About Me

My photo

മനസ്സ് ഇരിങ്ങാലക്കുടയിലും ശരീരം അബുദാബിയിലും നിക്ഷേപിച്ച് നാടിനെക്കുറിച്ചുള്ള സ്വപ്നങ്ങളില്‍ മുഴുകിനടക്കുന്നു.

Saturday, March 3, 2012

പ്രണയം- ഒരു പഴയ പതിപ്പ്


പ്രണയവും പ്രണയ സ്വപ്നങ്ങളും എന്നും എല്ലാ മനുഷ്യരുടെയും ഉള്ളിലെ മോഹങ്ങളും ആവേശവുമാണ്, പ്രത്യേകിച്ച് കൗമാരത്തില്‍. ഏതൊരു സഹജീവിയെയും പോലെ കൗമാരത്തില്‍ ഞാനും ഈവക മോഹങ്ങളും സ്വപ്നങ്ങളും ഉള്ളില്‍ കൊണ്ടുനടന്നിരുന്നു. അന്നത്തെ പ്രണയ സങ്കല്‍പ്പങ്ങളും രീതികളും ഇന്നത്തേതില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. ഒരു പത്തിരുപത്തഞ്ചു വര്‍ഷം മുന്‍പെങ്കിലും കൗമാരം പിന്നിട്ടവര്‍ക്ക് അത് എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കും.
ഈശ്വരാ... ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ എന്ന് പറഞ്ഞപ്പോഴാണ് എനിക്ക് ഇത്രയും പ്രായമായോ എന്ന് ഒരു ഞെട്ടലോടെയെങ്കിലും ഓര്‍ക്കുന്നത്. പ്രായം ഇത്രയായെങ്കിലും മനസ്സിലെ പ്രണയം ഇപ്പോഴും ആ കൗമാരം പിന്നിട്ടിട്ടില്ല. ഭാഗ്യം... ഭാര്യ ഞാന്‍ എഴുതിയതൊന്നും വായിക്കാന്‍ മിനക്കെടാറില്ല. എല്ലാ കാര്യങ്ങും ഒരു കഥ പോലെ പറഞ്ഞു കേള്‍ക്കുന്നതാണ് അവര്‍ക്കിഷ്ടം. എല്ലാ ഇഷ്ടങ്ങളും സാധിപ്പിച്ചു കൊടുക്കുന്നവന്‍ നല്ല ഭര്‍ത്താവല്ല എന്ന തത്വത്തില്‍ വിശ്വസിക്കുന്നവനായത് കാരണം ഞാന്‍ അതിനൊന്നും മുതിരാറില്ല. നിങ്ങളുടെ കൂട്ടത്തില്‍നിന്നൊരു ചന്തുവിനെ ഞാന്‍ പ്രതീക്ഷിക്കുന്നുമില്ല.
കൗമാരത്തില്‍ ഇരിങ്ങാലക്കുടയിലെ എല്ലാ പെണ്‍കുട്ടികളോടും സ്വാഭാവികമായും എനിക്ക് പ്രണയം തോന്നിയിരുന്നു. ആരു വന്നു ചോദിച്ചാലും ഒട്ടും വൈകാതെ എടുത്തു കൊടുക്കാന്‍ പാകത്തില്‍ ഒരു ചുവന്ന ചൈനാ പേപ്പറില്‍ പൊതിഞ്ഞ് അതില്‍ ഒരു ചെമ്പരത്തി പൂവും കുത്തി (ഒരു സാദാ ഹൈസ്കൂള്‍ അദ്ധ്യാപകന്‍റെ മകന് റോസാപ്പൂവും വിലകൂടിയ വര്‍ണ്ണകടലാസുകളും ആഗ്രഹിക്കാനുള്ള യോഗ്യത അന്നുണ്ടായിരുന്നില്ല) എന്‍റെ ഹൃദയം ഞാനെപ്പോഴും തയ്യാറാക്കി വച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ അന്ന് ഒരൊറ്റ പെണ്‍കുട്ടി പോലും അത് തിരിച്ചറിഞ്ഞില്ല എന്നത് ഇപ്പോഴും എന്‍റെ ദുഃഖമായി നിലനില്‍ക്കുന്നുണ്ട്. ഏതെങ്കിലും പെണ്‍കുട്ടിക്ക് എന്നെ ഇഷ്ടമായിരുന്നോ എന്ന് എനിക്കിപ്പോഴും അറിയില്ല. പക്ഷേ എനിക്ക് തീരെ ധൈര്യമില്ലായിരുന്നു എന്‍റെ ഉളിലെ പ്രണയം ആരോടെങ്കിലും ഒന്ന് തുറന്നു പറയാന്‍. കൂടിവന്നാല്‍ ഹൃദയം കുറച്ചൊന്നു തരളിതമാക്കി കണ്ണുകളിലെ തിളക്കം വര്‍ദ്ധിപ്പിച്ച് മുഖത്തൊരു മന്ദസ്മിതം വരുത്തി എന്ന മട്ടില്‍ പ്രണയം പ്രതിഫലിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടൊരു നോട്ടം. അതും ഒരൊറ്റ തവണ. ഒരു സാദാ ഹൈസ്കൂള്‍ അദ്ധ്യാപകന്‍റെ മകന് അത്രയൊക്കെ ധൈര്യമേ അവലംബിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. (ഈ വാചകം സൗകര്യം പോലെ എവിടെ വേണമെങ്കിലും ഉപയോഗിച്ചോളൂ. ഇത് ഞാന്‍ നിങ്ങള്‍ക്കായി ഡെഡിക്കേറ്റു ചെയ്യുന്നു.)

സെന്‍റ് ജോസഫ്‌ കോളേജിലെ സുന്ദരിമാരെ വഹിച്ചുകൊണ്ടു പോകുന്ന കോളേജ് വാനിനു പുറകില്‍ ബൈക്കുകളില്‍ ചെത്തി പോകുന്ന സഹസികരെയും, ആവശ്യമില്ലെങ്കില്‍ കൂടിയും ഇഷ്ടപ്പെട്ട പെണ്‍കുട്ടിയുടെ വീടിനടുത്തുള്ള ബസ്‌സ്റ്റോപ്പില്‍ കഷ്ടപ്പെട്ട് ചെന്നെത്തി അവിടെനിന്നും അവളുടെ കൂടെ ബസില്‍ കയറി കോളേജിലെത്തുന്ന ആത്മാര്‍ത്ഥത നിറഞ്ഞവരെയും, ടൈപ്പ്റൈറ്റിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ വിപുല സാദ്ധ്യതകള്‍ മനസ്സിലാക്കി അതിനകത്ത് കഠിനപ്രയത്നം നടത്തുന്ന സാങ്കേതിക വിദഗ്ദ്ധരായ കാമുകന്മാരെയും എല്ലാം നോക്കി ഞാന്‍ അത്ഭുതപ്പെട്ടു നിന്നു. പ്രണയത്തിനായി അത്രത്തോളം ത്യാഗസന്നദ്ധമായൊരു മനസ്സ് എനിക്കില്ലാതെ പോയതില്‍ ഞാന്‍ പരിതപിച്ചു. മാറി വരുന്ന ജീവിത സാഹചര്യങ്ങളില്‍ ഒരു ഒരു കോളേജ്‌ കുമാരന്‌ യമഹ ബൈക്ക് വേണ്ടുന്നതിന്‍റെ ആവശ്യകതയെ കുറിച്ച് അച്ഛനെ ബോധവല്‍ക്കരിക്കാന്‍ ശ്രമിച്ചതിന്‍റെ ഫലമായി ഉണ്ടായിരുന്ന പഴയ റാലി സൈക്കിളിന്‍റെ വാല്‍ട്യൂബ് മാന്യപിതാശ്രീ അഴിച്ചു വയ്ക്കുകയും തദ്വാരാ രണ്ടുനാള്‍ കോളേജിലേക്ക് നടന്നു പോകേണ്ടതായി വരികയും വേണ്ടിവന്നു.
കൗമാരത്തിലൊന്നും വിജയം കാണാത്ത പ്രണയ സ്വപ്നങ്ങളുമായി ഞാന്‍ യൌവ്വനത്തിലെത്തിയപ്പോഴും പ്രണയ സാഫല്യമടയാത്ത എന്‍റെ മനസ്സ് കൗമാരത്തില്‍ തന്നെ കെട്ടുപിണഞ്ഞു കിടക്കുകയായിരുന്നു. എങ്കിലും ഇരിങ്ങാലക്കുടയിലെ പെണ്‍കുട്ടികളെ ഒന്നടങ്കം ഞാന്‍ നിര്‍ബാധം സ്നേഹിച്ചു പോരുകയും അവരെ കാണുമ്പോള്‍ എനിക്കു മാത്രം മനസ്സിലാകുന്ന രീതിയില്‍ നേരത്തെ പറഞ്ഞ കണ്ണുകൊണ്ടും ഹൃദയം കൊണ്ടുമുള്ള കോപ്രായങ്ങള്‍ തുടരുകയും ചെയ്തിരുന്നു. വെറുതെ മോഹം മാത്രം ഉള്ളില്‍ കൊണ്ടുനടന്നാല്‍ നീ ആഗ്രഹിക്കുന്ന പെണ്‍കുട്ടി അതെങ്ങനെ അറിയും എന്ന് എന്‍റെ ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ചോദിച്ചപ്പോള്‍ അത്രയും കാലം ഇല്ലാതിരുന്ന ഒരു വെളിച്ചം എന്‍റെ തലയിലേക്ക് കടന്നുവരികയായിരുന്നു. എന്‍റെ ഉള്ളിലെ മോഹങ്ങള്‍ ആരോടായാലും തുറന്നു പറയാനുള്ള ധൈര്യവും ചങ്കൂറ്റവും എനിക്കു വേണമെന്ന് അവരെന്നെ പഠിപ്പിച്ചു. ആഴ്ചകള്‍ നീണ്ട പ്രണയ കോഴ്സിനു ശേഷം അല്പസ്വല്പം ആത്മവിശ്വാസവുമൊക്കെയായി ഞാന്‍പുറത്തിറങ്ങി. പക്ഷേ അപ്പോഴേക്കും കണ്ടുവച്ചിരുന്ന പെണ്‍കുട്ടികളെല്ലാം ഓരോരുത്തരുടെ കൂടെ എന്‍ഗേജ്‌ഡായി കഴിഞ്ഞിരുന്നു.
അങ്ങനെ ദിവസങ്ങള്‍ തള്ളിനീക്കുന്നതിനിടയിലാണ് എന്‍റെ ഹൃദയം തരളിതമാക്കികൊണ്ട് ആ സുന്ദരി, ചന്ദ്രേട്ടന്‍റെ കടയുടെ മുന്നിലൂടെ സ്ഥിരപ്രയാണം ആരംഭിച്ചത്. വാടിക്കരിഞ്ഞുപോയി എന്നു കരുതിയിരുന്ന എന്‍റെ പ്രണയസ്വപ്‌നങ്ങള്‍ വീണ്ടും തളിരിട്ടു. മാറത്ത് ഒരടുക്കു പുസ്തകവും ചേര്‍ത്തുപിടിച്ച് തലകുമ്പിട്ട് എന്നും അതുവഴി കടന്നു പോകുന്ന ആ പാവടക്കാരിയെ കാണുന്നതിനായി ചന്ദ്രേട്ടന്‍റെ പലചരക്കുകടയിലെ ഉപ്പുപെട്ടിക്കു മുകളില്‍ രണ്ടു ചതുരശ്ര അടി സ്ഥലം ഞാന്‍ സ്ഥിരവാടകക്കെടുത്തു. പിന്നീടുള്ള എന്‍റെ രാവുകളും പകലുകളും അവളെകുറിച്ചുള്ള സപ്നങ്ങള്‍ നിറഞ്ഞതായിരുന്നു. ആ സ്വപ്നങ്ങളില്‍ ഞങ്ങളെകുറിച്ചുള്ള പല കഥകളും പിറന്നുവീണു. സിനിമാഗാനങ്ങളുടെ വരികള്‍ ആദ്യമായി ശ്രദ്ധിച്ചു കേള്‍ക്കാന്‍ തുടങ്ങി. അതിലെല്ലാം നിറഞ്ഞുനില്‍ക്കുന്നത് എന്‍റെ മനോവികാരങ്ങളാണെന്നു തോന്നി. ഓരോ കഥയും ഞങ്ങളെ കുറിച്ചാണ് എഴുതിയതെന്നും ഓരോ സിനിമയും ഞങ്ങളെകുറിച്ചുള്ളതാണെന്നും അത്ഭുതം കൊണ്ടു. അവളെ കാണാന്‍ സിനിമാനടി ഭാനുപ്രിയയുടെ പോലെയാണെന്നു തോന്നിതുടങ്ങി. പക്ഷേ എവിടം കൊണ്ടോക്കെയോ സുമലതയും കൂടി കടന്നുവന്ന് രണ്ടുപേരും തമ്മില്‍ ക്ലാഷ് ആയപ്പോള്‍ ആവശ്യമുള്ളപ്പോള്‍ വിളിച്ചാല്‍ മാത്രം വന്നാല്‍ മതിയെന്നു പറഞ്ഞ് തല്‍ക്കാലം രണ്ടു പേരെയും പറഞ്ഞു വിടേണ്ടി വന്നു.
സ്വന്തം സൗന്ദര്യസംരക്ഷണത്തില്‍ ശ്രദ്ധ ചെലുത്തേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് ചിന്തിച്ചു തുടങ്ങിയതും അപ്പോഴാണ്‌. എന്‍റെ തലമുടി കമലാഹാസന്‍റെ പോലെ ആകുന്നില്ല എന്ന പരാതിയുമായി ബാര്‍ബര്‍ഷാപ്പില്‍ ചെന്ന എന്നോട് ജനിതക വൈകല്യം ബാധിച്ച ഈ മുടിയില്‍ ഇനി എന്തുചെയ്തിട്ടും കാര്യമില്ല എന്നു പറഞ്ഞ ബാര്‍ബര്‍ കുമാരനെ ആ ക്ഷൌരക്കത്തിയെടുത്ത് കീറി മുറിക്കാനാണു തോന്നിയത്.
പ്രണയാഭ്യര്‍ത്ഥന എന്ന മംഗളകര്‍മ്മത്തിനു മുന്നോടിയായി ആ പെണ്‍കുട്ടിയുടെ മുന്നിലൂടെ ഒന്നു ചെത്തി ഷൈന്‍ ചെയ്യുന്നതിനായി സുഹൃത്തായ കുമാറിന്‍റെ കയ്യും കാലും പിടിച്ച് അവന്‍റെ അച്ഛനറിയാതെ ഒരു ദിവസം അവരുടെ ലാംബ്രട്ടാ സ്കൂട്ടറുമെടുത്ത്‌, ബാലന്‍സ്‌ ഉറക്കാതെ ഞാന്‍ വിറച്ചു വിറച്ചു വന്നതും മുന്നിലേക്കുള്ള നോട്ടവും ക്ലച്ച്-ഗിയര്‍-ആക്സിലേറ്റര്‍ തമ്മിലുള്ള ഒരു സാങ്കേതിക ഏകീകരണവും സാദ്ധ്യമാക്കുന്നതിനുള്ള കഠിനപരിശ്രമത്തിനിടയില്‍ സകല കണ്ട്രോളും പോയി ലാംബ്രട്ടാ സ്കൂട്ടര്‍ കുതിര ചാടുന്നതുപോലെ അടുത്ത വേലിക്കെട്ടും തകര്‍ത്തുകൊണ്ട് കുറുപ്പിന്‍റെ വളപ്പിലെ സര്‍പ്പക്കാവില്‍ ഇടിച്ചുനിന്നതും ഇപ്പോഴും വളരെ വ്യക്തമായി ഓര്‍മ്മയുണ്ട്. പ്രണയത്തിന്‍റെ ആദ്യവിലയായ എണ്ണൂറു രൂപ ഉണ്ടാക്കാനുള്ള തത്രപ്പാടില്‍ ആ പെണ്‍കുട്ടിയുടെ പ്രതികരണം എന്തായിരുന്നു എന്നതിനെകുറിച്ച് അന്വേഷിക്കാന്‍ തല്‍ക്കാലം എനിക്കു സാധിച്ചില്ല.
ഇത്രയൊക്കെ സംഭവവികാസങ്ങള്‍ നടന്നതോടുകൂടി ഞങ്ങളുടെ തീവ്ര പ്രണയത്തെക്കുറിച്ച് ആ പെണ്‍കുട്ടി ഒഴികെ ഒരുവിധം പ്രദേശവാസികളെല്ലാം തന്നെ മനസ്സിലാക്കി കഴിഞ്ഞിരുന്നു. ഈ വാര്‍ത്താ പ്രചാരണത്തില്‍ സ്കൂട്ടര്‍ മെക്കാനിക്ക്‌ ജോണിയുടെ സേവനം എടുത്തു പറയത്തക്കതായിരുന്നു.
എന്തായാലും കാര്യങ്ങള്‍ ഇത്രത്തോളമായ സ്ഥിതിക്ക് ഞാന്‍ ആ കുട്ടിയോട് മനസ്സു തുറക്കണമെന്ന് ഉപദേശക സംഘം ശക്തമായി ആവശ്യപ്പട്ടു. അതനുസരിച്ച് പിറ്റേന്നു രാവിലെ എന്‍റെ സ്വന്തം ഉപ്പുവീപ്പയുടെ മുകളില്‍ അവള്‍ വരുന്നതും കാത്ത് ഞാനിരുന്നു. എന്‍റെ ഹൃദയമിടിപ്പിന്‍റെ വേഗം കൂട്ടിക്കൊണ്ട് അകലെ നിന്നും നടന്നു വരുന്ന അവളെ കണ്ടപ്പോള്‍ അത് വരെ സംഭരിച്ച ധൈര്യവും തീരുമാനങ്ങളും ഒരു ഉരുള്‍പൊട്ടല്‍ വന്ന് ഒലിച്ചുപോയ പോലെ. എങ്കിലും എവിടുന്നൊക്കെയോ സംഭരിച്ച ഊര്‍ജവുമായി ഞാന്‍ അവളുടെ നേരെ നടന്നു നീങ്ങി. ശരീരത്തിനു ചെറുതായി ഒരു തളര്‍ച്ച തോന്നുന്നുണ്ട്. നാവും തൊണ്ടയും വരണ്ടു പോകുന്നു. ചുണ്ടുകള്‍ക്കും മൂക്കിന്‍ തുമ്പത്തുമെല്ലാം ഒരു ചൂട്. കണ്ണുകള്‍ ചുവന്നു തുടുക്കുന്നു. എന്‍റെ വരവുകണ്ട് ആ പെണ്‍കുട്ടിക്കും എന്തോ പന്തികേട് തോന്നിയിട്ടുണ്ടാകാം. പതിയെ അവള്‍ ഒഴിഞ്ഞ് വഴിയുടെ ഓരം ചേര്‍ന്ന് നടക്കാന്‍ തുടങ്ങി. രണ്ടും കല്പിച്ച് ഞാന്‍ ആ പെണ്‍കുട്ടിയുടെ മുന്നില്‍ ചെന്നുനിന്നു. അവളുടെ കണ്ണുകളില്‍ പരിഭ്രമമോ ഭയമോ എന്താണെന്ന് തിരിച്ചറിയാനുള്ള വിവേകവും ബോധവും എനിക്കില്ലായിരുന്നു. ആദ്യമായി ഒരു പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്താന്‍ പോകുന്നതിന്‍റെ വികാരതീവ്രതയിലും ചുറ്റുപാടും ആള്‍ക്കാര്‍ ഞങ്ങളെ ശ്രദ്ധിക്കുന്നു എന്നറിഞ്ഞതിന്‍റെ ടെന്‍ഷനിലും ആണോ എന്നറിയില്ല എന്‍റെ രക്തസമ്മര്‍ദ്ദം കൂടി. എന്തൊക്കെയോ ഒരു വിമ്മിഷ്ടം പോലെ. അടിവയറ്റില്‍ നിന്നും എന്തോ ഉരുണ്ടുകൂടി മുകളിലേക്ക് വരുന്നു. അധികമൊന്നും ആലോചിക്കേണ്ടതായി വന്നില്ല. ടെന്‍ഷന്‍റെ പരമകാഷ്ടയില്‍ എല്ലാ അഭ്യര്‍ഥനകളും ഉരുണ്ടുകൂടി വായിലൂടെ ബഹിര്‍ഗമിക്കുകയും റോഡരുകില്‍ വാളുവച്ച് ഞാന്‍ കുഴഞ്ഞിരിക്കുകയും ചെയ്തു. എന്‍റെ ഈ പരാക്രമങ്ങളെല്ലാം തന്നെ വളരെ ആത്മാര്‍ഥമായ ഒരു പ്രണയാഭ്യര്‍ത്ഥനയുടെ മുന്നോടിയായിരുന്നു എന്ന പരമ സത്യം തിരിച്ചറിയാതെ ധാരാളം തെറ്റിധാരണകളുമായി ആ പെണ്‍കുട്ടി വേഗത്തില്‍ നടന്നകന്നു. പ്രേംനസീറാവാന്‍ പരിശ്രമിച്ച ഞാന്‍ ഒരു സത്താര്‍ ഇമേജുമായി വഴിയരുകിലെ ഇലക്ട്രിക് പോസ്റ്റില്‍ ചാരി തളര്‍ന്നിരുന്നു.
പിന്നീടൊരിക്കലും ആ പെണ്‍കുട്ടിയെ ഞാന്‍ കണ്ടിട്ടില്ല. കാണാന്‍ ശ്രമിച്ചില്ല എന്നതാണ് വാസ്തവം. നാണക്കേടുകൊണ്ട് കുറച്ചുകാലം ചന്ദ്രേട്ടന്‍റെ കടയുടെ ഭാഗത്തെക്കൊന്നും തന്നെ ഞാന്‍ വരാറില്ലായിരുന്നു. ഈ സംഭവത്തിനുശേഷം പ്രണയാഭ്യര്‍ത്ഥനകള്‍ നടത്താനുള്ള ശ്രമം ഞാന്‍ പരിപൂര്‍ണ്ണമായി ഉപേക്ഷിച്ചു. സഫലീകൃതമാകാത്ത, പൂര്‍ത്തീകരിക്കാനാകാത്ത ഒരു പ്രണയ സങ്കല്‍പം ആ പഴയ ചൈനാപേപ്പറില്‍ പൊതിഞ്ഞ് ചെമ്പരത്തിപ്പൂവും ചൂടി ഇരിങ്ങാലക്കുടയില്‍ ഇപ്പോഴും ഗതികിട്ടാതെ അലയുന്നു..

12 comments:

 1. തകര്‍ത്തുകളഞ്ഞു.... എന്തായാലും ഭാഗ്യം ഉള്ള പെണ്‍കുട്ടിയാണ്.... പാവം ഭാര്യ.. കൂടെ ജോലി ചെയ്യുന്ന ഞങള്‍ സഹിക്കുന്ന പാടു...

  ReplyDelete
  Replies
  1. ഹഹഹ. ശവപ്പെട്ടിയിലെ അവസാന ആണിയും അടിച്ചു കേറ്റി അല്ലെ?

   Delete
 2. തകര്‍ത്തുകളഞ്ഞു.... എന്തായാലും ഭാഗ്യം ഉള്ള പെണ്‍കുട്ടിയാണ്.... പാവം ഭാര്യ.. കൂടെ ജോലി ചെയ്യുന്ന ഞങള്‍ സഹിക്കുന്ന പാടു...

  ReplyDelete
 3. hahaha... ശ്രീജ ചേച്ചി കേള്‍ക്കണ്ട !!! :D

  ReplyDelete
 4. ആരാണെന്നറിവീല പണ്ടു കരളിന്‍ ചെന്താമരപ്പൊയ്കയില്‍

  നീരാടാനൊരു ദേവനര്‍ത്തകിയണഞ്ഞാലോലമുഗ്ദ്ധാസ്യയായ്

  സ്ഫാരാമോദമൊടൂരിവച്ചൊരു മണിപ്പൊന്നംഗുലീയം മറ -

  ന്നാരാലോമല്‍ തിരിച്ചുപോയി ...ഹൃദയം സൂക്ഷിയ്ക്കയാണിപ്പോഴും !

  ReplyDelete
  Replies
  1. രവീ, ഗംഭീരം....ഞാനീ പരത്തി പറഞ്ഞതൊക്കെ ഈ നാല് വരിയില്‍ വര്‍ണ്ണിച്ചു അല്ലേ...

   Delete
 5. ഇന്നും ഞാന്‍ ഓര്‍ക്കുന്നത്, ആ സമയത്തെ ആ കൊച്ചിന്റെ മുഖഭാവമാണ്.അത് വരെ ചിരിച്ചു നാണിച്ചു വന്നിരുന്ന ആ കൊച്ച്, നിന്റെ വരവ് കണ്ടിട്ട്, മാനത്തെ കൊട്ടാരം സിനിമയില്‍ എന്‍ എല്‍ ബാലകൃഷ്ണന്റെ വരവ് കണ്ടു ഓട്ടോറിക്ഷ ദിശ തെറ്റി പോകുന്ന പോലെ ഒരു പോക്കുണ്ടായിരുന്നു. ജഗതി പോലും കണ്ടുപിടിക്കാത്ത, നിന്റെ മുഖത്തെ ഭാവവും ഒട്ടും മോശമായില്ല.
  ബാക്കി കൊച്ചുങ്ങളുടെ കാര്യം എഴുതണ്ട, എല്ലാരും ഫേസ്ബുക്കില്‍ ഉണ്ടാവും.

  (ഉപദേശക സംഘാംഗവും ആ വാളിനു സാക്ഷിയും ആയ ഒരു പാവം )

  ReplyDelete
  Replies
  1. അയ്യോ.. എന്തൊരു പാവം..നിന്‍റെ കഥകള്‍ വരാനിരിക്കുന്നതേയുള്ളൂ

   Delete
  2. Super Pradeep! it narrates everybody's school love.

   Delete
 6. Good one Pradeep.
  Achu was the advising committee Chairman right? Verudeyalla ee shramam paalippoyadu  

  ReplyDelete