About Me

My photo

മനസ്സ് ഇരിങ്ങാലക്കുടയിലും ശരീരം അബുദാബിയിലും നിക്ഷേപിച്ച് നാടിനെക്കുറിച്ചുള്ള സ്വപ്നങ്ങളില്‍ മുഴുകിനടക്കുന്നു.

Saturday, February 12, 2011

പറമ്പിക്കുളം കാട്ടുപോത്ത്‌


വര്‍ഷങ്ങള്‍ക്കു മുന്‍പ്‌, ഡിഗ്രി അവസാന വര്‍ഷത്തിന് പഠിക്കുന്ന സമയം. മാര്‍ച്ച്‌/ സെപ്റ്റംബര്‍ പരീക്ഷ പോലെ വര്‍ഷാവര്‍ഷം ഒരു മുടക്കവുമില്ലാതെ നടക്കുന്ന ഊട്ടി/കൊടൈക്കനാല്‍ വിനോദയാത്ര അക്കൊല്ലവും പൂര്‍വാധികം ഭംഗിയോടെ നടത്താന്‍ കോളേജ് കമ്മറ്റി തീരുമാനിച്ചു. കുറേ തവണ കേറി നിരങ്ങിയ പ്രദേശങ്ങളായതിനാലും അദ്ധ്യാപകരോടൊപ്പമുള്ള ഇത്തരം യാത്രകളില്‍ വെടിക്കെട്ടിനു സ്കോപ്പില്ലാത്തതിനാലും തിരുത്തല്‍വാദി രാജേഷ്‌ അവതരിപ്പിച്ച ബദല്‍ പ്രപ്പോസലിന്‍റെ അടിസ്ഥാനത്തില്‍ കോളേജില്‍ നിന്നു ടൂര്‍ പോകുന്ന ദിവസം തന്നെ ഞങ്ങള്‍ പറമ്പിക്കുളത്തേയ്ക്ക് ടൂര്‍ പോവുകയും ഔദ്യോഗിക വിഭാഗം തിരികെ വരുന്ന അതേ ദിവസം തിരികെ വരാനും തീരുമാനിച്ചു. വീട്ടിലും നാട്ടിലും ഈ മാറാട്ട പരിപാടി അറിയാനുള്ള സാദ്ധ്യത വിരളമാണ്‌ എന്നതും തുടര്‍നടപടികള്‍ക്ക് പ്രചോദനമായി.
അങ്ങനെ കോളേജ് ടൂര്‍ പോകുന്ന ദിവസം രാത്രി അതേ സമയത്ത് ഞങ്ങള്‍ 19 പേരും പറമ്പിക്കുളം യാത്രയ്ക്കായി സെവന്‍സീസ് ബാറിനു മുന്നില്‍ ഒത്തുകൂടി. പ്രത്യേകിച്ചു നിയന്ത്രണങ്ങളില്ലാത്തതിനാലും എങ്ങനെ പോകണം എവിടെയെല്ലാം പോകണമെന്ന് ഒരു മുന്‍കൂര്‍ നിശ്ചയമില്ലാത്തതിനാലും ബോധമുണ്ടാകാന്‍ സാദ്ധ്യതയുള്ള ഏക വ്യക്തി ബസിന്‍റെ ഡ്രൈവര്‍ ആയതിനാലും ടൂറിന്‍റെ കംപ്ലീറ്റ് ചുക്കാന്‍ ഡ്രൈവര്‍ ഡേവിസേട്ടനെ ഏല്‍പ്പിക്കാന്‍ ഐകകണ്ഠ്യേന തീരുമാനമായി. ആ നിമിഷം തന്നെ ട്രിപ്പിന്‍റെ അപകട സാദ്ധ്യതയുടെ ആക്കം ഡേവീസേട്ടന്‍ തിരിച്ചറിഞ്ഞു. ഇന്ന് ഉച്ചക്കെങ്കിലും നിങ്ങള്‍ക്ക്‌ ഈ വിവരം എന്നെ അറിയിക്കാമായിരുന്നില്ലെടാ നാറികളേ... എങ്കില്‍ എനിക്ക് ഈ അപകടത്തില്‍ നിന്നും തലയൂരാമായിരുന്നല്ലോ ... തുടങ്ങി ദീര്‍ഘമായ പല ഡയലോഗുകളും അന്നേരം ഡേവീസേട്ടന്‍റെ ദൈന്യതയേറിയ കണ്ണുകളില്‍ നിന്നും വായിച്ചെടുക്കാമായിരുന്നു.
യാത്ര തുടങ്ങിയതും, വെള്ളിക്കുളങ്ങരയിലെ വീടിനടുത്തുള്ള മലഞ്ചെരുവില്‍ വച്ച് നല്ല പഴങ്ങളെല്ലാം ഇട്ടു വാറ്റിയ സ്പെഷ്യല്‍ വീരഭദ്രന്‍- 6 കുപ്പി, പ്രസാദ്‌ പുറത്തെടുത്തു. രാവിലെ ആയപ്പോഴേക്കും തമിഴ്നാട്ടിലെ പേരറിയാത്ത ഏതോ ഒരു ഗ്രാമത്തില്‍ എത്തിച്ചേര്‍ന്നിരുന്നു. പിന്നീടങ്ങോട്ട് ഡേവീസേട്ടന്‍ കാണിച്ചു തന്ന വെള്ളച്ചാട്ടങ്ങളും വിനോദ പ്രദേശങ്ങളുമെല്ലാം അര്‍ദ്ധബോധാവസ്ഥയില്‍ മറികടന്ന് വൈകുന്നേരമായപ്പോഴേക്കും ഞങ്ങള്‍ പറമ്പിക്കുളം അടുത്തു. സമയാസമയങ്ങളില്‍ കൃത്യമായി ഉള്ളിലേക്ക് അടിച്ചുകേറ്റികൊണ്ടിരുന്ന പ്രസാദിന്‍റെ വീരഭദ്രനും ഉസ്മാന്‍ കൊണ്ടുവന്ന ബോസ്സനും ഉള്ളില്‍ കിടന്ന് സാങ്കേതികപ്രവര്‍ത്തനങ്ങള്‍ മുറയ്ക്ക് നടത്തുന്നതിനാല്‍ പ്രകൃതിയ്ക്കൊക്കെ അന്നുവരെ കാണാത്ത ഒരു ഭംഗി അനുഭവപ്പെട്ടു. കാടിന്‍റെ ഒത്ത നടുവിലുള്ള ആ വഴിയുടെ ഇരുവശങ്ങളിലും മാനുകളെയും കുരങ്ങന്മാരെയും എല്ലാം കണ്ടാസ്വദിച്ച് മുന്നോട്ടു പോകുമ്പോള്‍ പെട്ടെന്നതാ ബസ്സ് സഡന്‍ ബ്രേക്കിട്ടു നിര്‍ത്തി. എന്താണെന്നറിയാന്‍ എല്ലാവരും ആകാംക്ഷയോടെ മുന്നിലേക്ക്‌ നോക്കിയപ്പോളതാ ഒരു കൂട്ടം കാട്ടുപോത്തുകള്‍ വളരെ അലസമായി, സ്വന്തം രാജ്യത്തു വണ്ടിയോടിക്കുന്ന അറബിയുടെ അഹങ്കാരത്തോടെ, വഴിയുടെ കുറുകെ കടന്നു പോകുന്നു.
“കാട്ടുപോത്തും ആനയുമൊക്കെ വന്നാല്‍ ഒന്നും മിണ്ടാതെ വണ്ടി നിര്‍ത്തി അവറ്റകള്‍ കടന്നു പോണ വരെ നിക്കേ രക്ഷ്യെള്ളൂ.” ഡേവീസേട്ടന്‍ കിട്ടിയ ചാന്‍സില്‍ തന്‍റെ വിജ്ഞാനം പുറത്തെടുത്തു.
“ അതെങ്ങാനും നമ്മളെ ആക്രമിക്കാന്‍ വന്നാലോ?” ഉള്ളില്‍ ഉരുണ്ടു കൂടിയ ചെറിയ പേടി പുറത്തു കാണിക്കാതെ, വണ്ടിയിലെ നിശ്ശബ്ദത ഭഞ്ജിച്ചുകൊണ്ട് രാജേഷ്‌ ചോദിച്ചു.
“കാട്ടുപോത്ത് ആക്രമിച്ചാല്‍ ഓടി വല്യ മരത്തില്‍ കേറണം. അല്ലെങ്കി വല്യ പാറപ്പുറത്ത് കേറിപ്പറ്റണം. അല്ലാണ്ട് വേറെ വഴ്യോന്നൂല്യ.” ഡേവീസേട്ടന്‍റെ മറുപടി.
“ അല്ല ഡേവീസേട്ടാ... അപ്പോ അവടെ പുല്യെങ്ങാനും വന്നാലോ?”  പ്രസാദിന്‍റെ സംശയം.
“ഊം... അത്പ്പോ പുലിക്ക് നിന്നെ വേണോ കാട്ടുപോത്തിനെ വേണോ എന്നതനുസരിച്ചിരിക്കും. അത്രെന്നെ.” ഡേവീസേട്ടന്‍ അവനെയൊന്നു ഇരുത്തി നോക്കികൊണ്ട് പറഞ്ഞു.
ഇത്രയൊക്കെ കേട്ടതും ഒരു നിമിഷാര്‍ദ്ധം കൊണ്ട് വീരഭദ്രനും ബോസ്സനുമെല്ലാം പണി നിര്‍ത്തി. ഇത്രയും അപകടം പിടിച്ച സ്ഥലമാണ് ഇതെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഊട്ടിയില്‍ തന്നെ പോയാല്‍ മതിയായിരുന്നു. ഒരു ഒറ്റയാന്‍ വന്ന്‍ ഒന്നു ഞെക്കിയാല്‍ തീരാവുന്നതേയുള്ളൂ ഈ മിനി ബസ്സ്. പുലി വന്നാലും ഗ്ലാസ്സിനിട്ട്‌ ഒരു തൊഴി തന്നാല്‍ അതും തീര്‍ന്നു. ഒന്നൊന്നര മാസം ഒരു പണിയുമെടുക്കാതെ വെറുതെയിരുന്നു സുഖമായി തിന്നാനുള്ള വക ഈ ഒറ്റ ബസ്സില്‍ നിന്നും പുലിക്കു കിട്ടും. പലതും ഡേവീസേട്ടനോടു ചോദിച്ചു മനസ്സിലാക്കണമെന്നുണ്ട്. പക്ഷേ പേടി മൂലം ശബ്ദം ശരിക്കു വരുന്നില്ല. “ ആനേം പുല്യോക്കെ സ്ഥിരാണ് ഇവടെ. കാട്ടുപോത്താണെങ്കി ആദ്യം കൊമ്പോണ്ട് എടുത്ത് ഒരു ഏറാണ്. പിന്നെ കാലു മടക്കി ഒരു തൊഴി. ഒരു മൂന്ന് മൈല് അകലെ പോയി കെടക്കും നമ്മള്. പിന്നെ കാര്യായിട്ടൊന്നും ചെയ്യാന്ണ്ടാവില്ല്യ.” എന്നൊക്കെ ബാക്ക്ഗ്രൗണ്ടില്‍ ഡേവീസേട്ടന്‍ പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. ഇതുകൂടി കേട്ടതോടെ തളര്‍ച്ച പൂര്‍ണ്ണമായി. മനുഷ്യരാണ് ആക്രമിക്കുന്നതെങ്കില്‍ എന്തെങ്കിലുമൊക്കെ പറഞ്ഞ് പിടിച്ചു നില്‍ക്കാം. ഇതിപ്പോ ഈ മൃഗങ്ങളോട് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാനുള്ള ഒരു ഗ്യാപ്പ്‌ കിട്ടില്ലല്ലോ. ഒരു അഡ്വഞ്ചര്‍ ട്രിപ്പ്‌ ആവാമെന്നു രാജേഷ്‌ പറഞ്ഞപ്പോള്‍ അത് ഇത്രത്തോളം ഡേയ്ഞ്ച്റസ്സ് ട്രിപ്പ്‌ ആവുമെന്നു കരുതിയില്ല. എന്തായാലും ചാടിപുറപ്പെട്ടു. ഇവിടെ വരെയെത്തി. ഇനി വേറെ ഓപ്ഷന്‍ ഒന്നുമില്ല. വരുന്നിടത്തു വച്ചു കാണുക തന്നെ എന്ന് കരുതി ധൈര്യത്തിനു വേണ്ടി മാക്സിമം വീരഭദ്രന്‍ അടിച്ചു കേറ്റി. ബോധം പോയാല്‍ പിന്നെ പുലി പിടിച്ചാലും പോത്ത് തൊഴിച്ചാലും അറിയില്ലല്ലോ. ഒന്നുമറിയാതെ മരിക്കാം. അച്ഛന്‍റെയും അമ്മയുടേയും മുഖം മനസ്സില്‍ തെളിഞ്ഞു. മാപ്പ്.... ചെയ്ത തെറ്റുകള്‍ക്കും നിങ്ങളെ ഇത്രയും കാലം പറ്റിച്ചു നടന്നിരുന്നതിനുമൊക്കെ മാപ്പ്.... ഞാന്‍ ഇങ്ങോട്ടു വരുമ്പോള്‍ അവരെന്നെ ശരിക്കു കണ്ടിരുന്നോ ആവോ. എന്റേതെന്നു പറയാന്‍ ഇനി കുറച്ചു എല്ലുകളല്ലേ ഒരു പക്ഷേ അവര്‍ക്ക് കാണാന്‍ കഴിയൂ....ഈശ്വരാ... അതിനേക്കാളേറെ വിഷമം എന്‍റെ പ്രിയ കാമുകി സൗമ്യയെ ബാബുരാജ്‌ കല്യാണം കഴിക്കുമോ എന്നോര്‍ത്തിട്ടായിരുന്നു. അവനു പണ്ടേ അവളുടെ മേലൊരു കണ്ണുണ്ട്. പെണ്ണല്ലേ വര്‍ഗ്ഗം...ഞാന്‍ മരിച്ചു എന്നു കരുതി അവള്‍ വേറെ കല്യാണമൊന്നും കഴിക്കാതെയിരിക്കില്ലല്ലോ. ഇങ്ങനെയൊക്കെ ഉണ്ടാകും എന്നറിഞ്ഞിരുന്നെങ്കില്‍ വരുന്നതിനു മുന്‍പായി അറ്റ്‌ലീസ്റ്റ് ബാബുരാജിനെയെങ്കിലും കല്യാണം കഴിക്കില്ല എന്ന് അവളെക്കൊണ്ട് സത്യം ചെയ്യിപ്പിച്ചു വരാമായിരുന്നു. ചുരുങ്ങിയ പക്ഷം ഒരു പാരയെങ്കിലും പണിയാമായിരുന്നു.
ഇങ്ങനെയെല്ലാം ആലോചിച്ച് തല പുകയുന്നതിനിടയില്‍ ഞങ്ങള്‍ പറമ്പിക്കുളം “സെന്‍ററി”ലെത്തി. അവിടെ തമിഴ്‌നാട്‌ സര്‍ക്കാരിന്‍റെ IB യില്‍ വാച്ച്മാന് കൈമടക്കും വീരഭദ്രനും നല്‍കി ഒരു റൂം തരപ്പെടുത്തി. ഇരുട്ടായാല്‍ അവിടെ വന്യമൃഗങ്ങള്‍ ഈവനിംഗ്‌ വാക്കിന് ഇറങ്ങുമെന്നതിനാല്‍ വേഗം തന്നെ അടുത്തുള്ള ഹോട്ടലില്‍ ചെന്ന് ഭക്ഷണമെല്ലാം കഴിച്ചു തിരിച്ചു വന്നോളാന്‍ വാച്ച്മാന്‍ പറഞ്ഞു.
ഹോട്ടല്‍ എന്നൊക്കെ പറയാമെന്നു മാത്രം. ഒരു ഗ്ലോറിഫൈഡ് ചായക്കട. ആകപ്പാടെ അത് മാത്രമേയുള്ളൂ അവിടെ. അതിനാല്‍ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് എല്ലാവരും വേഗം അങ്ങോട്ടു വച്ചു പിടിച്ചു. അപ്പോഴേക്കും നേരം ഇരുട്ടി തുടങ്ങി. വേഗം ഹോട്ടലില്‍ കേറി ഭക്ഷണമെല്ലാം കഴിച്ചു പുറത്തിറങ്ങി. ഒരു സിഗരറ്റും വലിച്ച് സാധാരണഗതിയിലുള്ള മൂത്രശങ്ക തീര്‍ക്കാന്‍ വെളിച്ചത്തില്‍ നിന്നു മാറി ഹോട്ടലിന്‍റെ സൈഡിലേക്കു നീങ്ങി ഇരുന്നു. പറമ്പിക്കുളത്തെ കാട്ടുമണ്ണില്‍ ചെറിയൊരു നീര്‍ച്ചോല തീര്‍ത്തുകൊണ്ട് മൂത്രപ്പുഴ ഒഴുകുമ്പോള്‍ പിന്നില്‍ എന്തോ ശക്തിയായി ഉച്ഛ്വസിക്കുന്ന ശബ്ദം. സൈക്കിള്‍ പമ്പില്‍ നിന്നും എയറടിക്കുന്ന പോലെ ഒരു കാറ്റും ചെറിയൊരു നനവും എന്‍റെ കാലിലേക്കടിച്ചു.
ഉള്ളിലൂടെ ഒരു ആന്തല്‍ മുകളിലേക്ക് കയറി. ഒഴിച്ചിരുന്ന മൂത്രം പെട്ടെന്നു നിന്നു. തിരിഞ്ഞു നോക്കാന്‍ ഒരു ഭയം. എങ്കിലും രണ്ടും കല്പിച്ച് പതിയെ ഒളികണ്ണിട്ടു തിരിഞ്ഞുനോക്കി. അകലെയുള്ള ബള്‍ബില്‍ നിന്നും വരുന്ന നേരീയ വെളിച്ചത്തില്‍ ഒരു നിഴല്‍ പോലെ പിന്നില്‍ ആ രൂപം ഞാന്‍ കണ്ടു. അതേ. ഭീമാകാരമായ കറുത്ത രൂപം. വീണ്ടും വ്യക്തമായി കണ്ടു.. വളഞ്ഞു നീണ്ട രണ്ടു കൊമ്പുകള്‍....
ദൈവമേ....... കാട്ടുപോത്ത്‌ !!!!!  അതിന്‍റെ ഉച്ഛ്വാസവായുവാണ് എന്‍റെ കാലിലേക്കടിച്ചത്.  കഴിഞ്ഞു... പേടിച്ചിരുന്ന ആ നിമിഷം വന്നടുത്തു. ജീവിതത്തിന്‍റെ അവസാന നിമിഷങ്ങളാണ് കാണുന്നത് എന്നു ഞാന്‍ മനസ്സിലാക്കി. കാഴ്ച മങ്ങുന്ന പോലെ... കയ്യിനും കാലിനുമെല്ലാം ഒരു ഘനം. കാല് ഞാന്‍ വലിക്കുന്നുണ്ട്. പക്ഷേ വരുന്നില്ല. ഒരു മരത്തടി കെട്ടിവച്ച പോലെ. നാവിലും വയറ്റിലുമെല്ലാം ഒരു വൈദ്യുതകമ്പി കേറ്റിയ പോലെ ഒരു ചുട്ടുനീറ്റലും വിറയലും. ഈശ്വരാ... ഈ  19 പേരില്‍ എന്നെ മാത്രം എന്തിനാണ് ഇങ്ങനെ പരീക്ഷിക്കുന്നത്. ഇത്രയൊക്കെ പാപം ഞാന്‍ ചെയ്തിട്ടുണ്ടോ... ഇതിനേക്കാള്‍ നല്ല മരണം എനിക്കു വിധിച്ചിട്ടില്ലേ? എന്നെ വേണമെങ്കില്‍ ആക്സിഡെന്‍ടില്‍ കൊന്നോളൂ. പക്ഷേ കാട്ടുപോത്ത്‌ തൊഴിച്ച് മരിച്ചു എന്നൊക്കെ പറഞ്ഞാല്‍... കഷ്ടം... ഇത്തരത്തിലുള്ള ആലോചനകളെല്ലാം ഒരു സെക്കന്ടിനുള്ളില്‍ ഉള്ളിലൂടെ കടന്നു പോയി. ഉറക്കെ നിലവിളിക്കണമെന്നുണ്ട്. പക്ഷേ ശബ്ദം വരുന്നില്ല. ആവുന്നത്ര രീതിയിലെല്ലാം ശ്രമിച്ചു. നടക്കുന്നില്ല. ഒടുവില്‍ ദൈവത്തിനു കരുണ തോന്നിയെന്നു കരുതുന്നു. കാട്ടുപോത്ത്‌ തന്‍റെ അടുത്ത ആക്ഷനായ തല കുമ്പിട്ടു കൊമ്പില്‍ എന്നെ കോര്‍ക്കുന്ന പരിപാടിക്കു തൊട്ടു മുന്‍പ്‌ എവിടുന്നൊക്കെയോ ഉരുത്തുകൂടിയ കര്‍ണ്ണകഠോരമായ ഒരു വികൃത ശബ്ദം എന്നില്‍ നിന്നും പുറത്തേക്കു വന്നു. അത് ഒരു ആര്‍ത്തനാദമായി അവിടെ അലയടിച്ചു. അതോടുകൂടി താഴെ ഉറച്ചു പോയ കാലും വലിച്ചെടുക്കാന്‍ സാധിച്ചു. പിന്നെ ഒന്നും നോക്കിയില്ല. ജീവന്‍ രക്ഷിക്കാനുള്ള ഒരു പിടച്ചിലായിരുന്നു. അതിന്‍റെ തുടര്‍ച്ചയെന്നോണം    “അയ്യോ....കാട്ടുപോത്ത്‌.......ഓടിക്കോ....” എന്നു ശക്തമായി വിളിച്ചുകൂവി ഞാന്‍ കൂട്ടുകാരുടെ അടുത്തേക്ക് ഓടി. പക്ഷേ അത് വേറെ എന്തൊക്കെയോ വികൃത ശബ്ദങ്ങളായാണ് പുറത്തേക്കു വന്നത്. ഓടുമ്പോള്‍ കാലുകള്‍ക്ക് നീളം കുറയുന്ന പോലെ... ഭൂമിയിലേക്ക്‌ കാലുകള്‍ താഴ്ന്നു പോകുന്ന പോലെ...ഓട്ടത്തിന് വേഗത കുറയുന്നു. എങ്കിലും സര്‍വ്വ ശക്തിയുമെടുത്ത് വീണ്ടും ഓടി. പക്ഷേ നീങ്ങുന്നില്ല. അതിനിടയില്‍ എന്‍റെ വികൃത ശബ്ദവും അതിനേക്കാള്‍ വൃത്തികെട്ട ഓട്ടവും കോപ്രായങ്ങളും കണ്ട് പോത്ത് വിരണ്ടു. കാട്ടില്‍ അന്നുവരെ കാണാത്ത ഇത്തരം ഒരു ജന്തുവിനെ നേരില്‍ കണ്ട് കാട്ടുപോത്ത്‌ ശരിക്കും ഞെട്ടി. കാട്ടുപോത്തിനും തന്‍റെ ജീവന്‍ തന്നെ വലുത്. സ്വന്തം ജീവന്‍ രക്ഷിക്കാനുള്ള അതിന്‍റെ വെപ്രാളത്തില്‍ എന്നേയും കടന്ന്‌ മുന്നോട്ട് പാഞ്ഞുപോയ കാട്ടുപോത്തിന്‍റെ കഴുത്തില്‍ നിന്നും നീണ്ടു കിടന്നിരുന്ന കയറില്‍ കുരുങ്ങി ഞാന്‍ താഴെ വീണു. എന്‍റെ ബോധം പതിയെ മറഞ്ഞു തുടങ്ങി.
“ അയ്യോ... എന്‍റെ എരുമ....ആരെടാ അതിനെ കയറു പൊട്ടിച്ചു വിട്ടത്.?” എന്നുള്ള ചായക്കടക്കാരന്‍റെ ആക്രോശം പതിയെ എന്‍റെ ചെവികളില്‍ പതിച്ചിരുന്നതായി ചെറിയൊരു ഓര്‍മ്മ.
പെട്രോമാക്സും ചൂട്ടും വടിയുമെല്ലാമായി ചായക്കടക്കാരനും എന്‍റെ കൂട്ടുകാരും ആ രാത്രി കയറു പൊട്ടിച്ച് ഓടിയ അയാളുടെ എരുമയെ തേടി നടക്കുമ്പോള്‍ ഞാന്‍ തമിഴ്നാട് IB യിലെ മുറിയില്‍ പനിച്ചു തുള്ളി ബോധമില്ലാതെ കിടക്കുകയായിരുന്നു.

2 comments:

 1. grt one!!!! :) really luvd it!!! :)
  100/100 marks from ma side 4 this..
  coz it made me 2 rewind ma school days too :)
  all dose moments wl nvr gonna cum bak.. :(

  ReplyDelete
 2. ഇവിടെങ്ങും ആളനക്കമൊന്നും കാണുന്നില്ലല്ലൊ
  നല്ല ഒഴുക്കുള്ള എഴുത്ത്‌.
  എനിക്കിഷ്ടപ്പെട്ടു

  ReplyDelete