Friday, August 26, 2011

താത്രി മരിക്കുന്നില്ല


ഇത് സ്മാര്‍ത്തവിചാരങ്ങളുടെയും കുറിയേടത്ത് താത്രിമാരുടെയും വാണിജ്യ കാലഘട്ടം.
ശരീരത്തിലെ ഓരോ അണുവിലും കാമം വെറിപൂണ്ട് നില്‍ക്കുന്നവരാല്‍ വ്യഭിചരിക്കപ്പെടുന്ന അഭിനവ താത്രിമാരും, തീര്‍ത്താലും തീരാത്ത വിചാരണകളുമായി സ്മാര്‍ത്തന്മാരും രാജ്യത്താകമാനം വളര്‍ന്നു വരികയും മാധ്യമ ഇട്ടിക്കണ്ടപ്പന്മാര്‍ അതൊരു ആഘോഷമാക്കി ദീര്‍ഘനാള്‍ കൊണ്ടുനടക്കുകയും ചെയ്യുമ്പോള്‍ ആത്യന്തികമായി നമ്മുടെ മനസ്സും സ്വഭാവവും ആ പഴയ ഫ്യൂഡലിസ്റ്റ്‌ ചിന്താഗതിയില്‍ നിന്നും ഒരടി പോലും മുന്നോട്ടു പോയിട്ടില്ലെന്ന നഗ്നസത്യം ഉള്‍ക്കൊള്ളാന്‍ നാം നിര്‍ബന്ധിതരാകുന്നു. ഉപരിപ്ലവ മാറ്റങ്ങള്‍ കൊട്ടിഘോഷിക്കപ്പെടുമ്പോഴും കേരളത്തിന്‍റെ മാടമ്പി മനസ്സ് റാന്തലും തൂക്കി സംബന്ധ വീട്ടിലേക്കുള്ള വഴിയരികില്‍ തന്നെ നില്ക്കുകയാണിപ്പോഴും.
സ്മൃതി നിയമങ്ങളുടെ സൌജന്യത്താല്‍ ദെണ്ണക്കാരന്‍ ജ്യേഷ്ഠന്‍ തിരുമേനിക്കു പകരക്കാരനായി താത്രിയെ വേട്ട് ആദ്യരാത്രി തന്നെ ഏട്ടന് കാഴ്ച വയ്ക്കേണ്ടി വന്ന അന്നത്തെ അനുജന്‍ തിരുമേനി ഇന്ന് കാമുകന്‍റെയും ഭര്‍ത്താവിന്‍റെയും അച്ഛന്‍റെയും സഹോദരന്‍റെയുമെല്ലാം ജന്മമെടുത്ത് ദേശത്തുടനീളം പാവം താത്രിമാരെ പുനജ്ജനിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ചൂടുള്ള കാമവികാരങ്ങളെക്കാള്‍ ആര്‍ദ്രമായ പ്രണയം എന്നും മനസ്സില്‍ സൂക്ഷിച്ചിരുന്ന താത്രി നാലുകെട്ടിനകത്തെ ഇരുണ്ട നിലവറകളെക്കാള്‍ ഇരുട്ടു ബാധിച്ച ഒരു സമൂഹത്തിന്‍റെ സദാചാര പൊയ്മുഖങ്ങള്‍ വലിച്ചുകീറാന്‍ നിയോഗിക്കപ്പെട്ടവളായിരുന്നു. കലയും കാമവും കാമനയും ഇഴുകി ചേര്‍ത്ത് നിയോഗപൂര്‍ത്തിക്കായി സ്വയം ഹോമിക്കേണ്ടി വന്നത് വ്യര്‍ത്ഥമായിരുന്നു എന്ന് കാലങ്ങള്‍ക്കൊപ്പം നടന്നു വന്ന് താത്രി തിരിച്ചറിയുന്നുണ്ടാവാം.
ആണിനെയും പെണ്ണിനെയും വ്യക്തമായ വേര്‍തിരിവോടെ കാണുകയും അരുതുകളുടെ മറക്കുടയ്ക്കു പിന്നില്‍ നിര്‍ത്തി പെണ്ണിനെ വളര്‍ത്തിക്കൊണ്ടുവരികയും ചെയ്യുന്ന ഇന്നാട്ടില്‍ പീഡനത്തിനു വളക്കൂറേറെയുണ്ട്. പുരോഗമനത്തിന്‍റെയും സാമൂഹ്യബോധത്തിന്റെയും ശക്തമായ കാറ്റില്‍ തിരിഞ്ഞുപോയ മറക്കുടകള്‍ കുറവു മാത്രം.
സദാചാരത്തിന്റെ പേരില്‍ അടിച്ചമര്‍ത്തപ്പെട്ട കാമതൃഷ്ണയും പാശ്ചാത്യ സംസ്കാരാഭിനിവേശവും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ശീലങ്ങളും അഭിരുചികളും ഒരുവേള പീഡന ശ്രമങ്ങളുടെ പ്രചോദനങ്ങളായിരുന്നിരിക്കാം. കൌമാരസ്വപ്‌നങ്ങള്‍ കണ്ടു തുടങ്ങുന്നതിനു മുന്‍പേ തന്‍റെ സ്ത്രീത്വം കാമാന്ധന്മാരായ പുരുഷ പരിഷകള്‍ക്ക് അടിയറവയ്ക്കേണ്ടി വരുന്ന ബാലികമാര്‍. സ്ത്രീകളുടെ നിഗൂഢതകളിലേക്ക് നീണ്ടുപോകുന്ന പുരുഷ ചിന്താഗതിയും വിലക്കപ്പെട്ട കനി തിന്നാനുള്ള അഭിവാന്ജ്ഞയും ഒരു ജനിതക രഹസ്യമായി പുരുഷമനസ്സുകളില്‍ കുടികൊള്ളുമ്പോള്‍ കുറിയേടത്തു താത്രി “ജീവിച്ചിരുന്ന ഒരു ചരിത്ര സത്യം” എന്നതിലുപരി “കാലങ്ങളിലൂടെ സൃഷ്ടിക്കപ്പെട്ട ഒരു ചിന്താഗതി” എന്ന രീതിയിലേക്ക് മാറിക്കഴിഞ്ഞിരിക്കുന്നു ഇപ്പോള്‍.

പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് രണ്ടു ലക്ഷം രൂപ എന്ന മോഹനമായ സഹായധനം ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞ സര്‍ക്കാരുകള്‍ നിലനില്‍ക്കുന്ന ഈ രാജ്യത്ത്‌ പീഡനത്തിന്റെ ഭാവിയും വളരെ ശോഭനമാവാതെ തരമില്ല.
അതിനുവേണ്ടി ഭാവിയില്‍ പീഡനത്തിന് പ്രോത്സാഹനമായി കൂടുതല്‍ സഹായധനവുമായി മാറിമാറിവരുന്ന സര്‍ക്കാരുകള്‍ മുന്നോട്ടുവരികയും ഉയര്‍ന്നുവരുന്ന ജീവിതചിലവുകള്‍ മറികടക്കാന്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ പീഡിതരാകാന്‍ തയ്യാറായി സ്വമനസ്സാലെ ഇറങ്ങിപുറപ്പെടുകയും വേണം.
പീഡനങ്ങള്‍ വിചാരണ ചെയ്യുന്ന കോടതികള്‍ക്ക് സ്മാര്‍ത്തന്മാരുടെ പേരു നല്‍കാനും പീഡിതകളെ “സാധനം” എന്ന പേരില്‍ അറിയപ്പെടാനും വേണ്ടി പാരമ്പര്യവാദികളും സമുദായ സംഘടനകളും സമരം ചെയ്യണം
സര്‍ക്കാര്‍ നേതൃത്വത്തില്‍ കുടുംബശ്രീ മാതൃകയില്‍ പഞ്ചായത്തു തോറും പീഡിതശ്രീ യൂണിറ്റുകള്‍ തുടങ്ങണം.
ചാനലുകളില്‍ പീഡന റിയാലിറ്റി ഷോകള്‍ അരങ്ങേറണം.
പീഡന അവാര്‍ഡ്‌ നൈറ്റുകളും “താത്രി പുരസ്കാരവും” പ്രഖ്യാപിക്കണം.
സ്വാശ്രയ പീഡന പരിശീലന കോളേജുകള്‍ നിലവില്‍ വരികയും ഫീസു തര്‍ക്കം കാലാകാലം നിലനില്‍ക്കുകയും വേണം.
റെയില്‍വേയുമായി സഹകരിച്ച് തീവണ്ടി കമ്പാര്‍ട്ട്മെന്റുകളില്‍ പീഡന പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ക്ക് സൌകര്യമൊരുക്കണം.

കാലങ്ങളായി പീഡനകലാകാരന്മാര്‍ പൂജിച്ചു വരുന്ന കാമപരിപൂരണയന്ത്രത്തെ അനുദിനം ഉന്നതിയിലേക്ക് വളര്‍ത്തിക്കൊണ്ടു വരണം എന്ന മന്ത്രോപദേശത്തോടെ താത്രി എന്ന മഹത്തരമായ സങ്കല്‍പ്പത്തെ വരും തലമുറയ്ക്കായി ഇതാ സമര്‍പ്പിക്കുന്നു.

Friday, August 19, 2011

സമരം-ഒരു സത്യാന്വേഷണം


സമരം എന്നു പറഞ്ഞാല്‍ തന്നെ “പ്രതിബന്ധങ്ങളോടുള്ള ഏറ്റുമുട്ടല്‍‌‌ എന്നാണര്‍ത്ഥം. അപ്പോള്‍ അതിനു അനുമതി വേണമെന്ന് ശഠിക്കുന്നതും നിഷേധവും എല്ലാം ഒരു തരം പ്രഹസനമല്ലേ? സമയബന്ധിതമായി ഒരു സമരം നടത്തുക എന്നതും പരിഹാസം ഉളവാക്കുന്നതാണ്. പിന്നീട് വിട്ടുവീഴ്ചക്കു തയ്യാറായി സമര ദിനങ്ങളുടെ എണ്ണം കുറച്ചു നിശ്ചയിക്കപ്പെടുക... ഭരണസഭ തന്നെ ലക്ഷങ്ങള്‍ ചിലവാക്കി മൈതാനം സമരത്തിനുവേണ്ടി സജ്ജമാക്കി കൊടുക്കുക,  ലോകത്തിനു തന്നെ പുതുമയാര്‍ന്ന സമര പുറപ്പാടാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നാം അറിഞ്ഞുകൊണ്ടിരിക്കുന്നത്.
ഗാന്ധിയും ഗോഖലെയും ഭഗത്തും സുഭാഷ്‌ ചന്ദ്ര ബോസുമെല്ലാംഇംഗ്ലീഷുകാരുടെ സമയ ബന്ധിത അനുമതി പത്രം വാങ്ങിയിട്ടല്ലല്ലോ അവര്‍ക്കെതിരെ സമരം ചെയ്തതും ഭാരതത്തിനു സ്വാതന്ത്ര്യം വാങ്ങി തന്നതും..
സമര നേതാക്കള്‍ എത്ര തന്നെ ഉന്നതരായിക്കോട്ടെ.. അവരുടെ പില്‍ക്കാല പിന്നാമ്പുറ ചിത്രങ്ങള്‍ എന്ത് തന്നെയുമായിക്കോട്ടെ.. നമുക്കറിയേണ്ടേ എന്തിനാണ് ഈ നാടകങ്ങള്‍ അരങ്ങേറുന്നത് എന്ന്? ആര്‍ക്കു വേണ്ടിയാണ് ഇതെല്ലാം? അതെ... അതാണ്‌ നമുക്കറിയേണ്ടത്.  ഇതെല്ലാം ആര്‍ക്കു വേണ്ടിയാണ്?
കൊട്ടിഘോഷങ്ങള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കുമൊടുവില്‍ സമരം നടക്കട്ടെ. ഉദ്ദേശിച്ച കാര്യ സാധ്യത്തിനു ഇത്രയും ദിനങ്ങള്‍ മതിയാകുമോ? അതിനുള്ളില്‍ കാര്യങ്ങള്‍ നടന്നില്ലെങ്കില്‍ സമരം പാതി വഴി ഉപേക്ഷിക്കുമോ? വിഢികളാകാന്‍ വിധിക്കപ്പെട്ട ഒരു സമൂഹത്തിന്‍റെ ഗ്രഹനിലയനുസരിച്ച് മാറ്റങ്ങള്‍ക്കു സാധ്യതയൊന്നും ഇത്തവണയും കല്‍പ്പിക്കപ്പെടുന്നില്ല.