Friday, February 18, 2011

സാംസ്കാരിക കേരളം – ഒരു ഉല്‍ക്കണ്ഠ

നാഴികയ്ക്ക് നാല്പതു വട്ടം സാംസ്കാരിക കേരളം, പ്രബുദ്ധ കേരളം എന്ന് പത്ര ദൃശ്യ മാധ്യമങ്ങളും രാഷ്ട്രീയക്കാരും സാംസ്കാരിക പ്രമുഖരും വിളിച്ചോതുന്ന ഈ കേരളത്തിന്‌ എന്താണ് സംഭവിച്ചത്? അഥവാ എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്? സംസ്കാരം, പൈതൃകം, തനത് എന്നെല്ലാം ഘോരഘോരം ഉത്ഘോഷിക്കുന്നുണ്ടെങ്കിലും യഥാര്‍ത്ഥ കേരളത്തിന്‌ അങ്ങനെയൊന്ന് അവകാശപ്പെടാനാവുമോ? ചിന്തനീയമാണ് വിഷയം.

ബഹുവിധ ജാതി മതങ്ങള്‍ക്കും ഹീന ചിന്തകള്‍ക്കുമപ്പുറം മനുഷ്യത്വം എന്ന മതം അഭിമതമാകേണ്ട ദൈവത്തിന്‍റെ ഈ സ്വന്തം നാട്ടില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്താണ്? ഗുരുജനങ്ങളുടെ നേരെ ആക്രമണം,വൃദ്ധജന –സ്ത്രീജന പീഡനം, ബാലഹത്യ, പെണ്‍വാണിഭം, സ്ത്രീ-പുരുഷ വേശ്യാവൃത്തി, ഭയാശങ്ക ഉണര്‍ത്തും വിധം ഉയര്‍ന്ന മദ്യ ഉപഭോഗം, ഗുണ്ടായിസം. ഇതിനിടയില്‍ ഏതു വിധേനേയും പണമുണ്ടാക്കുക എന്ന ജ്വരത്തില്‍ എങ്ങോട്ടെന്നില്ലാതെ പായുന്ന ഒരു ജനതയും. ഇവയെല്ലാം തന്നെ ഒരു സാക്ഷി കണക്കെ കണ്ടു നെടുവീര്‍പ്പിടുന്ന ഒരു പഴയ തലമുറ.

മനുഷ്യത്വം എന്നത് ഒരു മേനിക്കായി പലയിടത്തും ഉപയോഗിക്കാനുള്ള വെറുമൊരു വാക്കായി മാത്രം മാറിയ ഇക്കാലത്ത് അതിനെക്കുറിച്ചൊരു ഉത്ബോധനം നടത്തിയിട്ടെന്ത് വിശേഷം? എല്ലാം തികഞ്ഞൊരു കാലം കണ്ടെത്തുക വിഷമകരമാണെങ്കിലും മനുഷ്യര്‍ക്ക് വേണ്ടി മനുഷ്യരാല്‍ തന്നെ നയിക്കപ്പെടുന്ന ഈ രാജ്യത്ത്‌ മനുഷ്യര്‍ക്കു തന്നെ – ആവാസ വ്യവസ്ഥയിലെ മറ്റു ജീവജാലങ്ങളുടെ കാര്യം തല്‍ക്കാലം ഒഴിവാക്കാം - ജീവിക്കാന്‍ സാധിക്കാതെ വരുന്ന വ്യവസ്ഥിതിയാണ് നിലനില്‍ക്കുന്നത് എന്നത് ഉല്‍ക്കണ്ഠാ ജനകമാണ്. 

ഇപ്പോഴത്തെ മുതിര്‍ന്ന തലമുറയുടെ ബാല്യകാലത്തോ അതിനു പിന്‍ തലമുറയിലോ, നേരായ ജീവിതം നയിച്ച്‌ പോരുന്ന ഒരു വ്യക്തിക്ക് മറ്റു വൈഷമ്യങ്ങള്‍ ഒന്നും കൂടാതെ തന്‍റെ ജീവിതം ജീവിച്ചു തീര്‍ക്കാനുള്ള ഒരു അവസരം ലഭിച്ചിരുന്നു. ഇന്ന് നിങ്ങള്‍ എത്രയൊക്കെ സത്യസന്ധരും നേര്‍ ജീവിതം നയിച്ചു പോരുന്നവരുമാണെങ്കില്‍ കൂടിയും അകാരണമായ എന്തോ ഒന്നിനെ ഭയപ്പെട്ടു കൊണ്ടേ തന്‍റെ ജീവിതം മുന്നോട്ടു നയിക്കുവാന്‍ സാധിക്കൂ എന്ന സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നത്.എപ്പോള്‍ മുതലാണ്‌ മലയാളിക്ക് ച്യുതി നേരിട്ടു തുടങ്ങിയത്? എന്ന് മുതല്‍ അറിയാതെ നമുക്കിടയില്‍ ഉപഭോക്തൃസംസ്കാരം വളര്‍ന്നു തുടങ്ങിയപ്പോഴോ? എന്ന് മുതല്‍ നമ്മുടെ രക്തത്തില്‍ ചുവന്ന രക്താണുക്കളോടൊപ്പം വര്‍ഗീയത വളര്‍ന്നു തുടങ്ങിയപ്പോഴോ? എന്ന് മുതല്‍ നമ്മുടെ വിയര്‍പ്പില്‍ ഉപ്പിനോടൊപ്പം സംസ്കാരവും മനുഷ്യത്വവും പുറന്തള്ളി തുടങ്ങിയപ്പോഴോ? അറിയില്ല...
ബഹുമാനിക്കുക, ആദരിക്കുക എന്നതെല്ലാം ഒരു യോഗം വിളിച്ചു കൂട്ടി മാത്രം നടത്തേണ്ട ഒന്നാണെന്ന് ഇന്നത്തെ തലമുറ ധരിച്ചു വശായിരിക്കുന്നു എന്ന് വേണം കരുതാന്‍. മാതാപിതാക്കളേയും ഗുരുജനങ്ങളെയും മുതിര്‍ന്നവരേയും ബഹുമാനിക്കുക എന്നത് ഇല്ലാതായിക്കൊണ്ടിരിക്കുന്നു. സ്ത്രീകള്‍ക്കു നേരേയുള്ള അക്രമങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നു. പിഞ്ചുകുഞ്ഞിനെ പോലും വെറുതെ വിടാത്ത കാപാലികര്‍ അങ്ങോളമിങ്ങോളം വിഹരിക്കുന്നു. ഇന്ന് എത്ര പേരില്‍ അവശേഷിച്ചിരിക്കുന്നു അന്യരെ സഹായിക്കാനുള്ള മനസ്കത?  തന്‍റേതല്ലാത്ത വിഷയങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറാനുള്ള വ്യഗ്രതയാണ് മിക്കവര്‍ക്കും. കണ്ണടച്ച് പാലു കുടിക്കുന്ന പൂച്ചകളായി മാറിയിരിക്കുന്നു ഇന്നത്തെ ജനത. 

ഗുരുജങ്ങളെ ബഹുമാനിച്ചിരുന്നു പണ്ടുള്ളവര്‍. തിരിച്ച് അദ്ധ്യാപകരും, തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ ഓരോരുത്തരുടേയും കാര്യത്തിലും ശ്രദ്ധ പുലര്‍ത്തിയിരുന്നു. ഇന്നത്തെ വിദ്യാര്‍ത്ഥി അദ്ധ്യാപകനു നേരെ തറുതല പറയാന്‍ മടിക്കുന്നില്ല -എന്തിന്.. കയ്യോങ്ങാന്‍ വരെ –സ്കൂള്‍ തലത്തില്‍ പോലും സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളാണ് ഇവ. അദ്ധ്യാപനം ഒരു ജോലി മാത്രമായി കാണാതെ, ഒരു സംസ്കാര രൂപീകരണത്തിന്‍റെ പ്രാരംഭ ദശയിലാണ് തങ്ങള്‍ പങ്കാളികളാവുന്നത് എന്ന ബോധത്തോടെ പ്രവൃത്തിക്കുന്ന അദ്ധ്യാപകരും വിരളം.  മറിച്ച്, വിദ്യാര്‍ത്ഥികളെ ശിക്ഷിക്കരുത് എന്ന സര്‍ക്കാര്‍ നിയമം കൂടി ആവുമ്പോള്‍ എല്ലാം സമാസമം. ആര്‍ക്ക് ആരെ പഴിക്കാനാവും? പണ്ട് വായിച്ചിട്ടുണ്ട് നമുക്കു രണ്ടു വിധത്തിലാണ് സംസാരിക്കാന്‍ സാധിക്കുക എന്ന്. ഒന്ന് നാവിന്‍ തുമ്പില്‍ നിന്നും മറ്റൊന്ന് ഹൃദയത്തില്‍ നിന്നും.  നാവിന്‍ തുമ്പില്‍ നിന്നും സംസാരിക്കുന്നത് വെറും വാക്കുകള്‍ മാത്രമായി തന്നെ വരുമ്പോള്‍ ഹൃദയത്തില്‍ നിന്നും സംസാരിക്കുന്നവ ആത്മാര്‍ഥവും സ്നേഹപൂര്‍വ്വവും ബഹുമാനപൂര്‍വ്വവും ആയി വരികയും ആ പ്രവൃത്തികള്‍ അത്തരത്തിലുള്ളതായി തീരുകയും ചെയ്യുന്നു. അതിനാല്‍ പ്രിയപ്പെട്ട അദ്ധ്യാപകരേ രക്ഷിതാക്കളേ നമുക്ക് നമ്മുടെ വിദ്യാര്‍ത്ഥി മക്കളെ ഹൃദയത്തില്‍ നിന്നും സംസാരിക്കാന്‍ പഠിപ്പിച്ചു തുടങ്ങാം. 

മറ്റൊരു ഭയാനകമായ വസ്തുത നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്ന വര്‍ഗീയതയാണ്. ഇന്നലെകളില്‍ ഉസ്മാനും ജോര്‍ജ്ജിനും ഗോപാലനും ഒരുമിച്ചു നടക്കാനും പ്രവൃത്തിക്കാനും സങ്കോചപ്പെടേണ്ട കാര്യമുണ്ടായിരുന്നില്ല. ഇന്ന് അതല്ല സ്ഥിതി. ജാതിയും മതവും സാമ്പത്തിക സ്ഥിതിയും രാഷ്ട്രീയ ചായ്‌വും എല്ലാമാണ്‌ സുഹൃദ്‌ബന്ധങ്ങള്‍ക്ക് മാനദണ്ഡം. ഒരു മാരക വിഷം കണക്കെ വര്‍ഗീയത നമ്മുടെ സിരകളില്‍ അലിഞ്ഞു കഴിഞ്ഞു. വോട്ടു ബാങ്കുകള്‍ ലക്ഷ്യമാക്കി ഒരു കാലഘട്ടത്തിലെ ചില സ്ഥാപിത താല്പര്യ രാഷ്ട്രീയക്കാരാണ് ഇവിടെ വര്‍ഗീയത വളം വച്ചു വലുതാക്കിയത് എന്ന് മാത്രമല്ല, ഇപ്പോള്‍ കാര്യങ്ങള്‍ അവിടെ നിന്നും കൈവിട്ടു പോവുകയും തിരിച്ചു പിടിക്കാനാവാത്ത വിധം അകലുകയും ചെയ്തു എന്ന് തന്നെ പറയാം. ഭയപ്പെടേണ്ട അവസ്ഥയാണ് എന്നല്ല അതിനെ കുറിച്ച് പറയേണ്ടത്. ആ അവസ്ഥ ഇന്നലെ ആയിരുന്നു. ഇന്ന് അതിനെ എങ്ങനെ നേരിടാമെന്നും നാളെ എങ്ങനെ അത് മറികടക്കാമെന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. കേരളം വീണ്ടും തിരുവിതാംകൂറും കൊച്ചിയും മലബാറും ആയി മാറിയില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ. പണ്ട് ഭൂമിശാസ്ത്ര അടിസ്ഥാനത്തിലായിരുന്നു വിഭജനം എങ്കില്‍ ഇനി അത് വര്‍ഗീയ അടിസ്ഥാനത്തിലായിരിക്കും ഉണ്ടാവുക. ഇന്ത്യയില്‍ ഭാഷയുടെയും ജാതിയുടേയും വര്‍ഗത്തിന്റെയും അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയില്‍ ഇവിടെ ഇതും സംഭവിച്ചു കൂടായ്കയില്ല. 

സംസ്കാരം എന്ന വിഷയത്തിലേക്ക് തിരിച്ചു വന്നാല്‍ കാണാന്‍ സാധിക്കുന്ന മറ്റൊരു വസ്തുത നമ്മുടെ ആതിഥ്യ മര്യാദയാണ്. ഗുജറാത്ത്‌, തമിഴ്‌നാട്‌, കര്‍ണാടക തുടങ്ങി മറ്റു പല സംസ്ഥാനങ്ങളിലും അതിഥികളെ പ്രാദേശികമായ വിധികളോടെ ബഹുമാനിച്ച് സ്വീകരിക്കുന്ന രീതി നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ ശ്രമിക്കുമ്പോഴും ഇവിടെ അതിഥി പലപ്പോഴും ഒരു ശല്യമാണ് പലര്‍ക്കും. ടെലിവിഷനില്‍ ഉറപ്പിച്ച ആതിഥേയന്‍റെ കണ്ണുകള്‍ തിരിച്ചെടുക്കേണ്ടി വന്നതിന്‍റെ ഖേദം ഒരു വേളയെങ്കിലും വാക്കിലോ നോക്കിലോ പ്രകടിപ്പിക്കുകയും ഇവര്‍ക്ക് വരാന്‍ കണ്ട സമയം എന്ന് മനസ്സില്‍ ഉറക്കെ പറയുകയും ചെയ്യും. അതിഥി ദേവോ ഭവ: - അതെ, അതിഥി ദേവനായി തന്നെ ഇരിക്കണം. അതാണ്‌ മലയാളി മനസ്സ്‌. ദേവന്മാര്‍ ഇങ്ങോട്ട് വന്ന് ബുദ്ധിമു(ട്ടിക്കേണ്ട)ട്ടേണ്ട, ആവശ്യമെങ്കില്‍ ഞങ്ങള്‍ അങ്ങോട്ട്‌ വന്നു കണ്ടോളാം എന്ന് കാര്യസാദ്ധ്യത്തിനല്ലാതെ മാത്രം ദേവാലയത്തില്‍ പോകാന്‍ മടിക്കുന്ന മലയാളി ചിന്തിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.

ഭാരതത്തിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം വളരെയധികം ഭാഗ്യം സിദ്ധിച്ച ഒരു പ്രദേശമാണ്. മലയാളിക്ക് ഇന്നുവരെ തീവ്രമായ പട്ടിണിയോ അതിഭീകരമായ പ്രകൃതിക്ഷോഭമോ യുദ്ധമോ ഭീകരാക്രമണമോ നേരിടേണ്ട ഒരു ഗതികേട്‌ ഉണ്ടായിട്ടില്ല. കാലവര്‍ഷ കെടുതി, ഉരുള്‍ പൊട്ടല്‍, വേനല്‍ കെടുതി, എന്നൊക്കെ ഉറക്കെ പറയുമെങ്കിലും ആന്ധ്രയിലെയോ വടക്കന്‍ സംസ്ഥാനങ്ങളിലെയോ പോലെ ഒരു കെടുതി നാം ഇതു വരെ കണ്ടിട്ടില്ല. കൂടി വന്നാല്‍ ഉത്സവത്തിന്‌ പൊട്ടിക്കുന്ന ഡൈനയല്ലാതെ ഒരു സ്ഫോടനം അനുഭവിക്കേണ്ടി വന്നിട്ടില്ല. ഒരു തീവ്രവാദി ആക്രമണം നേരിടേണ്ടി വന്നിട്ടില്ല. വടക്കേ ഇന്ത്യയിലെ കീഴാളരുടെ പോലെ കഠിനമായ  ഒരു വിവേചനമോ ചൂഷണമോ കേരളത്തില്‍ ഒരുത്തരും അനുഭവിക്കേണ്ടി വന്നിട്ടില്ല. മറ്റുള്ള സംസ്ഥാനങ്ങളില്‍ വളരെ ചെറിയ ശതമാനം ജനങ്ങള്‍ മാത്രം മികച്ച ജീവിതം നയിക്കുമ്പോള്‍ ഇവിടെ നേരെ മറിച്ചാണ് എന്നൊരു ഭാഗ്യമുണ്ട്. എല്ലാം കൊണ്ടും മികച്ചതാണ്, ആകണം നമ്മുടെ ദേശം. പക്ഷെ കേരളത്തില്‍ അനുദിനം നടന്നുകൊണ്ടിരിക്കുന്ന സംഭവ വികാസങ്ങള്‍ കാണുമ്പോള്‍ സത്യത്തില്‍ മനസ്സിനെ മഥിക്കുന്നത് ഭയമാണ്. സന്മാര്‍ഗത്തില്‍ നിന്നും വ്യതിചലിച്ച്, പണത്തിനും പദവിക്കും ശക്തിക്കും പ്രാമുഖ്യം നല്‍കികൊണ്ടുള്ള ജീവിതം നയിക്കാനുള്ള വ്യഗ്രത മലയാളിക്കിടയില്‍ വളര്‍ന്നു വലുതായിട്ടുണ്ട്. ഇത് നമ്മെ എവിടേക്കാണ് നയിക്കുന്നത്? മലയാളി സ്വയം വിശകലനത്തിന് മുതിരുന്നില്ലെങ്കില്‍ ഭീകരമായ ഒരു അസമത്വത്തിലേക്കും അരാജകത്വത്തിലേക്കുമായിരിക്കും കേരളം എത്തി നില്‍ക്കുക. കാലഘട്ടത്തിന്‍റെ ശ്രുതി ഭംഗം തന്നെയാവും അത്.

ഇരുട്ടിലാണ്ട് കിടന്ന ഭാരത യുവത്വത്തിനു പുതിയ വെളിച്ചം നല്‍കിയ  സ്വാമി വിവേകാനന്ദന്‍റെ വാക്കുകള്‍ ശ്രദ്ധിക്കൂ.
“ നാം വേണ്ടതിലേറെ കരഞ്ഞു കഴിഞ്ഞു. ഇനി കരച്ചില്‍ പാടില്ല. സ്വന്തം കാലില്‍ ഉറച്ചു നില്‍ക്കുക, മനുഷ്യരാവുക. മനുഷ്യനെ നിര്‍മിക്കാന്‍ പോന്ന ഒരു മതമാണ്‌ നമുക്കു വേണ്ടത്‌. മനുഷ്യനെ നിര്‍മ്മിക്കുന്ന സിദ്ധാന്തങ്ങള്‍, മനുഷ്യനെ നിര്‍മ്മിക്കുന്ന സമ്പൂര്‍ണ്ണ വിദ്യാഭ്യാസം- അതാണ്‌ വേണ്ടത്‌. സത്യത്തിന്‍റെ പരീക്ഷണം ഇവിടെയാണ്‌- കായികമായോ ബുദ്ധിപരമായോ ആദ്ധ്യാല്‍മികമായോ നമ്മെ ദുര്‍ബലരാക്കുന്ന ഏതൊന്നിനെയും വിഷം പോലെ വര്‍ജ്ജിക്കുക. അതില്‍ ജീവനില്ല. അത് സത്യമാകാന്‍ ന്യായമില്ല. സത്യം ബലപ്രദമാണ്, സത്യം പരിശുദ്ധിയാണ്, സത്യം ഉദ്ദീപകമായിരിക്കണം, ഉത്തേജകമായിരിക്കണം.”
ഇപ്പോഴും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല ഇതിന്.

നല്ലൊരു നാളേയ്ക്കു വേണ്ടി, ഭാവി തലമുറയ്ക്കു വേണ്ടി ഇനിയെങ്കിലും നമുക്ക് സത്യത്തില്‍ നിലകൊളളുന്ന ഇച്ഛാശക്തിയുള്ള മനുഷ്യരാവാം.

1 comment: