Sunday, March 6, 2011

രാമായണവും വാല്‍മീകി അറിയാതെ പോയ ചില സത്യങ്ങളും.


സാക്ഷാല്‍ വാല്മീകി, രാമായണം രചിച്ചു കഴിഞ്ഞ് കമ്പനും എഴുത്തച്ഛനും അതിനിടയില്‍ വിട്ടു പോയിട്ടുള്ള ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ക്കും പിന്നാലെ രാമായണത്തില്‍ ഒരു കൈ നോക്കാന്‍ തുനിഞ്ഞിറങ്ങിയ പുരാണങ്ങളുടെ റീമിക്സ് പിതാശ്രീ രാമാനന്ദ് സാഗറിന്‍റെ ടെലിവിഷന്‍ രാമായണം ഖണ്ഡശ്ശ; പ്രക്ഷേപണം നടത്തുന്ന കാലം. ഭാരതത്തിന്‍റെ ഓരോ കോണിലും അതിന്‍റെ തരംഗങ്ങള്‍ അലയടിച്ചിരുന്നു. ഭാരതത്തിനു മൊത്തം സംഭവിച്ച ആ ദൃശ്യസംസ്കാര പരിണാമത്തില്‍ നിന്നും ഞങ്ങളുടെ ഇരിങ്ങാലക്കുടയും വേറിട്ടു നിന്നൊന്നുമില്ല. ഭരത ക്ഷേത്രങ്ങള്‍ വളരെ അപൂര്‍വമായ ഭാരതത്തില്‍ ദാശരഥി ഭരതനെ പ്രതിഷ്ഠിച്ച കൂടല്‍മാണിക്യം ക്ഷേത്രം സ്ഥിതിചെയ്യുന്ന ഇരിങ്ങാലക്കുട വളരെ ആവേശപൂര്‍വ്വം തന്നെ ഇക്കാര്യത്തില്‍ മുന്നേറി.
ജീവിതത്തിന്‍റെ സമസ്ത മേഖലയിലും രാമായണം സീരിയല്‍ അന്നുകാലത്തുണ്ടാക്കിയ വ്യതിയാനങ്ങള്‍ ചില്ലറയല്ല. ടിവിക്കു മുന്നില്‍ ജനം  ചടഞ്ഞു കുത്തിയിരിക്കാനുള്ള പ്രവണതക്ക് തുടക്കം കുറിക്കുന്നതില്‍ രാമായണം സീരിയലിന്‍റെ സംഭാവന എടുത്തുപറയത്തക്കതാണ്. ആള്‍ക്കാര്‍ യാത്രകള്‍ വേണ്ടെന്നു വച്ചു. ഞായറാഴ്ചകളില്‍ രാവിലെ നടത്തുന്ന കല്യാണങ്ങള്‍ക്കും മറ്റു വിശേഷങ്ങള്‍ക്കും ആളെ കിട്ടാതെയായി. ബസ്സുകളില്‍ പോലും ആ സമയത്ത് ആളുകള്‍ കുറഞ്ഞു. പ്രായമായവര്‍ തങ്ങളുടെ പ്രാര്‍ത്ഥനാ ലിസ്റ്റില്‍ ചില ചില്ലറ മാറ്റങ്ങളൊക്കെ വരുത്തി തുടങ്ങി. എല്ലാ ശനിയാഴ്ചയും ഉച്ച മുതല്‍ ഞായറാഴ്ച വൈകീട്ട് വരെ കാലന് ഇന്ത്യയിലേക്ക് പ്രവേശനാനുമതി നിഷേധിക്കണം എന്ന നിവേദനം പ്രായമായവരില്‍ നിന്നും ഭഗവത്‌ സമക്ഷം എത്തിതുടങ്ങിയതായിരുന്നു അതില്‍ പ്രധാനം. രാമായണം കാണാന്‍ അവര്‍ക്കുള്ള ആര്‍ത്തിയേക്കാള്‍ കൂടുതല്‍ മൃതദേഹം ശ്രദ്ധിക്കാനും ശവസംസ്കാരം നടത്താനുമുള്ള ആള്‍ക്കാരുടെ ലഭ്യതയെക്കുറിച്ചുള്ള ആശങ്കയായിരുന്നു അതിനു പിന്നില്‍.
അക്കാലത്ത് ടെലിവിഷന്‍ കേരളത്തില്‍ ഉണ്ടായിരുന്നു എന്നിരിക്കിലും ഇന്നത്തെ പോലെ എല്ലാ വീടുകളിലും അതൊരു ഒഴിച്ചുകൂടാനാവാത്ത വസ്തുവായിരുന്നില്ല. അതുകൊണ്ടുതന്നെ ഉത്സവപറമ്പില്‍ നാടകം കാണാന്‍ പോകുന്ന പോലെ ചിത്രഗീതത്തിനും രാമായണത്തിനുമെല്ലാം ആള്‍ക്കാര്‍ കൂട്ടം കൂട്ടമായി ടിവി ഉള്ള വീടുകളിലേക്ക് പോകാറുണ്ടായിരുന്നു. ദേവാലയത്തില്‍ വന്നു പ്രാര്‍ഥിക്കാന്‍ ദേവനുമായി ഒരു മുന്‍പരിചയത്തിന്‍റെ ആവശ്യമില്ലാത്ത പോലെ രാമായണ പ്രക്ഷേപണ സമയത്ത് ടിവിയുള്ള, എത്ര പരിചയമില്ലാത്ത വീട്ടില്‍ കേറിയും രാമായണം കാണാനുള്ള അവകാശം രാമായണ പ്രേമികള്‍ ക്രമേണ നേടിയെടുത്തു. ഏതു അപരിചിത സ്ഥലത്തും ബാര്‍ കണ്ടുപിടിക്കാന്‍ ഒരു കുടിയനേയും ആരും പഠിപ്പിക്കേണ്ട ആവശ്യമില്ല. അതുപോലെ, ഉയര്‍ന്നു നില്‍ക്കുന്ന ആന്‍റിനകള്‍ എത്ര അകലേനിന്നു നോക്കി പോലും കണ്ടുപിടിച്ച് ടിവി ഉള്ള വീടുകളില്‍ എത്തിച്ചേരാന്‍ ഇവര്‍ക്കും ഒരു പ്രത്യേക വിരുതുണ്ടായിരുന്നു. ഇതിനായി രാമാനന്ദ് സാഗറിന്‍റെ പ്രത്യേക പരിശീലനം പോലും ഇവര്‍ക്ക് ലഭിച്ചിരുന്നു എന്ന് സംശയിക്കേണ്ടിയിരുന്നു. അതിനാല്‍ തന്നെ കാണികളില്‍ അപരിചിത മുഖങ്ങള്‍ കാണുമ്പോഴും രാമാനന്ദനെ പേടിച്ച് ടിവി ഉടമകള്‍ കണ്ണടച്ചു.
വീട്ടില്‍ ടെലിവിഷന്‍ ഉണ്ട് എന്ന ഒറ്റക്കാരണത്താല്‍ തന്നെ ഞങ്ങള്‍ക്കും ഈ സാമൂഹിക സേവനത്തില്‍ നിര്‍ബന്ധിത പങ്കാളികളാകേണ്ടതായിവന്നു. കൂനിന്മേല്‍ കുരു എന്ന് പറഞ്ഞ പോലെ അച്ഛനും അമ്മയും അദ്ധ്യാപകരും കൂടി ആയപ്പോള്‍ ജനം അത് ഞങ്ങളുടെ ഒരു ചുമതല കൂടി ആക്കി മാറ്റിയെടുത്തു. ആദ്യമാദ്യം നാലും അഞ്ചുമൊക്കെ ആയിരുന്ന കാണികളുടെ എണ്ണം ക്രമേണ ഇരുപത്തഞ്ചും മുപ്പതുമെല്ലാമായി മാറി. ഹാളില്‍ സ്ഥലം തികയാതെ വരാന്തയിലും ജനലിനു മുകളിലുമെല്ലാം കയറി നിന്നാണ് ആബാലവൃദ്ധം ജനങ്ങള്‍ അവിടെ ഈ മഹാസംഭവം കണ്ടുകൊണ്ടിരുന്നത്. ശാന്തരായി ഇരുന്നു രാമായണം കാണുക എന്നത് അവരില്‍ ചിലര്‍ക്കെല്ലാം ബോറ് പരിപാടി ആയി തോന്നിയതിനാലും ചില സാഹസിക പ്രവൃത്തികളും സ്വന്തം അഭിരുചികളും പ്രദര്‍ശിപ്പിക്കാനുള്ള വേദിയായി ഈ സ്ഥലവും സന്ദര്‍ഭവും തെരഞ്ഞെടുത്തതിനാലും ഞങ്ങളുടെ വീട്ടില്‍ വൃത്തിയായി വച്ചിരുന്ന സോഫയില്‍ ബ്ലേഡ് മുറിപ്പാടുകളിലൂടെ സ്പോഞ്ച് പുറത്തേക്കു തള്ളി വന്നു തുടങ്ങി. ചുമരുകളില്‍ മൂന്നടി ഉയരത്തില്‍ വരെ കാല്‍പാടുകളും ഉണങ്ങി പിടിച്ച മൂക്കട്ടയും എല്ലാം പതിഞ്ഞു കാലക്രമേണ ഒരു ത്രേതായുഗ ഫീല്‍ വന്നു തുടങ്ങി. സീരിയല്‍ കഴിഞ്ഞു കാണികളൊഴിഞ്ഞ ഹാള്‍, ബാലെ കഴിഞ്ഞ ഉത്സവപറമ്പ് പോലെ കടലാസും കപ്പലണ്ടി തൊലിയും മണ്ണും പൊടിയും എല്ലാം നിറഞ്ഞ് നാശകോശമായി കിടക്കുമായിരുന്നു. അതിനിടയില്‍ സീരിയല്‍ നടക്കുന്ന സമയത്ത് കല്യാണ ക്ഷണങ്ങള്‍, പരദൂഷണം, ബാര്‍ട്ടര്‍ സിസ്റ്റം അടിസ്ഥാനമാക്കി ഉച്ചയൂണിനുള്ള ഭക്ഷണസാധനങ്ങള്‍ കൈമാറല്‍ എന്നു തുടങ്ങി അല്ലറ ചില്ലറ പ്രണയങ്ങള്‍ വരെ നടക്കാറുണ്ടായിരുന്നു. ഇത്രയും സൗകര്യങ്ങള്‍ ഒരുക്കികൊടുക്കുന്ന ആതിഥേയ കുടുംബത്തിലുള്ള എന്നെ പ്രേമിക്കാതെ മറ്റു വല്ലവരെയും പ്രേമിക്കാനായി ഞങ്ങളുടെ സ്ഥലം കണ്ടെത്തിയതില്‍ തീരെ താല്പര്യം തോന്നാഞ്ഞ് അത്തരം പ്രണയങ്ങളെയെല്ലാം ഞാന്‍ കയ്യോടെ പൊളിപ്പിച്ചു കൊടുക്കാറുമുണ്ടായിരുന്നു. എങ്കിലും ഈ വാമാരമണീയശീലന്മാരെകൊണ്ടും മധുനേര്‍വാണികളെകൊണ്ടും ഞങ്ങള്‍ പലപ്പോഴും പൊറുതിമുട്ടി. ഇതെല്ലാം കണ്ടും കേട്ടും സഹികെട്ട എന്‍റെ അമ്മ വാല്‍മീകിയെ പോലും വെറുതെ വിട്ടില്ല. “ ഇയാള്‍ക്ക് ഇതിന്‍റെ വല്ല കാര്യവുമുണ്ടായിരുന്നോ- രാമനാമവും ജപിച്ചു ആ പുറ്റിന്‍റെ ഉള്ളില്‍ തന്നെ ഇരുന്നാല്‍ മതിയായിരുന്നില്ലേ?” എന്ന് അമ്മ ആത്മഗതം നടത്തി. ടിവി വാങ്ങാന്‍ വാശി പിടിച്ച എന്‍റെയും അമ്മയുടെയും നേരെയുള്ള അച്ഛന്‍റെ വക ഇരുത്തിയുള്ള നോട്ടങ്ങളും മൂളലും ഞങ്ങള്‍ മനപൂര്‍വം കണ്ടില്ലെന്നു നടിച്ചു.
അങ്ങനെ രാമായണം സീരിയല്‍ പുരോഗമിക്കുന്തോറും ആള്‍ക്കാരുടെ ഭക്തിയും ക്രമേണ വര്‍ദ്ധിച്ചുതുടങ്ങി. ഭക്തിയേക്കാളധികം ഭക്തി പ്രദര്‍ശിപ്പിക്കുന്നതിലായിരുന്നു അവരുടെ മാത്സര്യം. കൂടല്‍മാണിക്യസ്വാമിയുടെ (ഭരതന്‍) കടുത്ത ഭക്തയായിരുന്ന മീനാക്ഷിയമ്മയായിരുന്നു അവരുടെ നേതാവ്. ഇതിനെ ഒരു സീരിയല്‍ മാത്രമായി ചെറുതാക്കി കാണുന്നതില്‍ അവര്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. സാക്ഷാല്‍ ശ്രീരാമനും കൂട്ടരും ഈ ഭക്തര്‍ക്ക്‌ വേണ്ടി ആഴ്ച തോറും അവതാരമെടുക്കുകയാണ് എന്നതായിരുന്നു അവരുടെ കാഴ്ചപ്പാട്. സീരിയല്‍ തുടങ്ങുന്നതിനു അര മണിക്കൂര്‍ മുന്‍പേ മീനാക്ഷിയമ്മയും സംഘവും എത്തും. പിന്നെ ഭജന, അഖണ്ഡനാമജപം തുടങ്ങി അവരുടെ വക കലാപരിപാടിയാണ്. സ്വതവേ ഞങ്ങളുടെ വീട്ടില്‍ സാധാരണയായി പോലും നാമജപമൊന്നും നടത്താത്തതില്‍ ഉള്ളാലെ പ്രതിഷേധമുള്ള മുത്തശ്ശി കൂടി ഇവര്‍ക്ക് മാനസിക പിന്തുണ നല്‍കിയതിനാല്‍ അച്ഛന് അതിനെ എതിര്‍ക്കാന്‍ സാധിച്ചില്ല. കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ ഇവരുടെ ഈ കലാവാസന മൂത്ത് അവില്‍, മലര്‍, ശര്‍ക്കര, കദളിപ്പഴം എന്നിവയെല്ലാം നിവേദിക്കാനും തുടങ്ങി. സീരിയല്‍ തുടങ്ങുന്നതിനു മുന്നോടിയായുള്ള അവതരണഗാന സമയമാണ് ഇതിനായി അവര്‍ കണ്ടെത്തിയത്. അയല്‍പക്കമായിരുന്നതിനാലും, മുത്തശ്ശിയുമായി പുരാണ-ഭക്തി സംഭവങ്ങള്‍ എക്സ്‌ചേഞ്ച്‌ ചെയ്യാനുള്ള ഒരു കരാര്‍ അവര്‍ ഒപ്പു വച്ചിരുന്നതിനാലും ഇതിനെ എതിര്‍ക്കാന്‍ അച്ഛനും അമ്മയ്ക്കും മടിയായിരുന്നു. പോരാത്തതിന് നാക്കിന് എല്ലില്ലാത്ത മീനാക്ഷിയമ്മ നാട്ടില്‍ അത്യാവശ്യം ബഹുമാനമൊക്കെ ലഭിക്കുന്ന തങ്ങളെ കുറിച്ച് ഈ വൈരാഗ്യത്തിന്‍റെ പേരില്‍ എന്തെങ്കിലും അപവാദങ്ങള്‍ പറഞ്ഞു പരത്തുമോ എന്ന ഭീതി കൂടി അതിനു പിന്നില്‍ ഒളിഞ്ഞു കിടന്നിരുന്നു എന്നതും ഒരു വാസ്തവമായിരുന്നു.
ഇതിനിടയില്‍ മീനക്ഷിയമ്മയും കൂട്ടരും നേരിട്ടിരുന്ന ഏറ്റവും വലിയ പ്രതിസന്ധി ശ്രീരാമന്‍റെയും ടീമിന്‍റെയും ഹിന്ദി സംഭാഷണമായിരുന്നു. വൈകാതെ തന്നെ അതിനും ഒരു പോംവഴി അവര്‍ തന്നെ കണ്ടെത്തി. ഒരു നാഴിക അകലെ മറ്റൊരു വീട്ടില്‍ രാമായണം കാണാന്‍ പോയിരുന്ന പട്ടാളം ഉണ്ണിയെ അവര്‍ ഇങ്ങോട്ട് വലവീശി പിടിച്ചു. (പട്ടാളത്തില്‍ കുശിനിക്കാരനായിരുന്ന ഇയാളെ അവിടെ നിന്ന് പിരിച്ചു വിട്ടതാണ് എന്നുള്ള അപവാദങ്ങള്‍ ഇവിടെ പ്രസക്തമല്ലാത്തതിനാല്‍ മനപൂര്‍വ്വം ഒഴിവാക്കുന്നു) ഓരോ ഡയലോഗും പരിഭാഷപ്പെടുത്തി ഓരോരോ സന്ദര്‍ഭങ്ങളും വിശദീകരിച്ചു കൊടുക്കുക എന്ന സ്തുത്യര്‍ഹസേവനത്തിനു പ്രത്യുപകാരമായി ഞങ്ങളുടെ വീട്ടിലെ പ്ലംബ്ബിങ്ങ്, ഇലട്രിക്കല്‍ പണികള്‍ എല്ലാം ഇതൊന്നും തന്നെ മുഴുവനായി അറിയാത്ത പട്ടാളം ഉണ്ണിക്ക് കൊടുക്കാന്‍ മീനാക്ഷിയമ്മ ഞങ്ങളോട് ഉത്തരവിട്ടു. വാല്‍മീകിയെ അല്ല, മീനാക്ഷിയമ്മയെ കണ്ടു പിടിച്ചവനെയാണ് മണ്‍പുറ്റിനുള്ളില്‍ കയറ്റി ഇരുത്തേണ്ടിയിരുന്നത് എന്ന് അമ്മ ഇതിനു ശേഷം തിരുത്തി പറയുകയുണ്ടായി.
ദ്വിഭാഷി കൂടി വന്നതോടെ വെങ്കിസ്വാമി പറഞ്ഞ പോലെ കാര്യങ്ങളെല്ലാം “എങ്കയോ പോച്ച്”. എല്ലാം ഞങ്ങളുടെ പിടിയില്‍ നിന്നും വിട്ടു പോകുന്നത് നിസ്സഹായരായി നോക്കി നില്‍ക്കാനേ അഭിമാനത്തിന് മുന്‍തൂക്കം കൊടുത്തിരുന്ന ഞങ്ങള്‍ക്ക് കഴിഞ്ഞുള്ളൂ. സീരിയലില്‍ നടക്കുന്ന ഒരു വരി പോലും വിട്ടുപോകാതെ എല്ലാം കാര്യങ്ങളും എല്ലാം സംശയങ്ങളും അപ്പപ്പോള്‍ തന്നെ പട്ടാളത്തിനോട് ചോദിച്ചു മനസ്സിലാക്കാന്‍ മീനാക്ഷിയമ്മ ശ്രദ്ധിച്ചിരുന്നു. ശ്രീരാമന്‍റെ അനുജന്‍ കൂടല്‍മാണിക്യസ്വാമിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നു എന്ന് സ്വയം വിശ്വസിക്കുന്ന മീനാക്ഷിയമ്മക്ക് അവരുടെ കുടുംബകഥയിലെ ഓരോ ചെറിയ കാര്യം പോലും താന്‍ അറിയാതെ പോകരുത് എന്ന് നിര്‍ബന്ധമുണ്ടായിരുന്നു.
അങ്ങനെയങ്ങനെ സീരിയലും അതിനോടനുബന്ധിച്ച കലാപരിപാടികളും കൊഴുത്തു മുന്നോട്ടു പോയിക്കൊണ്ടിരുന്നു. ഞങ്ങളുടെ സോഫയുടെ മജ്ജയും മാംസവും എല്ലാം പുറത്തെടുത്ത് അതില്‍ സ്പ്രിങ്ങും കവറും മാത്രം ബാക്കിയായി. ചുവര്‍ചിത്ര രചനകള്‍ അഞ്ചടിയോളം ഉയരത്തിലെത്തി. ഓരോ ആഴ്ച കഴിയുന്തോറും സീരിയല്‍ എത്രയും പെട്ടെന്ന് തീര്‍ന്നു കിട്ടാനുള്ള വെമ്പല്‍ ഞങ്ങളിലും എത്രയും വലിച്ചു നീട്ടാനുള്ള വ്യഗ്രത രാമാനന്ദ സാഗറിലും കണ്ടു തുടങ്ങി. സംശയങ്ങളും നിവാരണങ്ങളുമായി മീനാക്ഷിയമ്മ -പട്ടാളം കൂട്ടുകെട്ട് കൂടുതല്‍ ശക്തി പ്രാപിച്ചുകൊണ്ട് മുന്നേറി. ഒരുനാള്‍, ശ്രീരാമനെ വനവാസത്തിന് അയച്ചു എന്നറിഞ്ഞു ഭരതനും ശത്രുഘ്നനും രാമേട്ടനെ അന്വേഷിച്ചു കാട്ടിലേക്കു പോകുന്ന സീന്‍.- കുറേ നാളുകളായി രാമനെ ചുറ്റിപറ്റിയുള്ള എപ്പിസോഡുകള്‍ ആയിരുന്നതിനാലും ഭരതനും ശത്രുഘ്നനും കുറച്ചു നാളുകളായി അമ്മാത്ത് ആയിരുന്നതിനാലും മീനാക്ഷിയമ്മക്ക് പെട്ടെന്ന് ആളെ പിടികിട്ടിയില്ല. മീനാക്ഷിയമ്മയുടെ നോട്ടത്തിന്‍റെ അര്‍ഥം മനസ്സിലാക്കിയ സംശയനിവാരണന്‍ പട്ടാളം ഉണ്ണി ഉടനെ തന്നെ മറുപടി കൊടുത്തു. കുറച്ചു കാലമായുള്ള അടുത്ത ബന്ധം വച്ച് മീനാക്ഷി-പട്ടാളം കെമിസ്ട്രി പെട്ടെന്ന് വര്‍ക്ക്‌ഔട്ട്‌ ചെയ്യുമായിരുന്നു.
“അത് ഭരതനാണ് മീനാക്ഷ്യമ്മേ.. മറ്റേതു ശത്രുഘ്നനും”
ഇതു പറഞ്ഞതും പടക്കം പൊട്ടുന്ന പോലെ ഒരു ശബ്ദവും ഒരു ചീറ്റലും കേട്ടു. അതിനു തുടര്‍ച്ചയെന്നോണം പിന്നെ കേട്ടത് മീനാക്ഷിയമ്മയുടെ ഉറക്കെയുള്ള ശബ്ദമാണ്.
“എനിക്കു മനസ്സിലായില്യല്ലോ എന്‍റെ കൂടല്‍മാണിക്യേ...എന്നും ഞാന്‍ അവിടെ വന്ന് കാണണതല്ലേ.. എന്നട്ടും എനിക്ക് ഭഗവാനെ കണ്ടട്ട് മനസ്സിലായില്യല്ലോ....” ഇതു പറഞ്ഞതും അവര്‍ വെട്ടിയിട്ട പോലെ ടിവിയുടെ മുന്നില്‍ സാഷ്ടാംഗം വീണു നമസ്കരിച്ച് എണ്ണിപെറുക്കാന്‍ തുടങ്ങി. നേരത്തേ കേട്ട പടക്കശബ്ദം മീനാക്ഷിയമ്മ സ്വയം മാറത്തടിച്ചതിന്‍റെയായിരുന്നു.
നമസ്കാരത്തിനും ഏത്തമിടലിനും എണ്ണിപെറുക്കലിനും ഇടയില്‍ തന്‍റെ ഭക്തിയുടെ ഡെപ്ത് മറ്റുള്ളവര്‍ക്ക് മനസ്സിലാക്കികൊടുക്കാന്‍ തക്കവണ്ണംപല ഡയലോഗുകളും അവര്‍ കാച്ചി വിടുന്നുണ്ടായിരുന്നു. തന്‍റെ ഭക്തിയുടെ വിശ്വാസ്യത മറ്റുള്ളവര്‍ ചോദ്യം ചെയ്യുമോ എന്ന ഭയം അവരെ ചൂഴ്ന്നു നിന്നിരുന്നു. കൂടല്‍മാണിക്യസ്വാമിയുടെ കറകളഞ്ഞ ഭക്ത എന്ന് സ്വയം വിശേഷിപ്പിക്കുന്ന തനിക്ക് ഭരതനെ കണ്ടിട്ട് മനസ്സിലായില്ല എന്നതിന്‍റെ കുറച്ചില്‍ അവരുടെ ഉള്ളില്‍ ഒരു അപകര്‍ഷതാബോധമായി കിടന്നു നീറി. ഇതോടു കൂടി തന്‍റെ “ഭക്ത” ഇമേജിനു കോട്ടം തട്ടുമോ എന്നവര്‍ ശങ്കിച്ചു.  ഇത്രയൊക്കെ ആലോചിച്ചതോടെ അവരുടെ എണ്ണിപെറുക്കലിനും നിലവിളിക്കും ആക്കം കൂടി. അവരെ ആശ്വസിപ്പിക്കുന്നതിന്‍റെ ഭാഗമായി അവരുടെ വിശ്വസ്ത ശിഷ്യകള്‍ ഒന്ന് രണ്ടു പേര്‍ കൂടി നിലവിളിയുമായി രംഗത്തെത്തിയതോടെ കാര്യങ്ങള്‍ മറ്റൊരു തലത്തിലേക്ക് നീങ്ങി. ബഹളങ്ങളെല്ലാം കേട്ട് ഓടി വരേണ്ട അയല്‍ക്കാര്‍ എല്ലാവരും തന്നെ നേരത്തേ തന്നെ സംഭവസ്ഥലത്ത് സന്നിഹിതരായിരുന്നതുകൊണ്ട് അത്രയും സമയം ലാഭമായി കിട്ടി. സംഭവം കൈവിട്ടു പോകുന്ന കണ്ട് അച്ഛന്‍ ടിവി ഓഫ്‌ ചെയ്ത് കൂട്ടമണി അടിച്ച് രാമായണം സ്കൂള്‍ വിടുവിച്ചു. പട്ടാളവും മറ്റുള്ളവരും കൂടി ഒരുവിധം മീനാക്ഷിയമ്മയെ ഒതുക്കി അവരുടെ വീട്ടില്‍ എത്തിച്ചു. എന്തായാലും ഈ സംഭവവികാസങ്ങള്‍ മൂലവും അച്ഛന്‍റെ ചില കടുത്ത തീരുമാങ്ങളുടെ പിന്‍ബലത്തോടെയും നാട്ടുകാര്‍ തന്നെ ഈ സാമൂഹ്യസേവന രംഗത്തു നിന്നും ഞങ്ങളെ ഒഴിവാക്കി തന്നു. അതോടെ ഞങ്ങളുടെ ഞായറാഴ്ചകള്‍ സാധാരണ മട്ടിലേക്ക് പതിയെ തിരിച്ചെത്തുകയും സീരിയല്‍ കൊട്ടക എന്ന സ്ഥാനം ഉപേക്ഷിച്ചുകൊണ്ട് ഞങ്ങളുടെ വീട് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു.
ഇത്രയും കാലം അടച്ചുവച്ചിരുന്ന ഈ വിഷമ സത്യങ്ങള്‍ ശ്രീ വാല്മീകി അറിയിപ്പാന്‍ നമ്പീശന്‍ എഴുതുന്നത്‌. 
ഒപ്പ്‌

.

9 comments:

  1. athi gambheeram......

    ReplyDelete
  2. നമ്പീശൻ............ വായിച്ചിട്ട് ചിരി അടക്കാൻ പണിപ്പെട്ടു, കേട്ടോ. നന്നായീട്ടുണ്ടായിരുന്നു.

    ReplyDelete
  3. നമ്പീശൻ, വായിച്ചിട്ട് ചിരി അടക്കാൻ പണിപ്പെട്ടു, കേട്ടോ! നന്നായീട്ടുണ്ടായിരുന്നു.

    ReplyDelete
  4. Rema Sriram, AjmanMarch 9, 2011 at 9:58 PM

    Good one Pradeep....reminded me of those days....in cherpalchery also we had the same experience....Sunday mornings were similar...took me to those days...:) Hilarious..:)

    ReplyDelete
  5. good one...cricket kalikkum athra thanne sthanamille?

    ReplyDelete
  6. "Assalayi" nambissa .... keep it up

    ReplyDelete
  7. ഏതായാലും പട്ടാളം ഉണ്ണിയെ പറ്റിയുള്ള അപവാദം മനഃപൂര്‍വം ഒഴിവാക്കിയതു നന്നായി ആര്‍ക്കും മനസ്സിലായില്ലല്ലൊ

    ഹ ഹ ഹ :)

    ReplyDelete
  8. ഏതായാലും പട്ടാളം ഉണ്ണിയെ പറ്റിയുള്ള അപവാദം മനഃപൂര്‍വം ഒഴിവാക്കിയതു നന്നായി ആര്‍ക്കും മനസ്സിലായില്ലല്ലൊ

    ഹ ഹ ഹ :)

    ReplyDelete