Wednesday, August 24, 2022

കമ്പിളിപുരാണം

"അതേയ് ബ്ലാങ്കെറ്റ് ഒന്ന് കഴുകിയിട്ടേക്കണേ"

രാവിലത്തെ വീട്ടുതിരക്കുകൾക്കിടയിൽ നിന്നും സ്‌കൂളിലെ തിരക്കുകളിലേയ്ക്ക് ഊളയിടുന്നതിനിടയിൽ ഭാര്യഎന്നോട് വിളിച്ചുപറഞ്ഞുകൊണ്ട് മുറ്റത്തേക്കിറങ്ങി


ദുബായ് ഓർമ്മകൾ നിലനിർത്തി ഇപ്പോഴും കൈവശമുള്ള അല്പം ചില ഗൾഫ് സ്മരണകളിലൊന്നാണ്നാലുവശവും തുന്നലെല്ലാം വിട്ടുതുടങ്ങിയിരിക്കുന്ന പഴയ  ബ്ലാങ്കെറ്റ്


സംഭവം പഴയതാണെങ്കിലും ചെറിയ മകന് ഫാൻ ഫുൾ സ്പീഡിലിട്ട് ഇതിനുള്ളിൽ ചുരുണ്ടുകൂടി അതിലെചൂടുപറ്റി കിടന്നാലേ ഉറക്കം വരൂ എന്നായിട്ടുണ്ട്.

 വിരോധാഭാസത്തിന്റെ പൊരുൾ എനിക്കിപ്പോഴും പിടുത്തം കിട്ടിയിട്ടില്ല


ഉപയോഗിച്ചുപയോഗിച്ച് നന്നേ മുഷിഞ്ഞുതുടങ്ങിയ അത് പുരാവസ്തുക്കാരുടെ കണ്ണിൽപ്പെടാതെ സൂക്ഷിക്കണംഅവരെങ്ങാനും കണ്ടാൽ കർണ്ണന്റെ കവചകുണ്ഡലം പോലെ ഇതും ചുറ്റിപ്പിടിച്ചു നിൽക്കുന്ന ചെക്കനെയടക്കംഎടുത്തോണ്ട് പോവും


പഴയവസ്തു ആയതുകൊണ്ടുതന്നെ ഡ്രൈക്ളീനിംഗിന്റെ ഹൈസ്റ്റൈൽ പരിചരണമെല്ലാം വിട്ട് തല്ലിയലക്കൽഎന്ന പുരാതന മാതൃകയിലേയ്ക്ക് തിരിയാൻ ശീലിപ്പിച്ചിരുന്നു ഇതിനോടകം അതിനെ


തല്ലിയലക്കലിന്റെ കഠിനയാതനകൾ എന്നിലേൽപ്പിക്കുന്ന ക്ഷതങ്ങളെക്കുറിച്ചാലോചിച്ച് ടെൻഷനടിച്ച് സ്വന്തംതോർത്തുവരെ വാഷിംഗ് മെഷീനിൽ ഇട്ട് അലക്കുന്ന എന്നോടായിരുന്നു രാവിലെ ഭാര്യയുടെ  ശാസനം


പത്തുപതിനാറു റാത്തൽ കനമുള്ള  പുരാവസ്തു ഞാനെന്തായാലും തല്ലിയലക്കാനൊന്നും പോണില്ലപിന്നെഭാര്യ തിരിച്ചുവരുമ്പോൾ എന്നെയിട്ട് അലക്കാതിരിക്കണമെങ്കിൽ ഞാനത് വാഷിംഗ് മെഷീനിലിട്ട്അലക്കുകയെങ്കിലും വേണമല്ലോ എന്നാലോചിച്ചു വിഷമിച്ച്സ്ഥായിയായിട്ടുള്ള ധ്യാനാവസ്ഥ വെടിഞ്ഞുകൊണ്ട്ചാരുകസേരയിൽ നിന്നും കൈകാലുകൾ അടത്തിയെടുക്കാൻ ഞാൻ മനസ്സില്ലാമനസ്സോടെ തീരുമാനിച്ചു


സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീനിന്റെ അലക്കു ടബ്ബിൽ  മാറാപ്പും നിക്ഷേപിച്ച് മൂന്നു സ്പൂൺസോപ്പുപൊടിയുമിട്ട് വെള്ളം നിറച്ചുകഴിഞ്ഞപ്പോൾ അസ്ഥാനത്തൊരു ചിന്ത...

ഇതെവിടെ കിടന്ന് ഒരു അരമണിക്കൂർ കുതിരട്ടെ അഴുക്കെല്ലാം ഇളകി വരട്ടേ എന്ന് .

 ഭീമാകാര സാധനത്തിലെ ചളിയെല്ലാം ഇളകാൻ ഇത്ര സോപ്പൊന്നും മതിയാവില്ലഒരു നാല് സ്പൂൺ പൊടികൂടെ കിടക്കട്ടെ...


അതും ഇട്ട് ഒരു കറക്കം കറക്കി അവനെ അവിടെ നിക്ഷേപിച്ചപ്പോൾ ജാത്യാലുള്ള സംശയം വീണ്ടും എന്നോടുചോദിച്ചു 

'ഇതു മതിയാകുമോ നമ്പീശാ ? ഒരു മൂന്നു സ്പൂൺ കൂടെ ഇട്ടാൽ കേമാവില്ലേ ?'

സംശയം വേണ്ടാ..

നിശ്ചയിച്ചു.

നെയ്യേറിയതുകൊണ്ട് അപ്പം കേടാവില്ല എന്നു പറയാറുള്ള മുത്തശ്ശിയെ മനസ്സിൽ ഓർത്തുകൊണ്ട് മൂന്നു സ്പൂൺകൂടി ഇട്ടു


അര മണിക്കൂർ കുതിർക്കൽ യജ്‌ഞം കഴിഞ്ഞ് 15 മിനിറ്റ് സമയത്തേക്ക് വാഷിംഗ് സെറ്റു ചെയ്ത് മെഷീനുംഓണാക്കി തിരികെ ഞാനെന്റെ സ്ഥായീഭാവം ചാരുകസേരാ യോഗാവസ്ഥയിലേക്ക് കൂപ്പുകുത്തി


എന്നൊടാ കളി ..

ഇതല്ലഇതിന്റപ്പുറം കുത്തിത്തിരുമ്പിയവനാണീ നമ്പീശൻ ..

കമ്പിളീ.. നിന്നെ അമ്പിളിപോലെ വെളുപ്പിക്കും ഞാൻനോക്കിക്കോ ..

ഇത്തരം സദ്ചിന്തകളുമായി നേരംപോക്കി നേരം പോയതറിഞ്ഞില്ല


അല്പം കഴിഞ്ഞ് കമ്പിളിയുടെ അവസ്ഥാന്തരത്തെക്കുറിച്ചറിയാൻ അവിടെ ചെന്നു നോക്കിയ ഞാനൊന്ന് ഞെട്ടി.. ശേഷം തരിച്ചു..പിന്നെയൊന്നു നിന്നു .


അവിടെ ലക്സ്‌ സോപ്പിന്റെ പരസ്യത്തിൽ മേലും കീഴും ടബ്ബും നിറയേ സോപ്പു പതയുമായി കുളിക്കുന്ന സിനിമാനടിയെപ്പോലെ സോപ്പുപതക്കൂമ്പാരത്തിനു നടുവിൽ വ്രീളാവിവശയായി നിൽക്കുന്നു എന്റെയാ അലക്കു മെഷീൻ!


കൂടെപ്പിറന്ന സംശയം നിസ്സംശയം ചതിച്ചു

ഉദാരമതിയായ എന്നോട് മതി എന്നുപറയാതെ വാഷിംഗ് മെഷീനിലേയ്ക്ക് ആക്രാന്തഭരിതമായി വീണുല്ലസിച്ച 10 സ്പൂൺ സോപ്പുപൊടി ചെറുതായി ഒരു വലിയ പണി തന്നെ തന്നു


നിലത്തു കുനിഞ്ഞിരുന്നു താരസുന്ദരിയേയും അവൾ നീരാടിയ തറയും തേച്ചു തുടച്ചു വൃത്തിയാക്കികഴിഞ്ഞപ്പോഴേക്കും പുറം കഴച്ചു തുടങ്ങി


എല്ലാം വൃത്തിയാക്കിരണ്ടുവട്ടം കൂടി വെള്ളം മാറ്റി കമ്പിളിയൊന്ന് കറക്കിയെടുത്ത് വെള്ളം വാർന്നു കളയാനായിഅവനെ സ്പിൻ ടബ്ബിലേയ്ക്ക് ഇടാനുള്ള ശ്രമമായി അടുത്തത്

തലയിണയുറയിൽ തലയിണ കുത്തിക്കയറ്റാൻ നോക്കുന്ന പോലെ ടബ്ബിലേയ്ക്ക് കമ്പിളി നിറയ്ക്കാൻശ്രമിച്ചപ്പോൾ ദേ കിടക്കണൂ മുക്കാൽ ഭാഗം പുറത്ത്

ചാഞ്ഞും ചരിഞ്ഞും നിന്നും ഇരുന്നും ശ്രമങ്ങൾ പലതും നടത്തി

എവടെ ........ ങേ ഹേ ........


ഒടുവിൽ ഞാനാ സത്യം അംഗീകരിച്ചു

 വലിയ കമ്പിളിയെ സ്വീകരിക്കാൻ മാത്രം ഹൃദയവിശാലതയൊന്നും ഇല്ല  ടബ്ബിന്

ഇനിയെന്തായാലും അടുത്തവഴി നോക്കുക തന്നെ


പത്തുപതിനാറു റാത്തൽ കനമുണ്ടായിരുന്ന  മൊതല് നനഞ്ഞൊട്ടി ഏതാണ്ട് അമ്പത് റാത്തലോളം തൂക്കമായകാര്യം ഞാൻ മനസ്സിലാക്കിയത് അരിച്ചാക്ക് പുറത്തെടുത്തു പോകുന്ന ലോഡിങ്ങുകാരന്റെ ലാഘവത്തിൽഇതെടുത്തു എന്റെ പുറത്തേക്കു വച്ച് ടെറസ്സിലേയ്ക്ക് ഗോവണി കയറിയപ്പോഴാണ്

മനസ്സിന്റെ ലാഘവത്വം ശരീരം മനസ്സിലാക്കാൻ ശ്രമിക്കാതെ മുഖംതിരിഞ്ഞിരുന്നതുകൊണ്ട് തിശ്രനടയിൽശ്വാസഗതിക്ക് താളം പിടിച്ച് മൂന്നാമത്തെ പടിയിലേയ്ക്ക് മൂക്കു മുട്ടുന്ന തരത്തിലേക്ക് ഞാൻ കൂനിക്കൂടിയിരുന്നു


ഒരുവിധേന മുകളിലെത്തിയതുംഒരുമിച്ച് ഇതിന്റെ വെള്ളം പിഴിഞ്ഞുകളയാൻ സാധിക്കാത്തതുകൊണ്ട്ഒരറ്റത്തുനിന്നും പിഴിഞ്ഞുതുടങ്ങുന്നതിനുള്ള എളുപ്പത്തിനായി മറ്റൊന്നും ചിന്തിക്കാതെ ടിയാനെ അടുത്തുകണ്ടഅയയിലേയ്ക്ക് എടുത്തിട്ടതും ദാണ്ടേ കിടക്കുന്നു കയറും കമ്പിളിയും താഴെ തറയിൽ


വീണ്ടും ചളിപുരണ്ട ജീവിതവുമായി താഴെ തറയിലെ മണ്ണിലും പൊടിയിലും മലർന്നുകിടന്ന്  കമ്പിളി എന്നെദയനീയമായി നോക്കുമ്പോൾഗൾഫിൽ  വക കമ്പിളിയെല്ലാം കണ്ടുപിടിച്ചവന്മാരുടെ പിതാമഹന്മാർപരലോകത്തിരുന്ന് ആറര മിനിറ്റ് കുളിരുകോരി വിറച്ചത് റിക്ടർ സ്കെയിലിൽ 8.1 രേഖപ്പെടുത്തി


തുടർച്ചയായ അഞ്ചാം ദിവസവും തൈലം പുരട്ടി എന്റെ കഴുത്തിലും പുറത്തും ചൂടുപിടിച്ചു തരുമ്പോൾ ഭാര്യയുടെപിറുപിറുക്കൽ ലേശം ഉച്ചത്തിലായില്ലേ എന്നൊരു സംശയം.

ഏതു ഗുളികൻ കയറിയ സമയത്താണാവോ എനിക്കിത് ഇങ്ങേരോട്‌ പറയാൻ തോന്നിയത് ദൈവേ ! ഒന്നുംമിണ്ടാതെ ഞാൻ തന്നെ അലക്കിയാൽ മതിയായിരുന്നു. " 


പ്രദീപ് നമ്പീശൻ 

Tuesday, August 16, 2022

എന്റെ പാചകാന്വേഷണ പരീക്ഷണങ്ങൾ :

എന്നും വിജയത്തിന്റെ പാചകകഥകൾ മാത്രം കേട്ടുശീലിച്ച നിങ്ങൾ ഇടയ്ക്കൊരു പരാജയകഥ കൂടികേൾക്കുന്നത് നല്ലതാണ്അഹങ്കാരത്തിനൊരു ശമനം വരുംപരാജിതർക്കുമില്ലേ മോഹങ്ങളും സ്വപ്നങ്ങളും.. 


സ്വന്തമായി ഗുലാബ് ജാമൂൻ ഉണ്ടാക്കണമെന്ന ചെറ്യേ മോഹവുവുമായി ഞാൻ ചെന്നു കയറിയത്എല്ലാരേയുംപോലെ അടുക്കളയിൽ തന്നെഇങ്ങേരിതിന്ന് എന്തു മല മറിക്കാനാ ഭാവം എന്ന മട്ടിൽ കൗതുകം ലേശംകൂടുതലുള്ള എന്റെ ഭാര്യയും കാഴ്ചക്കാരിയായി എന്റെ പുറകേ വന്നു.


കഴിഞ്ഞതവണ കടയിൽ നിന്നും വാങ്ങിയ ഗുലാബ് ജാമൂൻ മിക്സ് പാക്കറ്റിന്റെ പുറകിൽ എഴുതിയിരുന്നഇൻഗ്രീഡിയൻറ്സ് ലിസ്റ്റ് കമ്പനിക്കാർ അറിയാതെ അടിച്ചുമാറ്റിയതിന്റെ ധൈര്യത്തിൽ ഷെഫ് ദാമു സ്റ്റൈലിൽഞാൻ മൈദയും പാൽപ്പൊടിയും 80:20 റേഷ്യോയിൽ കൃത്യമായി തൂക്കിയെടുത്തുഅതിൽ അല്പം ബേക്കിങ്പൗഡറും ചേർത്ത് ഷാലിമാർ ഹോട്ടലിൽ പൊറോട്ട അടിക്കാൻ നിൽക്കണ തെങ്കാശിക്കാരൻ മുരുകണ്ണനെമനസ്സിൽ ധ്യാനിച്ച് പ്രഹരം തുടങ്ങിമുരുകണ്ണന്റെ പേരിനൊരു കളങ്കവും വരുത്താത്ത രീതിയിൽ അടിച്ചടിച്ചുകുഴച്ചുമറിച്ചിട്ടും തിരിച്ചിട്ടും കുഴച്ചു


അതുവരെ എല്ലാം കറക്റ്റ് ആയിരുന്നുഅതിന്റെ ഉത്സാഹത്തിൽപിന്നാലെത്തന്നെ പഞ്ചസാര പാനിയുംഉണ്ടാക്കി വച്ചുലതും കറ കറക്റ്റ്

അതോടെ കോൺഫിഡൻസ് ലെവൽ വല്ലാതങ്ങ് ഉയർന്നുഉയർന്നു നിൽക്കണ അവനെക്കണ്ട് ഇവിടെയെന്താനടക്കണേ എന്നന്വേഷിച്ച്  അഹങ്കാരം കൂടെ അങ്ങോട്ടു കയറി വന്നതോടെ നമ്മള് പിന്നെ ഭാര്യയെഅടുക്കളഭാഗത്തുനിന്ന് ഓടിച്ചുവിട്ടുഎന്റെ വിജയത്തിന്റെ ക്രെഡിറ്റ് അവളങ്ങനെ ചുമ്മാ ഷെയർ ചെയ്യണ്ടഇതെന്റെ മാത്രം വിജയമാണ്എനിക്കുമാത്രം അവകാശപ്പെട്ടത്


കുഴച്ചുവെച്ച മാവെടുത്ത് ഉരുട്ടി ഉരുളകളാക്കിനളനേയും ഉണ്ണായി വാര്യരേയും കൂടൽമാണിക്യസ്വാമിയേയുംഒരുമിച്ച് മനസ്സിൽ വിചാരിച്ച് ഉരുള കൂട്ടിപ്പിടിച്ച് തിളച്ച എണ്ണയുടെ നടുവിൽ ഒരു ബ്ലും ! 

ചൂടുള്ള എണ്ണയിൽ വീണതോടെ ഉരുള അവന്റെ തനികൊണം പുറത്തെടുത്തുഎന്നോടോ ബാലാ എന്ന മട്ടിൽബലം പിടിച്ചൊരു നിൽപ്പും ഒരു ഉരുളലുംപോരാഞ്ഞിട്ട് പുച്ഛത്തില്‍ എന്നെയൊരു നോട്ടവും


അപകടം മണത്ത ഞാൻ എല്ലാം മറന്ന് ഭാര്യയെ സഹായത്തിനു വിളിച്ചതോടെ എന്റെ പൂർവ്വ ചെയ്തികൾഓരോന്നോരോന്നായി കൊരട്ടത്തുനിന്നെടുത്തു എണ്ണിത്തിട്ടപ്പെടുത്തി ഉറപ്പുവരുത്തിയശേഷം കൊടുങ്ങല്ലൂർഭാഗത്തേയ്ക്ക് തിരിഞ്ഞു നിന്നുകൊണ്ട് എന്നെ നോക്കി കണ്ണുകൾ കൊണ്ടവള്‍ ഗുണനവും ഹരണവും തുടങ്ങിഎനിക്ക് അച്ഛനും അമ്മയും കൂട്ടുകാരും നാട്ടുകാരും ഇട്ട കൗതുകമാർന്ന പേരുകൾ കൂടാതെ കൂടുതൽനാമകരണച്ചടങ്ങുകളുടെ അകമ്പടിയോടെ കുറ്റപത്രപാരായണം ആരംഭിച്ചതോടെ ഞാൻ കൊടുങ്ങല്ലൂരമ്മയെതാണുവണങ്ങി ഇയർഫോൺ ചെവിയിൽ കുത്തിക്കയറ്റി നിനക്കു നീ തന്നെ തുണ മോനേ എന്നും പറഞ്ഞ്തിരിച്ച് അടുക്കളയിലേയ്ക്കുതന്നെ കയറി.


 സമയം ഒന്നുമറിയാത്തപോലെ അക്വട്ടിക്ക് കോംപ്ലെക്സിലെ ഒതളങ്ങ കണക്കേ വടക്കേപ്പറത്തെ പ്ലാവുംനോക്കി എണ്ണയിൽ മലന്നു കിടന്നു കിനാവ് കാണുകയായിരുന്നു മസിൽമാന്മാരായ  ജാമൂൻസൽമാൻഖാൻമാർഅവരെ ഓരോന്നിനേയുമെടുത്ത്  പഞ്ചസാരപ്പാനിയിലിടുക എന്ന കൃത്യം മാത്രേ എനിക്കുചെയ്യാനായി ബാക്കിയുണ്ടായിരുന്നുള്ളൂ


എങ്കിലും അങ്ങനെ വിട്ടുകൊടുക്കാൻ ഞാൻ തയ്യാറല്ലായിരുന്നുപഞ്ചസാരപ്പാനിയിൽ കിടന്ന് മിസ്റ്റർ ഇന്ത്യമത്സരം നടത്തിയിരുന്ന സൽമാൻഖാൻമാരെ നന്നാല് വീതം ഓരോ ബൗളിലാക്കി ഭാര്യയുടെയും മക്കളുടെയുംമുന്നിൽ വച്ചുകൊടുത്തിട്ടുണ്ട്കിലുക്കത്തിലെ തിലകനെപ്പോലെഒരു വെട്ടുകത്തി കിട്ടുമോ എന്നുംചോദിച്ചിരുപ്പുണ്ട് അവരവിടെ.