ദ്രവ്യം, വസ്ത്രം, അരി എന്നിവയെല്ലാം ദാനം നല്‍കുന്ന പതിവാണ് ഉണ്ടായിരുന്നത്. ആ ദിവസം ബ്രാഹ്മണര്‍ക്ക് ദാനം നല്‍കുന്നത് ഐശ്വര്യത്തിനും ദീര്‍ഘായുസ്സിനും നല്ലതാണെന്ന വിശ്വാസവും നിലനിന്നിരുന്നു. ഇത്തരം വിശ്വാസങ്ങളും ആചാരങ്ങളും പരിപാലിച്ചു പോന്നിരുന്ന ചിലരില്‍ നിന്ന് അക്ഷത്രിതീയയെ “അടിച്ചു മാറ്റി” അതിന്‍റെ മൂല്യത്തെയും വിശ്വാസത്തെയും സത്തയേയും അര്‍ത്ഥ തലങ്ങളെയും അപ്പാടെ മാറ്റി മറിച്ച് അതിനെ സ്വര്‍ണ്ണം വാങ്ങിക്കൂട്ടാനുള്ള ഒരു ദിവസമാക്കി അവതരിപ്പിച്ച് വിശ്വാസത്തിന്‍റെ മേമ്പൊടി ചേര്‍ത്തു സ്ഥിരബുദ്ധിയില്ലാത്ത ഒരു സമൂഹത്തിനു വിളമ്പിക്കൊടുത്തവരെ, അതിനു പിന്നിലെ ബുദ്ധി ആരുടേതായിരുന്നാലും, സാഷ്ടാംഗം പ്രണമിക്കുകയേ നിവൃത്തിയുള്ളൂ. ദാനധര്‍മ്മാദികള്‍ നടത്തേണ്ട ഒരു ദിനത്തെ വാങ്ങിക്കൂട്ടലിന്‍റെ ദിവസമാക്കി മാറ്റി സ്വന്തം മടിശ്ശീല വീര്‍പ്പിക്കാന്‍ കാണിച്ച മിടുക്കിനെ പിന്നെന്തു ചെയ്യണം.

ഒളിഞ്ഞും തെളിഞ്ഞും മറഞ്ഞും കിടക്കുന്ന ഒരുപിടി ആഘോഷങ്ങള്‍ ഇനിയുമുണ്ട് നമുക്കിടയില്‍. അവയെല്ലാം പുതിയ വിശ്വാസങ്ങളുടെ പേരില്‍ പുതിയ രൂപത്തിലും ഭാവത്തിലും പുനരവതരിക്കാന്‍ കിടക്കുന്നതേയുള്ളൂ.
കാത്തിരുന്നു കാണാം. 

കേരളം ഭ്രാന്താലയമാണെന്ന് പറഞ്ഞ വിവേകാനന്ദസ്വാമികളുടെ വാക്കുകള്‍ക്ക് ഇന്നും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല. സ്വാമികളോടുള്ള ബഹുമാനം കൊണ്ട്, അദ്ദേഹത്തിന്‍റെ വാക്കുകള്‍ പാഴായി പോകരുത് എന്നതിനാലാകാം കേരള ജനത അത് അപ്പാടെ ഇപ്പോഴും കൊണ്ടുനടക്കുന്നത്.

Friday, December 30, 2011

വര്‍ഷാന്ത്യ കണക്കെടുപ്പ്


ഇന്ന് ഡിസംബര്‍ 31
ലോകജനത ഏകീകൃത കണക്കെടുപ്പ് നടത്തുന്ന ദിവസം.
ജാതി മത ദേശ ഭാഷാ ഭേദമന്യേ സകലമാന ജനങ്ങളും തങ്ങളുടെ ജീവിതത്തിലെ ഒരു വര്‍ഷത്തെ ഗുണദോഷ ലാഭനഷ്ട കണക്കുകള്‍ വിശകലനം നടത്തുന്നതിന്നാണ്.
എന്തിനെന്ന് ചോദിച്ചാല്‍ അതങ്ങനെയാണ്. അത്ര തന്നെയേ അതിനു മറുപടിയുള്ളൂ.
ലാഭനഷ്ടങ്ങള്‍ വീതം വയ്ക്കാനോ ആരെയും ബോധിപ്പിക്കാനോ അല്ല, മറിച്ച് വീണ്ടും മോഹങ്ങളുടെ തേരിലേറി സ്വയം വിഡ്ഢിയാക്കപ്പെടാന്‍... ആണോ?
എന്തിനെന്നറിയാതെ ആളുകള്‍ പോയ വര്‍ഷത്തെ വിശകലനം ചെയ്യുകയും അടുത്ത വര്‍ഷം തീച്ചയായും നടപ്പാക്കേണ്ട കാര്യങ്ങളെ കുറിച്ച് തീരുമാനിച്ചുറപ്പിച്ച് ഗൌരവമായി ചര്‍ച്ച ചെയ്യുകയും കാണുമ്പോള്‍ അത്ഭുതം തോന്നുന്നു. പ്രത്യേകിച്ച് ബുദ്ധിമാന്മാര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന മലയാളികള്‍. വെറും മലയാളി ഗ്ലോബല്‍ മലയാളിയായി മാറിയപ്പോള്‍ സംക്രാന്തി ഡിസംബര്‍ 31-നും മേടം ഒന്ന് ജനുവരി ഒന്നിനും സ്വാഭാവികമായും വഴിമാറി കൊടുത്തതുകൊണ്ടാണോ ഈ പരിണാമങ്ങള്‍?
ഇന്നത്തെ യുവത്വവും അവരുടെ മുന്‍ തലമുറയുടെ ഒരു ഭാഗവും ഇതില്‍ പെട്ട്  മുന്നോട്ടു പായുമ്പോള്‍ മുന്‍ തലമുറയുടെ മറു ഭാഗവും പിന്‍ തലമുറകളുടെ അവസാന കണ്ണികളും മാറി നിന്ന് ഇതെല്ലാം കാണുന്നു. വര്‍ഷാന്ത്യ വിശകലനങ്ങളും കണക്കെടുപ്പുകളുമില്ലാതെ പത്തെണ്‍പത് കൊല്ലം എങ്ങനെ ജീവിതം നയിച്ചു എന്നത്ഭുതപ്പെടാതെ തന്നെ.
ബാഹ്യ ശക്തികളുടെ കടന്നുകയറ്റവും നിയന്ത്രണങ്ങളും ഇല്ലാത്ത അവരുടെ ജീവിതത്തില്‍ ആവശ്യങ്ങളും ലക്ഷ്യങ്ങളും നിശ്ചിത വ്യാസത്തിന് പുറത്തേക്കു നയിക്കപ്പെട്ടിരുന്നില്ല. മനുഷ്യമനസ്സില്‍ മോഹങ്ങള്‍ കുത്തിവയ്ച്ചു ജീവിത നിലവാരം വലിച്ചുയര്‍ത്തി അവരെ ആഗ്രഹങ്ങള്‍ക്ക് പുറകെ പായാന്‍ പ്രേരിപ്പിക്കുന്നതില്‍ ഇടക്കാലത്ത് വാണിജ്യമേഖല നടത്തിയ കുതിച്ചു ചാട്ടം അമ്പരിപ്പിക്കുന്നതു തന്നെയായിരുന്നു. അതിന് ഉപോല്‍ബലകമായി, നിലനില്പിനും മാത്സര്യത്തിനും വേണ്ടി വാര്‍ത്തകളും ആഘോഷങ്ങളും സൃഷ്ടിക്കുന്ന ഒരു കൂട്ടം മാധ്യമങ്ങളും.
മുന്‍തലമുറയ്ക്ക് അവരുടെ ആഗ്രഹങ്ങളുടെ ലിസ്റ്റ് മനസ്സില്‍ കുറിച്ചിടാനുള്ളതേ ഉണ്ടായിരുന്നുള്ളൂവെങ്കില്‍ ഇന്നത്‌ ഒരു എക്സല്‍ ഷീറ്റിലാക്കി വയ്ക്കാനുള്ളിടത്തോളം വലുതായിരിക്കുന്നു. പുത്തന്‍ യുവത്വത്തിന് ഒരു 16GB മെമ്മറി കാര്‍ഡിലാക്കാന്‍ പാകത്തില്‍ അത് വളര്‍ന്നിട്ടുണ്ടാകാം.
ഈ വക വിശകലനങ്ങളില്‍ ഒരു തെറ്റും ശരിയുമുണ്ടോ?
ശരി തെറ്റുകള്‍ക്കുപരി അവനവന്‍റെ ആത്മസംതൃപ്തിയാണോ അതിനു മാനദണ്ഡം?
എങ്കില്‍, ആത്മസംതൃപ്തിയുടെ മാനദണ്ഡം ആഗ്രഹവ്യാപ്തിക്കനുസൃതമായി മാറുമ്പോള്‍ മാനദണ്ഡങ്ങള്‍ക്ക് ഒരു മാനദണ്ഡം കല്പ്പിക്കേണ്ടി വരുമോ?

കണ്‍ഫ്യൂഷന്‍......
വീണ്ടും കണ്‍ഫ്യൂഷന്‍..... ഇന്നേ ദിവസം തന്നെ എന്തിനു ഞാനീ വിശകലങ്ങള്‍ക്ക് പുറകേ പോയി?
അടുത്ത വര്‍ഷം എന്തായാലും ഇങ്ങനെയൊന്നും പോരാ. എല്ലാം കുറിച്ചിടാന്‍ മനസ്സിനും വലുപ്പം പോരാ, എക്സല്‍ ഷീറ്റ് തന്നെ വേണം.

Wednesday, November 16, 2011

ആലുവ ഫ്രീ സോണ്‍ AAFZ


ഇക്കഴിഞ്ഞദിവസമാണ് അച്യുതന്‍ എന്നോട് ആ സംഭവത്തെക്കുറിച്ച് പറഞ്ഞത്. കേട്ടപ്പോള്‍ എനിക്കും ചെറിയൊരു പേടിയൊക്കെ തോന്നി. എന്‍റെ അടുത്ത സുഹൃത്താണ് അച്ചു. ബാങ്കുദ്യോഗസ്ഥന്‍. എന്തോ ട്രെയിനിങ്ങിന്‍റെ ഭാഗമായി കുറച്ചു നാള്‍ മുന്‍പ് ആലുവയില്‍ താമസിക്കുകയുണ്ടായി. വൈകിട്ട് ഹോട്ടല്‍ മുറിയില്‍ ഇരുന്നു മുഷിഞ്ഞപ്പോള്‍ ആലുവ മണപ്പുറത്തെ തണുത്ത കാറ്റുമേറ്റ് പതിയെ നടക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടു മൂപ്പര്. നേരം സന്ധ്യ മയങ്ങി, ഇരുട്ട് വീണു തുടങ്ങി. അധികം ബഹളങ്ങളൊന്നുമില്ലാതെ പരന്നൊഴുകുന്ന ആലുവപ്പുഴയും വിശാലമായ മണപ്പുറവും നോക്കി മതിമറന്നങ്ങിനെ ഇരുന്നപ്പോഴാണ് അച്ചു ആ സ്ത്രീ ശബ്ദം കേട്ടത്.
“ എത്ര കാലമായി ഞാന്‍ അന്വേഷിക്കുന്നു. ഇന്നെങ്കിലും വന്നല്ലോ. എനിക്ക് സമാധാനമായി.”
ആ ശബ്ദം എവിടെ നിന്നാണെന്നുമറിയാതെ അച്ചു ചുറ്റും നോക്കി. ആരെയും കാണുന്നില്ല. ആരോ ആരെയോ കാത്തിരുന്നു കണ്ടുമുട്ടിയതിന്‍റെ വികാരപ്രകടനം കുറച്ച് ഉച്ചത്തിലായതിന്‍റെയായിരിക്കും.
“എന്താ ഞാന്‍ പറഞ്ഞത് കേള്‍ക്കാത്ത പോലെ ഇരിക്കുന്നേ? ഇവിടെ... ഇങ്ങോട്ട് നോക്കൂ..”
പരിസരത്തെങ്ങും ആരെയും കാണുന്നുമില്ല. ഇനി തന്നോട് തന്നെയാണോ? അച്ചു കണ്ണട ഊരി തുടച്ച് ഒന്ന് കൂടി ചുറ്റും നോക്കി.
“ഇങ്ങോട്ട് നോക്കൂ.. ഞാനിവിടെ തന്നെയുണ്ട്‌.”  വീണ്ടും അതേ ശബ്ദം.
ഊം..... ഇത് അത് തന്നെ കേസ്. അമ്പടി കേമീ.... പെട്ടെന്ന് മനസ്സില്‍ രണ്ടു മൂന്നു ലഡ്ഡു പൊട്ടിയെങ്കിലും ഇത്തരം ചവറു കേസുകളില്‍ താല്പര്യമില്ലാത്തതിനാലും ഇനി ഇവിടെ നിന്നാല്‍ കൂടുതല്‍ വല്ല അപകടത്തിലേക്കും എടുത്തെറിയപ്പെട്ടാലോ എന്ന ഭയം കൊണ്ടും അച്ചു പതിയെ എഴുന്നേറ്റ് നടന്നു നീങ്ങാന്‍ തുടങ്ങി.
“സ്വാമീ... പോവുകയാണോ? അയ്യോ എന്നെ ഉപേക്ഷിച്ച് പോകല്ലേ.”
ഹും... ഇത് വിചാരിച്ച പോലെയല്ല.. വേഗം തടി രക്ഷിക്കുകയാണ് നല്ലത്. ഇവര്‍ ചിലപ്പോള്‍ ഒരു സംഘം തന്നെയുണ്ടാകും. എന്തായാലും അവള്‍ ആളു കേമി തന്നെ. സ്വാമീ എന്നൊക്കെ വിളിച്ച് എല്ലാ അടവുകളും നോക്കുന്നുണ്ട്.
“ കഴിഞ്ഞ എട്ടു കൊല്ലമായി ഞാനിവിടെ തന്നെ സ്വാമിയെയും കാത്തുനില്‍ക്കുന്നു. എന്നെ അങ്ങേക്ക് മനസ്സിലാവാന്‍ വഴിയില്ല. എട്ടു കൊല്ലം മുന്‍പ് അങ്ങ് ആവാഹിച്ചു വരുത്തിയ ആത്മാവാണ് ഞാന്‍. അങ്ങേക്ക് മാത്രമേ എന്നെ രക്ഷിക്കാനാകൂ. ഇത്രയും കാലം അങ്ങയുടെ വരവും കാത്ത് ഞാനിവിടെ കഴിയുകയായിരുന്നു.”
അച്ചു ഒരു നിമിഷം ഞെട്ടിത്തരിച്ചു നിന്നു. ആത്മാവോ??? ആവാഹിക്കുകയോ??? മനസ്സില്‍ നേരത്തേ പൊട്ടിയ ലഡ്ഡുവെല്ലാം ഡൈനാമിറ്റുകളായി തിരിച്ചു പൊട്ടിയ പോലെ. വായ വരണ്ടു പോകുന്നു. കണ്ണില്‍ ഇരുട്ടു കേറിയതോ അതോ രാത്രി ഇരുണ്ടതോ എന്ന് നിശ്ചയമില്ല. ഹേയ്... പ്രേതമാകാന്‍ തരമില്ല. ഇവറ്റകളൊക്കെ അര്‍ദ്ധരാത്രിയാണ് പുറത്തിറങ്ങുക എന്നാണല്ലോ മുത്തശ്ശി പറഞ്ഞു തന്നിട്ടുള്ളത്.... ആവോ... പറയാന്‍ പറ്റില്ല. ആലുവാ മണപ്പുറമല്ലേ... ആത്മാക്കളുടെ ഫ്രീ സോണ്‍.. അവരുടെ ലോകമഹാസമ്മേളനം നടക്കുന്ന സ്ഥലം...
“എട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ശിവരാത്രി നാള്‍ ബലിയിടാന്‍ വന്ന എന്‍റെ മക്കള്‍ക്ക്‌ വേണ്ടി അങ്ങ് എന്നെ ആവാഹിച്ചു വരുത്തി കര്‍മ്മങ്ങളൊക്കെ ചെയ്തു. പക്ഷെ അന്നത്തെ തിരക്കിനിടയില്‍ അങ്ങ് എന്നെ തിരികെ ആത്മാക്കളുടെ ലോകത്തേക്ക് പറഞ്ഞയക്കാനുള്ള കര്‍മ്മങ്ങള്‍ ചെയ്തില്ല. അതുകൊണ്ട് ഞാനിവിടെ കുടുങ്ങിപ്പോയി. എന്നെ ആവാഹിച്ചു വരുത്തിയ അങ്ങേക്ക് മാത്രമേ ഇനി എന്നെ തിരികെ പറഞ്ഞയക്കാന്‍ കഴിയൂ. ഇനി കുറച്ചു കാലത്തിനുള്ളില്‍ എനിക്ക് തിരികെ പോകാന്‍ സാധിച്ചില്ലെങ്കില്‍ മോക്ഷം കിട്ടാതെ കാലാകാലം ഞാന്‍ ഇവിടെ തന്നെ അലയേണ്ടി വരും. ഇനി എന്തായാലും അത് വേണ്ട. അങ്ങ് വന്നല്ലോ. സമാധാനമായി.”
അവര്‍ പറഞ്ഞു നിര്‍ത്തി.
വര്‍ഷങ്ങള്‍ക്കു മുന്‍പ് കോളേജില്‍ പഠിക്കുന്ന സമയത്ത് ഒരു ശിവരാത്രി ദിവസം ഇളയത് സ്വാമിയുടെ മക്കളുടെ കൂടെ മൂന്നു നാല് സുഹൃത്തുക്കളുമൊരുമിച്ചു ആലുവ ശിവരാത്രിക്ക് പോയതാണ്. ആലുവ മണപ്പുറത്തെ കാഴ്ചകളും കറക്കവും കഴിഞ്ഞെത്തിയപ്പോഴേക്കും മണപ്പുറത്തെ പ്രസിദ്ധമായ ബലിയിടല്‍ ചടങ്ങ് തുടങ്ങിയിരുന്നു. അന്ന് ഇളയത് സ്വാമിയുടെ മക്കളുടെ കൂടെ ഒരു പരികര്‍മ്മിയായി ഒരു രസത്തിനു കൂടെ നിന്നു. കുറച്ചു കഴിഞ്ഞപ്പോഴേക്കും തിരക്ക് വര്‍ദ്ധിച്ച് വരുന്നവരെയെല്ലാം അറ്റന്‍ഡ് ചെയ്യാന്‍ പറ്റാതെയായി. ബലിയിടാന്‍ വരുന്നവര്‍ തിരക്കില്ലാതെ ഒഴിവുള്ള സ്ഥലം തേടി പോകും. പോയത് പോയി. ഇളയതിനെ സംബന്ധിച്ച് “ദക്ഷിണ” പരമാവധി ഉണ്ടാക്കാനുള്ള അവസരമാണത്. ഇളയതിന്‍റെ എളിയ ബുദ്ധിയില്‍ ഒരു സൂത്രമുദിച്ചു. ബലിയിടാന്‍ വരുന്നവരെ സംബന്ധിച്ച് കര്‍മ്മം ചെയ്യിക്കുന്നവര്‍ ഇളയതാണോ നായരാണോ നമ്പൂരിയാണോ എന്നൊന്നും അറിയാന്‍ പോകുന്നില്ല. എവിടെനിന്നൊക്കെയോ വരുന്നവര്‍. അവര്‍ക്കെന്തറിയാം..സാധനങ്ങള്‍ പൊതിഞ്ഞു കെട്ടിക്കൊണ്ടുവന്ന നൂലെടുത്തു മൂന്നു ചുറ്റുചുറ്റി പൂണൂലാക്കി അച്യുതന്‍റെ കഴുത്തിലിട്ടു കൊടുത്തു ഇളയത്‌. കൂടാതെ കൂട്ടുവന്ന മറ്റു നാലുപേരുടെ കഴുത്തിലും ഇട്ടു കൊടുത്തു ഓരോന്ന്. ഇവരെ വച്ച് പുഴക്കടവില്‍ അഞ്ചു കൌണ്ടര്‍ കൂടി പുതുതായി ഇളയത്‌ ഉടനടി തുറന്നു. ആകെ കുറച്ചു ദര്‍ഭപ്പുല്ലും തുളസിപ്പൂവും വീതം വയ്ക്കണം എന്നതു മാത്രമാണ് പുതിയ കൌണ്ടര്‍ തുറക്കാനുള്ള മൂലധനം എന്നുള്ളതുകൊണ്ട് കാര്യങ്ങള്‍ വളരെ എളുപ്പമായി. യുവത്വത്തിന്‍റെ കുരുത്തക്കേടുകള്‍ക്കിടയില്‍ നിനച്ചിരിക്കാതെ കിട്ടിയ പുതിയ റോളില്‍ അച്യുതനും കൂട്ടരും ഹാപ്പി. പരികര്‍മ്മികള്‍ കര്‍മ്മികളായി. കുറച്ചു നേരം സഹായിയായി നിന്നതുകൊണ്ട് ചടങ്ങുകളൊക്കെ ഒരു വിധം ഒപ്പിക്കുകയും ചെയ്യാം. ഇനി അഥവാ കുറച്ചൊക്കെ തെറ്റിയാലും ആര്‍ക്കു ചേതം..
അങ്ങനെ അന്നത്തെ ആ കളിക്കിടയില്‍ ആവാഹിച്ചു വരുത്തിയ ആത്മാവാണത്രേ ഈ മുന്നിലിരുന്ന് എണ്ണിപ്പെറുക്കുന്നത്. ഹെന്‍റീശ്വരാ... ആവാഹിക്കണമെന്നും കര്‍മ്മങ്ങള്‍ കഴിഞ്ഞ് ഉദ്ധ്വസിച്ച് മേല്‍പ്പോട്ട്‌ തിരിച്ചു വിടണമെന്നും അന്ന് ഇളയത് പറഞ്ഞു തന്നിരുന്നു. പക്ഷേ ഇതിനെ മാത്രം പറഞ്ഞയച്ചില്ലേ? ആവോ... ആര്‍ക്കറിയാം...അന്ന് അപ്പോള്‍ കണ്ടുപഠിച്ച ക്രിയാവിധികള്‍ എന്തൊക്കെയോ കാട്ടിക്കൂട്ടി എന്ന് മാത്രം. അത് അപ്പോള്‍ തന്നെ മറന്നു പോയിരുന്നു. പിന്നീട് ശിവരാത്രിക്ക് പോയിട്ടുമില്ല. അന്നത്തെ ഒരു രസത്തില്‍ ചെയ്ത കാര്യങ്ങള്‍..... അതിന് ഇങ്ങനെയൊരു വാല്‍ക്കഷ്ണം ബാക്കിപത്രമായി ഉണ്ടാകുമെന്ന് കരുതിയില്ല. കിട്ടിയ ദക്ഷിണയില്‍ നിന്ന് ഒരു ഫുള്ളിനുള്ള കാശെടുത്തിട്ട് ബാക്കി എല്ലാം ഇളയതിനു തന്നെ കൊടുക്കുകയാണ് ഉണ്ടായത്. അപ്പോള്‍ ദക്ഷിണ കണക്ക് വച്ചു നോക്കുകയാണെങ്കില്‍ ഈ ബാധയുടെ അവകാശി ഇളയത്‌ തന്നെയല്ലേ...
“സ്വാമി എന്താ ആലോചിക്കുന്നത്? എന്നെ തിരികെ പറഞ്ഞയക്കാനുള്ള കാര്യങ്ങള്‍ ചെയ്യൂ.. എനിക്ക് ധൃതിയായി.” ആത്മാവ് പറഞ്ഞു.
“ശ്ശ്....” മിണ്ടാതിരിക്ക് എന്ന് ആംഗ്യം കാണിച്ചുകൊണ്ട് അച്ചു മൊബൈല്‍ ഫോണെടുത്ത് വിളിക്കാന്‍ ശ്രമമാരംഭിച്ചു. ഇളയതിനെ ലൈനില്‍ കിട്ടുന്നുമില്ല. തിരിച്ചു പറഞ്ഞയക്കാനുള്ള മന്ത്രമൊന്നു കിട്ടിയാല്‍ ഈ മാരണത്തെ ഒന്ന് ഒഴിവാക്കാമായിരുന്നു. അല്ലെങ്കിലും ആവശ്യസമയത്ത് ആരെയും കിട്ടില്ല. ഭയത്തില്‍ നിന്നും പതിയെ മുക്തി നേടിയ അച്ചുവിന് കുറേശ്ശെ ദേഷ്യം വന്നു തുടങ്ങിയിരുന്നു. മട്ടും മാതിരിയും കണ്ടിട്ട് ഇത് തന്നെ ഉപദ്രവിക്കില്ല എന്ന് ഉറപ്പാണ്‌. അച്ചു മനസ്സിലോര്‍ത്തു.

“ എന്താ സ്വാമീ... ക്രിയക്കുള്ള സാധനങ്ങള്‍ ഒരുക്കൂ... എന്നെ ഒന്ന് പെട്ടെന്ന് പറഞ്ഞയക്കൂ..അല്ലെങ്കില്‍ ഞാനീ മണപ്പുറത്ത് തന്നെ അലഞ്ഞു നടക്കേണ്ടി വരും. ഈ മണപ്പുറം ഞങ്ങളുടെ ഫ്രീ സോണ്‍ ആയതുകാരണം ഇത്രയും നാള്‍ വലിയ പ്രശ്നങ്ങളില്ലാതെ ഇവിടെ പിടിച്ചു നിന്നു. ഇവിടുത്തെ കാലാവധിയും തീരാറായി. അതിനു മുന്‍പ് എന്നെ പറഞ്ഞയച്ചില്ലെങ്കില്‍ എനിക്ക് മോക്ഷം ലഭിക്കില്ല. എന്‍റെ സന്തതി പരമ്പരകള്‍ക്ക് ദോഷമാവുമത്.” ആത്മാവ് തിടുക്കം കൂട്ടി തുടങ്ങി.
“ എന്‍റെ ചേച്ചീ... ഞാന്‍ സ്വാമിയുമല്ല, ഇളയതുമല്ല. നല്ല എ ക്ലാസ്സ്‌ നായരാണ്. അന്ന് ഞാനെന്തോ കോപ്രായം കാട്ടിക്കൂട്ടി എന്നുകരുതി എന്‍റെ വിളി കേട്ടപ്പോഴേക്കും എന്തിനാ ആക്രാന്തം മൂത്ത് ഇങ്ങോട്ട് ചാടിക്കേറി പോന്നത്? വെറുതെ എന്‍റെ വിളി കേട്ട് ഇങ്ങോട്ട് പോരാമെങ്കില്‍ ആ ഞാനിതാ പറയുന്നു... ദയവു ചെയ്തു തിരികെ പോകൂ.... ഇനി ഇതുകൊണ്ടൊന്നും തിരികെ പോകാന്‍ സാധിക്കുന്നില്ലെങ്കില്‍ ശിഷ്ടകാലം ഇവിടെ തന്നെ കഴിഞ്ഞുകൂടിക്കോളൂ... എന്തായാലും ഇവിടെ ഒക്കെ നല്ല പരിചയമായല്ലോ.. എന്നെക്കൊണ്ട് ഇത്രയൊക്കെയേ സാധിക്കൂ.”
ഒറ്റ ശ്വാസത്തില്‍ ഇത്രയും പറഞ്ഞൊപ്പിച്ച്, ആത്മാവിനെ അവിടെ നിഷ്കരുണം ഉപേക്ഷിച്ച് അച്യുതന്‍ വലിഞ്ഞു നടന്നു. പോയ്ക്കാലങ്ങളില്‍ ചെയ്തുകൂട്ടിയ ബാക്കി വിക്രിയകളുടെ കണക്കെടുപ്പ് തുടങ്ങിക്കൊണ്ട്.
കുറിപ്പ്: ഇതിലെ രണ്ടാമത്തെ കൌണ്ടറില്‍ ഇരുന്നിരുന്നത് ഞാനാണെന്ന് അച്ചു ഒരു പക്ഷേ ആരോപിക്കാന്‍ ഇടയുണ്ട്. കാലങ്ങളായി ഇരുളടഞ്ഞു കിടന്നിരുന്ന ചില നഗ്നസത്യങ്ങള്‍ വെളിപ്പെടുത്തിയതിന്‍റെ പ്രതികാരമായി കണക്കാക്കി അതിനെ നിങ്ങള്‍ തള്ളിക്കളയും എന്ന വിശ്വാസത്തോടെ.......
ഒപ്പ്‌

എഫ് ഐ ആർ -ൽ രേഖപ്പെടുത്താത്തത്

  ആത്മഹത്യ ചെയ്തയാളുടെ സംസ്കാരത്തിന് ജനം ഒഴുകിയെത്തി എന്തിനിയാൾ ഇതുചെയ്തെന്ന് മൂക്കിനു വിരൽവച്ച് ജനം ചോദിച്ചു   വിരൽപകുത്ത നെടുവീർ...