Monday, November 12, 2012

മണ്ഡലവും ഗള്‍ഫും പിന്നെ അയ്യപ്പനും

ഗള്‍ഫ്‌ മലയാളിയുടെ ജീവിതം കൃത്യമായ ആഘോഷഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഏപ്രില്‍ മുതല്‍, സ്കൂള്‍ അടയ്ക്കുന്ന ജൂണ്‍-ജൂലൈ മാസം വരെ നീളുന്ന വിഷു ആഘോഷങ്ങള്‍. സ്കൂള്‍ അടച്ചാലുടന്‍ കുടുംബത്തെ നാട്ടിലേക്കയച്ച് അടുത്ത ഒരുമാസക്കാലം പുരുഷന്മാര്‍ ബാച്ചിലര്‍ ജീവിതമാഘോഷിക്കുന്ന ‘മധു’മാസം. അതുകഴിഞ്ഞാല്‍ പിന്നെ അടുത്ത മൂന്നുമാസക്കാലം അവര്‍ ഓണാഘോഷത്തിന്‍റെ തിരക്കിലായിരിക്കും. ഗള്‍ഫ്‌ മലയാളിക്ക് എന്തും ഏതും ആഘോഷമാണ്. ആഘോഷങ്ങളില്ലാത്ത ഒരു അവസ്ഥയെപ്പറ്റി ആലോചിക്കാനേ അവര്‍ക്ക് കഴിയില്ല. എല്ലാ ആഘോഷങ്ങളുടെയും ആഴങ്ങളിലേയ്ക്കിറങ്ങി ചെന്നാല്‍ അവിടെ ധാരാളം ലഹരി തളംകെട്ടിക്കിടക്കുന്നതു കാണാം, അതിനുമപ്പുറത്ത് കുറച്ചു കെട്ടുകാഴ്ചകളും.

മാസങ്ങള്‍ നീളുന്ന ഓണാഘോഷങ്ങള്‍ അവസാനിക്കുന്നതോടെ ഇക്കണ്ട ആഘോഷങ്ങളെല്ലാം “ആഘോഷിച്ച്” ഇനി വയ്യേ എന്ന അവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് സാക്ഷാല്‍ സ്വാമി അയ്യപ്പന്‍ മണ്ഡലവ്രതം എന്ന പാപമോചന ഓഫറുമായി ഗള്‍ഫ്‌ പര്യടനത്തിനെത്തുന്നത്. ഇത്രയും കാലം ദിവസേന നടത്തിക്കൊണ്ടുപോന്നിരുന്ന ലഹരിസാധക പ്രവര്‍ത്തനങ്ങളും, സ്മാര്‍ത്തവിചാരങ്ങളുടെ കണക്കും, കൂടാതെ തീര്‍ന്നുപോയ ദിവസങ്ങളുടെ ഉറപ്പുമാത്രം കൈമുതലായുള്ള ജോലിയുമായി, നാളെയെക്കുറിച്ച് യാതൊരു ഉറപ്പുമില്ലാതെ ജീവിക്കുന്ന ഒരുവിഭാഗം ഗള്‍ഫ്‌ മലയാളികള്‍ക്ക് ഇതുവരെ ചെയ്ത അപരാധങ്ങള്‍ക്കെല്ലാമായുള്ള പ്രായശ്ചിത്തവും, സുന്ദരസുരഭില ഭാവിജീവിതത്തിനു വേണ്ടിയുള്ള ഒരു മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാനുമുള്ള അവസരവുമാണ് ഈ മണ്ഡലക്കാലം 41 ദിവസം വ്രതം നോല്ക്കുക എന്നത്. ലോകത്ത് ഏറ്റവുമധികം ഗൃഹാതുരത്വം പേറി നടക്കുന്ന ജീവിയായി യുനെസ്കോ അംഗീകരിച്ച ഗള്‍ഫ്‌ മലയാളികള്‍ക്കിടയില്‍ അയ്യപ്പന്‍റെ ഈ മണ്ഡല ഓഫര്‍ ചൂട് അരവണ പോലെ എപ്പോള്‍ വിറ്റുപോയി എന്ന് ചോദിച്ചാല്‍ മതി. ഇതോടുകൂടി അവരുടെ ആഘോഷങ്ങള്‍ക്ക് ഒരു ഭക്തിപരിവേഷം കൈവരുകയും ദിവസേന രണ്ടുനേരം (മാത്രം) അവര്‍ ഭക്തിപരവശതയില്‍ ആറാടിതുടങ്ങുകയും ചെയ്യും. പിന്നത്തെ രണ്ടുമാസക്കാലം കിട്ടിയ ഗ്യാപ്പിലെല്ലാം അയ്യപ്പപൂജ, വിളക്ക്, ഭജന, ഇങ്ങനെ മാറി മാറി ആഘോഷങ്ങളുമായി അവര്‍ മുന്നേറുന്നു.

തുലാം പതിനഞ്ചോടു കൂടി തന്നെ പലരും ഡീസന്‍സി അനൌണ്സ്മെന്‍റ് നടത്തി കഴിഞ്ഞിരിക്കും. വൃശ്ചികം ഒന്നുമുതല്‍ അവന്‍റെ സ്വഭാവത്തില്‍ പ്രകടമായ വ്യത്യാസങ്ങളാണ് കണ്ടുതുടങ്ങുന്നത്. രാവിലെ നേരത്തേ എണീക്കുന്നു, കുളിക്കുന്നു, അയ്യപ്പഭക്തിഗാനങ്ങള്‍ വീടിനുള്ളില്‍ മുഴങ്ങികേള്‍ക്കുന്നു, ഓരോരോ കാര്യസാദ്ധ്യങ്ങള്‍ക്കായി പ്രത്യേകം പ്രത്യേകം നിരത്തിവച്ചിരിയ്ക്കുന്ന നിരവധി ഈശ്വരന്‍മാരുടെ ഫോട്ടോകള്‍ക്ക് മുന്നില്‍ വന്ന് ഒരു രാഷ്ട്രീയ ലൈനില്‍ പുകഴ്ത്തലും നിവേദനവും ഒന്നിച്ചു നടത്തി തിരിച്ചു പോരുന്നു. അടങ്ങിയൊതുങ്ങി, ദുശ്ശീലങ്ങളില്ലാതെയുള്ള ജീവിതം ശീലമില്ലാത്ത ഇവര്‍ക്ക് “പച്ചയായ” മണ്ഡലജീവിതം ഇങ്ങനെ അധികം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാറില്ല എന്നതാണ് വാസ്തവം. അതിന് മറ്റൊരു കാരണം കൂടിയുണ്ട്. അയ്യപ്പന്‍റെ മണ്ഡലക്കാലം പൊളിക്കാന്‍ കച്ചകെട്ടി ഇറങ്ങിയ പോലെയാണ് ക്രിസ്തുമസിന്‍റെ വരവ്. എല്ലാത്തവണയും മണ്ഡലക്കാലം അവസാനമാകുമ്പോഴേയ്ക്കും സാന്താക്ലോസ് ക്രിസ്തുമസ്സുമായി കടന്നുവരും. അതിന്‍റെ ആഘോഷങ്ങള്‍ ഒരാഴ്ച മുന്‍പേ തുടങ്ങും. ആഘോഷങ്ങള്‍, പ്രത്യേകിച്ച് സ്വല്പം വീര്യമുള്ളത്, എന്നുമൊരു വീക്ക്നെസ്സ് ആയ ഗള്‍ഫ്‌ മലയാളിക്ക് പിന്നെ പിടിച്ചുനില്‍ക്കാനാവില്ല. മണ്ഡലം 30-ന് തന്നെ എല്ലാം അവസാനിപ്പിച്ച്, ഒരുമാസക്കാലത്തോളം താന്‍ പ്രലോഭനങ്ങളില്‍ വീഴാതെ പിടിച്ചുനിന്നു എന്ന അഭിമാനത്തോടെ അവന്‍ ഞെളിഞ്ഞുനില്ക്കും. 75%-ല്‍ കൂടുതല്‍ ഹാജരുള്ളതിനാല്‍ പാപഭാരങ്ങളില്‍ നിന്ന് ഒഴിവാക്കുന്നതിനായി അയ്യപ്പന് ഒരു സ്പെഷ്യല്‍ അപ്പീലും കൂട്ടത്തില്‍ നല്ലൊരു തുക വഴിപാട് എന്ന പേരില്‍ കൈക്കൂലിയും ഓഫര്‍ ചെയ്ത് അവന്‍ നേരെ സന്താക്ലോസിനെയും പുതുവത്സരത്തേയും വരവേല്‍ക്കാന്‍ പോകും.

കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി അയ്യപ്പന്‍ പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും ഗള്‍ഫ്‌ മലയാളിയെക്കൊണ്ട് മണ്ഡലവ്രതം 30-35 ദിവസത്തില്‍ കൂടുതല്‍ എടുപ്പിയ്ക്കാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ വന്ന അപ്പീലുകളിലൊന്നും തന്നെ അയ്യപ്പന്‍ തീരുമാനവുമെടുത്തിട്ടില്ല. വ്രതം നോല്‍ക്കാന്‍ പ്രയാസതകളനുഭവിക്കുന്ന പ്രവാസിമലയാളികളോടുള്ള അയ്യപ്പന്‍റെ അവഗണനയിലും നിഷേധാത്മക നയത്തിലും പ്രതിഷേധിച്ച് ഒരു നിവേദനം അയ്യപ്പന്‍റെ ആത്മസുഹൃത്ത് വാവര്‍ കൈവശം കൊടുത്തയക്കാന്‍ അവര്‍ തയ്യാറാക്കിക്കഴിഞ്ഞു. അതിന്‍റെ പകര്‍പ്പ് താഴെ കൊടുക്കുന്നു.

-ശ്രീ-
അവശതയനുഭവിച്ചുകൊണ്ടിരിക്കുന്ന ഗള്‍ഫ്‌ മലയാളികള്‍ സ്വാമി അയ്യപ്പന്‍ അവര്‍കള്‍ മുന്‍പാകെ സമര്‍പ്പിക്കുന്ന അപേക്ഷ എന്തെന്നാല്‍-
അങ്ങ് കല്പ്പിച്ചരുളിചെയ്തു നിശ്ചയിച്ച മണ്ഡലവ്രത നോലമ്പിന്‍റെ പേരില്‍ വര്‍ഷങ്ങളായി ഞങ്ങള്‍ ഗള്‍ഫ്‌ മലയാളികള്‍ വളരെയധികം കഷ്ടതകള്‍ അനുഭവിക്കുകയും വീട്ടുകാരുടെ പീഡനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തുവരികയാണ്. അടിയങ്ങളുടെ സുഖലോലുപതയില്‍ ആണിക്കല്ലടിക്കുന്ന ഈ സംവിധാനത്തില്‍ പരിഷ്കാരങ്ങള്‍ വരുത്തുകയും അടിയങ്ങളുടെ സാങ്കേതിക-മാനസിക പ്രശ്നങ്ങള്‍ കണക്കിലെടുത്ത് സമക്ഷം കനിവുണ്ടായി ഇനി പറഞ്ഞിരിക്കുന്ന വിഷയങ്ങളില്‍ ഒരു തീരുമാനം കല്പ്പിക്കുകയും വേണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു.

1.       ഗള്‍ഫുകാരുടെ ഇളംശരീരപ്രകൃതി കണക്കിലെടുത്ത്കഠിനമായ മണ്ഡലവ്രത നിയമങ്ങളില്‍ ഇളവുവരുത്തുക

2.       മണ്ഡലവ്രതം 41 ദിവസത്തില്‍ നിന്നും 30 ദിവസമായി വെട്ടിക്കുറയ്ക്കുക.

3.       പതിനാലു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ആഴ്ചയിലൊരിക്കല്‍ രഹസ്യമായി മത്സ്യമാംസവിഭവങ്ങള്‍ കൊടുക്കാനുള്ള അനുമതി നല്‍കുക

4.       മണ്ഡലവ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് അടുത്ത മകരവിളക്ക്‌ കഴിയുന്നതുവരെ ജോലി ഭദ്രത ഉറപ്പുനല്‍കുക

5.       ഗള്‍ഫ്‌ മേഘലയിലെ വാവര്‍ സാന്നിദ്ധ്യ സ്ഥലങ്ങളില്‍ ദര്‍ശനം നടത്തുന്നവര്‍ക്ക് അയ്യപ്പദര്‍ശനഫലം തന്നെ നല്‍കി അരുളുക.  

6.       പ്രവാസി-അയ്യപ്പ ദര്‍ശന കാര്‍ഡ്‌ അനുവദിക്കുക.

7.       ഗള്‍ഫുകാരുടെ കാല്‍പാദങ്ങളുടെ പ്രത്യേക രൂപഘടന കണക്കിലെടുത്ത് കല്ലും മുള്ളും നിറഞ്ഞ വഴികള്‍ ഒഴിവാക്കി സന്നിധാനത്തിലേക്ക് വാഹനപാത സജ്ജമാക്കുക.

8.       വിജയകരമായി 30 ദിവസം മണ്ഡലവ്രതം അനുഷ്ഠിച്ചവര്‍ക്ക് അയ്യപ്പന്‍റെ ഒപ്പോടുകൂടിയ മണ്ഡലവ്രതം സര്‍ട്ടിഫിക്കറ്റ്, പ്രശസ്തിപത്രം എന്നിവ നല്‍കുക

9.       ഗൃഹനാഥനും രണ്ടു കുട്ടികള്‍ക്കും ശബരിമലയില്‍ പോലീസ്‌ അകമ്പടിയോടുകൂടി സ്പെഷ്യല്‍ ദര്‍ശനം, 5-സ്റ്റാര്‍ താമസം-ഭക്ഷണം, തന്ത്രിയില്‍നിന്നും നേരില്‍ അനുഗ്രഹം-പ്രസാദം ലഭിക്കല്‍, എന്നീ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുക

10.    ശബരിമല ദര്‍ശനത്തിന് നേരില്‍ വരാന്‍ സാധിക്കാത്തവര്‍ക്കുവേണ്ടി അവിടുന്ന് ഒരു വെര്‍ച്വല്‍ സൈറ്റ് തുടങ്ങുകയും അതില്‍ പ്രതീകാത്മക കാണിക്കയിടല്‍, നെയ്യഭിഷേകം, അര്‍ച്ചന എന്നിവ നടത്തി സയൂജ്യമടയാന്‍ പ്രത്യേകം സൗകര്യം നല്‍കുകയും ചെയ്യുക.

11.    “ദീപാരാധന, പടിപൂജ & മാളികപ്പുറത്ത് നാളികേരമുരുട്ടല്‍” എന്നിവയുടെ ഫ്രീ ആപ്പ്സ്‌ ഡൌണ്‍ലോഡ് അനുവദിക്കുകവഴി ജോലിസമയത്ത്‌ ഇത്യാദി വിദ്യകള്‍ നടത്തി അടിയങ്ങളുടെ ഭക്തിതോത് വര്‍ദ്ധിപ്പിക്കാനുള്ള അവസരം നല്‍കുക
മേല്‍പ്പറഞ്ഞ നിവേദനങ്ങളില്‍ ഉടനടി തീര്‍പ്പുകല്പ്പിച്ച് ഉത്തരവാക്കാന്‍ താഴ്മയായി അപേക്ഷിക്കുന്നു.
എന്ന് പ്രവാസി പ്രയാസ ഭക്തസംഘം
ഒപ്പ്.

Monday, November 5, 2012

ഡെല്ലി ബെല്ലി അഥവാ നിങ്ങള്‍ക്കുമാകാം യൂറോപ്യന്‍


ചൂട്... അസാദ്ധ്യചൂട്... അല്‍ സലാം സ്ട്രീറ്റിലെ നെടുങ്കന്‍ കെട്ടിടങ്ങളുടെ ചുവടുപിടിച്ച് നടക്കുമ്പോള്‍ ബോധോദയമുണ്ടായി. “വേണ്ടീയിരുന്നില്ല, നടത്തം ഒഴിവാക്കാമായിരുന്നു.”
എങ്കിലും ഡല്‍ഹിയേക്കാള്‍ ഭേദം തന്നെ ഇവിടം. ഹൌ... ദല്‍ഹി യാത്ര അസാദ്ധ്യം തന്നെ. മറക്കാന്‍ സാധിക്കില്ല.
നാട്ടില്‍ ഒരു ഗതിയും പരഗതിയുമില്ലാതെ നട്ടംതിരിച്ചില്‍ എന്ന ജോലിയില്‍ വ്യാപൃതനായപ്പോഴാണ് ഗള്‍ഫ്‌ എന്ന പുച്ഛത്തെക്കുറിച്ച് ആലോചിച്ചത്. ഒരു തൊഴില്‍രഹിതന്‍റെ സോഷ്യലിസ്റ്റ്‌ ചിന്താഗതിയില്‍ നിലനിന്നുകൊണ്ട്,  പ്രസിദ്ധീകരണങ്ങള്‍, മിമിക്രി, വാണിജ്യ സിനിമകള്‍, ഗള്‍ഫ്‌, ഗള്‍ഫുകാരന്‍ എന്നിവയെ എല്ലാം ഒരേ നിലപാടില്‍ വീക്ഷിച്ചിരുന്നതില്‍ നിന്നും ഗള്‍ഫിനെ മാത്രം പ്രത്യേകാധികാര പദവി ഉപയോഗിച്ച് ജി പട്ടികയില്‍ നിന്നും ഒഴിവാക്കി ഒരു ശരാശരി രാഷ്ട്രീയ നിലപാടിലേക്ക് കൂപ്പുകുത്തിയതിനു പിറകില്‍ മറ്റു ഗൂഢലക്ഷ്യങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്ന് ഇത്തരുണത്തില്‍ വ്യക്തമാക്കട്ടെ.
കേരളമെന്ന പൊട്ടക്കിണറ്റിലെ മണ്ഢൂകം, അതുവരെ കേട്ടറിവ് മാത്രമുള്ള കോര്‍പറേറ്റ് കള്‍ച്ചറും മെട്രോ ജീവിതവും അല്പം പഠിക്കുകയാണ് ഗള്‍ഫിലേക്ക് പറക്കുന്നതിന് മുന്‍പ് നല്ലത് എന്ന ഉപദേശം ലഭിച്ചു. ദല്‍ഹി, ബോംബെ, ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളാണ് ഇത്തരം പഠനങ്ങള്‍ക്ക് പറ്റിയ സ്ഥലം എന്ന തിരിച്ചറിവില്‍, കടം വാങ്ങിയ സോഷ്യലിസം തിരിച്ചു കൊടുത്ത് നറുക്ക് വീണ ഡല്‍ഹിക്ക് വച്ച് പിടിക്കാന്‍ തന്നെ തീരുമാനിച്ചു. പാര്‍ലമെന്‍റ് മന്ദിരത്തിന്റെയും ഇന്ത്യ ഗേറ്റിന്‍റെയും ദല്‍ഹി, മനോഹരങ്ങളായ റോഡുകളും അതിനിരുവശത്തുമുള്ള അതിമനോഹരങ്ങളായ പുല്‍ത്തകിടികളും, സുന്ദരികളായ പെണ്‍കൊടികളും നിറഞ്ഞ ദല്‍ഹി. ഈ സുന്ദര ദൃശ്യങ്ങളിലേക്ക്‌ വണ്ടി കയറാന്‍ തന്നെ തീരുമാനമായി.
കല്ലേറ്റുംകര എന്ന ഉണക്ക റെയില്‍വേ സ്റ്റേഷനില്‍ (തലേന്നു വരെ അത് പച്ച റെയില്‍വേ സ്റ്റേഷന്‍ ആയിരുന്നു ) കേരള എക്സ്പ്രസ്സ്‌ വരുന്നതും കാത്തിരിക്കുന്ന സമയത്ത് അവിടെ അബദ്ധവശാല്‍ വന്നുപെട്ട പോലെ മൂന്നു നാല് തരുണികള്‍ നില്‍ക്കുന്ന കണ്ടപ്പോള്‍ സ്ഥായീ സ്വഭാവം കൊണ്ട് ഉള്ളൊന്നു വിടര്‍ന്നു എങ്കിലും പൂത്തുതളിര്‍ത്ത ദല്‍ഹി പെണ്‍കൊടികള്‍ മനസ്സില്‍ ഹോളി നടത്തിയപ്പോള്‍ ഒട്ടൊരു പുച്ഛത്തോടെ ഇവരെ നോക്കി തിരിഞ്ഞിരുന്നു. വെറുതെയല്ല പ്രവാസികള്‍ നാടിന്‍റെ ഡെവലപ്പ്മെന്‍റിനെ കുറിച്ച് പരാതി പറയുന്നത് എന്ന് മനസ്സില്‍ ഓര്‍ത്തുകൊണ്ട് ഐശ്യര്യത്തിന്‍റെ സൈറണ്‍ വിളിയുമായി വന്നു നിന്ന തീവണ്ടിയിലേക്ക് വലതുകാല്‍ വച്ച് കയറി. പരിചയ സമ്പന്നത സ്ഫുരിക്കുന്ന മുഖഭാവത്തോടെ ഇരിക്കുന്ന യാത്രക്കാരെ മാനിച്ചുകൊണ്ട് പറഞ്ഞുവച്ച ഇരിപ്പിടത്തില്‍ ഞാന്‍ ആസനം സ്വസ്ഥമാക്കി.
കുഞ്ഞുകുട്ടി പരാധീനങ്ങളുമായി സാധാരണക്കാരായ രണ്ടു കുടുംബങ്ങള്‍, നാലഞ്ച് പട്ടാളക്കാര്‍. ഇവരായിരുന്നു ആ രണ്ടാംക്ലാസ്സ്‌ കമ്പാര്‍ട്ട്മെന്റില്‍ എന്‍റെ തൊട്ടടുത്ത അയല്‍ക്കാര്‍. പട്ടാള മാന്വലിലെ ഏതോ നിയമം അനുസരിക്കാന്‍ കാത്തുനിന്ന പോലെ രാത്രിയായപ്പോഴേക്കും പട്ടാളക്കാര്‍ മുകളിലെ ബര്‍ത്തുകളില്‍ സേവ കൂടുകയും കുടുംബങ്ങള്‍ പ്രാരാബ്ധങ്ങള്‍ മുന്നില്‍ നിരത്തി ഭേദ്യം തുടങ്ങുന്നതും കണ്ടപ്പോള്‍ പ്രത്യേകിച്ച് ബാധ്യതകള്‍ ഒന്നുമില്ലാത്ത ഞാന്‍ ഭക്ഷണം കഴിച്ചു ഭാവി സ്വപ്നം കണ്ട് കിടന്നുറങ്ങി.
പരിചിതമല്ലാത്ത ശബ്ദങ്ങളും ബഹളങ്ങളും കേട്ടുകൊണ്ടാണ് രാവിലെ ഉറക്കമുണര്‍ന്നത്. കമ്പാര്‍ട്ട്‌മെന്റിന്‍റെ ഇരുവശത്തുമുള്ള ടോയ്‌ലറ്റുകളില്‍ നിന്നും നീണ്ട് ഇറങ്ങി വരുന്ന ക്യുവില്‍ നിന്നുമായിരുന്നു ആ ബഹളങ്ങള്‍. ഇത്രമാത്രം ജനസാന്നിദ്ധ്യം ആ കമ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നു എന്ന് അപ്പോഴാണ്‌ മനസ്സിലായത്. പല്ലുതേച്ച് കാപ്പി കുടിക്കുന്ന ദു:ശ്ശീലം പണ്ടേ ഇല്ലാത്തതിനാല്‍ ഒരു ചായയും വാങ്ങികുടിച്ച് ഞാന്‍ കാഴ്ചകളും കണ്ടിരുന്നു. വണ്ടിയുടെ കുലുക്കത്തില്‍ കക്കൂസില്‍ ബാലന്‍സ് ഉറപ്പിച്ച് ഇരിക്കാനുള്ള ശ്രമത്തിലാണ് മിക്കവാറും ആള്‍ക്കാരുടെയും ഭൂരിഭാഗസമയവും ടോയ്‌ലറ്റില്‍ ചിലവാകുന്നത് എന്ന സത്യം അതിനുള്ളില്‍ കയറി കൃത്യനിര്‍വഹണത്തിന് ശ്രമിച്ചപ്പോഴാണ് ഞാന്‍ തിരിച്ചറിഞ്ഞത്‌. എന്തായാലും പരിചയക്കുറവിന്‍റെ അടിസ്ഥാനത്തില്‍ എനിക്ക് തല്ക്കാലം തോറ്റു പിന്മാറേണ്ടി വന്നു. രണ്ടു ദിവസം കൂടി ഇതേ വണ്ടിയില്‍ യാത്ര തുടരുന്നതിനാലും കക്കൂസും ഈ കമ്പാര്‍ട്ട്മെന്റിന്‍റെ കൂടെ ഡല്‍ഹിക്ക് വരുന്നതിനാലും പരിശ്രമം കുറച്ച് കഴിഞ്ഞാകാം എന്ന് നിശ്ചയിച്ച് തിരിച്ചിറങ്ങി. അപ്പോഴേക്കും വണ്ടി ആന്ധ്ര സംസ്ഥാനത്തിന്‍റെ അരികുകളില്‍ എത്തിച്ചേര്‍ന്നിരുന്നു. മീനമാസത്തിലെ ആ പകലില്‍ ചൂടിന്റെ ഇതുവരെ അനുഭവിച്ചറിയാത്ത ഭാവങ്ങള്‍ എന്‍റെ കണ്ണുകളിലേക്ക് തുളച്ചുകയറി, അത് ശരീരം മുഴുവന്‍ വ്യാപിച്ച് എന്‍റെ ഓരോ രോമകൂപത്തിലൂടെയും പുറത്തേക്ക് പ്രവഹിച്ചുതുടങ്ങി. വറചട്ടിയില്‍ നിന്ന് എരിതീയ്യിലേക്ക് എന്ന് പറഞ്ഞ പോലെ ആന്ധ്ര കഴിഞ്ഞപ്പോള്‍ ദേ വരണൂ ചൂടിന്റെ പല പല വെറൈറ്റികളുമായി ഓരോരോ സംസ്ഥാനങ്ങള്‍. ഇത്രയും ചൂട് ജീവിതത്തില്‍ ആദ്യമായതിനാല്‍ സ്വന്തമായി ഉള്ള രണ്ടു കണ്ണുകളും പുറത്തേക്ക് തള്ളി പുകഞ്ഞിരിക്കാനേ എനിക്ക് സാധിച്ചുള്ളൂ. മറ്റുള്ള ആള്‍ക്കാര്‍ കാണിക്കുന്നതു കണ്ട് ഞാനും ഇടയ്ക്കിടയ്ക്ക് തലയും മുഖവുമെല്ലാം കഴുകുകയും തോര്‍ത്ത്‌ നനച്ചു കഴുത്തും തലയുമെല്ലാം മൂടി വയ്ക്കുകയും ചെയ്തുവെങ്കിലും കാര്യമായ ഫലമൊന്നും ഉണ്ടായില്ല. ചൂടിന്റെ കാഠിന്യം കൂടുന്തോറും ആള്‍ക്കാരുടെ നാണവും കുറഞ്ഞു വന്നു തുടങ്ങി. ഓരോരുത്തര്‍ ഷര്‍ട്ടൂരുന്നൂ, ബനിയന്‍ ഊരുന്നൂ, പാന്‍റ് ഊരി കൈലിയുടുക്കുന്നൂ.. എന്ന് വേണ്ടാ, പറ്റാവുന്ന അടിതടകളെല്ലാം പരീക്ഷിക്കുന്നുണ്ട്. ഞാനും ഒട്ടും കുറക്കാന്‍ പാടില്ലല്ലോ. എന്‍റെ പിത്തക്കാടി ശരീരത്തിന്‍റെ വൃത്തികേടുകള്‍ പ്രദര്‍ശിപ്പിക്കാത്ത രീതിയില്‍ ചിലതെല്ലാം ഞാനും ഊരിയെറിഞ്ഞു. പോരാത്തതിന് ചൂടുകാലത്ത് ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതിരിക്കാന്‍ ധാരാളം വെള്ളം കുടിക്കണമെന്ന് സ്കൂളില്‍ പഠിച്ചത് തക്കസമയത്ത് ഓര്‍മ്മ വരികയും ചെയ്തു. (ഫ്രണ്ട്സ്‌.... പ്ലീസ്... എന്നോട് അസൂയ വച്ചുപുലര്‍ത്തേണ്ട സന്ദര്‍ഭമല്ല ഇത്) കുറെയധികം പഠിക്കുകയല്ല, മറിച്ച് പഠിച്ച കാര്യങ്ങള്‍ ആവശ്യ സമയത്ത് ഓര്‍ക്കുകയാണ് വേണ്ടത് എന്ന് സ്വയം അഭിമാനിച്ച് വെള്ളവും ജ്യുസും മുറക്ക് അടിച്ചു കേറ്റുന്നത്തില്‍ ഞാന്‍ ബദ്ധ ശ്രദ്ധാലുവായി. ഇതിനിടയില്‍ മരട് വേലക്ക് ഡൈന പൊട്ടുന്ന പോലെ പട്ടാളക്കാരുടെ വീരകഥകള്‍ മറുവശത്ത് തകര്‍ക്കുന്നു.. കനത്ത ചൂടില്‍ ക്ഷീണിതരാണെങ്കില്‍ കൂടിയും കൃത്യനിര്‍വഹണത്തില്‍ അവര്‍ ഒട്ടും വീഴ്ച വരുത്തിയിരുന്നില്ല. കണ്ടകശനിയുടെ പോക്കും വരവും “അറിയിച്ചു”കൊണ്ടാകും എന്ന് ജ്യോത്സ്യന്‍ പറഞ്ഞത് എത്ര ശരിയാണ്... ഇതിപ്പോ വരവാണെങ്കിലും പോക്കാണെങ്കിലും എന്‍റെ കാര്യം ആകപ്പാടെ പോക്കായിയിരുന്നു. ഒരു ഇംഗ്ലീഷ് ഹൊറര്‍ ത്രില്ലര്‍ സിനിമ കണ്ട അവശതയോടെ ഇതെല്ലാം സഹിച്ച് നിസ്സഹായനായി ഞാന്‍ തളര്‍ന്നിരുന്നു.
ഈ കനത്ത ചൂടിനിടയിലും ഭക്ഷണ ഇന്‍പുട്ട് ദാക്ഷിണ്യമില്ലാതെ സംഭവാമി യുഗേ യുഗേയായി നടക്കുന്നുണ്ടായിരുന്നു. നേരത്തെ സൂചിപ്പിച്ച പരിചയകുറവ് മൂലം ഔട്പുട് ഒരു ഭീകരപ്രശ്നമായി മാറിയിരുന്നു അപ്പോഴേക്കും. അധികം കാത്തിരിക്കേണ്ടി വന്നില്ല, പരിചയകുറവിനെ ആവശ്യം കടത്തിവെട്ടി. കനത്ത ചൂടില്‍ ശീലമില്ലാത്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍ വയറ്റില്‍ നടത്തിയ രാസപ്രവര്‍ത്തനങ്ങളില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ ഞാന്‍ ടോയ്‌ലറ്റിലേക്ക്‌ ഓടി. ഇത്തവണ വണ്ടിയുടെ കുലുക്കമോ ടോയ്‌ലറ്റിലെ വൃത്തികേടോ നാറ്റമോ ഒന്നുംതന്നെ എനിക്കൊരു തടസ്സമായിരുന്നില്ല.
ഒരു സുഖവിരേചനത്തിന്‍റെ മൂര്‍ഛയില്‍ ആശ്വാസം കൊണ്ടിരിക്കുമ്പോള്‍ എനിക്കുള്ള കാലക്കേടിന്‍റെ അടുത്ത ഗഡു വാട്ടര്‍ ടാപ്പിന്‍റെ രീതിയില്‍ മുന്നില്‍ തന്നെ ഇളിച്ച് ഇരിക്കുന്നുണ്ടായിരുന്നു. കുറച്ച് സീല്‍ക്കാര ശബ്ദങ്ങള്‍ മാത്രം പുറപ്പെടുവിച്ച് അത് എന്നെ കളിയാക്കി നോക്കി. ചൂടിനെ പ്രതിരോധിക്കാനായി പലവിധ ജലവിദ്യകള്‍ ആളുകള്‍ മാറി മാറി പരീക്ഷിച്ചതിന്‍റെ ഫലമായി ടാങ്കിലെ വെള്ളം നിശ്ശേഷം തീര്‍ന്നിരുന്നു. ജലക്ഷാമത്തിന്‍റെ രൂക്ഷത കൊണ്ട് കടന്നുവന്ന സ്റ്റേഷനുകളില്‍ നിന്ന് ഒന്നും തന്നെ ഇതില്‍ വെള്ളം നിറച്ചിരുന്നുമില്ല. ഒഴിച്ചുകളഞ്ഞ മൂത്രത്തെയോര്‍ത്ത് ആ നിമിഷം ഞാന്‍ ശരിക്കും ദുഖിച്ചുപോയി. വെള്ളമെടുക്കാനായി കൊണ്ടുവന്ന പ്ലാസ്റ്റിക്‌ മഗും അതിനുള്ളിലെ റെക്സോണ സോപ്പും എന്‍റെ മുന്നില്‍ പണിയൊന്നുമില്ലാതെ ചൊറിയുംകുത്തി ഇരിക്കുന്നു. പിന്നെ മറ്റു മാര്‍ഗ്ഗങ്ങളൊന്നും എന്‍റെ മുന്നില്‍ ഇല്ലായിരുന്നു. റെക്സോണ സോപ്പിനെ പൊതിഞ്ഞിരിക്കുന്ന പച്ച കടലാസ് ഊരിയെടുത്ത് സായ്പിനെ മനസ്സില്‍ ധ്യാനിച്ച് ആവാഹിച്ച് ഭേഷായി തുടച്ചു. മുത്തശ്ശന്‍റെ കണക്കില്‍ ഇന്ത്യന്‍ റെയില്‍വേ എന്നെ യൂറോപ്യനായി അവരോധിച്ചതിന്‍റെ ഉള്‍പുളകത്തില്‍ ഞാന്‍ കുളിര്‍ കോരി നിന്നു.
“ഈ സായ്പിനെ യൂറോപ്യന്‍ എന്ന് വിളിക്കാന്‍ എന്താ കാരണം? കക്കൂസില്‍ പോയാല്‍ ചവുദിക്കില്ല്യാ.. കടലാസെടുത്ത് ഒപ്പുകയെ ഉള്ളൂ. അങ്ങനെ ഊര ഒപ്പ്യോന്‍ എന്നത് ലോപിച്ചാണ് യൂറോപ്യന്‍ എന്നായത്” ബ്രിട്ടീഷുകാരെ അടിമുടി വെറുത്തിരുന്ന മുത്തശ്ശന്‍റെ വാക്കുകള്‍ എന്‍റെ മനസ്സിലൂടെ കടന്നുപോയി.
ആ കത്തുന്ന വേനലില്‍ കുളിയും പല്ലുതേപ്പും ശൌചവുമില്ലാത്ത കുറെ യൂറോപ്യന്‍സിനേയും വെള്ളമില്ലാത്ത കമ്പാര്‍ട്ട്മെന്റും പേറി ഇതൊന്നും വകവയ്ക്കാതെ കേരള എക്സ്പ്രസ്സ്‌ ദല്‍ഹി ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു.