Friday, August 12, 2011

ജീവിതത്തില്‍ രണ്ടാമനാവേണ്ടുന്നതിന്‍റെ ആവശ്യകത

ഹ്രസ്വമായ ഈ ജീവിതത്തില്‍ ഒന്നാം സ്ഥാനത്തേക്ക് എത്താന്‍ വേണ്ടിയുള്ള മത്സരത്തിന്‍റെ ഒഴുക്കില്‍ പെട്ടിരിക്കുകയാണ് പലരും. തന്‍റേതായ മേഖലകളില്‍ ഒന്നാമതാവുന്നതിന്‍റെ ആനന്ദ ലഹരി, പുതിയ ഒരു വസ്തു മറ്റാര്‍ക്കും ലഭിക്കുന്നതിനു മുന്‍പ്‌ ആദ്യമായി കൈക്കലാക്കുന്നതിന്‍റെ പ്രൌഡി, പുതുമാര്‍ന്ന ഒരു ഉല്പന്നം ആദ്യമായി കമ്പോളത്തില്‍ എത്തിക്കുന്ന നിര്‍മ്മാതാവിന്‍റെ പ്രശസ്തി തുടങ്ങി പഠിക്കുന്ന ക്ലാസ്സില്‍ മക്കളെ ഒന്നാമാതാക്കുക എന്ന ചെറിയ(??) കാര്യത്തില്‍ വരെ എത്തി നില്‍ക്കുന്നു വിസ്തൃതമായ മല്‍സര മേഖലകള്‍.
എന്തിനാണ് നാം ഒന്നാമതാവുന്നത്? അതുകൊണ്ടു ലഭിക്കുന്ന അധിക ഗുണം എന്ത്? ഒന്നാമന്‍ എന്ന പേരാണോ അതോ ലഭിക്കുന്ന പ്രശസ്തിയാണോ അല്ലെങ്കില്‍ അതിന്‍റെ ഗുണമാണോ നമുക്ക് വേണ്ടുന്നത്? ഒരു PSC പരീക്ഷയില്‍ ഒന്നാം റാങ്ക് ലഭിച്ചയാള്‍ക്കും പത്താം റാങ്ക് ലഭിച്ചയാള്‍ക്കും കിട്ടുന്ന ജോലി ഒന്ന് തന്നെയാണ്. പ്രൊഷണല്‍ കോഴ്സിന്‍റെ കാര്യവും അങ്ങനെ തന്നെ. എന്ട്രന്‍സ് എക്സാമിലെ ഒന്നാമനും നൂറാമനും തന്‍റേതായ മേഖല തെരഞ്ഞെടുക്കാനുള്ള അവകാശം ഒരേ പോലെയാണ്. അത് മാത്രമല്ല, റാങ്കിങ്ങില്‍ വളരെ താഴെയുള്ള ഒരാള്‍ മാനേജ്മെന്‍റ് ക്വോട്ടയില്‍ കൂടി അഡ്മിഷന്‍ ലഭിച്ച്‌ ഒന്നാമന്‍റെ കൂടെ ക്ലാസ്സ്‌ റൂം പങ്കിട്ടു എന്നും വരാം. ഒരു മല്‍സര വേദിയില്‍ അവസാന മത്സരാര്‍ത്ഥി ആയി പങ്കെടുക്കുക എന്നതായിരിക്കും എന്നെ സംബന്ധിച്ച് അഭികാമ്യം. ആദ്യമാദ്യം പങ്കെടുത്തു പോയവരുടെ ശക്തി മനസ്സിലാക്കി അതിനെ മറികടക്കാനുള്ള ഒരുക്കത്തിനുള്ള സാവകാശം ലഭിക്കും എന്നത് തന്നെ കാര്യം. ചുരുങ്ങിയ സമയത്തിനുള്ളില്‍ നിങ്ങള്‍ പഠിച്ചു വന്നതില്‍ നിന്നും എങ്ങനെ വ്യത്യാസം വരുത്താന്‍ സാധിക്കും എന്നൊരു മറു ചോദ്യം ഉണ്ടാകാം. ഇന്നത്തെ കാലത്ത് നിങ്ങള്‍ക്ക് നല്ല കഴിവുണ്ടെങ്കില്‍ മാത്രമേ മത്സരിച്ചു ജയിക്കാന്‍ കഴിയൂ. അത്രത്തോളം കഴിവുള്ള ഒരാള്‍ക്ക്‌ സ്വന്തം പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് തന്‍റെ രീതികളില്‍ വ്യത്യാസം വരുത്താന്‍ ചുരുങ്ങിയ സമയം ധാരാളം മതിയാകും. അല്ലാ, അതിനു കഴിയുന്നില്ല എങ്കില്‍ അയാള്‍ മല്‍സരത്തിനേ യോഗ്യനല്ല എന്ന് വേണം പറയാന്‍.
കമ്പോളത്തില്‍ ഇറങ്ങുന്ന ഒരു വസ്തു ആദ്യമായി ലഭ്യമാക്കുന്ന വ്യക്തിക്കും നൂറാമതായി ലഭ്യമാക്കുന്ന വ്യക്തിക്കും ലഭിക്കുന്ന ഉല്പന്നം ഒന്ന് തന്നെയല്ലേ? റിലീസ് ദിവസം സിനിമയുടെ ആദ്യ ഷോ യ്ക്ക് ക്യൂവില്‍ നിന്ന് ഉന്തും തളളും തിക്കും തിരക്കും എല്ലാം അനുഭവിച്ച് ടിക്കറ്റ്‌ എടുത്തു സിനിമ  കാണുന്നവനും രണ്ടുമൂന്നാഴ്ച്ച കഴിഞ്ഞ് യാതൊരു ശാരീകാദ്ധ്വാനവും കൂടാതെ സിനിമ കാണുന്നവനും കാണുന്ന സിനിമ ന്നു തന്നെയല്ലേ? അപ്പോള്‍ എന്താണ് നമ്മെ ഒന്നാമാതാവുന്നതിലേക്ക് നയിക്കുന്നത്? പല കാരണങ്ങളും ഉണ്ടാവാം. അതില്‍ പ്രധാനം ഇംഗ്ലീഷില്‍ PRIDE എന്ന് വിശേഷിപ്പിക്കുന്ന ഒന്നാണ്.. “അഭിമാനം”... ഒന്നു
കൂടി വിശേഷിപ്പിച്ചാല്‍, പരശുരാമന്‍റെ മഴുവിനോടൊപ്പം വന്ന ദുരഭിമാനം... അത് ഇന്നും മലയാളിയുടെ കൂടെ ഉണ്ട്. നമ്മള്‍ തന്നെയല്ലേ നമ്മുടെ ആവശ്യങ്ങളുടെ നിലവാരം ക്രമപ്പെടുത്തുന്നത്? ഒന്നാമതായാലും നൂറാമതായാലും ലഭിക്കുന്ന പ്രയോജനം ന്നു തന്നെ ആണെങ്കില്‍ അതില്‍ ഒരു മല്‍സരം എന്തിന്? ആവശ്യത്തെക്കാള്‍ അനാവശ്യ കാര്യങ്ങളിലുള്ള
ഈ മല്‍സര ബുദ്ധി മനുഷ്യ സഹജം ആണ് എന്ന് കരുതി അവഗണിക്കാന്‍ സാധിക്കില്ല.

എന്തുകൊണ്ടു നമുക്ക് രണ്ടാമതായിക്കൂടാ എന്ന് വെറുതെയെങ്കിലും ഒന്നു ചിന്തിച്ചു കൂടെ? രണ്ടാമതോ മൂന്നാമതോ ആവുന്നതുകൊണ്ട്‌ ദോഷമുണ്ടോ? ഇല്ല എന്ന് മാത്രമല്ല ഗുണകരവുമാണ് എന്നാണ് എന്‍റെ വിശാസം. കുറച്ചു ഉദാഹരണങ്ങള്‍ നോക്കൂ.
ഒരു കാര്‍ ആദ്യം ഇറങ്ങുന്ന എഡിഷന്‍ വാങ്ങുന്നതിനേക്കാള്‍ നല്ലത് അതിന്‍റെ തെറ്റുകുറ്റങ്ങളൊക്കെ മാറ്റി പിന്നീട് ഇറങ്ങുന്ന റിവൈസ്ഡ് എഡിഷന്‍ വാങ്ങുന്നതായിരിക്കും. ഒരു  ടിവി, ഫ്രിഡ്ജ്‌, മോട്ടോര്‍ സൈക്കിള്‍, കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ എന്ന് വേണ്ട, ഏതു ഉല്പന്നം തന്നെ എടുത്തോളൂ, ആദ്യമായി അത് കൈക്കലാക്കിയവരെക്കാള്‍ പിന്നീട് വാങ്ങിയവരായിരിക്കും അതിന്‍റെ ശരിയായ ഉപയോഗങ്ങളും ഗുണങ്ങളും അനുഭവിക്കുന്നത്.
ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാല്‍ ഒന്നാമതായി വന്നിട്ടുള്ളതിനേക്കാള്‍ കൂടുതല്‍ വിജയം കൈവരിച്ചിട്ടുള്ളത് രണ്ടാമതായിട്ടോ പിന്നീടോ വന്നിട്ടുള്ളവയാണ്.
ഇന്ന് അന്തര്‍ ദേശീയ വേദികളില്‍ കേരളത്തിന്‍റെ എന്നല്ല,  ഇന്ത്യയുടെ തന്നെ മുഖമുദ്രയായി അവതരിപ്പിക്കുന്ന കഥകളിയുടെ അരങ്ങു പ്രവേശം രണ്ടാമതായിട്ടായിരുന്നു. ഒന്നാമന്‍ രാമനാട്ടമായിരുന്നു. രാമനാട്ടത്തില്‍ നിന്നും കൃഷ്ണനാട്ടത്തില്‍ നിന്നുമുള്ള സത്ത ഉള്‍ക്കൊണ്ടായിരുന്നു കഥകളി രൂപപ്പെടുത്തിയത്. മുന്‍ഗാമിയായ രാമനാട്ടം ഇന്ന് നിലനില്‍ക്കുന്നു പോലുമില്ല. കഥകളിയുടെ ഒരു ചെറു ചിത്രം പോലുമില്ലാതെ കേരളം ഇന്ന് അന്താരാഷ്ട്ര കമ്പോളത്തില്‍ വിറ്റഴിക്കപ്പെടുന്നുമില്ല
അപ്പോള്‍ നമുക്ക് ഒന്നാം സ്ഥാനം വേണോ?
മലയാളത്തിലെ ആദ്യ വര്‍ത്തമാന പത്രം 1847   ജൂണ്‍ മാസത്തില്‍ തലശ്ശേരിയിലെ ഇല്ലിക്കുന്നില്‍ നിന്നും ആരംഭിച്ച “രാജ്യസമാചാരം“ ആയിരുന്നു. പിന്നീട് അതേ വര്‍ഷം ഒക്ടോബറില്‍ പശ്ചിമോദയവും പിറ്റേ വര്‍ഷം നവംബറില്‍ കോട്ടയത്ത്‌ നിന്ന് ജ്ഞാനനിക്ഷേപവും പുറത്തിറങ്ങി. പക്ഷെ ഇതിനെല്ലാം ശേഷം 1887 ല്‍ ദ്വൈവാരികയായി കോട്ടയത്ത്‌ നിന്നുമിറങ്ങിയ “നസ്രാണി ദീപിക” , 1927 ല്‍ ദിനപത്രമായി മാറുകയും പിന്നീട് 1938 ല്‍ ദീപിക എന്ന പേരില്‍ പുനര്‍നാമകരണം ചെയ്തു കൊണ്ടു വന്ന് ഇന്നും നിലനില്‍ക്കുകയും ചെയ്യുന്നു. നിലവില്‍ ഏറ്റവും പഴക്കമേറിയ പത്രമാണ് ദീപിക. പിന്നീട് വന്ന മലയാള മനോരമയും മാതൃഭൂമിയും ഇപ്പോള്‍ ഏറ്റവും കൂടുതല്‍ സര്‍ക്കുലേഷന്‍ ഉള്ള പത്രങ്ങളായി ഒന്നും രണ്ടും സ്ഥാനങ്ങള്‍ പങ്കിടുന്നു.
ആ കാലഘട്ടവും സാഹചര്യങ്ങളുമാണ് ആദ്യമായി എത്തിയവരെ ഇല്ലാതാക്കിയത് എന്ന് ഒരു വാദമുഖത്തിനായി മാത്രം പറയാം.
ഇന്ത്യയിലെ ആദ്യത്തെ ബാങ്ക് സ്ഥാപിച്ചത് 1828 ല്‍ കല്‍ക്കത്തയില്‍ ശ്രീ രാമകിഷന്‍ ദത്ത്‌ എന്നയാളാണ് എന്ന് പറയപ്പെടുന്നു. നിര്‍ഭാഗ്യവശാല്‍ ആ ബാങ്കിനെ കുറിച്ച് ഇപ്പോള്‍ കൂടുതല്‍ വിവരമൊന്നും ലഭ്യമല്ല. 1836ല്‍ ലണ്ടനില്‍ നിന്നുമുള്ള ഒരു ആംഗ്ലോ ഇന്ത്യന്‍ ബാങ്കാണ് രണ്ടാമതായി ഇന്ത്യയില്‍ പ്രവര്‍ത്തനം നടത്തിയത്. പക്ഷെ മൂന്നാമതായി   1864 ല്‍ ബോംബെ ആസ്ഥാനമാക്കി തുടങ്ങിയ ബാങ്ക് ഓഫ് ഇന്ത്യ പിടിച്ചു നിന്നു എന്ന് മാത്രമല്ല ഇപ്പോഴും നിലനില്‍ക്കുന്നു.
ഇവിടെയും തുടക്കക്കാര്‍ പുറത്ത് തന്നെ...
മലയാളത്തിലെ ആദ്യ നായിക (വിഗതകുമാരന്‍ സിനിമ) പി.കെ.റോസിയെ ഇന്ന് എത്ര പേര്‍ക്ക് അറിയാം? അവരുടെ ഒരു ഫോട്ടോ പോലും ലഭിക്കാനില്ല. സിനിമയില്‍ അഭിനയിച്ചു എന്നതിന്‍റെ പേരില്‍ സമൂഹം ഭ്രഷ്ട് കല്പിച്ച ആ ദരിദ്ര കുടുംബാംഗം ഏതോ ഒരു ഡ്രൈവറുടെ കൂടെ തമിഴ്നാട്ടിലേക്ക് വണ്ടി കയറി എന്നതൊഴിച്ചാല്‍ പിന്നീടൊന്നും അവരെ കുറിച്ച് അറിവില്ല. പക്ഷെ അതിനു ശേഷം ബാലന്‍ എന്ന സിനിമയിലൂടെ വന്ന എം. കെ. കമലം ആണ് മലയാളത്തിലെ ആദ്യ നായികയായി പലരും കരുതി പോരുന്നത്.
വിധി വൈപരീത്യം തന്നെ അല്ലെ?
1973 ല്‍ ഏകദേശം രണ്ടു കിലോ തൂക്കമുള്ള ആദ്യ ഹാന്‍ഡ്‌ ഹെല്‍ഡ് ഫോണ്‍ അവതരിപ്പിക്കുമ്പോള്‍ മോട്ടറോള കമ്പനി വിചാരിച്ചിരുന്നിരിക്കില്ല തങ്ങള്‍ ഒരു വിപ്ലവത്തിനാണ് മുന്നേറ്റം കുറിക്കുന്നത് എന്ന്. 35 വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോള്‍ അവര്‍ ആദ്യ അഞ്ചു സ്ഥാനങ്ങളില്‍ ഒന്നുമില്ല. അതിനു ശേഷം വന്ന നോകിയയും ആപ്പിളും സാംസങ്ങുമാണ് രംഗം കയ്യടിക്കിയിരിക്കുന്നത്.
ഉദാഹരണങ്ങള്‍ ഇനിയും പലത് ബാക്കി.
അങ്ങനെ നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്ന ഏതു മേഖല എടുത്തു നോക്കിയാലും ഒന്നാമന്മാരുടെ പോരായ്മകള്‍ മനസ്സിലാക്കി തിരിച്ചറിവോടെ പിന്നീട് വന്നവരാണ് വിജയം കൈവരിച്ച് മുന്നേറിയിട്ടുള്ളത് എന്ന് കാണാം.
മറ്റുള്ളവര്‍ക്ക് മുന്‍പേ എല്ലാം ആദ്യമായി കൈക്കലാക്കണം എന്ന് ആഗ്രഹിക്കുന്നവരേ, നിങ്ങള്‍ ചോദിച്ചു വാങ്ങുന്നത് അപൂര്‍ണതയല്ലേ?. പൂര്‍ണതക്കായി ക്ലേശിക്കുന്നവരേ നിങ്ങള്‍ ക്ഷമാശീലരാകൂ.. കാത്തിരിക്കു...സ്ഥാനമല്ല, മറിച്ച് പ്രയോഗവും പ്രയോജനവുമാണ്‌ നമ്മുടെ ആവശ്യകത എന്ന തിരിച്ചറിവ് നിങ്ങളെ മുന്നോട്ടു നയിക്കട്ടെ.
പഴയതില്‍ നിന്നും കാലം ഒന്ന് കൂടി മാറിയിരിക്കുന്നു. വേഗതയേറിയ പ്രയാണത്തില്‍ തെറ്റു തിരുത്തി വീണ്ടും തിരിച്ചു വരാനുള്ള സാവകാശമൊന്നും നമുക്ക് ലഭിക്കില്ല. അതിനിടയില്‍ മറ്റു പലരും നമ്മുടെ തെറ്റുകളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട്‌ രംഗം കയ്യടക്കിയിട്ടുണ്ടാവും. അതിനാല്‍ ഈ യുഗത്തില്‍ ഒന്നാമനാവാന്‍ ശ്രമിക്കുന്നത് ശുദ്ധ ഭോഷ്കല്ലേ? ഒന്നാമന്മാര്‍ പയറ്റട്ടെ. അവരുടെ ചുവടുകള്‍ തെറ്റുന്നതും നോക്കി, ശത്രുവിന്‍റെ പുതിയ അടവ് മുന്നേറ്റങ്ങളും ശ്രദ്ധിച്ച് നമുക്ക് യുദ്ധ തന്ത്രങ്ങള്‍ മെനയാം. പുതിയ പടയൊരുക്കത്തിലൂടെ ലോകം കൈപ്പിടിയിലൊതുക്കാന്‍‍....
രണ്ടാമതായി എത്തുന്നതിലൂടെ കൂടുതല്‍ ഗുണങ്ങളും അനുഭവങ്ങളും കൊയ്തെടുക്കാന്‍.......

6 comments:

  1. Kollam Nambeesaaa, Some serious thoughts.. Appreciate the background work and re-search ... Keep going.....

    ReplyDelete
  2. Good thinking process. However, is there a confusion between being the first person to do something and being the top ranker?

    To support your view, recently I read that it is not James Watt who invented steam engine but somebody else (whose name also is not remembered) and many years before Watt. But Watt was the one who perfected the design and made it commercially viable.

    So, kudos!

    Ravi, Dubai

    ReplyDelete
  3. Thanks Raviyettan. I was trying to explain both. And it is a new information for me what you have mentioned about James Watt. Thank you very much

    ReplyDelete
  4. nattil ninnum ulla verpadil ingine chinthikkunnathum athu ezhuthan thonnunnathum valare nallathanu.ella asamsakalum nerunnu....chandrappan

    ReplyDelete
  5. Chandrappan, Naattil ninnulla verpadum ithu ezhuthunnathum thammilulla bandham enikku manassilaayilla. Anyhow, thanks for the wishes.

    ReplyDelete