പ്രകൃതിയാരാധനയിൽനിന്നും കാവുകളിലേയ്ക്കും അവിടുന്ന് ക്ഷേത്രസങ്കല്പങ്ങളിലേയ്ക്കും പിന്നീട് ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചുള്ള ഉത്സവങ്ങളിലേയ്ക്കുമുള്ള മനുഷ്യന്റെ പ്രയാണം സമൂഹജീവി എന്ന തലത്തിലുള്ള അവന്റെ സാംസ്‌കാരിക പരിണാമത്തിനോടൊപ്പംതന്നെയോ അല്ലെങ്കിൽ അവരണ്ടും പരസ്പരം ബന്ധപ്പെടുത്തിയോ ആയിരുന്നു
കാർഷിക വിളവെടുപ്പുകളോടനുബന്ധിച്ചാണ് ഭാരതത്തിലെ പ്രധാന ആഘോഷങ്ങളെല്ലാം തന്നെ. നീണ്ടയൊരു കാലയളവിലെ കഷ്ടപ്പാടുകൾക്കൊരാശ്വാസം എന്ന തരത്തിലാണ് ഈ ആഘോഷങ്ങളെല്ലാംതന്നെ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇവകൂടാതെ പ്രാദേശികോത്സവങ്ങളാകട്ടെ, അതതു ദേശത്തെ ആളുകൾ സംഗമിക്കുന്നതിനും വിവിധ തലങ്ങളിലുള്ളവർ തമ്മിൽ ഒത്തൊരുമിച്ചു പ്രവൃത്തിക്കുന്നതിനും പരിചയം പുതുക്കുന്നതിനുമെല്ലാം പങ്കുവഹിക്കുകയും ചെയ്യുന്നു.
ഒരു സമൂഹത്തിന്റെ സാംസ്കാരിക ഉന്നതിക്ക് ഉതകുംവിധമാണ് ഉത്സവാഘോഷങ്ങളെല്ലാം പണ്ടുമുതൽക്കേ വിഭാവനം ചെയ്തിരിക്കുന്നതും നടപ്പിലാക്കിയിരുന്നതും. കാലാകാലങ്ങളിൽ നടന്ന സാമൂഹ്യപരിഷ്ക്കരണങ്ങൾ പ്രാദേശിക ഉത്സവങ്ങളിലും പ്രതിഫലിച്ചിരുന്നു.
അങ്ങനെ ദേശത്തിന്റെ സാമൂഹ്യ സാംസ്‌കാരിക പരിഷ്കരണത്തിലും രൂപീകരണത്തിലും ഒട്ടും ചെറുതല്ലാത്ത പങ്കുവഹിക്കുന്നു, ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചുള്ള ഇത്തരം ഉത്സവാഘോഷങ്ങൾ.
സവർണ്ണസംസ്കൃതിയുടെ ഭാഗമായി നിലനിന്നിരുന്ന മേളവും പാഠകവും കൂത്തും കൂടിയാട്ടവും കഥകളിയും ഭജനയും ശാസ്ത്രീയസംഗീതവും മറികടന്ന് അവിടങ്ങളിൽ കഥാപ്രസംഗവും നാടകവും ബാലെയും കടന്നുവന്നു ജനപ്രിയത നേടിയത് സാമൂഹ്യപരിഷ്കരണത്തോടൊപ്പം നാനാജാതികളുടെയും ആസ്വാദനത്തിന്റെ കോലളവുകൾ കൂട്ടിച്ചേർത്തതുകൊണ്ടുമായിരുന്നു
സാമൂഹ്യപരിഷ്കരണത്തിനുള്ള വിവിധമാർഗ്ഗങ്ങളിൽ ഒന്നുമാത്രമായാണ് ഭക്തിമാർഗ്ഗത്തെയും പൂർവ്വ ജനത കണ്ടിരുന്നത് എന്നുസാരം
കാലം പരിഷ്കരിച്ചതോടെ മാർഗ്ഗങ്ങൾ മാറി. പുതിയ രീതികളും സങ്കല്പങ്ങളും നിലവിൽ വന്നു. അന്ധമായ വിശ്വാസത്തിൽ കൂപ്പുകുത്തി അതിൽ നീന്തിത്തുടിക്കുന്നവർ കൂടുതൽ ആൾക്കാരെ മാടിവിളിച്ചു കുളത്തിൽ ചാടിച്ചു. മതവും ദൈവങ്ങളും പലർക്കും വോട്ടുബാങ്കുകളും കച്ചവടച്ചരക്കുകളുമായിത്തീർന്നു. ഭക്തിരസത്തിൽ വെള്ളം കലർന്നു, ഭയത്തിന്റെ മൂർച്ച കൂടി. ദൈവങ്ങൾക്കിടയിലും APL BPL വേർതിരിവുകൾ പ്രകടമാക്കി കോടീശ്വരന്മാർ പിറന്നു. അവിടെയും പുതുപ്പണക്കാരോടുള്ള മനുഷ്യരുടെ മനോഭാവം ഒന്നുതന്നെയായിരുന്നു. ചില ദൈവങ്ങൾ പഴയ തറവാടിത്തവും പ്രൗഢിയും നിലനിർത്തിയപ്പോൾ മറ്റുചിലർക്കത് കൊഴിഞ്ഞുപോയി. ബ്രഹ്മസ്വം ദേവസ്വമായി, കമ്മറ്റികളായി.
തൃപ്തരല്ലാത്ത മനുഷ്യരുടെ തൃപ്തിക്കായി അവർതന്നെ തുടങ്ങിയ പുതിയ പലതരം വഴിപാടുകൾക്കും പൂജകൾക്കും മുന്നിൽ ദൈവങ്ങൾ മിണ്ടാനാകാതെ നിന്ന് വീർപ്പുമുട്ടി. അവയ്ക്കിടയിൽ വലിയ പഴക്കസ്വാദില്ലാത്ത ഒന്നാണ് അന്നദാനം.
ദൈവം എന്തിനാണ് വിശ്വാസികൾക്ക് ദാനം നൽകുന്നത്? മറ്റൊരുത്തരത്തിൽ ചിന്തിച്ചാൽ വിശ്വാസികളെ സംബന്ധിച്ച് അവർക്കുള്ളതെല്ലാംതന്നെ ദൈവത്തിന്റെ ദാനം തന്നെയല്ലേ. പിന്നെന്തിനാണ് ഒരു അഡിഷണൽ അന്നദാനം എന്നു തോന്നാം. അങ്ങനെ ലഗ്നാൽ ചിന്തിക്കുമ്പോഴാണ് അന്നദാനത്തിന്റെ ലഗ്നാധിപൻ ഉച്ചരാശിയിലാണെന്ന് കാണുന്നത്.
പലയിടത്തും അന്നദാനം ഒരു ദാനമല്ല മറിച്ച് ആരാധനാലയങ്ങളിലേയ്ക്ക് ‘വിശ്വാസി’കളെ ആകർഷിക്കുന്ന ഒരു മാർക്കറ്റിംഗ് തന്ത്രം കൂടിയാണ്. കൂടുതൽ ആളുകൾ എത്തിയാലേ അനുബന്ധ കച്ചവടങ്ങൾ കൊഴുക്കൂ. കച്ചവടം കൊഴുത്താലേ ഉന്നതിയുണ്ടാകൂ. ദൈവങ്ങളെ കച്ചവടച്ചരക്കായി മാറ്റുന്നവർക്ക് ആരാധനാലയങ്ങൾ വിശ്വാസത്തിന്റെ പൊന്നുടയാട പൊതിഞ്ഞ ഷോപ്പിംഗ് മാളുകൾ മാത്രമാണ് എന്നതൊരു നീറുന്ന യാഥാർഥ്യം. അന്നദാനം സ്പോന്സറിങ് അവർക്കൊരു ഫണ്ട് റൈസിംഗ് പ്രോഗ്രാമും
അന്നദാനം, പ്രസാദ ഊട്ട് തുടങ്ങി പലപേരുകളിൽ അറിയപ്പെടുന്ന ഇവയ്ക്ക് വിശദമായ ഒരു ഓഡിറ്റിംഗ് ഏർപ്പെടുത്തിയാൽത്തന്നെ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചു നടക്കുന്ന പല അരുതായ്മകളും മറനീക്കി പുറത്തുവന്നേക്കാം.
ഭക്തിമാർഗ്ഗം മഹാമാർഗ്ഗം നമുക്കും കിട്ടണം പണം!!
പള്ളിവാൽക്കഷ്ണം :
കുടുംബശ്രീയിൽ നിന്നും ഇസാഫിൽ നിന്നുമെല്ലാം ഭാര്യമാരെക്കൊണ്ട് ലോൺ എടുപ്പിച്ച് അന്നദാനം നടത്തിക്കൊണ്ടുപോയി വണ്ടിയും കിണ്ടിയും പണ്ടങ്ങളുമെല്ലാം പണയത്തിലാക്കിയ, ദാരിദ്ര്യരേഖയ്ക്കു കീഴിൽ ജീവിക്കുന്ന, സത്യസന്ധത കൈമുതലായ, ദുരിതബാധിത കമ്മറ്റിക്കാർ മേൽപ്രസ്താവിച്ച വിഭാഗങ്ങളിൽ ഉൾപ്പെടുന്നില്ല എന്ന് തെര്യപ്പെടുത്തിക്കൊള്ളുന്നു