Saturday, May 4, 2013

സാവകാശം നഷ്ടപ്പെട്ടവര്‍


കടല്‍ക്കരയില്‍ മുഖം ചെരിച്ചിരുന്നുകൊണ്ട് അറ്റമില്ലാ കടലിനേയും ആകാശത്തേയും നോക്കിയിരിക്കാന്‍ എന്തു രസം. ചിന്തകളുടെ വേലിയേറ്റത്തിനൊടുവില്‍ പലതും കടലമ്മ തന്നെ തിരികെ കൊണ്ടുപോയി. ഇവിടെ ഇങ്ങനെ ഇരുന്നുനോക്കുമ്പോള്‍ കടലിനും ആകാശത്തിനും ഒരേനിറം. കടലിന്‍റെ നീലമഷിക്കൂട്ട് ആകാശത്തിലേയ്ക്ക് പടര്‍ന്നുകയറിയപോലെ. രണ്ടു വൈരുദ്ധ്യങ്ങളായി മുന്നോട്ടു പോയ്പ്പോയ്‌ അകലങ്ങളില്‍ കണ്‍വെട്ടത്തിനിപ്പുറത്തെങ്ങോ ലയിച്ചുചേരുന്ന കടലും ആകാശവും. സമഗമങ്ങള്‍ക്കിടയില്‍ മറുകര തേടിപ്പോകുന്ന യാനങ്ങള്‍.

കടല്‍ക്കരയില്‍ ആളുകളുടെ തിരക്കേറി വന്നുതുടങ്ങി. കോര്‍ണിഷിലെ ഭംഗിയേറിയ പുല്‍ത്തകിടികള്‍ക്കിടയിലെ ഒഴിഞ്ഞ മൂലയിലുള്ള മരബെഞ്ചിലേയ്ക്ക് താമസം മാറുന്നതിനിടയില്‍ ആലോചിച്ചു. ഇവര്‍ക്കൊക്കെ വീട്ടിലെന്തെല്ലാം പണികളുള്ളതാ..എല്ലാം ഇട്ടെറിഞ്ഞ് സ്വന്തം സുഖംമാത്രം തേടി എന്തിനിങ്ങോട്ടു തന്നെ വന്നു.

എന്‍റെ സ്വകാര്യതയിലേയ്ക്കുള്ള കടന്നുകയറ്റത്തിനെതിരെ ഉയര്‍ന്നു വന്ന രോഷം എത്ര ശ്രമിച്ചിട്ടും അടക്കി വയ്ക്കാന്‍ സാധിച്ചില്ല. എനിയ്ക്കെന്തിനാണ് അവരോടു ദേഷ്യം തോന്നുന്നത്? മനസ്സ് അതിന്‍റെ കരിങ്കാലിപ്പണി ഇടയ്ക്കെങ്ങോ പുറത്തെടുത്തു..

തിരക്കും വര്‍ത്തമാനങ്ങളും കോലാഹലങ്ങളും കൂടിക്കൂടി വരുന്നു. വീട്ടിലിത്ര നേരവും ഈ ബഹളങ്ങള്‍ തന്നെയായിരുന്നില്ലേ ..ഇവിടെ വന്നാലെങ്കിലും സമാധാനമായിരുന്നുകൂടെ....ശാന്തത എന്നൊരു വികാരം ഇവര്‍ക്കറിയില്ല എന്നു തോന്നുന്നു. കടലിന്‍റെ സൗന്ദര്യം ഇവര്‍ അറിയുന്നേയില്ല. സൗന്ദര്യം നുകരാനറിയാതെ കടല്‍ക്കരയില്‍ വന്നിരിയ്ക്കുന്ന വിഡ്ഢികള്‍. ഓരോ അണുവിലുമുള്ള സൗന്ദര്യം പതിയെ പതിയെ ഒപ്പിയെടുത്ത് ലയിച്ചിരിക്കുന്നതിന്‍റെ ലഹരി ഇവര്‍ മറന്നു പോയിരിക്കുന്നു. ഒച്ചയും വേഗതയുമൊക്കെയാണ് അവരെ നയിക്കുന്നത്. തിരമാലകള്‍ക്കുള്ളിലൂടെ പൊങ്ങിയും താണും, ആഴക്കടലിലേയ്ക്കു നീന്തി പവിഴപ്പുറ്റുകള്‍ കണ്ടും തിരികെ വരുന്ന ജലമത്സ്യങ്ങളാകാതെ കൃത്രിമ സൗകര്യങ്ങള്‍ നിറച്ച് ഉപ്പുവെള്ളത്തിനു മുകളില്‍ പൊങ്ങിക്കിടക്കുന്ന നക്ഷത്രക്കപ്പലുകള്‍ പോലെയായിരിക്കുന്നു ഇവരുടെ ആസ്വാദനം.  

ബീച്ചില്‍ ഒരറ്റത്ത് ഒരു കുടുംബം ബാഡ്മിന്റണ്‍ കളി തുടങ്ങിയിരുന്നു. മുന്നിലെ നടപ്പാതയിലൂടെ തിളങ്ങുന്ന പച്ച ബനിയനും കറുത്ത ഷോര്‍ട്ട്സുമിട്ടു ഒരു സായിപ്പ് വേഗത്തില്‍ നടന്നു പോയി. പ്രായമായ ചിലര്‍ പരസ്പരം സുപ്രഭാതം നേര്‍ന്നുകൊണ്ട് കടന്നുപോകുന്നുണ്ടായിരുനു.. അപ്പുറത്ത് ചെറു പച്ചപ്പനകളിലെ അന്തേവാസികളായ കിളികള്‍ ഇതൊന്നും ശ്രദ്ധിക്കാതെ പുല്‍ത്തകിടികള്‍ക്കു മീതെ ഓടിയും പറന്നും തങ്ങളുടേതായ തീറ്റി തേടലും മറ്റു പണികളിലും ഏര്‍പ്പെട്ടു. അവര്‍ക്കും തിരക്കു ബാധിച്ച പോലെ. എന്തിനാണെന്നറിയാതെ അവറ്റകളും വേഗത്തില്‍ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നുണ്ട്.
കാണെക്കാണെ കടല്‍ക്കാറ്റിനും തിരമാലകള്‍ക്കും വേഗം വര്‍ദ്ധിച്ചു. ഈ മനുഷ്യരെക്കൊണ്ടു തോറ്റു. അവര്‍ എല്ലാത്തിന്‍റെയും വേഗം വര്‍ദ്ധിപ്പിക്കും. അവരോടൊപ്പം മത്സരിക്കാന്‍ പ്രകൃതിയും തുനിഞ്ഞിറങ്ങിയിരിക്കയാണോ? വേഗത പഠിക്കാന്‍ മറന്ന എന്നേയും തട്ടിമാറ്റി ഉച്ചത്തില്‍ എന്തൊക്കെയോ പുലമ്പിക്കൊണ്ട് എന്‍റെ തൊപ്പിയും പറിച്ചെടുത്തു കടല്‍ക്കാറ്റ് കരയിലേക്ക് പാഞ്ഞു. . അതിന്‍റെ ഉലച്ചിലില്‍ സന്തുലനം നഷ്ടപ്പെട്ട ഞാനും താഴേയ്ക്കു പോയി. അവിടെ പുല്‍ത്തകിടികള്‍ക്കു മീതെ ചാടിക്കളിയ്ക്കുന്ന ചെറു പ്രാണികളും മണ്ണില്‍ നിരന്നു നീങ്ങുന്ന കുഞ്ഞുറുമ്പുകളും മാത്രം ഇതൊന്നുമറിയാതെ സാവകാശം തങ്ങളുടെ ഒരു ദിനം മുന്നോട്ടു നീക്കുകയായിരുന്നു അപ്പോള്‍.  

8 comments:

  1. something is missing somewhere....poornamaakathathu pole thonni....udyamangal nadakkate...vimarshanagale swaagatham thurannu sweekarikkuka....ezhuthaanulla avakaasham thaangalkum abhipraayam parayaanulaa swathantryam njangalilum nikshiptamaanallo...

    ajay nambiar

    ReplyDelete
  2. ചാടിക്കളിയ്ക്കുന്ന ചെറു പ്രാണികളും മണ്ണില്‍ നിരന്നു നീങ്ങുന്ന കുഞ്ഞുറുമ്പുകളും മാത്രം ഇതൊന്നും ശ്രദ്ധിക്കാതെ അവരുടെ ചെറുജീവിതം തുഴയുന്നുണ്ട് അല്ലെ?

    ReplyDelete
  3. സമയ തീരത്തിന്‍ ബന്ധനമില്ലാതെ
    മരണസാഗരം പുല്‍കുന്ന നാള്‍ വരെ
    ഒരു മദാലസ നിര്‍വൃതീ ബിന്ദുവായ്
    ഒഴുകുമെങ്കിലോ ഞാന്‍ നിത്യതൃപ്തനാം.

    ആവശ്യത്തിലധികം എല്ലാം സമയവുമായി ബന്ധപ്പെടുത്തുകയും അതിനു വേണ്ട വേഗം നിര്‍ബന്ധിതമായി അടിച്ചേല്‍പ്പിക്കപെടുകയും ചെയ്ത അന്ന് മുതല്‍ എല്ലാം കുഴപ്പമായെടാ..
    എന്നിട്ടൊരു പുതുചൊല്ലും "Survival of the fittest". Survival ഇവിടെ ജനിച്ചു വീണ എല്ലാവരുടെയും അവകാശമാണ്. എങ്ങനെ വേണം എന്നത് ഓരോതോറും നിശ്ചയിക്കട്ടെ.

    നന്നായിട്ടുണ്ടെടാ...

    ReplyDelete