About Me

My photo

മനസ്സ് ഇരിങ്ങാലക്കുടയിലും ശരീരം അബുദാബിയിലും നിക്ഷേപിച്ച് നാടിനെക്കുറിച്ചുള്ള സ്വപ്നങ്ങളില്‍ മുഴുകിനടക്കുന്നു.

Monday, November 12, 2012

മണ്ഡലവും ഗള്‍ഫും പിന്നെ അയ്യപ്പനും

ഗള്‍ഫ്‌ മലയാളിയുടെ ജീവിതം കൃത്യമായ ആഘോഷഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഏപ്രില്‍ മുതല്‍, സ്കൂള്‍ അടയ്ക്കുന്ന ജൂണ്‍-ജൂലൈ മാസം വരെ നീളുന്ന വിഷു ആഘോഷങ്ങള്‍. സ്കൂള്‍ അടച്ചാലുടന്‍ കുടുംബത്തെ നാട്ടിലേക്കയച്ച് അടുത്ത ഒരുമാസക്കാലം പുരുഷന്മാര്‍ ബാച്ചിലര്‍ ജീവിതമാഘോഷിക്കുന്ന ‘മധു’മാസം. അതുകഴിഞ്ഞാല്‍ പിന്നെ അടുത്ത മൂന്നുമാസക്കാലം അവര്‍ ഓണാഘോഷത്തിന്‍റെ തിരക്കിലായിരിക്കും. ഗള്‍ഫ്‌ മലയാളിക്ക് എന്തും ഏതും ആഘോഷമാണ്. ആഘോഷങ്ങളില്ലാത്ത ഒരു അവസ്ഥയെപ്പറ്റി ആലോചിക്കാനേ അവര്‍ക്ക് കഴിയില്ല. എല്ലാ ആഘോഷങ്ങളുടെയും ആഴങ്ങളിലേയ്ക്കിറങ്ങി ചെന്നാല്‍ അവിടെ ധാരാളം ലഹരി തളംകെട്ടിക്കിടക്കുന്നതു കാണാം, അതിനുമപ്പുറത്ത് കുറച്ചു കെട്ടുകാഴ്ചകളും.

മാസങ്ങള്‍ നീളുന്ന ഓണാഘോഷങ്ങള്‍ അവസാനിക്കുന്നതോടെ ഇക്കണ്ട ആഘോഷങ്ങളെല്ലാം “ആഘോഷിച്ച്” ഇനി വയ്യേ എന്ന അവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് സാക്ഷാല്‍ സ്വാമി അയ്യപ്പന്‍ മണ്ഡലവ്രതം എന്ന പാപമോചന ഓഫറുമായി ഗള്‍ഫ്‌ പര്യടനത്തിനെത്തുന്നത്. ഇത്രയും കാലം ദിവസേന നടത്തിക്കൊണ്ടുപോന്നിരുന്ന ലഹരിസാധക പ്രവര്‍ത്തനങ്ങളും, സ്മാര്‍ത്തവിചാരങ്ങളുടെ കണക്കും, കൂടാതെ തീര്‍ന്നുപോയ ദിവസങ്ങളുടെ ഉറപ്പുമാത്രം കൈമുതലായുള്ള ജോലിയുമായി, നാളെയെക്കുറിച്ച് യാതൊരു ഉറപ്പുമില്ലാതെ ജീവിക്കുന്ന ഒരുവിഭാഗം ഗള്‍ഫ്‌ മലയാളികള്‍ക്ക് ഇതുവരെ ചെയ്ത അപരാധങ്ങള്‍ക്കെല്ലാമായുള്ള പ്രായശ്ചിത്തവും, സുന്ദരസുരഭില ഭാവിജീവിതത്തിനു വേണ്ടിയുള്ള ഒരു മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാനുമുള്ള അവസരവുമാണ് ഈ മണ്ഡലക്കാലം 41 ദിവസം വ്രതം നോല്ക്കുക എന്നത്. ലോകത്ത് ഏറ്റവുമധികം ഗൃഹാതുരത്വം പേറി നടക്കുന്ന ജീവിയായി യുനെസ്കോ അംഗീകരിച്ച ഗള്‍ഫ്‌ മലയാളികള്‍ക്കിടയില്‍ അയ്യപ്പന്‍റെ ഈ മണ്ഡല ഓഫര്‍ ചൂട് അരവണ പോലെ എപ്പോള്‍ വിറ്റുപോയി എന്ന് ചോദിച്ചാല്‍ മതി. ഇതോടുകൂടി അവരുടെ ആഘോഷങ്ങള്‍ക്ക് ഒരു ഭക്തിപരിവേഷം കൈവരുകയും ദിവസേന രണ്ടുനേരം (മാത്രം) അവര്‍ ഭക്തിപരവശതയില്‍ ആറാടിതുടങ്ങുകയും ചെയ്യും. പിന്നത്തെ രണ്ടുമാസക്കാലം കിട്ടിയ ഗ്യാപ്പിലെല്ലാം അയ്യപ്പപൂജ, വിളക്ക്, ഭജന, ഇങ്ങനെ മാറി മാറി ആഘോഷങ്ങളുമായി അവര്‍ മുന്നേറുന്നു.

തുലാം പതിനഞ്ചോടു കൂടി തന്നെ പലരും ഡീസന്‍സി അനൌണ്സ്മെന്‍റ് നടത്തി കഴിഞ്ഞിരിക്കും. വൃശ്ചികം ഒന്നുമുതല്‍ അവന്‍റെ സ്വഭാവത്തില്‍ പ്രകടമായ വ്യത്യാസങ്ങളാണ് കണ്ടുതുടങ്ങുന്നത്. രാവിലെ നേരത്തേ എണീക്കുന്നു, കുളിക്കുന്നു, അയ്യപ്പഭക്തിഗാനങ്ങള്‍ വീടിനുള്ളില്‍ മുഴങ്ങികേള്‍ക്കുന്നു, ഓരോരോ കാര്യസാദ്ധ്യങ്ങള്‍ക്കായി പ്രത്യേകം പ്രത്യേകം നിരത്തിവച്ചിരിയ്ക്കുന്ന നിരവധി ഈശ്വരന്‍മാരുടെ ഫോട്ടോകള്‍ക്ക് മുന്നില്‍ വന്ന് ഒരു രാഷ്ട്രീയ ലൈനില്‍ പുകഴ്ത്തലും നിവേദനവും ഒന്നിച്ചു നടത്തി തിരിച്ചു പോരുന്നു. അടങ്ങിയൊതുങ്ങി, ദുശ്ശീലങ്ങളില്ലാതെയുള്ള ജീവിതം ശീലമില്ലാത്ത ഇവര്‍ക്ക് “പച്ചയായ” മണ്ഡലജീവിതം ഇങ്ങനെ അധികം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാറില്ല എന്നതാണ് വാസ്തവം. അതിന് മറ്റൊരു കാരണം കൂടിയുണ്ട്. അയ്യപ്പന്‍റെ മണ്ഡലക്കാലം പൊളിക്കാന്‍ കച്ചകെട്ടി ഇറങ്ങിയ പോലെയാണ് ക്രിസ്തുമസിന്‍റെ വരവ്. എല്ലാത്തവണയും മണ്ഡലക്കാലം അവസാനമാകുമ്പോഴേയ്ക്കും സാന്താക്ലോസ് ക്രിസ്തുമസ്സുമായി കടന്നുവരും. അതിന്‍റെ ആഘോഷങ്ങള്‍ ഒരാഴ്ച മുന്‍പേ തുടങ്ങും. ആഘോഷങ്ങള്‍, പ്രത്യേകിച്ച് സ്വല്പം വീര്യമുള്ളത്, എന്നുമൊരു വീക്ക്നെസ്സ് ആയ ഗള്‍ഫ്‌ മലയാളിക്ക് പിന്നെ പിടിച്ചുനില്‍ക്കാനാവില്ല. മണ്ഡലം 30-ന് തന്നെ എല്ലാം അവസാനിപ്പിച്ച്, ഒരുമാസക്കാലത്തോളം താന്‍ പ്രലോഭനങ്ങളില്‍ വീഴാതെ പിടിച്ചുനിന്നു എന്ന അഭിമാനത്തോടെ അവന്‍ ഞെളിഞ്ഞുനില്ക്കും. 75%-ല്‍ കൂടുതല്‍ ഹാജരുള്ളതിനാല്‍ പാപഭാരങ്ങളില്‍ നിന്ന് ഒഴിവാക്കുന്നതിനായി അയ്യപ്പന് ഒരു സ്പെഷ്യല്‍ അപ്പീലും കൂട്ടത്തില്‍ നല്ലൊരു തുക വഴിപാട് എന്ന പേരില്‍ കൈക്കൂലിയും ഓഫര്‍ ചെയ്ത് അവന്‍ നേരെ സന്താക്ലോസിനെയും പുതുവത്സരത്തേയും വരവേല്‍ക്കാന്‍ പോകും.

കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി അയ്യപ്പന്‍ പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും ഗള്‍ഫ്‌ മലയാളിയെക്കൊണ്ട് മണ്ഡലവ്രതം 30-35 ദിവസത്തില്‍ കൂടുതല്‍ എടുപ്പിയ്ക്കാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ വന്ന അപ്പീലുകളിലൊന്നും തന്നെ അയ്യപ്പന്‍ തീരുമാനവുമെടുത്തിട്ടില്ല. വ്രതം നോല്‍ക്കാന്‍ പ്രയാസതകളനുഭവിക്കുന്ന പ്രവാസിമലയാളികളോടുള്ള അയ്യപ്പന്‍റെ അവഗണനയിലും നിഷേധാത്മക നയത്തിലും പ്രതിഷേധിച്ച് ഒരു നിവേദനം അയ്യപ്പന്‍റെ ആത്മസുഹൃത്ത് വാവര്‍ കൈവശം കൊടുത്തയക്കാന്‍ അവര്‍ തയ്യാറാക്കിക്കഴിഞ്ഞു. അതിന്‍റെ പകര്‍പ്പ് താഴെ കൊടുക്കുന്നു.

-ശ്രീ-
അവശതയനുഭവിച്ചുകൊണ്ടിരിക്കുന്ന ഗള്‍ഫ്‌ മലയാളികള്‍ സ്വാമി അയ്യപ്പന്‍ അവര്‍കള്‍ മുന്‍പാകെ സമര്‍പ്പിക്കുന്ന അപേക്ഷ എന്തെന്നാല്‍-
അങ്ങ് കല്പ്പിച്ചരുളിചെയ്തു നിശ്ചയിച്ച മണ്ഡലവ്രത നോലമ്പിന്‍റെ പേരില്‍ വര്‍ഷങ്ങളായി ഞങ്ങള്‍ ഗള്‍ഫ്‌ മലയാളികള്‍ വളരെയധികം കഷ്ടതകള്‍ അനുഭവിക്കുകയും വീട്ടുകാരുടെ പീഡനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തുവരികയാണ്. അടിയങ്ങളുടെ സുഖലോലുപതയില്‍ ആണിക്കല്ലടിക്കുന്ന ഈ സംവിധാനത്തില്‍ പരിഷ്കാരങ്ങള്‍ വരുത്തുകയും അടിയങ്ങളുടെ സാങ്കേതിക-മാനസിക പ്രശ്നങ്ങള്‍ കണക്കിലെടുത്ത് സമക്ഷം കനിവുണ്ടായി ഇനി പറഞ്ഞിരിക്കുന്ന വിഷയങ്ങളില്‍ ഒരു തീരുമാനം കല്പ്പിക്കുകയും വേണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു.

1.       ഗള്‍ഫുകാരുടെ ഇളംശരീരപ്രകൃതി കണക്കിലെടുത്ത്കഠിനമായ മണ്ഡലവ്രത നിയമങ്ങളില്‍ ഇളവുവരുത്തുക

2.       മണ്ഡലവ്രതം 41 ദിവസത്തില്‍ നിന്നും 30 ദിവസമായി വെട്ടിക്കുറയ്ക്കുക.

3.       പതിനാലു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ആഴ്ചയിലൊരിക്കല്‍ രഹസ്യമായി മത്സ്യമാംസവിഭവങ്ങള്‍ കൊടുക്കാനുള്ള അനുമതി നല്‍കുക

4.       മണ്ഡലവ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് അടുത്ത മകരവിളക്ക്‌ കഴിയുന്നതുവരെ ജോലി ഭദ്രത ഉറപ്പുനല്‍കുക

5.       ഗള്‍ഫ്‌ മേഘലയിലെ വാവര്‍ സാന്നിദ്ധ്യ സ്ഥലങ്ങളില്‍ ദര്‍ശനം നടത്തുന്നവര്‍ക്ക് അയ്യപ്പദര്‍ശനഫലം തന്നെ നല്‍കി അരുളുക.  

6.       പ്രവാസി-അയ്യപ്പ ദര്‍ശന കാര്‍ഡ്‌ അനുവദിക്കുക.

7.       ഗള്‍ഫുകാരുടെ കാല്‍പാദങ്ങളുടെ പ്രത്യേക രൂപഘടന കണക്കിലെടുത്ത് കല്ലും മുള്ളും നിറഞ്ഞ വഴികള്‍ ഒഴിവാക്കി സന്നിധാനത്തിലേക്ക് വാഹനപാത സജ്ജമാക്കുക.

8.       വിജയകരമായി 30 ദിവസം മണ്ഡലവ്രതം അനുഷ്ഠിച്ചവര്‍ക്ക് അയ്യപ്പന്‍റെ ഒപ്പോടുകൂടിയ മണ്ഡലവ്രതം സര്‍ട്ടിഫിക്കറ്റ്, പ്രശസ്തിപത്രം എന്നിവ നല്‍കുക

9.       ഗൃഹനാഥനും രണ്ടു കുട്ടികള്‍ക്കും ശബരിമലയില്‍ പോലീസ്‌ അകമ്പടിയോടുകൂടി സ്പെഷ്യല്‍ ദര്‍ശനം, 5-സ്റ്റാര്‍ താമസം-ഭക്ഷണം, തന്ത്രിയില്‍നിന്നും നേരില്‍ അനുഗ്രഹം-പ്രസാദം ലഭിക്കല്‍, എന്നീ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുക

10.    ശബരിമല ദര്‍ശനത്തിന് നേരില്‍ വരാന്‍ സാധിക്കാത്തവര്‍ക്കുവേണ്ടി അവിടുന്ന് ഒരു വെര്‍ച്വല്‍ സൈറ്റ് തുടങ്ങുകയും അതില്‍ പ്രതീകാത്മക കാണിക്കയിടല്‍, നെയ്യഭിഷേകം, അര്‍ച്ചന എന്നിവ നടത്തി സയൂജ്യമടയാന്‍ പ്രത്യേകം സൗകര്യം നല്‍കുകയും ചെയ്യുക.

11.    “ദീപാരാധന, പടിപൂജ & മാളികപ്പുറത്ത് നാളികേരമുരുട്ടല്‍” എന്നിവയുടെ ഫ്രീ ആപ്പ്സ്‌ ഡൌണ്‍ലോഡ് അനുവദിക്കുകവഴി ജോലിസമയത്ത്‌ ഇത്യാദി വിദ്യകള്‍ നടത്തി അടിയങ്ങളുടെ ഭക്തിതോത് വര്‍ദ്ധിപ്പിക്കാനുള്ള അവസരം നല്‍കുക
മേല്‍പ്പറഞ്ഞ നിവേദനങ്ങളില്‍ ഉടനടി തീര്‍പ്പുകല്പ്പിച്ച് ഉത്തരവാക്കാന്‍ താഴ്മയായി അപേക്ഷിക്കുന്നു.
എന്ന് പ്രവാസി പ്രയാസ ഭക്തസംഘം
ഒപ്പ്.

12 comments:

 1. കൂടാതെ ഒരു രണ്ടു കൂട്ടി ചേര്‍ക്കല്‍ കൂടി ഈയുള്ള അയ്യപ്പ ഭക്തന് കൂട്ടി ചേര്‍ക്കാന്‍ ഉണ്ടായിരുന്നു!! :-

  1) റംസാന്‍ വ്രത്തില്‍ ഭംഗം വന്നാല്‍ അത് റംസാന്‍ കഴിഞ്ഞും നീട്ടി എടുക്കാന്‍ ഉള്ളത് പോലെ അഥവാ മണ്ഡല വ്രതം ഇടക്ക് മുറിഞ്ഞു പോയാല്‍ അത് ക്രിസ്തുമസ്, ന്യൂ ഇയര് എന്നിവ കഴിഞ്ഞു അടുത്ത വീക്കെന്റ് ആവുന്നതിനു മുന്‍പ് എടുത്ത് 41 ദിവസം തികക്കാന്‍ ഉള്ള ഒരു സംവിധാനം കൂടി ഏര്‍പ്പെടുത്തിയാല്‍ നന്നായിരിക്കും!.

  2) ആറന്മുള വീമാനതാവളം എത്രയും പെട്ടന്ന് നടപ്പിലാക്കാന്‍ വേണ്ട നടപടി സ്വീകരിക്കണം. ആയതുകൊണ്ട് ഒരു ഭക്തന് ഇവിടെ നിന്നും കേട്ട് നിറച്ചു നേരിട്ട് അയ്യപ്പ ദര്‍ശനം നടത്തി സ്വ ഗ്രിഹതിലെക്ക് തിരിച്ചു പോകാന്‍ സൌകര്യം ആയിരിക്കും!...

  ReplyDelete
  Replies
  1. പെട്ടെന്നുതന്നെ പറഞ്ഞ കാരണം ഇതുകൂടി ഉള്‍പ്പെടുത്താം വിഷ്ണു. നിവേദനം നാളെയേ അയയ്ക്കൂ എന്നാണ് കേട്ടത്.

   Delete
 2. സാമിയേ സരണം

  ReplyDelete
 3. Air india enna Duritha parvathil eeri varunna pravasikalk mattoru pareekshanagalkum edakodukkathe neerittulla dershanam labhikkunathinulla vazhikal koodi paraiganikkanam.

  Nammude ee nivedanam prayasakarya(pravasakarya)manthri varunnathinu munpe ayakkane........illengil ithum Govindha........

  ReplyDelete
 4. കൊള്ളാം സ്വാമീ...ഇഷ്ടപ്പെട്ടു. ക്രിസ്തുമസ് മാറ്റി വെക്കാനും ഒരു നിവേദനം ആകാമായിരുന്നു. അല്ലെങ്കില്‍ മണ്ഡല നോമ്പ്‌ അനുഷ്ടിക്കുന്നവര്‍ക്കായി വേറൊരു ദിവസം ആഘോഷിക്കുവാനും തരപ്പെടുത്തണം.
  സ്വാമി ശരണം

  ReplyDelete
  Replies
  1. നന്ദി റോസ്. ക്രിസ്തുവുമായി ഒരു അപ്പോയിന്റ്മെന്റിനു ശ്രമിച്ചിട്ടും ഇത് വരെ കിട്ടിയില്ല. അയ്യപ്പേട്ടനോട് എന്തും പറയാനുള്ള ഒരു സ്വാതന്ത്ര്യം ഉള്ളതുകൊണ്ടാണ് നിവേദനം ആദ്യം അങ്ങേര്‍ക്കു കൊടുത്തത്.

   Delete
 5. ഒരു 30 വര്‍ഷം കഴിഞ്ഞാല്‍ ഈ പറഞ്ഞ ആവശ്യങ്ങളൊക്കെ ആചാരമായി വന്നേക്കാം.അന്ന് താങ്കള്‍ക്ക് പറയാം ഞാനപ്പഴേ പറഞ്ഞതല്ലേന്ന്. ഹി ഹി

  ReplyDelete