About Me

My photo

മനസ്സ് ഇരിങ്ങാലക്കുടയിലും ശരീരം അബുദാബിയിലും നിക്ഷേപിച്ച് നാടിനെക്കുറിച്ചുള്ള സ്വപ്നങ്ങളില്‍ മുഴുകിനടക്കുന്നു.

Monday, November 5, 2012

ഡെല്ലി ബെല്ലി അഥവാ നിങ്ങള്‍ക്കുമാകാം യൂറോപ്യന്‍


ചൂട്... അസാദ്ധ്യചൂട്... അല്‍ സലാം സ്ട്രീറ്റിലെ നെടുങ്കന്‍ കെട്ടിടങ്ങളുടെ ചുവടുപിടിച്ച് നടക്കുമ്പോള്‍ ബോധോദയമുണ്ടായി. “വേണ്ടീയിരുന്നില്ല, നടത്തം ഒഴിവാക്കാമായിരുന്നു.”
എങ്കിലും ഡല്‍ഹിയേക്കാള്‍ ഭേദം തന്നെ ഇവിടം. ഹൌ... ദല്‍ഹി യാത്ര അസാദ്ധ്യം തന്നെ. മറക്കാന്‍ സാധിക്കില്ല.
നാട്ടില്‍ ഒരു ഗതിയും പരഗതിയുമില്ലാതെ നട്ടംതിരിച്ചില്‍ എന്ന ജോലിയില്‍ വ്യാപൃതനായപ്പോഴാണ് ഗള്‍ഫ്‌ എന്ന പുച്ഛത്തെക്കുറിച്ച് ആലോചിച്ചത്. ഒരു തൊഴില്‍രഹിതന്‍റെ സോഷ്യലിസ്റ്റ്‌ ചിന്താഗതിയില്‍ നിലനിന്നുകൊണ്ട്,  പ്രസിദ്ധീകരണങ്ങള്‍, മിമിക്രി, വാണിജ്യ സിനിമകള്‍, ഗള്‍ഫ്‌, ഗള്‍ഫുകാരന്‍ എന്നിവയെ എല്ലാം ഒരേ നിലപാടില്‍ വീക്ഷിച്ചിരുന്നതില്‍ നിന്നും ഗള്‍ഫിനെ മാത്രം പ്രത്യേകാധികാര പദവി ഉപയോഗിച്ച് ജി പട്ടികയില്‍ നിന്നും ഒഴിവാക്കി ഒരു ശരാശരി രാഷ്ട്രീയ നിലപാടിലേക്ക് കൂപ്പുകുത്തിയതിനു പിറകില്‍ മറ്റു ഗൂഢലക്ഷ്യങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്ന് ഇത്തരുണത്തില്‍ വ്യക്തമാക്കട്ടെ.
കേരളമെന്ന പൊട്ടക്കിണറ്റിലെ മണ്ഢൂകം, അതുവരെ കേട്ടറിവ് മാത്രമുള്ള കോര്‍പറേറ്റ് കള്‍ച്ചറും മെട്രോ ജീവിതവും അല്പം പഠിക്കുകയാണ് ഗള്‍ഫിലേക്ക് പറക്കുന്നതിന് മുന്‍പ് നല്ലത് എന്ന ഉപദേശം ലഭിച്ചു. ദല്‍ഹി, ബോംബെ, ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളാണ് ഇത്തരം പഠനങ്ങള്‍ക്ക് പറ്റിയ സ്ഥലം എന്ന തിരിച്ചറിവില്‍, കടം വാങ്ങിയ സോഷ്യലിസം തിരിച്ചു കൊടുത്ത് നറുക്ക് വീണ ഡല്‍ഹിക്ക് വച്ച് പിടിക്കാന്‍ തന്നെ തീരുമാനിച്ചു. പാര്‍ലമെന്‍റ് മന്ദിരത്തിന്റെയും ഇന്ത്യ ഗേറ്റിന്‍റെയും ദല്‍ഹി, മനോഹരങ്ങളായ റോഡുകളും അതിനിരുവശത്തുമുള്ള അതിമനോഹരങ്ങളായ പുല്‍ത്തകിടികളും, സുന്ദരികളായ പെണ്‍കൊടികളും നിറഞ്ഞ ദല്‍ഹി. ഈ സുന്ദര ദൃശ്യങ്ങളിലേക്ക്‌ വണ്ടി കയറാന്‍ തന്നെ തീരുമാനമായി.
കല്ലേറ്റുംകര എന്ന ഉണക്ക റെയില്‍വേ സ്റ്റേഷനില്‍ (തലേന്നു വരെ അത് പച്ച റെയില്‍വേ സ്റ്റേഷന്‍ ആയിരുന്നു ) കേരള എക്സ്പ്രസ്സ്‌ വരുന്നതും കാത്തിരിക്കുന്ന സമയത്ത് അവിടെ അബദ്ധവശാല്‍ വന്നുപെട്ട പോലെ മൂന്നു നാല് തരുണികള്‍ നില്‍ക്കുന്ന കണ്ടപ്പോള്‍ സ്ഥായീ സ്വഭാവം കൊണ്ട് ഉള്ളൊന്നു വിടര്‍ന്നു എങ്കിലും പൂത്തുതളിര്‍ത്ത ദല്‍ഹി പെണ്‍കൊടികള്‍ മനസ്സില്‍ ഹോളി നടത്തിയപ്പോള്‍ ഒട്ടൊരു പുച്ഛത്തോടെ ഇവരെ നോക്കി തിരിഞ്ഞിരുന്നു. വെറുതെയല്ല പ്രവാസികള്‍ നാടിന്‍റെ ഡെവലപ്പ്മെന്‍റിനെ കുറിച്ച് പരാതി പറയുന്നത് എന്ന് മനസ്സില്‍ ഓര്‍ത്തുകൊണ്ട് ഐശ്യര്യത്തിന്‍റെ സൈറണ്‍ വിളിയുമായി വന്നു നിന്ന തീവണ്ടിയിലേക്ക് വലതുകാല്‍ വച്ച് കയറി. പരിചയ സമ്പന്നത സ്ഫുരിക്കുന്ന മുഖഭാവത്തോടെ ഇരിക്കുന്ന യാത്രക്കാരെ മാനിച്ചുകൊണ്ട് പറഞ്ഞുവച്ച ഇരിപ്പിടത്തില്‍ ഞാന്‍ ആസനം സ്വസ്ഥമാക്കി.
കുഞ്ഞുകുട്ടി പരാധീനങ്ങളുമായി സാധാരണക്കാരായ രണ്ടു കുടുംബങ്ങള്‍, നാലഞ്ച് പട്ടാളക്കാര്‍. ഇവരായിരുന്നു ആ രണ്ടാംക്ലാസ്സ്‌ കമ്പാര്‍ട്ട്മെന്റില്‍ എന്‍റെ തൊട്ടടുത്ത അയല്‍ക്കാര്‍. പട്ടാള മാന്വലിലെ ഏതോ നിയമം അനുസരിക്കാന്‍ കാത്തുനിന്ന പോലെ രാത്രിയായപ്പോഴേക്കും പട്ടാളക്കാര്‍ മുകളിലെ ബര്‍ത്തുകളില്‍ സേവ കൂടുകയും കുടുംബങ്ങള്‍ പ്രാരാബ്ധങ്ങള്‍ മുന്നില്‍ നിരത്തി ഭേദ്യം തുടങ്ങുന്നതും കണ്ടപ്പോള്‍ പ്രത്യേകിച്ച് ബാധ്യതകള്‍ ഒന്നുമില്ലാത്ത ഞാന്‍ ഭക്ഷണം കഴിച്ചു ഭാവി സ്വപ്നം കണ്ട് കിടന്നുറങ്ങി.
പരിചിതമല്ലാത്ത ശബ്ദങ്ങളും ബഹളങ്ങളും കേട്ടുകൊണ്ടാണ് രാവിലെ ഉറക്കമുണര്‍ന്നത്. കമ്പാര്‍ട്ട്‌മെന്റിന്‍റെ ഇരുവശത്തുമുള്ള ടോയ്‌ലറ്റുകളില്‍ നിന്നും നീണ്ട് ഇറങ്ങി വരുന്ന ക്യുവില്‍ നിന്നുമായിരുന്നു ആ ബഹളങ്ങള്‍. ഇത്രമാത്രം ജനസാന്നിദ്ധ്യം ആ കമ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നു എന്ന് അപ്പോഴാണ്‌ മനസ്സിലായത്. പല്ലുതേച്ച് കാപ്പി കുടിക്കുന്ന ദു:ശ്ശീലം പണ്ടേ ഇല്ലാത്തതിനാല്‍ ഒരു ചായയും വാങ്ങികുടിച്ച് ഞാന്‍ കാഴ്ചകളും കണ്ടിരുന്നു. വണ്ടിയുടെ കുലുക്കത്തില്‍ കക്കൂസില്‍ ബാലന്‍സ് ഉറപ്പിച്ച് ഇരിക്കാനുള്ള ശ്രമത്തിലാണ് മിക്കവാറും ആള്‍ക്കാരുടെയും ഭൂരിഭാഗസമയവും ടോയ്‌ലറ്റില്‍ ചിലവാകുന്നത് എന്ന സത്യം അതിനുള്ളില്‍ കയറി കൃത്യനിര്‍വഹണത്തിന് ശ്രമിച്ചപ്പോഴാണ് ഞാന്‍ തിരിച്ചറിഞ്ഞത്‌. എന്തായാലും പരിചയക്കുറവിന്‍റെ അടിസ്ഥാനത്തില്‍ എനിക്ക് തല്ക്കാലം തോറ്റു പിന്മാറേണ്ടി വന്നു. രണ്ടു ദിവസം കൂടി ഇതേ വണ്ടിയില്‍ യാത്ര തുടരുന്നതിനാലും കക്കൂസും ഈ കമ്പാര്‍ട്ട്മെന്റിന്‍റെ കൂടെ ഡല്‍ഹിക്ക് വരുന്നതിനാലും പരിശ്രമം കുറച്ച് കഴിഞ്ഞാകാം എന്ന് നിശ്ചയിച്ച് തിരിച്ചിറങ്ങി. അപ്പോഴേക്കും വണ്ടി ആന്ധ്ര സംസ്ഥാനത്തിന്‍റെ അരികുകളില്‍ എത്തിച്ചേര്‍ന്നിരുന്നു. മീനമാസത്തിലെ ആ പകലില്‍ ചൂടിന്റെ ഇതുവരെ അനുഭവിച്ചറിയാത്ത ഭാവങ്ങള്‍ എന്‍റെ കണ്ണുകളിലേക്ക് തുളച്ചുകയറി, അത് ശരീരം മുഴുവന്‍ വ്യാപിച്ച് എന്‍റെ ഓരോ രോമകൂപത്തിലൂടെയും പുറത്തേക്ക് പ്രവഹിച്ചുതുടങ്ങി. വറചട്ടിയില്‍ നിന്ന് എരിതീയ്യിലേക്ക് എന്ന് പറഞ്ഞ പോലെ ആന്ധ്ര കഴിഞ്ഞപ്പോള്‍ ദേ വരണൂ ചൂടിന്റെ പല പല വെറൈറ്റികളുമായി ഓരോരോ സംസ്ഥാനങ്ങള്‍. ഇത്രയും ചൂട് ജീവിതത്തില്‍ ആദ്യമായതിനാല്‍ സ്വന്തമായി ഉള്ള രണ്ടു കണ്ണുകളും പുറത്തേക്ക് തള്ളി പുകഞ്ഞിരിക്കാനേ എനിക്ക് സാധിച്ചുള്ളൂ. മറ്റുള്ള ആള്‍ക്കാര്‍ കാണിക്കുന്നതു കണ്ട് ഞാനും ഇടയ്ക്കിടയ്ക്ക് തലയും മുഖവുമെല്ലാം കഴുകുകയും തോര്‍ത്ത്‌ നനച്ചു കഴുത്തും തലയുമെല്ലാം മൂടി വയ്ക്കുകയും ചെയ്തുവെങ്കിലും കാര്യമായ ഫലമൊന്നും ഉണ്ടായില്ല. ചൂടിന്റെ കാഠിന്യം കൂടുന്തോറും ആള്‍ക്കാരുടെ നാണവും കുറഞ്ഞു വന്നു തുടങ്ങി. ഓരോരുത്തര്‍ ഷര്‍ട്ടൂരുന്നൂ, ബനിയന്‍ ഊരുന്നൂ, പാന്‍റ് ഊരി കൈലിയുടുക്കുന്നൂ.. എന്ന് വേണ്ടാ, പറ്റാവുന്ന അടിതടകളെല്ലാം പരീക്ഷിക്കുന്നുണ്ട്. ഞാനും ഒട്ടും കുറക്കാന്‍ പാടില്ലല്ലോ. എന്‍റെ പിത്തക്കാടി ശരീരത്തിന്‍റെ വൃത്തികേടുകള്‍ പ്രദര്‍ശിപ്പിക്കാത്ത രീതിയില്‍ ചിലതെല്ലാം ഞാനും ഊരിയെറിഞ്ഞു. പോരാത്തതിന് ചൂടുകാലത്ത് ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതിരിക്കാന്‍ ധാരാളം വെള്ളം കുടിക്കണമെന്ന് സ്കൂളില്‍ പഠിച്ചത് തക്കസമയത്ത് ഓര്‍മ്മ വരികയും ചെയ്തു. (ഫ്രണ്ട്സ്‌.... പ്ലീസ്... എന്നോട് അസൂയ വച്ചുപുലര്‍ത്തേണ്ട സന്ദര്‍ഭമല്ല ഇത്) കുറെയധികം പഠിക്കുകയല്ല, മറിച്ച് പഠിച്ച കാര്യങ്ങള്‍ ആവശ്യ സമയത്ത് ഓര്‍ക്കുകയാണ് വേണ്ടത് എന്ന് സ്വയം അഭിമാനിച്ച് വെള്ളവും ജ്യുസും മുറക്ക് അടിച്ചു കേറ്റുന്നത്തില്‍ ഞാന്‍ ബദ്ധ ശ്രദ്ധാലുവായി. ഇതിനിടയില്‍ മരട് വേലക്ക് ഡൈന പൊട്ടുന്ന പോലെ പട്ടാളക്കാരുടെ വീരകഥകള്‍ മറുവശത്ത് തകര്‍ക്കുന്നു.. കനത്ത ചൂടില്‍ ക്ഷീണിതരാണെങ്കില്‍ കൂടിയും കൃത്യനിര്‍വഹണത്തില്‍ അവര്‍ ഒട്ടും വീഴ്ച വരുത്തിയിരുന്നില്ല. കണ്ടകശനിയുടെ പോക്കും വരവും “അറിയിച്ചു”കൊണ്ടാകും എന്ന് ജ്യോത്സ്യന്‍ പറഞ്ഞത് എത്ര ശരിയാണ്... ഇതിപ്പോ വരവാണെങ്കിലും പോക്കാണെങ്കിലും എന്‍റെ കാര്യം ആകപ്പാടെ പോക്കായിയിരുന്നു. ഒരു ഇംഗ്ലീഷ് ഹൊറര്‍ ത്രില്ലര്‍ സിനിമ കണ്ട അവശതയോടെ ഇതെല്ലാം സഹിച്ച് നിസ്സഹായനായി ഞാന്‍ തളര്‍ന്നിരുന്നു.
ഈ കനത്ത ചൂടിനിടയിലും ഭക്ഷണ ഇന്‍പുട്ട് ദാക്ഷിണ്യമില്ലാതെ സംഭവാമി യുഗേ യുഗേയായി നടക്കുന്നുണ്ടായിരുന്നു. നേരത്തെ സൂചിപ്പിച്ച പരിചയകുറവ് മൂലം ഔട്പുട് ഒരു ഭീകരപ്രശ്നമായി മാറിയിരുന്നു അപ്പോഴേക്കും. അധികം കാത്തിരിക്കേണ്ടി വന്നില്ല, പരിചയകുറവിനെ ആവശ്യം കടത്തിവെട്ടി. കനത്ത ചൂടില്‍ ശീലമില്ലാത്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍ വയറ്റില്‍ നടത്തിയ രാസപ്രവര്‍ത്തനങ്ങളില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ ഞാന്‍ ടോയ്‌ലറ്റിലേക്ക്‌ ഓടി. ഇത്തവണ വണ്ടിയുടെ കുലുക്കമോ ടോയ്‌ലറ്റിലെ വൃത്തികേടോ നാറ്റമോ ഒന്നുംതന്നെ എനിക്കൊരു തടസ്സമായിരുന്നില്ല.
ഒരു സുഖവിരേചനത്തിന്‍റെ മൂര്‍ഛയില്‍ ആശ്വാസം കൊണ്ടിരിക്കുമ്പോള്‍ എനിക്കുള്ള കാലക്കേടിന്‍റെ അടുത്ത ഗഡു വാട്ടര്‍ ടാപ്പിന്‍റെ രീതിയില്‍ മുന്നില്‍ തന്നെ ഇളിച്ച് ഇരിക്കുന്നുണ്ടായിരുന്നു. കുറച്ച് സീല്‍ക്കാര ശബ്ദങ്ങള്‍ മാത്രം പുറപ്പെടുവിച്ച് അത് എന്നെ കളിയാക്കി നോക്കി. ചൂടിനെ പ്രതിരോധിക്കാനായി പലവിധ ജലവിദ്യകള്‍ ആളുകള്‍ മാറി മാറി പരീക്ഷിച്ചതിന്‍റെ ഫലമായി ടാങ്കിലെ വെള്ളം നിശ്ശേഷം തീര്‍ന്നിരുന്നു. ജലക്ഷാമത്തിന്‍റെ രൂക്ഷത കൊണ്ട് കടന്നുവന്ന സ്റ്റേഷനുകളില്‍ നിന്ന് ഒന്നും തന്നെ ഇതില്‍ വെള്ളം നിറച്ചിരുന്നുമില്ല. ഒഴിച്ചുകളഞ്ഞ മൂത്രത്തെയോര്‍ത്ത് ആ നിമിഷം ഞാന്‍ ശരിക്കും ദുഖിച്ചുപോയി. വെള്ളമെടുക്കാനായി കൊണ്ടുവന്ന പ്ലാസ്റ്റിക്‌ മഗും അതിനുള്ളിലെ റെക്സോണ സോപ്പും എന്‍റെ മുന്നില്‍ പണിയൊന്നുമില്ലാതെ ചൊറിയുംകുത്തി ഇരിക്കുന്നു. പിന്നെ മറ്റു മാര്‍ഗ്ഗങ്ങളൊന്നും എന്‍റെ മുന്നില്‍ ഇല്ലായിരുന്നു. റെക്സോണ സോപ്പിനെ പൊതിഞ്ഞിരിക്കുന്ന പച്ച കടലാസ് ഊരിയെടുത്ത് സായ്പിനെ മനസ്സില്‍ ധ്യാനിച്ച് ആവാഹിച്ച് ഭേഷായി തുടച്ചു. മുത്തശ്ശന്‍റെ കണക്കില്‍ ഇന്ത്യന്‍ റെയില്‍വേ എന്നെ യൂറോപ്യനായി അവരോധിച്ചതിന്‍റെ ഉള്‍പുളകത്തില്‍ ഞാന്‍ കുളിര്‍ കോരി നിന്നു.
“ഈ സായ്പിനെ യൂറോപ്യന്‍ എന്ന് വിളിക്കാന്‍ എന്താ കാരണം? കക്കൂസില്‍ പോയാല്‍ ചവുദിക്കില്ല്യാ.. കടലാസെടുത്ത് ഒപ്പുകയെ ഉള്ളൂ. അങ്ങനെ ഊര ഒപ്പ്യോന്‍ എന്നത് ലോപിച്ചാണ് യൂറോപ്യന്‍ എന്നായത്” ബ്രിട്ടീഷുകാരെ അടിമുടി വെറുത്തിരുന്ന മുത്തശ്ശന്‍റെ വാക്കുകള്‍ എന്‍റെ മനസ്സിലൂടെ കടന്നുപോയി.
ആ കത്തുന്ന വേനലില്‍ കുളിയും പല്ലുതേപ്പും ശൌചവുമില്ലാത്ത കുറെ യൂറോപ്യന്‍സിനേയും വെള്ളമില്ലാത്ത കമ്പാര്‍ട്ട്മെന്റും പേറി ഇതൊന്നും വകവയ്ക്കാതെ കേരള എക്സ്പ്രസ്സ്‌ ദല്‍ഹി ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു.

38 comments:

 1. kalakki!!... ഈ കനത്ത ചൂടിനിടയിലും ഭക്ഷണ ഇന്‍പുട്ട് ദാക്ഷിണ്യമില്ലാതെ സംഭവാമി യുഗേ യുഗേയായി നടക്കുന്നുണ്ടായിരുന്നു. നേരത്തെ സൂചിപ്പിച്ച പരിചയകുറവ് മൂലം ഔട്പുട് ഒരു ഭീകരപ്രശ്നമായി മാറിയിരുന്നു അപ്പോഴേക്കും.... chirichu vayyathe aayi.. :P

  ReplyDelete
 2. നന്നായി എഴുതി..
  നമ്പീശനര്‍മ്മം ശരിക്കും സുഖിച്ചു.
  കക്കൂസ് സാഹിത്യമെന്നൊക്കെ പറഞ്ഞു പുറകെ ആളു വരാതെ നോക്കിക്കോ :)

  ReplyDelete
  Replies
  1. നന്ദി വേണുഗോപാല്‍. താങ്കള്‍ പറഞ്ഞത് ശരിയാണ്. “വൃത്തികെട്ടവന്‍” എന്ന വിളി വന്നു. :)

   Delete
 3. കൊള്ളാം!
  രസകരമായ എഴുത്ത്.
  അഭിനന്ദനങ്ങൾ!

  ReplyDelete
  Replies
  1. അഭിനന്ദനത്തിന് നന്ദി ജയന്‍

   Delete
 4. കൊള്ളാമല്ലോ

  ReplyDelete
  Replies
  1. നന്ദി റെയ്നി ഡ്രീംസ്

   Delete
 5. യൂറോപ്യന്‍ ആയ കഥ കൊള്ളാം...നന്നായിരിക്കുന്നു

  ReplyDelete
  Replies
  1. വെള്ളിക്കുളങ്ങരക്കാരാ നന്ദി

   Delete
 6. ഇതൊരു കലക്കൻ പോസ്റ്റ് തന്നെയാണല്ലൊ, എഴുത്തിൽ ഒരു നല്ല ഒഴുക്കുണ്ട്
  ആശംസ്കൾ

  ReplyDelete
  Replies
  1. നന്ദി ഷാജു. ആശംസകള്‍ക്കും പ്രോത്സാഹനത്തിനും

   Delete
 7. ഹാ...ഹാ...എന്താ പ്പോ പറയ്വാ....ഈ പോസ്റ്റ്‌ വായിക്കുമ്പോള്‍ ചിരിച്ചു മലങ്ങി...വളരെ രസകരമായി എഴുതിയിരിക്കുന്നു ...ഒട്ടും ബോറടിപ്പിക്കാതെ തന്നെ വായിച്ചു ....വായന കഴിഞ്ഞപോഴും നമ്പീശന്റെ ദയനീയമായ മുഖം എന്റെ മനസ്സില്‍ നിന്ന് മാഞ്ഞില്ല. പക്ഷെ എത്ര നേരം ദയനീയത പ്രകടിപ്പിക്കാനാകും. വീണ്ടും ആ ദയനീയ മുഖം ഓര്‍ത്തപ്പോള്‍ ഓര്‍ത്തോര്‍ത്തു ചിരിച്ചു...ദേ ഇപ്പോഴും ചിരിക്കുന്നു...ഹി ഹി...നമ്പീശന്‍ ന്നോട് അങ്ങട് ക്ഷമിക്വാ ട്ടോ.

  ReplyDelete
  Replies
  1. നന്ദി പ്രവീണ്‍, പ്രോത്സാഹനത്തിന്. നിങ്ങളുടെ ഉള്ളിലെ ചിരി മായാതെ നിര്‍ത്താന്‍ എന്നാലാവുംവിധം ശ്രമിക്കാം.

   Delete
 8. വെറൈറ്റി എഴുത്താണല്ലോ നമ്പീശ്ശാ
  ........ന്നാപ്പിന്നെ വണ്ടി പോട്ടങ്ങട് ഡല്‍ഹീയ്ക്ക്!!

  ReplyDelete
  Replies
  1. നന്ദി അജിത്‌, ദേ വണ്ടി വിട്ടു..

   Delete
 9. കൊള്ളാം കേട്ടോ പ്രദീപേ ,.,ഒരു സംശയം പിഇന്നെ സ്ഥിരം യു റോ പ്യന്‍ മാര്‍ഗങ്ങള്‍ ശീലമാകിയോ ????നന്നായി അവതരിപ്പിച്ചു അഭിനന്ദനങ്ങള്‍

  ReplyDelete
  Replies
  1. നന്ദി ആസിഫ്‌. ഹഹഹ. ശീലങ്ങള്‍ പലതും പഴകി ദുശ്ശീലങ്ങളായിത്തുടങ്ങി

   Delete
 10. nambissante delhi belly vivaranam nannayi.. kallettumkarayil ninnum delli vazhi..ooroppian pattam nediya katha ishtapettu..

  ReplyDelete
 11. delli belliyude nambissan pakarppe ishtapettu.. palakkadan churam kadannappozhe ithrayum.. anubhavam sidhichu ennarinjathil santhosham.. ooroppian nambissa.

  ReplyDelete
 12. രസകരമായി എഴുതി..

  ReplyDelete
 13. ചിരിക്കാന്‍ പറ്റുന്നില്ലാ...അയ്യോ..

  ReplyDelete
 14. >>അങ്ങനെ ഊര ഒപ്പ്യോന്‍ എന്നത് ലോപിച്ചാണ് യൂറോപ്യന്‍ എന്നായത്”<<

  പുതിയ അറിവുകള്‍ ! ഹി ഹി !

  കുറെ ചിരിപ്പിച്ചു കേട്ടോ.ആദ്യമാ ഇവിടെ.വീണ്ടും കാണാം.

  ReplyDelete
 15. കൊള്ളാം മാഷേ, ഇഷ്ടപ്പെട്ടൂ!

  ReplyDelete
 16. ഒരു പുഞ്ചിരിയോടെ വായിച്ചു വന്നു അവസാനം പൊട്ടിച്ചിരിച്ചുപോയി... നല്ല ഒഴുക്കുള്ള എഴുത്ത്.

  ReplyDelete
 17. വ്യത്യസ്തമായ ഒരു ശൈലി ഉണ്ട്. രസകരമായി അവതരിപ്പിക്കുന്നുമുണ്ട്. ഇങ്ങനെയാണ് യൂറോപ്യന്‍ ആകുക എന്ന് പ്രതീക്ഷിച്ചില

  ReplyDelete
  Replies
  1. പ്രോത്സാഹനത്തിനും അഭിനന്ദനത്തിനും നന്ദി

   Delete