About Me

My photo

മനസ്സ് ഇരിങ്ങാലക്കുടയിലും ശരീരം അബുദാബിയിലും നിക്ഷേപിച്ച് നാടിനെക്കുറിച്ചുള്ള സ്വപ്നങ്ങളില്‍ മുഴുകിനടക്കുന്നു.

Friday, February 4, 2011

പുഴുക്കുത്ത്


ഞാനൊരു മനുഷ്യ ജീവി തന്നെയാണോ എന്നും ആണെങ്കില്‍ തന്നെ മനുഷ്യകുലത്തില്‍ ജീവിക്കാന്‍ ഞാന്‍ അര്‍ഹനാണോ എന്നുമുള്ള സംശയം ബലപ്പെടുത്തുന്ന തരത്തിലുള്ള ചില വസ്തുതകളിലൂടെയാണ് ഈയിടെയായി ഞാന്‍ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ജീവിക്കുന്നുണ്ടെങ്കിലും ഒരു നിറവില്ല എന്ന് മാത്രമല്ല കുറവുകളുടെ ഒരു ഭാന്ടാകാരമാണ് ഞാന്‍ എന്ന ചിന്ത കുറേ കാലമായി എന്നെ പിന്തുടരുന്നു. മനുഷ്യ സഹജമായിട്ടുള്ള സ്വഭാവ വിശേഷങ്ങളോ ഗുണഗണങ്ങളോ ഇല്ലാതെ ഏതെങ്കിലും രീതിയിലുള്ള പോരായ്മകള്‍ എനിക്കുണ്ടോ? ഈ ലോകത്തില്‍ സാധാരണ മനുഷ്യര്‍ ജീവിക്കുന്ന പോലെയല്ലേ ഞാനും ജീവിക്കുന്നത്? അല്ല എന്നാണ് അവര്‍ പറയുന്നത്. ഇത് എനിക്കു മനസ്സിലാക്കി തന്നത് ടെലിവിഷനിലെ ഒരു സംഘം ആള്‍ക്കാരാണ്. ഓരോ പരിപാടികളുടേയും ഇടയില്‍ അവര്‍ ഇടയ്ക്കു കയറി വന്ന് നമ്മുടെ തെറ്റുകളും കുറവുകളും ചൂണ്ടികാട്ടി അതിനുള്ള പ്രതിവിധികളും പറഞ്ഞു തന്ന് പോകും. നിസ്സാരമെന്നു കരുതി നാം തള്ളികളഞ്ഞേക്കാവുന്ന ഓരോ കാര്യത്തിലും അവര്‍ക്ക് അത്ര മേല്‍ ശ്രദ്ധയാണ്. അതുകൊണ്ടാണല്ലോ ഓരോ പരിപാടിയും ഇടയ്ക്കു നിര്‍ത്തി വച്ച് അവര്‍ വന്ന് നമ്മളെ ഉത്ബോധിപ്പിച്ചു തിരിച്ചു പോവുന്നത്.
ലോകമെമ്പാടുമുള്ള മനുഷ്യര്‍ ഇന്ന് ഒരേ പോലെ നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഭീകരവാദമോ വര്‍ഗീയതയോ പട്ടിണി മരണമോ ഒന്നുമല്ല, രോഗാണുക്കളും കീടങ്ങളും പല തരത്തിലുള്ള അപൂര്‍ണതകളും ആണെന്ന് എനിക്കു മനസ്സിലാക്കി തന്ന ഇവരോടുള്ള എന്‍റെ നന്ദിയും കടപ്പാടും എന്നെന്നും നിലനില്‍ക്കുന്നതായിരിക്കും. പരസ്യം എന്നൊക്കെ പറഞ്ഞ് ഇത്തരം വിജ്ഞാനദായക നിമിഷങ്ങളെ, ഇതിനോട് എതിര്‍പ്പുള്ള ഒരു വിഭാഗം ജനങ്ങള്‍ പുച്ഛിച് തള്ളും എങ്കിലും നമ്മുടെ ആരോഗ്യ കാര്യത്തില്‍ എന്നല്ല, ഒരു മനുഷ്യന്‍റെ അടിമുടി വിഷയങ്ങളില്‍ അതീവ ശ്രദ്ധാലുക്കളും ജാഗരൂകരും ആയതുകൊണ്ടല്ലേ ഇത്രയും പണച്ചിലവുള്ള കാര്യമായിട്ടും അവര്‍ ഇടയ്ക്കിടെ വന്ന് നമ്മളെ ഇങ്ങനെ ഉത്ബോധിപ്പിക്കുന്നത്. സ്വന്തം പങ്കാളിക്കു പോലും മറ്റാളുടെ കാര്യത്തില്‍ ഇത്രമേല്‍ ശ്രദ്ധയുണ്ടാവില്ല. മനുഷ്യകുലം നേരിട്ടുകൊണ്ടിരിക്കുന്ന പലതരം വന്‍ വിപത്തുകള്‍ ഒഴിക്കാന്‍ വേണ്ടി കോടികള്‍ ചിലവഴിക്കാനും ഈ സന്നദ്ധ സംഘങ്ങള്‍ക്ക്  മടിയില്ല.
നമ്മുടെ ഹൃദയത്തിന് ആഘാതമുണ്ടാക്കുന്നതും രക്തധമനികളുടെ ഭിത്തികളില്‍ മറഞ്ഞിരുന്ന് ബന്ദിന് വഴി തടയുന്ന പോലെ രക്തയോട്ടം തടഞ്ഞു നിര്‍ത്തുന്നതും നമ്മള്‍ കഴിക്കുന്ന സാധാരണ ഭക്ഷ്യ എണ്ണയില്‍ അടങ്ങിയിട്ടുള്ള ചില മാരക പദാര്‍ത്ഥങ്ങള്‍ കാരണമാണത്രേ. വലിയൊരു പരീക്ഷണശാല നിര്‍മ്മിച്ച്‌ ലക്ഷക്കണക്കിനു പൈസ ചിലവാക്കി വര്‍ഷങ്ങളായി അവിടെ പരീക്ഷണങ്ങള്‍ നടത്തി ഈയിടെയാണ് ഒരു ഭക്ഷ്യ എണ്ണ സംസ്കരണ കമ്പനി ഇതു കണ്ടുപിടിച്ചത്. (അതു വരെ മനുഷ്യലോകം ഈ രഹസ്യം അറിഞ്ഞിരുന്നില്ലത്രേ.)  അതു മാത്രമോ ഇതിനെ അലിയിച്ച് വയറ്റില്‍ വച്ചുതന്നെ പുറന്തള്ളാന്‍ കഴിവുള്ള ഒരു ശാസ്ത്ര സാങ്കേതികവിദ്യയും അവരുടെ എണ്ണയില്‍ അവര്‍ നമുക്കു വേണ്ടി ചേര്‍ത്തിരിക്കുന്നു. അഷ്‌റഫ്‌ മാഷടെ സയന്‍സ് ക്ലാസ്സില്‍ ശ്രദ്ധിക്കാതെ ഇരുന്നതു മൂലം ഇതിന്‍റെ സാങ്കേതികവിദ്യ എനിക്കു കൂടുതല്‍ മനസ്സിലായില്ല. എന്തായാലും ഇത്രയൊക്കെ അവര്‍ നമുക്കു വേണ്ടി ചെയ്തു തന്നില്ലേ.
ജീവിതത്തിന്‍റെ ഓരോ നിമിഷങ്ങളിലും അവര്‍ നമ്മുടെ കൂടെ തന്നെയുണ്ട്. ഒരു സഹായിയെ പോലെ.. കയ്യു കഴുകി ഭക്ഷണം കഴിക്കാനിരുന്നപ്പോഴാണ് എന്‍റെ സോപ്പിനു സ്പീഡ്‌ പോരാ എന്നവര്‍ ചൂണ്ടികാണിച്ചു തന്നത്. ഒരു വര്‍ഷം മുന്‍പു വരെ ഞാന്‍ ഉപയോഗിക്കുന്ന സോപ്പ് രോഗാണുക്കളെ മുഴുവനും നിര്‍മാര്‍ജ്ജനം ചെയ്യാന്‍ പര്യാപ്തമായിരുന്നില്ല എന്നവര്‍ കണ്ടെത്തിയിരുന്നു . അതില്‍ തന്നെ ഒരു സോപ്പ് കക്ഷത്തിലെ രണ്ടു മൂന്നു രോഗാണുക്കളെ മാത്രം നിലനിര്‍ത്തി ബാക്കിയുള്ളവയെയെല്ലാം കൊന്നൊടുക്കികൊണ്ട് ശക്തമായ ഒരു മുന്നേറ്റം തന്നെ നടത്തുകയുണ്ടായി. പിന്നീട് എല്ലാ സോപ്പുകളും ഒരു ഉച്ചകോടി വിളിച്ചുകൂട്ടി ഒരു ഏകീകൃത രോഗാണു നിര്‍മാര്‍ജ്ജന വ്യവസ്ഥ നിലവില്‍ വരുത്തുകയുണ്ടായി. അങ്ങനെയിരിക്കെയാണ് ഇപ്പോള്‍ ഉപയോഗിക്കുന്ന സോപ്പ് രോഗാണു നിര്‍മാര്‍ജ്ജനത്തില്‍ സ്ലോ ആണെന്നും പറഞ്ഞ് അവര്‍ വീണ്ടും വന്നത്. എന്തായാലും രണ്ടും കല്‍പ്പിച്ചു ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ അതാ വരുന്നൂ ആയുധങ്ങളുമേന്തി കൊലവിളിയുമായി ഒരു ലോറി നിറയെ തോട്ടിപ്പണിക്കാര്‍. വരുന്നവഴി എല്ലാ വീടുകളിലേയും സ്ത്രീകളേയും വലിച്ചിറക്കികൊണ്ട് ആഘോഷമായിട്ടാണ് വരവ്. തോട്ടിപ്പണിക്കാരുടെ നേതാവ് പതിവു പോലെ തന്നെ ഒരു സിനിമാ നടന്‍. എന്‍റെ വീട്ടില്‍ നിന്നും ആരേയും കിട്ടാത്തതുമൂലം അവര്‍ ഇടിച്ചു കയറി അകത്തേയ്ക്കു വന്നു. ഇവര്‍ പറഞ്ഞപ്പോഴല്ലേ എന്‍റെ കക്കൂസ് വര്‍ഷങ്ങളായി കീടാണുക്കളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് എന്ന് ഞാന്‍ മനസ്സിലാക്കിയത്. ഇതുവരെ വൃത്തിയാക്കിയതെല്ലാം വൃഥാവിലായി.. ഇവരുടെ വരവ് കണ്ടപ്പോഴേ വികൃതരൂപതിലുള്ള കീടാണുക്കള്‍ അതിനേക്കാള്‍ വികൃതമായ ശബ്ദത്തില്‍ എന്തൊക്കെയോ പുലഭ്യം പറഞ്ഞുകൊണ്ട് ഇളകി വന്നു. ഇതെല്ലാം കൃത്യമായി ഭക്ഷണം കഴിക്കുന്ന നേരത്തെ സംഭവിക്കുള്ളൂ എന്നത് മുന്ജന്മപാപം. ഇതിനിടയില്‍ തോട്ടിപണിക്കാരും കീടാണുക്കളും തമ്മില്‍ അതിഭയങ്കര യുദ്ധം നടക്കുകയും അവസാനം തോട്ടിപ്പണിക്കാര്‍ വിജയിച്ചതിന്‍റെ തെളിവായി എന്നെ ബലമായി കഴുത്തിനു കുത്തിപിടിച്ച് കക്കൂസ്‌ മണപ്പിച്ച് “ ഹായ്.. എന്തൊരു സുഗന്ധം...ഇതിനു മുന്‍പ്‌ ഇങ്ങനെ ഉണ്ടായിട്ടേയില്ല. “ എന്ന് എന്നെകൊണ്ട് അടിച്ചു പറയിപ്പിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ദിവസം അടുത്ത വീട്ടിലെ സാക്ഷി എന്ന സ്ത്രീ കക്കൂസ് കഴുകുന്ന മരുന്നുകൊണ്ട് കറന്‍റ് കാശു ലാഭിക്കാം എന്നു തെളിയിക്കുകയുണ്ടായി. അവര്‍ ഉപയോഗിച്ച ലായനി മൂലം കക്കൂസും പരിസര പ്രദേശങ്ങളും അമ്പ് പെരുന്നാളിന് പെട്രോമാക്സ് കത്തിച്ച പോലെ പ്രഭാപൂരിതമായി എന്നും, ഇതു മൂലം കുട്ടികളുടെ സ്റ്റഡി റൂം അവര്‍ അങ്ങോട്ടു മാറ്റുകയുണ്ടായി എന്നും പറഞ്ഞുകേട്ടു.
കുറച്ചു നേരത്തേ മറ്റൊരു സ്ത്രീ വാതിലെല്ലാം തള്ളിതുറന്നുകൊണ്ട് ഒരു സംഘം ആള്‍ക്കാരോടൊപ്പം ചവുട്ടി കുതിച്ചു വന്ന് “ നിങ്ങളുടെ പേയ്സ്റ്റില്‍ ഉപ്പുണ്ടോ? “ എന്നു ചോദിച്ച് എന്‍റെ കരണത്തടിച്ചിട്ട് വന്ന അതേ രീതിയില്‍ തിരിച്ചു പോയതേ ഉള്ളൂ. വന്ന വരവും പോയ പോക്കും കണ്ടിട്ട് ഇവിടെ ചെയ്ത കര്‍ത്തവ്യം എല്ലാ വീടുകളിലും പോയി ചെയ്യാനുള്ള പരിപാടിയാണെന്നു തോന്നുന്നു. അതിന്‍റെ ക്ഷീണമൊന്നു മാറി വന്നപ്പോളാണ് ഞാന്‍ ഉപയോഗിക്കുന്ന ടൂത്ത്‌ ബ്രഷ് ശരിയല്ല എന്നു പറഞ്ഞു മറ്റൊരു കൂട്ടര്‍ വന്നത്. ഓണത്തിനു കുമ്മാട്ടി വരുന്ന പോലെ ഇങ്ങനെ കുറേ സംഘങ്ങള്‍ വന്നു പോവുന്നുണ്ട്. വായിലെ ഓരോ മുക്കിലും മൂലയിലും കടന്നു ചെല്ലാന്‍ കഴിവുള്ള ബ്രസ്സില്‍സ് ഉള്ള ടൂത്ത്‌ ബ്രഷ് ഉപയോഗിക്കാത്തതു മൂലം എന്‍റെ വായ നിറയെ രോഗാണുക്കള്‍ പെറ്റുപെരുകി സ്ഥിരവാസം ഉറപ്പിച്ചിരിക്കുകയാണ് എന്നവര്‍ സ്ഥിരീകരിച്ചു കഴിഞ്ഞു. ഇനി അല്ല എന്നു പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല. വായില്‍ തെളിഞ്ഞു വന്ന ഉമിനീര്‍ ഇറക്കണോ തുപ്പണോ എന്ന് എന്നെ ശങ്കയിലാക്കി അവര്‍ തിരികെ പോയി.
തന്‍റെ മാത്രമല്ല, സ്കൂളിലെ മുഴുവന്‍ കുട്ടികളുടെയും വായില്‍ പുഴുപ്പല്ലായതിനു കാരണം അച്ഛനാണ് എന്നു പറഞ്ഞു മകന്‍ പിണങ്ങിയത് കഴിഞ്ഞ ആഴ്ചയാണ്. ഞാന്‍ ഒരു ദന്തിസ്റ്റായിരുന്നെങ്കില്‍ എന്നെയും കൂട്ടി ക്ലാസ്സില്‍ പോയി, എന്‍റെ പപ്പ ദന്തിസ്റ്റാണ്‌ - കുട്ടികളേ നിങ്ങളുടെ പല്ലുകള്‍ സംരക്ഷിക്കുന്നത് ആരാണ് എന്നൊക്കെ ചോദിച്ച് ക്ലാസ്സ്‌ ടീച്ചറോടൊപ്പം കാര്യങ്ങള്‍ക്കൊരു തീര്‍പ്പുണ്ടാക്കമായിരുന്നു എന്നവന്‍ കരുതിയിരുന്നു.
ഈയിടെയായി അവനെ “മരത്തിലുള്ള മാങ്ങ” കളിയാക്കുകയും “പ്രായം കൂടുന്നതിനനുസരിച്ച് ഉയരം കൂടുന്നില്ലേ” എന്ന സംശയം അവനെ ചൂഴ്ന്നു നില്‍ക്കുകയും ചെയ്യുന്നുണ്ട്. അവന്‍റെ കാലുകള്‍ സൈക്കിളില്‍ നിന്നും താഴെ എത്തുന്നില്ലത്രേ. അപ്പു നായരുടെ കടയില്‍ നിന്നും പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് എന്‍റെ അച്ഛന്‍ വാങ്ങിയ പഴയ റാലി സൈക്കിളില്‍ ഇരുന്നാണ് നാലടി പൊക്കമുള്ള അവന്‍റെ വിലാപം. അപ്പോഴേക്കും ഇതിനു പ്രതിവിധിയുമായി മറ്റേ സംഘം ആള്‍ക്കാരെത്തി. ഇതിനെല്ലാം കാരണം ഞങ്ങള്‍ മാതാപിതാക്കള്‍ അവനു കൊടുക്കുന്ന ഭക്ഷണത്തിലെ പോഷകങ്ങളുടെ പോരായ്മയാണെന്ന് അവര്‍ മകനെ പറഞ്ഞു ധരിപ്പിച്ചു. എനിക്കിട്ടു തന്നെ നിങ്ങള്‍ പണിതു അല്ലേ എന്ന മട്ടിലുള്ള മകന്‍റെ നോട്ടം നേരിടാനാകാതെ ഞങ്ങള്‍ തല താഴ്ത്തി നിന്നു. മകന്‍റെ ഉയരം മൂന്നു സെന്റിമീറ്റര്‍ വീതം കൂടുവാനുള്ള വിദ്യ പറഞ്ഞ് തന്ന് മറ്റവര്‍ തിരികെ പോയി. ഈ ഉപകാരത്തിന് പ്രത്യേക ഫീസൊന്നും കൊടുക്കേണ്ടി വന്നില്ല. ഭാഗ്യം. മസ്തിഷ്കത്തിലെ അപൂര്‍ണ പോഷകങ്ങള്‍ മൂലം, പരീക്ഷാ ഹാളിലിരുന്ന്‍ “പഠിച്ചതെല്ലാം മറന്നു പോകുന്നു... അതേ.. അതേ...” എന്ന് മകന്‍ വിലാപഗാനം പാടാന്‍ സാദ്ധ്യതയുണ്ട് എന്ന് മുന്‍കൂട്ടി പറഞ്ഞു തന്ന് അതേ സംഘം തന്നെ മറ്റൊരു പൊടിയും ഞങ്ങള്‍ക്കു തന്നു. അത് പശുവിനു തവിട് കലക്കികൊടുക്കുന്ന പോലെ ദിവസവും രണ്ടു നേരം കലക്കികൊടുത്താല്‍ മസ്തിഷ്കത്തില്‍ അഞ്ചു തരം പോഷകങ്ങള്‍ പ്രതിക്രിയാ പ്രവര്‍ത്തനം നടത്തുക വഴി മകന്‍റെ ഗാനാലാപനത്തിന് ഒരു അറുതി വരികയും അയാളുടെ അടുത്ത നോട്ടത്തില്‍ നിന്ന് ഞങ്ങള്‍ രക്ഷപ്പെടുകയും ചെയ്യുമെന്ന്‌ അവര്‍ ഞങ്ങളെ പറഞ്ഞു മനസ്സിലാക്കി.
അപ്പോഴേക്കും ശ്രീമതിക്ക് ഉപദേശം കിട്ടി. കുട്ടിക്ക് ചോറ് കൊടുത്തില്ലെങ്കിലും അച്ഛന് മരുന്നു കൊടുത്തില്ലെങ്കിലും സാരമില്ല, നിങ്ങളുടെ മുടികള്‍ക്ക് പ്രോട്ടീനും വൈറ്റമിന്‍സും ഒഴിച്ചു കൊടുക്കാന്‍ മറക്കരുതേ എന്ന് പറഞ്ഞ് ഭാര്യക്ക് ഒരു ഷാംപൂവിന്‍റെ പേരും ചെവിയില്‍ പറഞ്ഞു കൊടുത്തു. ഭാര്യയുടെ മുഖത്തെ ചേതോവികാരം എന്തെന്നറിയാന്‍ ആഗ്രഹമില്ലാത്തതുകൊണ്ട് അങ്ങോട്ടു നോക്കാന്‍ പോയില്ല. “നിങ്ങളുടെ നെക്കലസ് ലോക്ക് ചെയ്തു പക്ഷേ നിങ്ങളുടെ ഫെയര്‍നെസ്സ് ലോക്ക് ചെയ്തില്ലല്ലോ” എന്ന് മറ്റൊരു കൂട്ടര്‍ പറഞ്ഞതിന്‍റെ അര്‍ഥം, ഉള്ള ഫെയെര്‍നെസ്സ് കൂടി പുറത്തു കാണിക്കാന്‍ സാധിക്കാത്ത തരത്തില്‍ അടച്ചു പൂട്ടികെട്ടിക്കാനുള്ള പരിപാടിയാണോ എന്നറിയാതെ ഭാര്യ വിഷമിക്കുന്നത് കണ്ട് മലയാളം ക്ലാസ്സ്‌ കട്ട്‌ ചെയ്തത് അവളാണോ അതോ ഇതു പറഞ്ഞവരാണോ എന്ന സംശയത്തില്‍ ഞാനുമിരുന്നു.
ഇത്രയൊക്കെ കഴിഞ്ഞപ്പോഴേക്കും ശരിക്കും തളര്‍ന്നു പോയി. അപ്പോഴേക്കുമതാ ഭാര്യക്കും ഭര്‍ത്താവിനും പ്രായമായവര്‍ക്കും അല്ലാത്തവര്‍ക്കും പ്രത്യേകം പ്രത്യേകം തവിടുകളുമായി അവരെത്തിക്കഴിഞ്ഞു. എല്ലാ വിഭാഗങ്ങളിലും ശരീരത്തിന്‍റെ പ്രവര്‍ത്തങ്ങള്‍ വ്യത്യസ്ത രീതിയിലാണ് എന്നതുകൊണ്ട് ഓരോ വിഭാഗത്തിനും വ്യത്യസ്ത പ്രായത്തിലുള്ള തവിടുകള്‍ കൊടുത്താലേ പുഷ്ടി ഉണ്ടാകുവത്രേ. അഷ്‌റഫ്‌ മാഷടെ ക്ലാസ്സ്‌ ശ്രദ്ധിച്ചില്ലെന്കിലെന്താ അതൊക്കെ നല്ല പോലെ പഠിച്ചു വന്ന ആള്‍ക്കാര്‍ നമുക്കു വേണ്ടി ഇത്രയൊക്കെ സേവനം ചെയ്തു തരുന്നില്ലേ?
നിങ്ങള്‍ ഒരു തരത്തിലും നിലവാര തകര്‍ച്ച നേരിടാന്‍ അവര്‍ അനുവദിക്കില്ല. അതവരുടെ ധര്‍മ്മമാണ്, അവതാര ലക്ഷ്യമാണ്. നമുക്കു വേണ്ടി ഒരു സാങ്കല്‍പ്പിക ലോകം തന്നെ കെട്ടിപ്പടുത്ത് അതു ചൂണ്ടിക്കാണിച്ച് നമ്മെ ഏതുവിധേനെയും പ്രലോഭിപ്പിച്ച് അതിലേക്കു കൈപിടിച്ചുയര്‍ത്താനുള്ള സാമൂഹ്യ സേവനത്തിന്‍റെ അശ്രാന്ത പരിശ്രമത്തിലാണവര്‍. നിങ്ങള്‍ക്ക് തീരെ വിശ്വാസമില്ലേ അവരോടൊപ്പം അവിടെ എത്തിപ്പെടാനാവുമെന്ന്?  ഒട്ടും പരിഭ്രമിക്കേണ്ട. അതിനും പ്രതിവിധിയുണ്ട്. ലോകത്തിലാദ്യമായ് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ മരുന്നു കണ്ടുപിടിച്ചിരിക്കുന്നു. ആരാണത് കണ്ടുപിടിച്ചത്? ഒരു സാനിട്ടറി നാപ്കിന്‍ കമ്പനി..അത്ഭുതം തോന്നുന്നു അല്ലേ? അതുപയോഗിച്ചാല്‍ ആരുടേയും ആത്മവിശ്വാസം വാനോളം ഉയരും. എന്തും ചെയ്യാനുള്ള ചങ്കൂറ്റം നിങ്ങള്‍ക്കു ലഭിക്കും. എന്തെങ്കിലും ചെയ്യുന്നതിനു മുന്‍പ് ആത്മവിശ്വാസ കുറവ് തോന്നുന്നുവെങ്കില്‍ ഇനി ഇതുപയോഗിച്ചാല്‍ മതി. എല്ലാം നേരെയാകും. പുരുഷന്മാര്‍ വിഷമിക്കേണ്ട. നിങ്ങള്‍ക്കുമുണ്ട് പ്രതിവിധി. അവിടത്തെ ഏറ്റവും വലിയ പ്രശ്നം പൌരുഷമാണല്ലോ. ഇനിയിപ്പോള്‍ അതില്ല എങ്കില്‍ ഒരു സൂപ്പര്‍ സ്റ്റാര്‍ കൊണ്ടുവരുന്ന മുണ്ട് ധരിച്ചാല്‍ മതി, ഏതു ഇമ്പിളിയാണ്ടനും പൌരുഷമുള്ളവനാവും.
ഇങ്ങനെയുള്ള സേവന ദാതാക്കളുടെ സംഘങ്ങള്‍ മാറി മാറി വന്ന് ഉപദേശങ്ങള്‍ നല്‍കി ഞാനിപ്പോള്‍ ആകപ്പാടെ ഒരു നിശ്ചയമില്ലാത്ത അവസ്ഥയിലായിപ്പോയി. ഇത്രമാത്രം പ്രശ്നങ്ങളുടെ നടുവിലാണോ ദൈവമേ ഞാന്‍ നില്‍ക്കുന്നത്? എന്‍റെ പിതാമഹന്മാരും പ്രപിതാമഹന്മാരും ഇത്തരം ദുരവസ്ഥകളുടെ നടുവിലൂടെയായിരുന്നോ കടന്നു വന്നത്? എന്തിന്.... എന്‍റെ കുട്ടിക്കാലത്തു പോലും ഇത്രയധികം കീടങ്ങളും രോഗാണുക്കളും പ്രോട്ടീനും പോഷകങ്ങളും അപൂര്‍ണതകളും ഇങ്ങനെ ലക്കും ലഗാനുമില്ലാതെ ഇറങ്ങി നടന്നിരുന്നില്ല. അന്നൊക്കെ, ട്യൂബ് ലൈറ്റിന്റെ പ്രകാശം പരത്തുന്ന, സുഗന്ധം വമിപ്പിക്കുന്ന കീടാണുവിമുക്തമായ (എന്നെല്ലാം അവകാശപ്പെടുന്ന) ടോയ്‌ലറ്റ്കള്‍ക്ക് പകരം നല്ല ഓപ്പണ്‍ എയര്‍ വടി കക്കൂസകളായിരുന്നു ഉണ്ടായിരുന്നത്. കുട്ടിക്കാലത്ത് മദ്ധ്യവേനലവധിക്ക് ഞങ്ങളുടെ തറവാട്ടില്‍ പോകുമ്പോഴായിരുന്നു ഇത്തരം മറക്കാനാവാത്ത പല അനുഭവങ്ങളും ഉണ്ടായിരുന്നത്. അവിടെ ഒരു പത്തുമുപ്പതു വര്‍ഷമേ ആയിട്ടുള്ളൂ ഒരു ക്ലോസെറ്റ് നിര്‍മ്മിച്ചിട്ട്. അതിനും വളരെ മുന്‍പ് വിശാലമായ വളപ്പിന്‍റെ ഒരു കോണില്‍ എല്ലായ്പ്പോഴും മണിയനീച്ചകളുടെ ആരവങ്ങളുമായി ഓപ്പണ്‍ എയറില്‍ യാതൊരു മറയുമില്ലാതെ നല്ല ഇകോ ഫ്രണ്ട്‌ലി വടി കക്കൂസസ് ആയിരുന്നു ഉണ്ടായിരുന്നത്. വളരെ സിമ്പിള്‍ ടെക്നോളജി. നാലടി നീളവും അഞ്ചടി ആഴവുമുള്ള നീളന്‍ കുഴി. അതില്‍ നെടുകെ ബലമുള്ള രണ്ടു മരത്തടികള്‍. നേരേ ചെല്ലുക, രണ്ടു വടിയിലും കാലുകള്‍ ഉറപ്പിച്ച് കുന്തിച്ചിരിക്കുക, കാര്യം സാധിക്കുക. കഴിവു പ്രദര്‍ശിപ്പിക്കേണ്ട ആകെ ഒരു കാര്യം ഈ വടികളില്‍ ബാലന്‍സ് ചെയ്ത് ഇരിക്കുക എന്നതാണ്. അധികം പ്രയാസമൊന്നുമുള്ളതല്ലെങ്കിലും, കാലുമടങ്ങി വീണ കാര്യസ്ഥന്‍ ശങ്കരപ്പിള്ളയെ പണിക്കാരന്‍ താമി വടമിട്ട്‌ അതില്‍ നിന്നും കയറ്റുന്ന കാഴ്ച ഓര്‍മ്മയുള്ളതിനാല്‍ വളരെ ശ്രദ്ധിച്ചാണ് കാര്യം സാധിച്ചിരുന്നത്. പല്ലുതേപ്പിന് ഉമിക്കരിയും മാവിലയും. വെളുത്ത നിറമുള്ള പല്പ്പൊടി ജീവിതത്തിലേക്ക് കടന്നുവന്നതുതന്നെ പത്തു വയസ്സിനു ശേഷമാണ്. ടംങ്ങ് ക്ലീനറിനു പകരം നല്ല പച്ച ഈര്‍ക്കില്‍. പഴയ ലൈഫ് ബോയ്‌ സോപ്പിന്റെ മണം തങ്ങി നിന്നിരുന്ന കുളക്കടവില്‍ കുളിക്കാന്‍ ആരവത്തോടെ എല്ലാവരും കൂടി പോകും. മക്കളും മകളേരും മരുമക്കളുമൊക്കെ വരുമ്പോള്‍ മാത്രമേ അവിടെ കുറച്ചു ലാവിഷ് ആയി സോപ്പെല്ലാം വാങ്ങാറുള്ളൂ. അല്ലെങ്കില്‍ ഇഞ്ചയും ചെറുപയറും താളിയുമൊക്കെ തന്നെ. എന്നിട്ടും ആരുടേയും കക്ഷത്തില്‍ രോഗാണുക്കള്‍ ശല്യം ചെയ്തിരുന്നില്ല. എല്ലാവരും കുളിക്കുന്ന കുളത്തില്‍ ചാടി മറയുമ്പോള്‍ കുറേ വെള്ളവും അകത്താവും. ഒരിക്കല്‍ കുളത്തിലെ തണുത്ത വെള്ളം വായ്ക്കകത്തേക്ക് പോയപ്പോള്‍ പെട്ടെന്ന് ഇളം ചൂടും ഉപ്പുരസവുമായി മാറിയതിന്‍റെ മാജിക്‌, തൊട്ടടുത്ത്‌ പാച്ചു അനങ്ങാതെ നിന്നു ചിരിക്കുന്നതു കണ്ടപ്പോഴാണ് മനസ്സിലായത്‌. അപ്പോഴേക്കും പകുതിയിലധികവും വയറ്റിലെത്തിക്കഴിഞ്ഞിരുന്നു. അന്ന് വയറ്റിലെത്തിയ അജീര്‍ണ്ണ രാസമൂലകങ്ങള്‍ ഇതു വരെ ശരീരത്തില്‍ ബന്ദ്‌ പ്രഖ്യാപിച്ചിട്ടില്ല.
ഉച്ചക്ക് ഭക്ഷണത്തിന് നല്ല ചോറും വളപ്പില്‍ നിന്നും പറിച്ചെടുത്ത കായ്‌കറികള്‍ വെട്ടി നുറുക്കിയ ഒരു കൂട്ടാനും. പക്ഷേ ജനിതക വൈകല്യങ്ങളും മസ്തിഷ്കത്തിലെ അപൂര്‍ണ്ണ പോഷകങ്ങളും അവിടെയാരേയും പിടികൂടിയിരുന്നില്ല. മരത്തിലെ മാങ്ങയും പേരക്കയും എന്തിന്.. തെങ്ങിലെ തേങ്ങ വരെ ഒരു കുട്ടിയേയും നോക്കി കളിയാക്കി ചിരിക്കാന്‍ ധൈര്യപ്പെട്ടിരുന്നില്ല. വളപ്പിലെ മണ്ണിലും ചെളിയിലും ഓടി നടക്കുമ്പോള്‍ കാലില്‍ ചെരുപ്പ് എന്നൊരു വസ്തുവേ ഉണ്ടായിരുന്നില്ല. ആഡംബര പാദരക്ഷയായിരുന്ന സ്ലിപ്പര്‍, പുറമേ യാത്രക്കെല്ലാം പോകുമ്പോള്‍ മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ. മൂന്നാലു വര്‍ഷത്തെ കാലപ്പഴക്കം കൊണ്ട് ചെരുപ്പിനടിഭാഗത്തെ നീലനിറം പുറമേ കാണുംവിധത്തില്‍ പാണ്ട് പിടിച്ച പോലെയായി, തള്ളവിരലിന്റെയും ഉപ്പൂറ്റിയുടെയും ഭാഗങ്ങളില്‍ ഓട്ടയും വീണതിനു ശേഷം മാത്രമേ അടുത്ത ചെരുപ്പിനുള്ള അപ്ലിക്കേഷന്‍ സ്വീകരിച്ചിരുന്നുള്ളൂ.
അന്നൊന്നും ഈ രോഗാണുക്കളും കീടങ്ങളും അവയുടെ പ്രവര്‍ത്തന സാദ്ധ്യത മനസ്സിലാക്കാതിരുന്നത് മൂലം നമുക്കു സ്വാതന്ത്ര്യത്തോടെയും മനസ്സമാധാനത്തോടെയും ഉത്ക്കണ്ഠാ ജനകമല്ലാത്ത അന്തരീക്ഷത്തില്‍ ജീവിക്കാന്‍ സാധിച്ചിരുന്നു. പിന്നീടല്ലേ രോഗാണുക്കളുടെയും മറ്റും യുവ തലമുറ അമേരിക്കയിലും മറ്റു വിദേശരാജ്യങ്ങളിലും പോയി ഉപരിപഠനം നടത്തി തങ്ങളുടെ അനന്തമായ സാദ്ധ്യതകള്‍ തിരിച്ചറിഞ്ഞ് തിരികെ വന്നതും നമ്മുടെ സ്വൈരം കെടുത്തി തുടങ്ങിയതും. ഇപ്പോള്‍ എന്തിനു പറയുന്നൂ..ശരീരമാസകലം , അകത്തും പുറത്തും, രോഗാണുക്കളും വീടും പരിസരപ്രദേശങ്ങളും നിറയെ കൃമികീടങ്ങളുമായി എന്തുവേണമെന്നറിയാതെ ഭീതിയില്‍ ഞാനുഴലുന്നു. എന്‍റെ മസ്തിഷ്കത്തില്‍ പുഴുക്കുത്ത് അടിച്ചേല്‍പ്പിച്ചവര്‍ തന്നെ അതിന്‍റെ പ്രതിവിധിയുമായി ഉടനടി വരുമെന്ന വികല ചിന്തയില്‍ ഞാന്‍ ടിവിയില്‍ കണ്ണുംനട്ടു കാത്തിരിക്കുന്നു. അടുത്ത സംഘത്തേയും കാത്ത്.....പ്രതീക്ഷയോടെ.....

6 comments:

 1. good one Nambissan.....

  Rakesh

  ReplyDelete
 2. nambeesan....Assallayittunde !!!!


  Bindu Menon

  ReplyDelete
 3. ടി വി പരസ്യങ്ങള്‍ കൊണ്ട് ജീവിക്കാന്‍ പറ്റാത്ത നിങ്ങളുടെ അവസ്ഥ ഞാന്‍ മനസിലാക്കുന്നു.

  എന്നാല്‍ നിങ്ങളുടെ ഉള്ളില്‍ നിന്നും ഒരു സാഹിത്യകാരനെ പുനര്‍ജനിപ്പിച്ചതിന് ആ പരസ്യങ്ങള്‍ ഒരു പ്രചോദനമായി എന്നതിനാല്‍ അവക്കും ഉണ്ട് ഒരു മഹാത്മ്യം


  ഗണേഷ്‌ രാജന്‍

  ReplyDelete
 4. GAMBEERAM ENGINE OKKE EZHUTHAN PATTUMLE

  ReplyDelete
 5. Beware....parasya companykkaaru odichittu thallum....:)

  ReplyDelete