സമരം എന്നു പറഞ്ഞാല്‍ തന്നെ “പ്രതിബന്ധങ്ങളോടുള്ള ഏറ്റുമുട്ടല്‍” എന്നാണര്‍ത്ഥം. അപ്പോള്‍ അതിനു അനുമതി വേണമെന്ന് ശഠിക്കുന്നതും നിഷേധവും എല്ലാം ഒരു തരം പ്രഹസനമല്ലേ? സമയബന്ധിതമായി ഒരു സമരം നടത്തുക എന്നതും പരിഹാസം ഉളവാക്കുന്നതാണ്. പിന്നീട് വിട്ടുവീഴ്ചക്കു തയ്യാറായി സമര ദിനങ്ങളുടെ എണ്ണം കുറച്ചു നിശ്ചയിക്കപ്പെടുക... ഭരണസഭ തന്നെ ലക്ഷങ്ങള്‍ ചിലവാക്കി മൈതാനം സമരത്തിനുവേണ്ടി സജ്ജമാക്കി കൊടുക്കുക, ലോകത്തിനു തന്നെ പുതുമയാര്‍ന്ന സമര പുറപ്പാടാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നാം അറിഞ്ഞുകൊണ്ടിരിക്കുന്നത്.
ഗാന്ധിയും ഗോഖലെയും ഭഗത്തും സുഭാഷ് ചന്ദ്ര ബോസുമെല്ലാംഇംഗ്ലീഷുകാരുടെ സമയ ബന്ധിത അനുമതി പത്രം വാങ്ങിയിട്ടല്ലല്ലോ അവര്‍ക്കെതിരെ സമരം ചെയ്തതും ഭാരതത്തിനു സ്വാതന്ത്ര്യം വാങ്ങി തന്നതും..
സമര നേതാക്കള്‍ എത്ര തന്നെ ഉന്നതരായിക്കോട്ടെ.. അവരുടെ പില്‍ക്കാല പിന്നാമ്പുറ ചിത്രങ്ങള്‍ എന്ത് തന്നെയുമായിക്കോട്ടെ.. നമുക്കറിയേണ്ടേ എന്തിനാണ് ഈ നാടകങ്ങള്‍ അരങ്ങേറുന്നത് എന്ന്? ആര്‍ക്കു വേണ്ടിയാണ് ഇതെല്ലാം? അതെ... അതാണ് നമുക്കറിയേണ്ടത്. ഇതെല്ലാം ആര്‍ക്കു വേണ്ടിയാണ്?
കൊട്ടിഘോഷങ്ങള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കുമൊടുവില്‍ സമരം നടക്കട്ടെ. ഉദ്ദേശിച്ച കാര്യ സാധ്യത്തിനു ഇത്രയും ദിനങ്ങള്‍ മതിയാകുമോ? അതിനുള്ളില്‍ കാര്യങ്ങള്‍ നടന്നില്ലെങ്കില്‍ സമരം പാതി വഴി ഉപേക്ഷിക്കുമോ? വിഢികളാകാന്‍ വിധിക്കപ്പെട്ട ഒരു സമൂഹത്തിന്‍റെ ഗ്രഹനിലയനുസരിച്ച് മാറ്റങ്ങള്‍ക്കു സാധ്യതയൊന്നും ഇത്തവണയും കല്‍പ്പിക്കപ്പെടുന്നില്ല.
No comments:
Post a Comment