ക്ണിം.... ”അബുദാബിയില്‍
നിന്നും കൊച്ചിയിലേക്ക് പോകുന്ന 412-ാ൦ നമ്പര്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് നാല്‍പതു മിനിറ്റ്
വൈകി രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ എത്തിച്ചേരുന്നതാണ്”. എയര്‍പോര്‍ട്ടിലെ
കാത്തിരുപ്പു മുറിയില്‍ എന്‍റെ മനസ്സില്‍ കുറേക്കൂടി നിരാശ നിറച്ചുകൊണ്ട് ആ
സ്ത്രീ ശബ്ദം പറഞ്ഞുനിര്‍ത്തി.
ശ്ശോ... നാളെ തിരുവോണത്തിന്
എങ്ങനെയെങ്കിലും വീട്ടിലെത്തണമെന്ന് നിശ്ചയിച്ചതാണ്. എത്ര കഷ്ടപ്പെട്ടിട്ടാണ് ഇതിലെങ്കിലുമൊരു
ടിക്കറ്റ് തരപ്പെടുത്തിയതെന്ന് എനിക്കും ട്രാവല്‍സിലെ രഞ്ജിയ്ക്കും മാത്രമേ
അറിയൂ. ഇനിയും ഇതിങ്ങനെ വൈകിയാല്‍ അവിട്ടത്തിനേ വീട്ടിലെത്തൂ എന്നാ തോന്നണെ. നാട്ടിലെ
ഓണവും ആഘോഷങ്ങളും എല്ലാം ഓര്‍ത്തപ്പോള്‍ കൊതി മൂത്ത് അതൊരാധിയായി തീര്‍ന്നു. ഒപ്പം
എയര്‍ ഇന്ത്യയെ മനസ്സില്‍ ശപിക്കുകയും ചെയ്തു. നേരം വൈകികൊണ്ടിരിക്കുന്നതില്‍
മുഷിഞ്ഞിട്ടാവാം അടുത്തിരുന്ന തമിഴ് കുടുംബം നിലത്ത് ഷീറ്റ് വിരിച്ച് കൊണ്ടുവന്ന
ഭക്ഷണങ്ങളെല്ലാം നിരത്തി കുട്ടികളെ തൈരുസാദം തീറ്റിക്കുന്ന തിരക്കിലേര്‍പ്പെട്ടു.
മറ്റു പല കുട്ടികളും അവിടെയെല്ലാം ഓടി കളിച്ചു കൊണ്ടിരിക്കുന്നുണ്ട്. മുറിയിലെ
ചില്ലുജനാലയ്ക്കരികില്‍ കറുത്ത് മെലിഞ്ഞ താടിക്കാരന്‍ ഇതൊന്നും ശ്രദ്ധിക്കാതെ അങ്ങകലെ
നിര്‍ത്തിയിട്ടിരിക്കുന്ന വിമാനങ്ങളും നോക്കി ബീഡി വലിച്ചുകൊണ്ട് നില്‍ക്കുന്നു. നീണ്ട
ഇടനാഴിയുടെ അങ്ങേയറ്റത്ത് മൂത്രപ്പുരയുടെ വാതില്‍ക്കല്‍ കാവല്‍ക്കാരന്‍
മേശപ്പുറത്ത് തലയും ചായ്ച്ച് കിടന്നുറങ്ങുന്നുണ്ട്. അടുത്തു തന്നെ ഒരു ബോര്‍ഡും.
“മൂത്രം-2 ദിര്‍ഹം. കക്കൂസ്-5 ദിര്‍ഹം. വെള്ളിയാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും
സൌജന്യം.”..കാശു വാങ്ങിയിട്ടെന്താ കാര്യം.. ഒരു വൃത്തിയുമില്ല. അടുത്ത
മുറിയില്‍ വെളുത്തേടത്തി അമ്മിണി കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കുന്നു. ജാനകി
ടീച്ചര്‍, മൊറായിയുടെ പശുവിന് പുല്ലു ചെത്താന്‍ പോയ ഒഴിവിനു വന്നതായിരിക്കും.
“മുംബൈ വഴി ബാങ്ക്ലൂര്‍ക്ക്
പോകുന്ന 547-ാ൦ നമ്പര്‍ ഇത്തിഹാദ് ഫ്ലൈറ്റ് സ്റ്റാന്‍ഡ് വിട്ടുപോണം.... 547 ഇത്തിഹാദ്.... ഉടന്‍ സ്റ്റാന്‍ഡ്
വിട്ടുപോണം”. ഏറണാകുളം സ്റ്റാന്‍ഡിലെ ആ മനുഷ്യന്‍ ഇവിടെയിരുന്നു അനൌണ്‍സ്മെന്‍റ് തകൃതിയായി നടത്തുന്നു. ഇയാള്‍ക്ക് എന്നാണാവോ ഇവിടെ
ജോലി കിട്ടിയത്.. ഇനിയെന്തായാലും ഫ്ലൈറ്റുകളൊന്നും തന്നെ പഴയപോലെ വെറുതെ വട്ടം
കറങ്ങി എയര്‍പോര്‍ട്ടില്‍ നില്‍ക്കില്ല. അയാള്‍ അനൌണ്‍സ് ചെയ്ത് ഓടിച്ചു വിട്ടോളും.
അയാള്‍ക്കു പിന്നിലെ ബഞ്ചുകളില്‍ കുറെ പൈലറ്റുമാര്‍ ബീഡിയും വലിച്ച് വര്‍ത്തമാനവും
ബഹളങ്ങളുമായി ഇരിക്കുന്നുണ്ട്. ഡ്യൂട്ടിയില്ലെങ്കിലും ശീട്ടുകളിക്കാന്‍ വന്നിരിക്കുന്നതായിരിക്കും...
“അതേയ്....ഊണിനുള്ളവരെല്ലാം
ആ റണ്‍വേയിലേയ്ക്കിരുന്നോളൂ. അവിടെ ഇലയിട്ടിട്ടുണ്ട്. എല്ലാവരും ചെല്ലൂ”. തലയിലൊരു
തോര്‍ത്തും കെട്ടി ആദ്യാവസാനക്കാരനെപ്പോലെ തോന്നിക്കുന്ന ഒരു മനുഷ്യന്‍ വന്ന്
എല്ലാവരോടുമായി ഉറക്കെ പറഞ്ഞു. അയാള്‍ പറഞ്ഞു നിര്‍ത്തിയതും പിന്നെയൊരു തിക്കും
തിരക്കുമായിരുന്നു അവിടെ. എങ്ങനെയൊക്കെയോ ഉന്തിത്തള്ളി ഗേറ്റ്കടന്നു ഞാനും റണ്‍വേയിലെത്തി.
മത്സരയോട്ടത്തിനും കസേരകളിയ്ക്കുമൊടുവില്‍ എനിക്കും എങ്ങനെയോ ഒരു സീറ്റ്
തരപ്പെടുത്താനായി. വിളമ്പലുകാരന്‍ കുമാരനും കൂട്ടരും ഇന്ന് പുതിയ വേഷത്തിലാണ്,
ഇലയ്ക്കു മുന്നിലെ
കാത്തിരിപ്പിനൊടുവില്‍ വിളമ്പാന്‍ ഉപ്പിലിട്ടതും ഉപ്പേരിയുമായി ലവനും കുശനും
വന്നു. പിന്നാലെ സദ്യവട്ടങ്ങളുമായി അര്‍ജുനന്‍, കൃഷ്ണന്‍, കീചകന്‍, ദുര്യോധനന്‍,
ദുശ്ശാസനന്‍ തുടങ്ങിയവര്‍.. ദമയന്തിയും പാഞ്ചാലിയും കഴുകി വൃത്തിയാക്കിയ
ഗ്ലാസ്സുകള്‍ നിറച്ച കുട്ടയുമേന്തി വരുന്നുണ്ട്. എല്ലാത്തിനും മേല്‍നോട്ടം
വഹിച്ചുകൊണ്ട് ആ തലേക്കെട്ടുകാരന്‍ അങ്ങോട്ടുമിങ്ങോട്ടും ഓടി നടക്കുന്നുമുണ്ട്.
നല്ല അസ്സല്‍ സദ്യ. കാളന്‍റെയും പലടയുടെയും സ്വാദ് വച്ചുനോക്കിയാല്‍ ദേഹണ്ഡം
സുബ്രഹ്മണ്യസ്വാമി ആവാനേ തരമുള്ളൂ. പാലട അതിഗംഭീരം. കഴിച്ചിട്ടു മതിയായില്ല. ആ
വിളമ്പലുകാരനെവിടെ?
“ പാലട...പാലട.. ഇവിടെ
വര്വാ...” ഞാന്‍ ഉറക്കെ വിളിച്ചു.
അതു കേള്‍ക്കാത്ത പോലെ
ദുശ്ശാസന വേഷം പാലടയുമായി എന്നെയും കടന്നു പോയി. ആഗ്രഹം മൂത്ത് ഞാന്‍ വീണ്ടും
അയാളെ വിളിച്ചു.
“ഇവിടെ എല്ലാവര്‍ക്കും
കൊടുക്കാന്‍ തികയില്ല. അപ്പോഴാണ് തനിക്ക്..ഹും.. രണ്ടാമതും തരാനില്ല”. ദുശ്ശാസനന്‍
തിരിഞ്ഞുനിന്ന് പറഞ്ഞു.
“എനിക്ക് കുറച്ചു കൂടി
വേണം... ഡോ.. ദുശ്ശാസനാ താന്‍ ഇവിടെ വര്വാ..” ഞാന്‍ വീണ്ടും വിളിച്ചു.
പാത്രം താഴെ വച്ച്
ദുശ്ശാസനന്‍ എന്‍റെ അടുത്തേക്ക് ക്രുദ്ധനായി പാഞ്ഞുവന്നു. ഉണ്ണികൃഷ്ണന്‍ പിടിച്ച
തിരശ്ശീലയ്ക്കു പിന്നില്‍ നിന്ന് തിരനോക്ക് നടത്തിയ ശേഷം എന്‍റെ വസ്ത്രങ്ങള്‍ ഓരോന്നായി
അയാള്‍ അഴിക്കാന്‍ തുടങ്ങി. തീരുന്ന മുറക്ക് എന്‍റെ പെട്ടിയില്‍ നിന്നും ഞാന്‍
വസ്ത്രങ്ങള്‍ എടുത്തു കൊടുത്തു. അച്ഛനും അമ്മയ്ക്കും ഭാര്യക്കും മക്കള്‍ക്കുമുള്ള
ഓണപ്പുടവകളെല്ലാം ഓരോന്നായി ദുശ്ശാസനന്‍ വലിച്ചെടുത്തുകൊണ്ടേയിരുന്നു. അട്ടഹാസവും അലര്‍ച്ചയും
ബഹളങ്ങളും കേട്ട് വിമാനങ്ങള്‍ ഭയന്ന് തലങ്ങും വിലങ്ങും പറക്കാന്‍ തുടങ്ങി. .
അവസാന രക്ഷാശ്രമമെന്ന
നിലയ്ക്ക് ഞാന്‍ ദുശ്ശാസനന്‍റെ മേലേയ്ക്കു ചാടി വീണു. പക്ഷേ ദുശ്ശാസനന്‍
തെന്നിമാറുകയും എന്നെ എടുത്തുയര്‍ത്തി അടുത്തുകണ്ട അഗാധ ഗര്‍ത്തത്തിലേയ്ക്ക്
വലിച്ചെറിയുകയും ചെയ്തു. പ്രാണരക്ഷാര്‍ത്ഥം ഞാന്‍ അലറിവിളിച്ചു. പക്ഷേ എന്നെ
രക്ഷിക്കാന്‍ ആരുമുണ്ടായിരുന്നില്ല.
“ നിന്നോട് ഈ സോഫയില്‍
കിടക്കേണ്ടയെന്നു ഞാന്‍ പറഞ്ഞതല്ലേ. വല്ല സ്വപ്നവും കണ്ടോ?..” താഴെ വീണുകിടക്കുന്ന
എന്നെ പിടിച്ചെഴുന്നേല്പ്പിച്ചുകൊണ്ട് സഹമുറിയന്‍ ചോദിച്ചു.
തിരുവോണത്തിന്
വീട്ടിലെത്താന്‍ വേണ്ടി ഫ്ലൈറ്റ് ടിക്കറ്റുമെടുത്ത് ഒരുങ്ങികെട്ടിയതിനു ശേഷം പോകാന്‍
പറ്റാതെ വന്നതിന്‍റെ കുണ്ഠിതം മനസ്സിലൊതുക്കി സന്തോഷിന്‍റെ വീട്ടിലെ ഗംഭീര
ഓണസദ്യയും കൂടാതെ രാജേഷിന്‍റെ വീട്ടില്‍നിന്നും പായസവുമെല്ലാം കഴിച്ചു മത്തുപിടിച്ച്
കിടന്നുറങ്ങിപ്പോയി. ഉറക്കത്തില്‍ സ്വപ്നം കണ്ടതിന്‍റെയും താഴെ വീണതിന്‍റെയും ചമ്മല്‍
മറയ്ക്കാന്‍ ഒരു വളിച്ച ചിരിയും ചിരിച്ച് ഞാനിരുന്നു. അടുത്ത മയക്കത്തിലെ വികലസ്വപ്നം
സ്വപ്നം കണ്ടുകൊണ്ട്.
No comments:
Post a Comment