About Me

My photo

മനസ്സ് ഇരിങ്ങാലക്കുടയിലും ശരീരം അബുദാബിയിലും നിക്ഷേപിച്ച് നാടിനെക്കുറിച്ചുള്ള സ്വപ്നങ്ങളില്‍ മുഴുകിനടക്കുന്നു.

Saturday, January 7, 2012

വണിക് വിജയ വൃത്താന്തം


1182 ധനുമാസം  22 –ംനു ശനിയാഴ്ച
സമയം പകല്‍ ഉദിച്ച് 16 നാഴിക  7 വിനാഴിക

നാളെ ധനുമാസത്തിലെ തിരുവാതിര. ശ്രീപരമേശ്വരന്‍റെ പിറന്നാള്‍. ധനുമാസത്തിലെ കുളിര്‍ കോരുന്ന വെളുപ്പാന്‍കാലത്ത് മഞ്ഞിന്‍റെ മരവിപ്പുള്ള ജലത്തില്‍ മുങ്ങി നിവര്‍ന്നു മലര്‍ വറുത്തും, തിരുവാതിര കളിച്ചും, എട്ടങ്ങാടി നിവേദിച്ചും, പാതിരാപ്പൂ ചൂടിയും, വെറ്റില മുറുക്കിയും സ്ത്രീകള്‍ ആചരിച്ചും ആഘോഷിച്ചും വരുന്ന തിരുവാതിര. 

ആചാരങ്ങളെ ആഘോഷമാക്കുകയും പിന്നീടതിനെ വാണിജ്യവല്ക്കരിക്കുകയും ചെയ്യുന്ന വണികവൃന്ദം എന്തേ ഈ തിരുവാതിരയുടെ സാധ്യതകള്‍ കാണാതെ പോയതാവോ?
തുണിക്കച്ചവടക്കാര്‍ ഓണത്തിനെയും, സ്വര്‍ണ്ണക്കച്ചവടക്കാര്‍ അക്ഷയ ത്രിതീയയേയും, ട്രാവല്‍ ഏജന്‍സികള്‍ നാലമ്പല ദര്‍ശനത്തെയും ദത്തെടുത്ത സ്ഥിതിക്ക് റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാര്‍ക്ക് കയ്യേറാന്‍ തിരുവാതിര കുളിച്ചൊരുങ്ങി പാതിരാപ്പൂ ചൂടി നില്‍പ്പുണ്ട്. തന്‍റെ പിറന്നാളാഘോഷം ഗംഭീരമാക്കിയതിന്‍റെ സന്തോഷസൂചകമായി ശ്രീപരമേശ്വരന്‍ പ്രിയപത്നി പാര്‍വതീദേവിക്ക് കൈലാസത്തില്‍ നൂറേക്കര്‍ സ്ഥലവും ഒരു പുരയിടവും തീറെഴുതി കൊടുത്തു എന്നും, അതിനാല്‍ തിരുവാതിര ദിവസം പുരുഷപ്രജകള്‍ തനിക്കു പ്രിയപ്പെട്ടവര്‍ക്ക് സ്ഥലമോ വീടോ ഫ്ലാറ്റോ വാങ്ങി കൊടുക്കുന്നത് ഐശ്വര്യസമൃദ്ധിക്ക് നല്ലതാണെന്നും കാണിച്ച് മുന്‍കൂര്‍ ബുക്കിങ്ങും ലോണും ഉള്‍പ്പെടെയുള്ള സൌകര്യങ്ങള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ തുടങ്ങി വയ്ക്കാന്‍ സാദ്ധ്യതയുണ്ട്. ഏറി വന്നാല്‍ ഒരു കൊല്ലം. അതിനുള്ളില്‍ ചൊവ്വാദോഷം തീണ്ടിനില്‍ക്കുന്ന ഈ തിരുവാതിരയെ ആരെങ്കിലും സ്വന്തമാക്കും. റിയല്‍ എസ്റ്റേറ്റ്, വൈറ്റ്ഗുഡ്സ്, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍, ഇന്‍ഷുറന്‍സ്, സ്റ്റോക്ക്‌ മാര്‍ക്കറ്റ്‌ തുടങ്ങി പലരും സ്വന്തമായൊരു ആഘോഷം കിട്ടാതെ തെണ്ടിതിരിയുകയാണിന്ന്‍.

എനിക്ക് ഓര്‍മ്മവച്ച നാള്‍ മുതല്‍, അക്ഷത്രിതീയ ദിവസം മുത്തശ്ശി ദാനം നടത്തുന്നതാണ് കണ്ടു വന്നിരിക്കുന്നത്. അന്നേ ദിവസം ബ്രാഹ്മണര്‍ക്ക് ദ്രവ്യം, വസ്ത്രം, അരി എന്നിവയെല്ലാം ദാനം നല്‍കുന്ന പതിവാണ് ഉണ്ടായിരുന്നത്. ആ ദിവസം ബ്രാഹ്മണര്‍ക്ക് ദാനം നല്‍കുന്നത് ഐശ്വര്യത്തിനും ദീര്‍ഘായുസ്സിനും നല്ലതാണെന്ന വിശ്വാസവും നിലനിന്നിരുന്നു. ഇത്തരം വിശ്വാസങ്ങളും ആചാരങ്ങളും പരിപാലിച്ചു പോന്നിരുന്ന ചിലരില്‍ നിന്ന് അക്ഷത്രിതീയയെ “അടിച്ചു മാറ്റി” അതിന്‍റെ മൂല്യത്തെയും വിശ്വാസത്തെയും സത്തയേയും അര്‍ത്ഥ തലങ്ങളെയും അപ്പാടെ മാറ്റി മറിച്ച് അതിനെ സ്വര്‍ണ്ണം വാങ്ങിക്കൂട്ടാനുള്ള ഒരു ദിവസമാക്കി അവതരിപ്പിച്ച് വിശ്വാസത്തിന്‍റെ മേമ്പൊടി ചേര്‍ത്തു സ്ഥിരബുദ്ധിയില്ലാത്ത ഒരു സമൂഹത്തിനു വിളമ്പിക്കൊടുത്തവരെ, അതിനു പിന്നിലെ ബുദ്ധി ആരുടേതായിരുന്നാലും, സാഷ്ടാംഗം പ്രണമിക്കുകയേ നിവൃത്തിയുള്ളൂ. ദാനധര്‍മ്മാദികള്‍ നടത്തേണ്ട ഒരു ദിനത്തെ വാങ്ങിക്കൂട്ടലിന്‍റെ ദിവസമാക്കി മാറ്റി സ്വന്തം മടിശ്ശീല വീര്‍പ്പിക്കാന്‍ കാണിച്ച മിടുക്കിനെ പിന്നെന്തു ചെയ്യണം.

ഒളിഞ്ഞും തെളിഞ്ഞും മറഞ്ഞും കിടക്കുന്ന ഒരുപിടി ആഘോഷങ്ങള്‍ ഇനിയുമുണ്ട് നമുക്കിടയില്‍. അവയെല്ലാം പുതിയ വിശ്വാസങ്ങളുടെ പേരില്‍ പുതിയ രൂപത്തിലും ഭാവത്തിലും പുനരവതരിക്കാന്‍ കിടക്കുന്നതേയുള്ളൂ.
കാത്തിരുന്നു കാണാം. 

കേരളം ഭ്രാന്താലയമാണെന്ന് പറഞ്ഞ വിവേകാനന്ദസ്വാമികളുടെ വാക്കുകള്‍ക്ക് ഇന്നും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല. സ്വാമികളോടുള്ള ബഹുമാനം കൊണ്ട്, അദ്ദേഹത്തിന്‍റെ വാക്കുകള്‍ പാഴായി പോകരുത് എന്നതിനാലാകാം കേരള ജനത അത് അപ്പാടെ ഇപ്പോഴും കൊണ്ടുനടക്കുന്നത്.

2 comments: