About Me

My photo

മനസ്സ് ഇരിങ്ങാലക്കുടയിലും ശരീരം അബുദാബിയിലും നിക്ഷേപിച്ച് നാടിനെക്കുറിച്ചുള്ള സ്വപ്നങ്ങളില്‍ മുഴുകിനടക്കുന്നു.

Saturday, December 20, 2014

കോണാൻ ദി ബാർബേറിയൻ

(എഴുത്തിന്റെ വഴികളില്‍ ഒരു പരീക്ഷണവുമായാണ് ഈ കഥ ഇവിടെ അവതരിപ്പിക്കുന്നത്‌. രണ്ടു പേര്‍ ചേർന്ന്  കഥ എഴുതുന്ന രീതി പണ്ടുമുതല്ക്കേ നിലവിലുണ്ട്. എന്തായാലും ഇവിടെ അതൊരു പുതുമ ആയിരിക്കുംഎന്ന് തോന്നുന്നു . ഞാനും എന്റെ സുഹൃത്ത്  സുരേഷ് വീട്ടിക്കഴിയും  ചേർന്ന് ഞങ്ങളുടെ ആദ്യ കൃതി ഇവിടെ നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കട്ടെ. . സുരേഷ് എഴുത്തിന്റെ വഴികളിൽ അദ്ദേഹത്തിന്റേതായ കയ്യൊപ്പ് അടയാളപ്പെടുത്തിയ വ്യക്തിയാണ്. ഞങ്ങൾ ആദ്യം ഈ കഥ റിലീസ് ചെയ്തത് ഫേസ് ബുക്കിൽ ആയിരുന്നു. )


കോണാൻ ദി ബാർബേറിയൻ
-------------------


വലിയ മനയ്ക്കലെ തിരുമേനി ബഹുകേമൻ തന്നെ. പഴയ മദിരാശി സർവ്വകലാശാലയിലെ ഗണിതശാത്ര ബിരുദം ചുരുട്ടിക്കൂട്ടി മച്ചിൽ ഭഗവതിയ്ക്ക് ഉടവാളായി സമ്മാനിച്ചു ഇല്ലം വക ക്ഷേത്രത്തിൽ പൂജാദികർമ്മങ്ങളും ശാന്തിയും കഴിച്ച് കാലം കഴിച്ചുകൂട്ടുകയാണ്‌ അദ്ദേഹം, അസാമാന്യ ജ്ഞാനി. കല, സാഹിത്യം, ഗണിതം, ശാസ്ത്രം, എന്നുവേണ്ട, സർവ്വമേഖലയിലും അതിനിപുണൻ. അതിലുപരി ഒരു സിനിമ ഭ്രാന്തൻ.  മലയായിലെല്ലാം ഒരു കറക്കം കറങ്ങി ബിരുദം, ജോലി, ഇത്യാദി വിഷയങ്ങളിൽ അവിശ്വാസം രേഖപ്പെടുത്തി തിരിച്ചുവന്നു ഇല്ലം, ക്ഷേത്രം, ഭക്ഷണം, വെടിവട്ടം ഇത്യാദിയിൽ വിശ്വാസം കല്പ്പിച്ചു സുഖിമാനായി കഴിയുകയാണ് അദ്ദേഹം.  ചിട്ടപ്രകാരം അഫനു വേളി നിഷിദ്ധമാകയാൽ ബാന്ധവം വേണ്ട എന്ന് ഏട്ടൻ തിരുമേനി അഭിപ്രായപ്പെട്ടുവെങ്കിലും മലയായിൽ പോയി പരിഷ്കാരം സ്വീകരിച്ചു വന്നതിനാൽ പുതിയനിയമം അടിസ്ഥാനമാക്കി ബാന്ധവിച്ചു, പക്ഷേ പഴയനിയമം കൈവിട്ടതുമില്ല. ആയതിനാൽ അതനുസരിച്ച്  സംബന്ധം നല്ലോണം ഉണ്ടായിതാനും. ബഹുകേമൻ, വിഷയതല്പരൻ.

പുലര്ച്ചെ മൂന്നര നാഴിക വെളുപ്പിനെ എഴുന്നേറ്റു കുളി, തേവാരം ഇവയെല്ലാം കഴിഞ്ഞു ക്ഷേത്രത്തിലെ പൂജയോടെ ആണ്  തിരുമേനിയുടെ ഒരു ദിനം ആരംഭിക്കുന്നത്. ഒറ്റത്തോർത്തും അതിനകത്തുനിന്നും പുറത്തേക്കേന്തിവലിഞ്ഞു നോക്കിനില്ക്കുന്ന ഒരു കോണകവാലും. അതാണ്‌ തിരുമേനിയുടെ സ്ഥിരവേഷം, മുഖമുദ്ര. സ്വാതന്ത്ര്യത്തിൽ അടിയുറച്ചു വിശ്വസിക്കുന്നതിനാൽ തോർത്ത്‌ , കൗപീനം, പൂണൂൽ എന്നീ തൃദോഷങ്ങൾ ഒഴികെ മറ്റു ആടയാഭരണങ്ങൾ എല്ലാം തന്നെ തിരുമേനി ഉപേക്ഷിച്ചു. മനുസ്മൃതി പണ്ടേ വെറുപ്പായിരുന്നതിനാൽ " ന: സ്ത്രീ സ്വാതന്ത്ര്യമർഹതി "  എന്ന ആപ്തവാക്യം ഹോമകുണ്ഡത്തിലർപ്പിച്ച്  സ്ത്രീകളും തന്നെപ്പോലെ സ്വന്ത്രരാകണം എന്നദ്ദേഹം ആത്മാർഥമായി ആഗ്രഹിച്ചിരുന്നു, ഉത്ഘോഷിച്ചിരുന്നു. അമ്പലത്തിൽ സ്ഥിരം തൊഴാൻ വരുന്ന ലലനാമണികളെ ഇക്കാര്യത്തിൽ അദ്ദേഹം അത്യധികം പ്രോത്സാഹിപ്പിക്കാറുണ്ടായിരുന്നു. ഇതേക്കുറിച്ച് ഒരു പ്രഭാഷണ പരമ്പര തന്നെ അദ്ദേഹം വിഭാവന ചെയ്തിട്ടുണ്ടായിരുന്നു.
ഒരു ദിവസം രാവിലെ എതൃത്തപൂജ കഴിഞ്ഞു നട തുറന്നപ്പോഴാണ്  സ്ഥിരാംഗവും സ്വാതന്ത്ര്യ മോഹിയുമായ വാരിയത്തെ ശാന്ത, നീർമിഴികൾ കൂമ്പി അഞ്ജലി കൂപ്പി തൊഴുതു നില്ക്കുന്നത്  തിരുമേനി കണ്ടത്. സ്വതവേ ശാന്തശീലനല്ലാത്തതിനാൽ തിരുമേനിയുടെ ശബ്ദം ഉച്ചയ്ക്ക് മാത്രമല്ല, കാലത്തും വൈകീട്ടും ഇടനേരങ്ങളിലും ഉച്ചത്തിൽ തന്നെ ആയിരുന്നു.
" ഹൈ... എന്താ ശാന്തേ നാലഞ്ച് ദിവസമായി തൊഴാൻ കാണാറില്ലല്ലോ ?"
തൊട്ടടുത്ത്‌ കതിനാവെടി പൊട്ടിയപോലെ ശാന്ത ആദ്യമൊന്നു ഞെട്ടിയെങ്കിലും, കാള കുത്താൻ വന്നാലും നാണംകുണുങ്ങി നഖചിത്രം വരച്ചു നില്ക്കുന്ന പ്രായം കഴിഞ്ഞുവെങ്കിലും, ചോദ്യം കേട്ട്  എന്തോ, ശാന്ത താൻ അറിയാതെതന്നെ വ്രീളാവിവശയായിപ്പോയി. പ്രസാദത്തിനായി നീട്ടിയ കൈകൾകൊണ്ട്  മുഖം മറച്ചു തിരിഞ്ഞുനിന്നു.
അതിനിടയിൽ ഒന്ന് ഗാഡമായി ചിന്തിച്ചു തിരുമേനി അടുത്ത വെടി പൊട്ടിച്ചു.
" അ..അ.... ആ.....മനസ്സിലായി...മനസ്സിലായി... ഒന്നും പറയേണ്ട..വേണ്ടാ...പറയേണ്ടാ..."
ഇത് പറയുന്നതിനിടയിൽ ഗണിതശാസ്ത്ര ബിരുദധാരി ഗണിച്ചു തുടങ്ങിയിരുന്നു.

“ആവറേജ് സ്കോറിൽ നിന്ന് രണ്ടു റണ്‍ കുറഞ്ഞു ഇരുപത്താറിൽ ഔട്ട്‌  ആയി അല്ലെ”

ഇതുകേൾക്കാൻ വാരസ്യാര് നിന്നില്ല. അതിനുമുന്നേ ആദി താളത്തിൽ ആ ജഘനഭാരം ഗമപ ഗമപ അടിച്ചു കൊണ്ട് പ്രദക്ഷിണ വഴിയിലേക്കിറങ്ങിയിരുന്നു . തന്റെ രഹസ്യ ഗണിതം തിരുമേനി പരസ്യമാക്കിയതിൽ കുണ്ഢിതപ്പെട്ട പോലെ .

ചുറ്റുപാടും ഉള്ളവരുടെ നാളും പക്കോം തിഥിയും മാത്രമല്ല, ജാതകവും മൂലം, പൂരാടം എന്നുവേണ്ടാ ഉത്രാടം വരെ തിരുമേനിക്ക് ഹൃദിസ്ഥമാണ്.
ജ്ഞാനിയാണദ്ദേഹം !!! തൃകാലജ്ഞാനി !! ഇതാണ് അഫൻ തിരുമേനി.

ഇങ്ങനെ പൂജയും തിടപ്പള്ളിയിലെ നിവേദ്യവും ഭഗവതി സേവയും പൊതുജന ഗണിതസേവയും സഹായഹസ്തങ്ങളുമായി തന്റെ മൾട്ടി ടാസ്കിംഗ് പെർഫോമൻസ്  തിരുമേനി തുടര്‍ന്നുകൊണ്ടേ ഇരുന്നു. ടൌണ്‍ ടു ടൌണ്‍ ബസ്സുപോലെ തിടപ്പള്ളിക്കും ശ്രീകോവിലിനും ഇടയ്ക്കുള്ള ഓട്ടവും, നടപ്പും, നില്പ്പും, എഴുന്നെൽക്കലും, ഇരിയ്ക്കലും മൂലം അയഞ്ഞുപോകുന്ന കൗപീനം പിന്നിൽ നിന്നും വലിച്ചു ടൈറ്റാക്കലും അതിനോടൊപ്പം തന്നെ അതിവിദഗ്ധമായി നടത്തുന്ന ആസനം മാന്തലും, പൂണൂൽ ഉപയോഗിച്ച്  നടത്തുന്ന പുറം ചൊറിയലും എല്ലാം തന്നെ ഈ ബഹുമേഖലാ  കർത്തവ്യങ്ങളുടെ ഭാഗം തന്നെയായിരുന്നു. എണ്ണയും വിയർപ്പും ദിനംതോറും ആവശ്യാനുസരണം ഒരു പ്രത്യേക അനുപാതത്തിൽ കൂടിച്ചേർന്ന് ആ ഒറ്റത്തോർത്തിൽ വിലയം പ്രാപിച്ചു അതിന്റെ പൂർവ്വഘടനയിൽ നിന്നും വ്യതിയാനം സംഭവിച്ച് അല്പം കാഠിന്യമേറിയ തന്തുരചനയായി,  സ്റ്റിഫ് വിത്തൌട്ട്  ഷൈൻ  ആയി തോർത്ത്‌ ഇടയ്ക്കിടയ്ക്ക് സ്വയം ചുരുണ്ടുകയറാൻ തുടങ്ങും. ആ സമയത്ത് തിരുമേനിയുടെ പുച്ച്ചാഗ്രം പുറത്തുവരികയും ശ്രീകോവിലിനകത്തെയ്ക്ക് തിരിഞ്ഞു നടക്കുന്ന തിരുമേനിയിൽ നിന്നും ഭഗവതിയിലെയ്ക്കുള്ള ദൂരവ്യത്യാസത്തിൽ, ഒരു ത്രീ ഡൈമെൻഷൻ ദർശനകോണിൽ, ഭഗവതിയുടെ കയ്യിലെ പള്ളിവാൾ കണക്കെ സാക്ഷാൽ കൌപീന ദർശന സൗഭാഗ്യം ഭക്തർക്ക്‌ സാധ്യമാവുകയും ചെയ്യും .

ഉഷപൂജയ്ക്ക് നട അടയ്ക്കുന്നതിന് മുൻപേ ഇല്ലത്തുനിന്നും ആത്തേമ്മാര് ഉണ്ണിയേയും കൊണ്ട് തൊഴാൻ വരും. തൊഴുതുമടങ്ങുമ്പോൾ ഉണ്ണിയെ അമ്പലത്തിൽ ബാക്കി വച്ചിട്ടാണ് മടക്കം. ആ സമയം അടിച്ചു തളിക്കാരി ജാനു ഉണ്ണിയുടെ മേൽനോട്ടം വഹിക്കും. തിരുമേനി പൂജ കഴിഞ്ഞു തിരിച്ചു പോകുമ്പോൾ അമ്പലമുറ്റത്ത്‌ കളിച്ചുകൊണ്ടിരിക്കുന്ന മൂന്നു വയസ്സുള്ള മകനെയും കൊണ്ടുപോകും. ഇതാണ് പതിവ് . ജാനുവിനും മൂന്നു വയസ്സുള്ള ഒരു ആണ്‍കുട്ടിയുണ്ട് . തിരുമേനിയെ മുറിച്ച മുറിയാണ് ഇല്ലത്തെ ഉണ്ണി. ജാനുവിന്റെ ചെക്കനാകട്ടേ ഉണ്ണിയുടെ അതേ ഛായയും.

ഇങ്ങനെയെല്ലാം കാലക്ഷേപം നടത്തുന്നതിന്ടയിൽ ഒരു ദിവസം ക്ഷേത്രത്തിനടുത്തുള്ള വീട്ടിൽ, ബോംബെയിൽ നിന്നും പറിച്ചുനടപ്പെട്ട പുതിയ താമസക്കാരായ അച്ഛനും മകളും ക്ഷേത്രത്തിൽ തൊഴാൻ വന്നു.  അന്നാണ് അങ്ങവിടെ ക്യൂബൻ ഭരണാധികാരി ഫിഡൽ കാസ്ട്രോയ്ക്കെതിരെ അമേരിക്ക അനാവശ്യം പറഞ്ഞതും ഇങ്ങിവിടെ  ക്ഷേത്രത്തിൽ മറ്റു രണ്ടു സംഭവങ്ങൾ അരങ്ങേറിയതും.

ശ്രീകോവിലിനകത്തെയ്ക്ക്  തിരുമേനി കയറിപ്പോകുന്ന വിശ്വവിഖ്യാതമായ പുച്ഛാഗ്ര യാത്രക്കിടയിൽ പിൻവശത്ത് ആ പള്ളിവാൽ കണ്ട  പരിഷ്കാരി പെണ്‍കുട്ടി ഒന്ന് അന്തിച്ചുനിന്നു. ശേഷം കുന്തിച്ചിരിന്നു ഒന്ന് കൂടി നോക്കി , ശേഷം ചിന്തിച്ചുനിന്നു. തന്റെ ബോംബെ ജീവിതത്തിലെ ശാർദ്ദൂലവിക്രീടതത്തിലൊന്നുംതന്നെ കാണാത്ത ഈ ഫാഷൻ തരംഗം കണ്ട് ആ കുട്ടി വീണ്ടും ചിന്തിച്ചു. അതല്പ്പം ഉറക്കെ ആയി.
" അച്ഛാ.. വാട്ടീസ്  ദാറ്റ്  , ഹാസ്‌ ഹി ഗോട്ട് എ ടെയിൽ ഓർ വാട്ട് ?"
പെട്ടെന്നുള്ള അമ്പരിപ്പിക്കുന്ന ആ ചോദ്യത്തിൽ ആദ്യമൊന്നു പതറിപ്പോയ അച്ഛൻ, തിരുമേനിക്ക് മനസ്സിലാകാതിരിക്കാൻ ആംഗലേയത്തിൽ തന്നെ മറുമൊഴി ചൊല്ലി.
" നോ മോളൂ, ദാറ്റ്സ് നോട്ട് എ ടെയിൽ. ഇറ്റ്‌ ഈസ്‌ കാൾഡ്  കോണാൻ" കുറച്ചൊന്നു സ്റ്റൈലീകരിച്ചു  അച്ഛൻ ആശ്വാസത്തോടെ പറഞ്ഞു നിർത്തി.
ആശ്വാസം തീരും മുൻപേ അർനോൾദ്‌ ഷ്വാസ്നെഗറുടെ കടുത്ത ഫാനായ മകൾ ആവേശം മൂത്ത്  ഒറ്റശ്വാസത്തിൽ ചോദിച്ചു

" കോനാൻ ദി ബാർബേറിയൻ ? "

ഇതെല്ലാം അകത്തിരുന്നു കേട്ട് സംപ്രീതനായ രസികൻ തിരുമേനി വഹ ഒരു അശരീരി ശ്രീകോവിലിൽ നിന്നും ഉടൻ മുഴങ്ങി
" യെസ് മൈ ഗേൾ , നോം തന്നെ കോണാൻ ദി ബാർബേറിയൻ. നിന്റെ അർനോൾഡിനേക്കാൾ മുന്തിയ പരമേശ്വരൻ"

പ്രചണ്ഡങ്ങള്‍ തകർക്കും ആ ഉഗ്ര അശരീരി കേട്ട് ഉൾപ്പുളകം കൊണ്ടുനില്ക്കുന്ന പതിനാലുകാരി മകളെയും വലിച്ച് തിരുമേനിയെക്കുറിച്ച് നല്ലപോലെ അറിയാവുന്ന സാദാ പരമേശ്വരനായ ആ അച്ഛൻ ഏന്തി വലിഞ്ഞു പുറത്തേക്കു നടന്നു.

ആ സമയത്താണ് സ്ഥലം ശീലാവതിയും ഹേമന്തനീലനിശീഥിനിയുമായ മന്ദാകിനിയുടെ ക്ഷേത്രദർശനം നടന്നത്. യാതൊരു അല്ലലുമില്ലാതെ നിർബാധം ആദിമ കുടിൽ വ്യവസായം നടത്തിവന്നിരുന്ന മന്ദാകിനിയുടെ വിശിഷ്ട സേവനങ്ങൾക്ക് മന്ദിപ്പുണ്ടാക്കുന്ന രീതിയിൽ ആയിരുന്നു ടൌണിൽ നിന്നും പുറന്തള്ളപ്പെട്ടു പുത്തൻ മേച്ചിൽപ്പുറങ്ങൾ തേടി വന്ന തുലോം ചെറുപ്പക്കാരിയായിരുന്ന ഒരു സീമന്തിനിയുടെ കടന്നുകയറ്റം. തന്റെ കച്ചവട മാന്ദ്യം തീർത്ത്, അവതാരോദ്ദേശം കുറ്റമറ്റ രീതിയിൽ നിവൃത്തിച്ചുകൊണ്ടുപോകാനുള്ള ഒരു നിവേദനവുമായിട്ടായിരിരുന്നു മന്ദാകിനിയുടെ ഈ ക്ഷേത്ര ദർശനം. നിവേദനങ്ങൾക്ക് ബലം കൂട്ടുന്നതിനായി ഒരടുക്കു വഴിപാടു രശീതികളും ആ മന്ദഗമന കയ്യിൽ കരുതിയിട്ടുണ്ടായിരുന്നു. രശീതികളെല്ലാം തിരുസന്നിധിയിൽ വച്ച് കണ്ണടച്ച് കൈകൂപ്പി മനമുരുകി മന്ദാകിനിയമ്മ പ്രാർഥിക്കുമ്പോഴാണ് വീണ്ടുമൊരു ഇടിമുഴക്കം പോലെ തിരുമേനിയുടെ ചോദ്യശരം വന്നത്. പെട്ടെന്ന് കണ്ണുതുറന്നു നോക്കുമ്പോൾ അതാ കയ്യിൽ രശീതികളും പിടിച്ചു തിരുമേനി ഗര്ജ്ജിക്കുന്നു.
" ഹേയ്....എന്താ വെടി ഇവടെ?  വെടിയെല്ലാം പൊറത്ത്‌..ഇവടെ അല്ലാ."

തന്റെ കുലത്തൊഴിലിനെ ചോദ്യം ചെയ്തും മാന്യതയ്ക്ക് ഭംഗം വരുത്തിയും തിരുമേനി എയ്ത കൂരമ്പുകൾ തറച്ച് മന്ദാകിനി ഒന്ന് നടുങ്ങി. ശേഷം ഒന്നു തളർന്നു. എങ്കിലും സമചിത്തത വീണ്ടെടുത്ത അവർ പക്ഷേ പുലിയെപ്പോലെ തിരിച്ചു ചീറി.
" ഫാ...$%^@*()%&....അനാവശ്യം പറയുന്നോ *%^&#$% തിരുമേനി...മര്യാദക്കു തൊഴാൻ വന്ന എന്നെക്കുറിച്ച് വേണ്ടാതീനം പറഞ്ഞുപരത്താ %$*&%^*&%&*& മോനെ..".  ശേഷം തിരിഞ്ഞു ഭഗവതിയോട്  "അമ്മേ മഹാ മായേ, സ്വയം കാത്തോളണേ..  നിനക്ക് നീ തന്നെ  തുണ"
അപ്രതീക്ഷിതമായ ഈ പ്രത്യാക്രമണം കണ്ട് തിരുമേനി തരിച്ചു ഞെട്ടിത്തെറിച്ച്  നിൽക്കുമ്പോൾ ഉപമ, ഉൽപ്രേക്ഷ തുടങ്ങിയ അലങ്കാരങ്ങളെല്ലാം ചേർത്ത് തിരുമേനിയെക്കുറിച്ച്  ഒരു ഖണ്ഡകാവ്യം തന്നെ രചിക്കുകയും തിരുസന്നിധിയിൽ വച്ചുതന്നെ ചൊല്ലിക്കേൾപ്പിക്കുകയും ചെയ്തു നിമിഷകവിയായ മായാമോഹിനി  മന്ദാകിനിയമ്മ. അതു മുഴുവൻ കേൾക്കാൻ ത്രാണിയില്ലാതെ ഒരു പ്രാണി കണക്കെ തിടപ്പള്ളിയിലേയ്ക്ക് തിരുമേനി മന്ദിച്ചു നടക്കേ ഇവരുടെ രണ്ടുപേരുടെയും അഭ്യുദയകാംക്ഷിയായ ഉത്സവകമ്മറ്റി പ്രസിഡന്റ്‌ കേശവൻ നായർ മന്ദാകിനിയോട്  ചോദിക്കുന്നുണ്ടായിരുന്നു

"നിന്നോടാരാ ഈ വെടി വഴിപാടിന്റെ രശീതി ഇവിടെ കൊണ്ടുവന്ന് കൊടുക്കാൻ പറഞ്ഞേ? അതു പുറത്തു വെടിക്കാരൻ ഗോപിയുടെ കയ്യിലല്ലേ കൊടുക്കണ്ടേ .. ഇവിടെ പുഷ്പാഞ്ജലി രശീതിയല്ലേ കൊടുക്കാ.. " എന്നെല്ലാം. താഴെ ഇറങ്ങി വെട്ടിയ ഈ കനത്ത ഇടിയിൽ വിരണ്ടുപോയ തിരുമേനി ഉണ്ണിയേയും എടുത്തു ഇല്ലത്തേക്ക് പോകാൻ തീരുമാനിച്ചു നോക്കുമ്പോൾ അതാ ഉണ്ണിയും ജാനുസന്തതിയും ഒരുമിച്ചിരുന്നു കളിയ്ക്കുന്നു.  ആകെ ഉലഞ്ഞുപോയിരുന്ന  തിരുമേനി ദേഷ്യം മുഴുവൻ ആവാഹിച്ചു ജാനുവിനു നേരെ അലറി
" എടീ അസത്തേ.. ഇതിലേതാ ഉണ്ണി..ഏതാ കൊശവൻ..??? "

2 comments:

  1. കോണാന്‍ ദ് ബാര്‍ബേറിയന്‍ രസമായി

    ReplyDelete