Wednesday, November 16, 2011

ആലുവ ഫ്രീ സോണ്‍ AAFZ


ഇക്കഴിഞ്ഞദിവസമാണ് അച്യുതന്‍ എന്നോട് ആ സംഭവത്തെക്കുറിച്ച് പറഞ്ഞത്. കേട്ടപ്പോള്‍ എനിക്കും ചെറിയൊരു പേടിയൊക്കെ തോന്നി. എന്‍റെ അടുത്ത സുഹൃത്താണ് അച്ചു. ബാങ്കുദ്യോഗസ്ഥന്‍. എന്തോ ട്രെയിനിങ്ങിന്‍റെ ഭാഗമായി കുറച്ചു നാള്‍ മുന്‍പ് ആലുവയില്‍ താമസിക്കുകയുണ്ടായി. വൈകിട്ട് ഹോട്ടല്‍ മുറിയില്‍ ഇരുന്നു മുഷിഞ്ഞപ്പോള്‍ ആലുവ മണപ്പുറത്തെ തണുത്ത കാറ്റുമേറ്റ് പതിയെ നടക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടു മൂപ്പര്. നേരം സന്ധ്യ മയങ്ങി, ഇരുട്ട് വീണു തുടങ്ങി. അധികം ബഹളങ്ങളൊന്നുമില്ലാതെ പരന്നൊഴുകുന്ന ആലുവപ്പുഴയും വിശാലമായ മണപ്പുറവും നോക്കി മതിമറന്നങ്ങിനെ ഇരുന്നപ്പോഴാണ് അച്ചു ആ സ്ത്രീ ശബ്ദം കേട്ടത്.
“ എത്ര കാലമായി ഞാന്‍ അന്വേഷിക്കുന്നു. ഇന്നെങ്കിലും വന്നല്ലോ. എനിക്ക് സമാധാനമായി.”
ആ ശബ്ദം എവിടെ നിന്നാണെന്നുമറിയാതെ അച്ചു ചുറ്റും നോക്കി. ആരെയും കാണുന്നില്ല. ആരോ ആരെയോ കാത്തിരുന്നു കണ്ടുമുട്ടിയതിന്‍റെ വികാരപ്രകടനം കുറച്ച് ഉച്ചത്തിലായതിന്‍റെയായിരിക്കും.
“എന്താ ഞാന്‍ പറഞ്ഞത് കേള്‍ക്കാത്ത പോലെ ഇരിക്കുന്നേ? ഇവിടെ... ഇങ്ങോട്ട് നോക്കൂ..”
പരിസരത്തെങ്ങും ആരെയും കാണുന്നുമില്ല. ഇനി തന്നോട് തന്നെയാണോ? അച്ചു കണ്ണട ഊരി തുടച്ച് ഒന്ന് കൂടി ചുറ്റും നോക്കി.
“ഇങ്ങോട്ട് നോക്കൂ.. ഞാനിവിടെ തന്നെയുണ്ട്‌.”  വീണ്ടും അതേ ശബ്ദം.
ഊം..... ഇത് അത് തന്നെ കേസ്. അമ്പടി കേമീ.... പെട്ടെന്ന് മനസ്സില്‍ രണ്ടു മൂന്നു ലഡ്ഡു പൊട്ടിയെങ്കിലും ഇത്തരം ചവറു കേസുകളില്‍ താല്പര്യമില്ലാത്തതിനാലും ഇനി ഇവിടെ നിന്നാല്‍ കൂടുതല്‍ വല്ല അപകടത്തിലേക്കും എടുത്തെറിയപ്പെട്ടാലോ എന്ന ഭയം കൊണ്ടും അച്ചു പതിയെ എഴുന്നേറ്റ് നടന്നു നീങ്ങാന്‍ തുടങ്ങി.
“സ്വാമീ... പോവുകയാണോ? അയ്യോ എന്നെ ഉപേക്ഷിച്ച് പോകല്ലേ.”
ഹും... ഇത് വിചാരിച്ച പോലെയല്ല.. വേഗം തടി രക്ഷിക്കുകയാണ് നല്ലത്. ഇവര്‍ ചിലപ്പോള്‍ ഒരു സംഘം തന്നെയുണ്ടാകും. എന്തായാലും അവള്‍ ആളു കേമി തന്നെ. സ്വാമീ എന്നൊക്കെ വിളിച്ച് എല്ലാ അടവുകളും നോക്കുന്നുണ്ട്.
“ കഴിഞ്ഞ എട്ടു കൊല്ലമായി ഞാനിവിടെ തന്നെ സ്വാമിയെയും കാത്തുനില്‍ക്കുന്നു. എന്നെ അങ്ങേക്ക് മനസ്സിലാവാന്‍ വഴിയില്ല. എട്ടു കൊല്ലം മുന്‍പ് അങ്ങ് ആവാഹിച്ചു വരുത്തിയ ആത്മാവാണ് ഞാന്‍. അങ്ങേക്ക് മാത്രമേ എന്നെ രക്ഷിക്കാനാകൂ. ഇത്രയും കാലം അങ്ങയുടെ വരവും കാത്ത് ഞാനിവിടെ കഴിയുകയായിരുന്നു.”
അച്ചു ഒരു നിമിഷം ഞെട്ടിത്തരിച്ചു നിന്നു. ആത്മാവോ??? ആവാഹിക്കുകയോ??? മനസ്സില്‍ നേരത്തേ പൊട്ടിയ ലഡ്ഡുവെല്ലാം ഡൈനാമിറ്റുകളായി തിരിച്ചു പൊട്ടിയ പോലെ. വായ വരണ്ടു പോകുന്നു. കണ്ണില്‍ ഇരുട്ടു കേറിയതോ അതോ രാത്രി ഇരുണ്ടതോ എന്ന് നിശ്ചയമില്ല. ഹേയ്... പ്രേതമാകാന്‍ തരമില്ല. ഇവറ്റകളൊക്കെ അര്‍ദ്ധരാത്രിയാണ് പുറത്തിറങ്ങുക എന്നാണല്ലോ മുത്തശ്ശി പറഞ്ഞു തന്നിട്ടുള്ളത്.... ആവോ... പറയാന്‍ പറ്റില്ല. ആലുവാ മണപ്പുറമല്ലേ... ആത്മാക്കളുടെ ഫ്രീ സോണ്‍.. അവരുടെ ലോകമഹാസമ്മേളനം നടക്കുന്ന സ്ഥലം...
“എട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ശിവരാത്രി നാള്‍ ബലിയിടാന്‍ വന്ന എന്‍റെ മക്കള്‍ക്ക്‌ വേണ്ടി അങ്ങ് എന്നെ ആവാഹിച്ചു വരുത്തി കര്‍മ്മങ്ങളൊക്കെ ചെയ്തു. പക്ഷെ അന്നത്തെ തിരക്കിനിടയില്‍ അങ്ങ് എന്നെ തിരികെ ആത്മാക്കളുടെ ലോകത്തേക്ക് പറഞ്ഞയക്കാനുള്ള കര്‍മ്മങ്ങള്‍ ചെയ്തില്ല. അതുകൊണ്ട് ഞാനിവിടെ കുടുങ്ങിപ്പോയി. എന്നെ ആവാഹിച്ചു വരുത്തിയ അങ്ങേക്ക് മാത്രമേ ഇനി എന്നെ തിരികെ പറഞ്ഞയക്കാന്‍ കഴിയൂ. ഇനി കുറച്ചു കാലത്തിനുള്ളില്‍ എനിക്ക് തിരികെ പോകാന്‍ സാധിച്ചില്ലെങ്കില്‍ മോക്ഷം കിട്ടാതെ കാലാകാലം ഞാന്‍ ഇവിടെ തന്നെ അലയേണ്ടി വരും. ഇനി എന്തായാലും അത് വേണ്ട. അങ്ങ് വന്നല്ലോ. സമാധാനമായി.”
അവര്‍ പറഞ്ഞു നിര്‍ത്തി.
വര്‍ഷങ്ങള്‍ക്കു മുന്‍പ് കോളേജില്‍ പഠിക്കുന്ന സമയത്ത് ഒരു ശിവരാത്രി ദിവസം ഇളയത് സ്വാമിയുടെ മക്കളുടെ കൂടെ മൂന്നു നാല് സുഹൃത്തുക്കളുമൊരുമിച്ചു ആലുവ ശിവരാത്രിക്ക് പോയതാണ്. ആലുവ മണപ്പുറത്തെ കാഴ്ചകളും കറക്കവും കഴിഞ്ഞെത്തിയപ്പോഴേക്കും മണപ്പുറത്തെ പ്രസിദ്ധമായ ബലിയിടല്‍ ചടങ്ങ് തുടങ്ങിയിരുന്നു. അന്ന് ഇളയത് സ്വാമിയുടെ മക്കളുടെ കൂടെ ഒരു പരികര്‍മ്മിയായി ഒരു രസത്തിനു കൂടെ നിന്നു. കുറച്ചു കഴിഞ്ഞപ്പോഴേക്കും തിരക്ക് വര്‍ദ്ധിച്ച് വരുന്നവരെയെല്ലാം അറ്റന്‍ഡ് ചെയ്യാന്‍ പറ്റാതെയായി. ബലിയിടാന്‍ വരുന്നവര്‍ തിരക്കില്ലാതെ ഒഴിവുള്ള സ്ഥലം തേടി പോകും. പോയത് പോയി. ഇളയതിനെ സംബന്ധിച്ച് “ദക്ഷിണ” പരമാവധി ഉണ്ടാക്കാനുള്ള അവസരമാണത്. ഇളയതിന്‍റെ എളിയ ബുദ്ധിയില്‍ ഒരു സൂത്രമുദിച്ചു. ബലിയിടാന്‍ വരുന്നവരെ സംബന്ധിച്ച് കര്‍മ്മം ചെയ്യിക്കുന്നവര്‍ ഇളയതാണോ നായരാണോ നമ്പൂരിയാണോ എന്നൊന്നും അറിയാന്‍ പോകുന്നില്ല. എവിടെനിന്നൊക്കെയോ വരുന്നവര്‍. അവര്‍ക്കെന്തറിയാം..സാധനങ്ങള്‍ പൊതിഞ്ഞു കെട്ടിക്കൊണ്ടുവന്ന നൂലെടുത്തു മൂന്നു ചുറ്റുചുറ്റി പൂണൂലാക്കി അച്യുതന്‍റെ കഴുത്തിലിട്ടു കൊടുത്തു ഇളയത്‌. കൂടാതെ കൂട്ടുവന്ന മറ്റു നാലുപേരുടെ കഴുത്തിലും ഇട്ടു കൊടുത്തു ഓരോന്ന്. ഇവരെ വച്ച് പുഴക്കടവില്‍ അഞ്ചു കൌണ്ടര്‍ കൂടി പുതുതായി ഇളയത്‌ ഉടനടി തുറന്നു. ആകെ കുറച്ചു ദര്‍ഭപ്പുല്ലും തുളസിപ്പൂവും വീതം വയ്ക്കണം എന്നതു മാത്രമാണ് പുതിയ കൌണ്ടര്‍ തുറക്കാനുള്ള മൂലധനം എന്നുള്ളതുകൊണ്ട് കാര്യങ്ങള്‍ വളരെ എളുപ്പമായി. യുവത്വത്തിന്‍റെ കുരുത്തക്കേടുകള്‍ക്കിടയില്‍ നിനച്ചിരിക്കാതെ കിട്ടിയ പുതിയ റോളില്‍ അച്യുതനും കൂട്ടരും ഹാപ്പി. പരികര്‍മ്മികള്‍ കര്‍മ്മികളായി. കുറച്ചു നേരം സഹായിയായി നിന്നതുകൊണ്ട് ചടങ്ങുകളൊക്കെ ഒരു വിധം ഒപ്പിക്കുകയും ചെയ്യാം. ഇനി അഥവാ കുറച്ചൊക്കെ തെറ്റിയാലും ആര്‍ക്കു ചേതം..
അങ്ങനെ അന്നത്തെ ആ കളിക്കിടയില്‍ ആവാഹിച്ചു വരുത്തിയ ആത്മാവാണത്രേ ഈ മുന്നിലിരുന്ന് എണ്ണിപ്പെറുക്കുന്നത്. ഹെന്‍റീശ്വരാ... ആവാഹിക്കണമെന്നും കര്‍മ്മങ്ങള്‍ കഴിഞ്ഞ് ഉദ്ധ്വസിച്ച് മേല്‍പ്പോട്ട്‌ തിരിച്ചു വിടണമെന്നും അന്ന് ഇളയത് പറഞ്ഞു തന്നിരുന്നു. പക്ഷേ ഇതിനെ മാത്രം പറഞ്ഞയച്ചില്ലേ? ആവോ... ആര്‍ക്കറിയാം...അന്ന് അപ്പോള്‍ കണ്ടുപഠിച്ച ക്രിയാവിധികള്‍ എന്തൊക്കെയോ കാട്ടിക്കൂട്ടി എന്ന് മാത്രം. അത് അപ്പോള്‍ തന്നെ മറന്നു പോയിരുന്നു. പിന്നീട് ശിവരാത്രിക്ക് പോയിട്ടുമില്ല. അന്നത്തെ ഒരു രസത്തില്‍ ചെയ്ത കാര്യങ്ങള്‍..... അതിന് ഇങ്ങനെയൊരു വാല്‍ക്കഷ്ണം ബാക്കിപത്രമായി ഉണ്ടാകുമെന്ന് കരുതിയില്ല. കിട്ടിയ ദക്ഷിണയില്‍ നിന്ന് ഒരു ഫുള്ളിനുള്ള കാശെടുത്തിട്ട് ബാക്കി എല്ലാം ഇളയതിനു തന്നെ കൊടുക്കുകയാണ് ഉണ്ടായത്. അപ്പോള്‍ ദക്ഷിണ കണക്ക് വച്ചു നോക്കുകയാണെങ്കില്‍ ഈ ബാധയുടെ അവകാശി ഇളയത്‌ തന്നെയല്ലേ...
“സ്വാമി എന്താ ആലോചിക്കുന്നത്? എന്നെ തിരികെ പറഞ്ഞയക്കാനുള്ള കാര്യങ്ങള്‍ ചെയ്യൂ.. എനിക്ക് ധൃതിയായി.” ആത്മാവ് പറഞ്ഞു.
“ശ്ശ്....” മിണ്ടാതിരിക്ക് എന്ന് ആംഗ്യം കാണിച്ചുകൊണ്ട് അച്ചു മൊബൈല്‍ ഫോണെടുത്ത് വിളിക്കാന്‍ ശ്രമമാരംഭിച്ചു. ഇളയതിനെ ലൈനില്‍ കിട്ടുന്നുമില്ല. തിരിച്ചു പറഞ്ഞയക്കാനുള്ള മന്ത്രമൊന്നു കിട്ടിയാല്‍ ഈ മാരണത്തെ ഒന്ന് ഒഴിവാക്കാമായിരുന്നു. അല്ലെങ്കിലും ആവശ്യസമയത്ത് ആരെയും കിട്ടില്ല. ഭയത്തില്‍ നിന്നും പതിയെ മുക്തി നേടിയ അച്ചുവിന് കുറേശ്ശെ ദേഷ്യം വന്നു തുടങ്ങിയിരുന്നു. മട്ടും മാതിരിയും കണ്ടിട്ട് ഇത് തന്നെ ഉപദ്രവിക്കില്ല എന്ന് ഉറപ്പാണ്‌. അച്ചു മനസ്സിലോര്‍ത്തു.

“ എന്താ സ്വാമീ... ക്രിയക്കുള്ള സാധനങ്ങള്‍ ഒരുക്കൂ... എന്നെ ഒന്ന് പെട്ടെന്ന് പറഞ്ഞയക്കൂ..അല്ലെങ്കില്‍ ഞാനീ മണപ്പുറത്ത് തന്നെ അലഞ്ഞു നടക്കേണ്ടി വരും. ഈ മണപ്പുറം ഞങ്ങളുടെ ഫ്രീ സോണ്‍ ആയതുകാരണം ഇത്രയും നാള്‍ വലിയ പ്രശ്നങ്ങളില്ലാതെ ഇവിടെ പിടിച്ചു നിന്നു. ഇവിടുത്തെ കാലാവധിയും തീരാറായി. അതിനു മുന്‍പ് എന്നെ പറഞ്ഞയച്ചില്ലെങ്കില്‍ എനിക്ക് മോക്ഷം ലഭിക്കില്ല. എന്‍റെ സന്തതി പരമ്പരകള്‍ക്ക് ദോഷമാവുമത്.” ആത്മാവ് തിടുക്കം കൂട്ടി തുടങ്ങി.
“ എന്‍റെ ചേച്ചീ... ഞാന്‍ സ്വാമിയുമല്ല, ഇളയതുമല്ല. നല്ല എ ക്ലാസ്സ്‌ നായരാണ്. അന്ന് ഞാനെന്തോ കോപ്രായം കാട്ടിക്കൂട്ടി എന്നുകരുതി എന്‍റെ വിളി കേട്ടപ്പോഴേക്കും എന്തിനാ ആക്രാന്തം മൂത്ത് ഇങ്ങോട്ട് ചാടിക്കേറി പോന്നത്? വെറുതെ എന്‍റെ വിളി കേട്ട് ഇങ്ങോട്ട് പോരാമെങ്കില്‍ ആ ഞാനിതാ പറയുന്നു... ദയവു ചെയ്തു തിരികെ പോകൂ.... ഇനി ഇതുകൊണ്ടൊന്നും തിരികെ പോകാന്‍ സാധിക്കുന്നില്ലെങ്കില്‍ ശിഷ്ടകാലം ഇവിടെ തന്നെ കഴിഞ്ഞുകൂടിക്കോളൂ... എന്തായാലും ഇവിടെ ഒക്കെ നല്ല പരിചയമായല്ലോ.. എന്നെക്കൊണ്ട് ഇത്രയൊക്കെയേ സാധിക്കൂ.”
ഒറ്റ ശ്വാസത്തില്‍ ഇത്രയും പറഞ്ഞൊപ്പിച്ച്, ആത്മാവിനെ അവിടെ നിഷ്കരുണം ഉപേക്ഷിച്ച് അച്യുതന്‍ വലിഞ്ഞു നടന്നു. പോയ്ക്കാലങ്ങളില്‍ ചെയ്തുകൂട്ടിയ ബാക്കി വിക്രിയകളുടെ കണക്കെടുപ്പ് തുടങ്ങിക്കൊണ്ട്.
കുറിപ്പ്: ഇതിലെ രണ്ടാമത്തെ കൌണ്ടറില്‍ ഇരുന്നിരുന്നത് ഞാനാണെന്ന് അച്ചു ഒരു പക്ഷേ ആരോപിക്കാന്‍ ഇടയുണ്ട്. കാലങ്ങളായി ഇരുളടഞ്ഞു കിടന്നിരുന്ന ചില നഗ്നസത്യങ്ങള്‍ വെളിപ്പെടുത്തിയതിന്‍റെ പ്രതികാരമായി കണക്കാക്കി അതിനെ നിങ്ങള്‍ തള്ളിക്കളയും എന്ന വിശ്വാസത്തോടെ.......
ഒപ്പ്‌