Friday, December 30, 2011

വര്‍ഷാന്ത്യ കണക്കെടുപ്പ്


ഇന്ന് ഡിസംബര്‍ 31
ലോകജനത ഏകീകൃത കണക്കെടുപ്പ് നടത്തുന്ന ദിവസം.
ജാതി മത ദേശ ഭാഷാ ഭേദമന്യേ സകലമാന ജനങ്ങളും തങ്ങളുടെ ജീവിതത്തിലെ ഒരു വര്‍ഷത്തെ ഗുണദോഷ ലാഭനഷ്ട കണക്കുകള്‍ വിശകലനം നടത്തുന്നതിന്നാണ്.
എന്തിനെന്ന് ചോദിച്ചാല്‍ അതങ്ങനെയാണ്. അത്ര തന്നെയേ അതിനു മറുപടിയുള്ളൂ.
ലാഭനഷ്ടങ്ങള്‍ വീതം വയ്ക്കാനോ ആരെയും ബോധിപ്പിക്കാനോ അല്ല, മറിച്ച് വീണ്ടും മോഹങ്ങളുടെ തേരിലേറി സ്വയം വിഡ്ഢിയാക്കപ്പെടാന്‍... ആണോ?
എന്തിനെന്നറിയാതെ ആളുകള്‍ പോയ വര്‍ഷത്തെ വിശകലനം ചെയ്യുകയും അടുത്ത വര്‍ഷം തീച്ചയായും നടപ്പാക്കേണ്ട കാര്യങ്ങളെ കുറിച്ച് തീരുമാനിച്ചുറപ്പിച്ച് ഗൌരവമായി ചര്‍ച്ച ചെയ്യുകയും കാണുമ്പോള്‍ അത്ഭുതം തോന്നുന്നു. പ്രത്യേകിച്ച് ബുദ്ധിമാന്മാര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന മലയാളികള്‍. വെറും മലയാളി ഗ്ലോബല്‍ മലയാളിയായി മാറിയപ്പോള്‍ സംക്രാന്തി ഡിസംബര്‍ 31-നും മേടം ഒന്ന് ജനുവരി ഒന്നിനും സ്വാഭാവികമായും വഴിമാറി കൊടുത്തതുകൊണ്ടാണോ ഈ പരിണാമങ്ങള്‍?
ഇന്നത്തെ യുവത്വവും അവരുടെ മുന്‍ തലമുറയുടെ ഒരു ഭാഗവും ഇതില്‍ പെട്ട്  മുന്നോട്ടു പായുമ്പോള്‍ മുന്‍ തലമുറയുടെ മറു ഭാഗവും പിന്‍ തലമുറകളുടെ അവസാന കണ്ണികളും മാറി നിന്ന് ഇതെല്ലാം കാണുന്നു. വര്‍ഷാന്ത്യ വിശകലനങ്ങളും കണക്കെടുപ്പുകളുമില്ലാതെ പത്തെണ്‍പത് കൊല്ലം എങ്ങനെ ജീവിതം നയിച്ചു എന്നത്ഭുതപ്പെടാതെ തന്നെ.
ബാഹ്യ ശക്തികളുടെ കടന്നുകയറ്റവും നിയന്ത്രണങ്ങളും ഇല്ലാത്ത അവരുടെ ജീവിതത്തില്‍ ആവശ്യങ്ങളും ലക്ഷ്യങ്ങളും നിശ്ചിത വ്യാസത്തിന് പുറത്തേക്കു നയിക്കപ്പെട്ടിരുന്നില്ല. മനുഷ്യമനസ്സില്‍ മോഹങ്ങള്‍ കുത്തിവയ്ച്ചു ജീവിത നിലവാരം വലിച്ചുയര്‍ത്തി അവരെ ആഗ്രഹങ്ങള്‍ക്ക് പുറകെ പായാന്‍ പ്രേരിപ്പിക്കുന്നതില്‍ ഇടക്കാലത്ത് വാണിജ്യമേഖല നടത്തിയ കുതിച്ചു ചാട്ടം അമ്പരിപ്പിക്കുന്നതു തന്നെയായിരുന്നു. അതിന് ഉപോല്‍ബലകമായി, നിലനില്പിനും മാത്സര്യത്തിനും വേണ്ടി വാര്‍ത്തകളും ആഘോഷങ്ങളും സൃഷ്ടിക്കുന്ന ഒരു കൂട്ടം മാധ്യമങ്ങളും.
മുന്‍തലമുറയ്ക്ക് അവരുടെ ആഗ്രഹങ്ങളുടെ ലിസ്റ്റ് മനസ്സില്‍ കുറിച്ചിടാനുള്ളതേ ഉണ്ടായിരുന്നുള്ളൂവെങ്കില്‍ ഇന്നത്‌ ഒരു എക്സല്‍ ഷീറ്റിലാക്കി വയ്ക്കാനുള്ളിടത്തോളം വലുതായിരിക്കുന്നു. പുത്തന്‍ യുവത്വത്തിന് ഒരു 16GB മെമ്മറി കാര്‍ഡിലാക്കാന്‍ പാകത്തില്‍ അത് വളര്‍ന്നിട്ടുണ്ടാകാം.
ഈ വക വിശകലനങ്ങളില്‍ ഒരു തെറ്റും ശരിയുമുണ്ടോ?
ശരി തെറ്റുകള്‍ക്കുപരി അവനവന്‍റെ ആത്മസംതൃപ്തിയാണോ അതിനു മാനദണ്ഡം?
എങ്കില്‍, ആത്മസംതൃപ്തിയുടെ മാനദണ്ഡം ആഗ്രഹവ്യാപ്തിക്കനുസൃതമായി മാറുമ്പോള്‍ മാനദണ്ഡങ്ങള്‍ക്ക് ഒരു മാനദണ്ഡം കല്പ്പിക്കേണ്ടി വരുമോ?

കണ്‍ഫ്യൂഷന്‍......
വീണ്ടും കണ്‍ഫ്യൂഷന്‍..... ഇന്നേ ദിവസം തന്നെ എന്തിനു ഞാനീ വിശകലങ്ങള്‍ക്ക് പുറകേ പോയി?
അടുത്ത വര്‍ഷം എന്തായാലും ഇങ്ങനെയൊന്നും പോരാ. എല്ലാം കുറിച്ചിടാന്‍ മനസ്സിനും വലുപ്പം പോരാ, എക്സല്‍ ഷീറ്റ് തന്നെ വേണം.

Wednesday, November 16, 2011

ആലുവ ഫ്രീ സോണ്‍ AAFZ


ഇക്കഴിഞ്ഞദിവസമാണ് അച്യുതന്‍ എന്നോട് ആ സംഭവത്തെക്കുറിച്ച് പറഞ്ഞത്. കേട്ടപ്പോള്‍ എനിക്കും ചെറിയൊരു പേടിയൊക്കെ തോന്നി. എന്‍റെ അടുത്ത സുഹൃത്താണ് അച്ചു. ബാങ്കുദ്യോഗസ്ഥന്‍. എന്തോ ട്രെയിനിങ്ങിന്‍റെ ഭാഗമായി കുറച്ചു നാള്‍ മുന്‍പ് ആലുവയില്‍ താമസിക്കുകയുണ്ടായി. വൈകിട്ട് ഹോട്ടല്‍ മുറിയില്‍ ഇരുന്നു മുഷിഞ്ഞപ്പോള്‍ ആലുവ മണപ്പുറത്തെ തണുത്ത കാറ്റുമേറ്റ് പതിയെ നടക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടു മൂപ്പര്. നേരം സന്ധ്യ മയങ്ങി, ഇരുട്ട് വീണു തുടങ്ങി. അധികം ബഹളങ്ങളൊന്നുമില്ലാതെ പരന്നൊഴുകുന്ന ആലുവപ്പുഴയും വിശാലമായ മണപ്പുറവും നോക്കി മതിമറന്നങ്ങിനെ ഇരുന്നപ്പോഴാണ് അച്ചു ആ സ്ത്രീ ശബ്ദം കേട്ടത്.
“ എത്ര കാലമായി ഞാന്‍ അന്വേഷിക്കുന്നു. ഇന്നെങ്കിലും വന്നല്ലോ. എനിക്ക് സമാധാനമായി.”
ആ ശബ്ദം എവിടെ നിന്നാണെന്നുമറിയാതെ അച്ചു ചുറ്റും നോക്കി. ആരെയും കാണുന്നില്ല. ആരോ ആരെയോ കാത്തിരുന്നു കണ്ടുമുട്ടിയതിന്‍റെ വികാരപ്രകടനം കുറച്ച് ഉച്ചത്തിലായതിന്‍റെയായിരിക്കും.
“എന്താ ഞാന്‍ പറഞ്ഞത് കേള്‍ക്കാത്ത പോലെ ഇരിക്കുന്നേ? ഇവിടെ... ഇങ്ങോട്ട് നോക്കൂ..”
പരിസരത്തെങ്ങും ആരെയും കാണുന്നുമില്ല. ഇനി തന്നോട് തന്നെയാണോ? അച്ചു കണ്ണട ഊരി തുടച്ച് ഒന്ന് കൂടി ചുറ്റും നോക്കി.
“ഇങ്ങോട്ട് നോക്കൂ.. ഞാനിവിടെ തന്നെയുണ്ട്‌.”  വീണ്ടും അതേ ശബ്ദം.
ഊം..... ഇത് അത് തന്നെ കേസ്. അമ്പടി കേമീ.... പെട്ടെന്ന് മനസ്സില്‍ രണ്ടു മൂന്നു ലഡ്ഡു പൊട്ടിയെങ്കിലും ഇത്തരം ചവറു കേസുകളില്‍ താല്പര്യമില്ലാത്തതിനാലും ഇനി ഇവിടെ നിന്നാല്‍ കൂടുതല്‍ വല്ല അപകടത്തിലേക്കും എടുത്തെറിയപ്പെട്ടാലോ എന്ന ഭയം കൊണ്ടും അച്ചു പതിയെ എഴുന്നേറ്റ് നടന്നു നീങ്ങാന്‍ തുടങ്ങി.
“സ്വാമീ... പോവുകയാണോ? അയ്യോ എന്നെ ഉപേക്ഷിച്ച് പോകല്ലേ.”
ഹും... ഇത് വിചാരിച്ച പോലെയല്ല.. വേഗം തടി രക്ഷിക്കുകയാണ് നല്ലത്. ഇവര്‍ ചിലപ്പോള്‍ ഒരു സംഘം തന്നെയുണ്ടാകും. എന്തായാലും അവള്‍ ആളു കേമി തന്നെ. സ്വാമീ എന്നൊക്കെ വിളിച്ച് എല്ലാ അടവുകളും നോക്കുന്നുണ്ട്.
“ കഴിഞ്ഞ എട്ടു കൊല്ലമായി ഞാനിവിടെ തന്നെ സ്വാമിയെയും കാത്തുനില്‍ക്കുന്നു. എന്നെ അങ്ങേക്ക് മനസ്സിലാവാന്‍ വഴിയില്ല. എട്ടു കൊല്ലം മുന്‍പ് അങ്ങ് ആവാഹിച്ചു വരുത്തിയ ആത്മാവാണ് ഞാന്‍. അങ്ങേക്ക് മാത്രമേ എന്നെ രക്ഷിക്കാനാകൂ. ഇത്രയും കാലം അങ്ങയുടെ വരവും കാത്ത് ഞാനിവിടെ കഴിയുകയായിരുന്നു.”
അച്ചു ഒരു നിമിഷം ഞെട്ടിത്തരിച്ചു നിന്നു. ആത്മാവോ??? ആവാഹിക്കുകയോ??? മനസ്സില്‍ നേരത്തേ പൊട്ടിയ ലഡ്ഡുവെല്ലാം ഡൈനാമിറ്റുകളായി തിരിച്ചു പൊട്ടിയ പോലെ. വായ വരണ്ടു പോകുന്നു. കണ്ണില്‍ ഇരുട്ടു കേറിയതോ അതോ രാത്രി ഇരുണ്ടതോ എന്ന് നിശ്ചയമില്ല. ഹേയ്... പ്രേതമാകാന്‍ തരമില്ല. ഇവറ്റകളൊക്കെ അര്‍ദ്ധരാത്രിയാണ് പുറത്തിറങ്ങുക എന്നാണല്ലോ മുത്തശ്ശി പറഞ്ഞു തന്നിട്ടുള്ളത്.... ആവോ... പറയാന്‍ പറ്റില്ല. ആലുവാ മണപ്പുറമല്ലേ... ആത്മാക്കളുടെ ഫ്രീ സോണ്‍.. അവരുടെ ലോകമഹാസമ്മേളനം നടക്കുന്ന സ്ഥലം...
“എട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ശിവരാത്രി നാള്‍ ബലിയിടാന്‍ വന്ന എന്‍റെ മക്കള്‍ക്ക്‌ വേണ്ടി അങ്ങ് എന്നെ ആവാഹിച്ചു വരുത്തി കര്‍മ്മങ്ങളൊക്കെ ചെയ്തു. പക്ഷെ അന്നത്തെ തിരക്കിനിടയില്‍ അങ്ങ് എന്നെ തിരികെ ആത്മാക്കളുടെ ലോകത്തേക്ക് പറഞ്ഞയക്കാനുള്ള കര്‍മ്മങ്ങള്‍ ചെയ്തില്ല. അതുകൊണ്ട് ഞാനിവിടെ കുടുങ്ങിപ്പോയി. എന്നെ ആവാഹിച്ചു വരുത്തിയ അങ്ങേക്ക് മാത്രമേ ഇനി എന്നെ തിരികെ പറഞ്ഞയക്കാന്‍ കഴിയൂ. ഇനി കുറച്ചു കാലത്തിനുള്ളില്‍ എനിക്ക് തിരികെ പോകാന്‍ സാധിച്ചില്ലെങ്കില്‍ മോക്ഷം കിട്ടാതെ കാലാകാലം ഞാന്‍ ഇവിടെ തന്നെ അലയേണ്ടി വരും. ഇനി എന്തായാലും അത് വേണ്ട. അങ്ങ് വന്നല്ലോ. സമാധാനമായി.”
അവര്‍ പറഞ്ഞു നിര്‍ത്തി.
വര്‍ഷങ്ങള്‍ക്കു മുന്‍പ് കോളേജില്‍ പഠിക്കുന്ന സമയത്ത് ഒരു ശിവരാത്രി ദിവസം ഇളയത് സ്വാമിയുടെ മക്കളുടെ കൂടെ മൂന്നു നാല് സുഹൃത്തുക്കളുമൊരുമിച്ചു ആലുവ ശിവരാത്രിക്ക് പോയതാണ്. ആലുവ മണപ്പുറത്തെ കാഴ്ചകളും കറക്കവും കഴിഞ്ഞെത്തിയപ്പോഴേക്കും മണപ്പുറത്തെ പ്രസിദ്ധമായ ബലിയിടല്‍ ചടങ്ങ് തുടങ്ങിയിരുന്നു. അന്ന് ഇളയത് സ്വാമിയുടെ മക്കളുടെ കൂടെ ഒരു പരികര്‍മ്മിയായി ഒരു രസത്തിനു കൂടെ നിന്നു. കുറച്ചു കഴിഞ്ഞപ്പോഴേക്കും തിരക്ക് വര്‍ദ്ധിച്ച് വരുന്നവരെയെല്ലാം അറ്റന്‍ഡ് ചെയ്യാന്‍ പറ്റാതെയായി. ബലിയിടാന്‍ വരുന്നവര്‍ തിരക്കില്ലാതെ ഒഴിവുള്ള സ്ഥലം തേടി പോകും. പോയത് പോയി. ഇളയതിനെ സംബന്ധിച്ച് “ദക്ഷിണ” പരമാവധി ഉണ്ടാക്കാനുള്ള അവസരമാണത്. ഇളയതിന്‍റെ എളിയ ബുദ്ധിയില്‍ ഒരു സൂത്രമുദിച്ചു. ബലിയിടാന്‍ വരുന്നവരെ സംബന്ധിച്ച് കര്‍മ്മം ചെയ്യിക്കുന്നവര്‍ ഇളയതാണോ നായരാണോ നമ്പൂരിയാണോ എന്നൊന്നും അറിയാന്‍ പോകുന്നില്ല. എവിടെനിന്നൊക്കെയോ വരുന്നവര്‍. അവര്‍ക്കെന്തറിയാം..സാധനങ്ങള്‍ പൊതിഞ്ഞു കെട്ടിക്കൊണ്ടുവന്ന നൂലെടുത്തു മൂന്നു ചുറ്റുചുറ്റി പൂണൂലാക്കി അച്യുതന്‍റെ കഴുത്തിലിട്ടു കൊടുത്തു ഇളയത്‌. കൂടാതെ കൂട്ടുവന്ന മറ്റു നാലുപേരുടെ കഴുത്തിലും ഇട്ടു കൊടുത്തു ഓരോന്ന്. ഇവരെ വച്ച് പുഴക്കടവില്‍ അഞ്ചു കൌണ്ടര്‍ കൂടി പുതുതായി ഇളയത്‌ ഉടനടി തുറന്നു. ആകെ കുറച്ചു ദര്‍ഭപ്പുല്ലും തുളസിപ്പൂവും വീതം വയ്ക്കണം എന്നതു മാത്രമാണ് പുതിയ കൌണ്ടര്‍ തുറക്കാനുള്ള മൂലധനം എന്നുള്ളതുകൊണ്ട് കാര്യങ്ങള്‍ വളരെ എളുപ്പമായി. യുവത്വത്തിന്‍റെ കുരുത്തക്കേടുകള്‍ക്കിടയില്‍ നിനച്ചിരിക്കാതെ കിട്ടിയ പുതിയ റോളില്‍ അച്യുതനും കൂട്ടരും ഹാപ്പി. പരികര്‍മ്മികള്‍ കര്‍മ്മികളായി. കുറച്ചു നേരം സഹായിയായി നിന്നതുകൊണ്ട് ചടങ്ങുകളൊക്കെ ഒരു വിധം ഒപ്പിക്കുകയും ചെയ്യാം. ഇനി അഥവാ കുറച്ചൊക്കെ തെറ്റിയാലും ആര്‍ക്കു ചേതം..
അങ്ങനെ അന്നത്തെ ആ കളിക്കിടയില്‍ ആവാഹിച്ചു വരുത്തിയ ആത്മാവാണത്രേ ഈ മുന്നിലിരുന്ന് എണ്ണിപ്പെറുക്കുന്നത്. ഹെന്‍റീശ്വരാ... ആവാഹിക്കണമെന്നും കര്‍മ്മങ്ങള്‍ കഴിഞ്ഞ് ഉദ്ധ്വസിച്ച് മേല്‍പ്പോട്ട്‌ തിരിച്ചു വിടണമെന്നും അന്ന് ഇളയത് പറഞ്ഞു തന്നിരുന്നു. പക്ഷേ ഇതിനെ മാത്രം പറഞ്ഞയച്ചില്ലേ? ആവോ... ആര്‍ക്കറിയാം...അന്ന് അപ്പോള്‍ കണ്ടുപഠിച്ച ക്രിയാവിധികള്‍ എന്തൊക്കെയോ കാട്ടിക്കൂട്ടി എന്ന് മാത്രം. അത് അപ്പോള്‍ തന്നെ മറന്നു പോയിരുന്നു. പിന്നീട് ശിവരാത്രിക്ക് പോയിട്ടുമില്ല. അന്നത്തെ ഒരു രസത്തില്‍ ചെയ്ത കാര്യങ്ങള്‍..... അതിന് ഇങ്ങനെയൊരു വാല്‍ക്കഷ്ണം ബാക്കിപത്രമായി ഉണ്ടാകുമെന്ന് കരുതിയില്ല. കിട്ടിയ ദക്ഷിണയില്‍ നിന്ന് ഒരു ഫുള്ളിനുള്ള കാശെടുത്തിട്ട് ബാക്കി എല്ലാം ഇളയതിനു തന്നെ കൊടുക്കുകയാണ് ഉണ്ടായത്. അപ്പോള്‍ ദക്ഷിണ കണക്ക് വച്ചു നോക്കുകയാണെങ്കില്‍ ഈ ബാധയുടെ അവകാശി ഇളയത്‌ തന്നെയല്ലേ...
“സ്വാമി എന്താ ആലോചിക്കുന്നത്? എന്നെ തിരികെ പറഞ്ഞയക്കാനുള്ള കാര്യങ്ങള്‍ ചെയ്യൂ.. എനിക്ക് ധൃതിയായി.” ആത്മാവ് പറഞ്ഞു.
“ശ്ശ്....” മിണ്ടാതിരിക്ക് എന്ന് ആംഗ്യം കാണിച്ചുകൊണ്ട് അച്ചു മൊബൈല്‍ ഫോണെടുത്ത് വിളിക്കാന്‍ ശ്രമമാരംഭിച്ചു. ഇളയതിനെ ലൈനില്‍ കിട്ടുന്നുമില്ല. തിരിച്ചു പറഞ്ഞയക്കാനുള്ള മന്ത്രമൊന്നു കിട്ടിയാല്‍ ഈ മാരണത്തെ ഒന്ന് ഒഴിവാക്കാമായിരുന്നു. അല്ലെങ്കിലും ആവശ്യസമയത്ത് ആരെയും കിട്ടില്ല. ഭയത്തില്‍ നിന്നും പതിയെ മുക്തി നേടിയ അച്ചുവിന് കുറേശ്ശെ ദേഷ്യം വന്നു തുടങ്ങിയിരുന്നു. മട്ടും മാതിരിയും കണ്ടിട്ട് ഇത് തന്നെ ഉപദ്രവിക്കില്ല എന്ന് ഉറപ്പാണ്‌. അച്ചു മനസ്സിലോര്‍ത്തു.

“ എന്താ സ്വാമീ... ക്രിയക്കുള്ള സാധനങ്ങള്‍ ഒരുക്കൂ... എന്നെ ഒന്ന് പെട്ടെന്ന് പറഞ്ഞയക്കൂ..അല്ലെങ്കില്‍ ഞാനീ മണപ്പുറത്ത് തന്നെ അലഞ്ഞു നടക്കേണ്ടി വരും. ഈ മണപ്പുറം ഞങ്ങളുടെ ഫ്രീ സോണ്‍ ആയതുകാരണം ഇത്രയും നാള്‍ വലിയ പ്രശ്നങ്ങളില്ലാതെ ഇവിടെ പിടിച്ചു നിന്നു. ഇവിടുത്തെ കാലാവധിയും തീരാറായി. അതിനു മുന്‍പ് എന്നെ പറഞ്ഞയച്ചില്ലെങ്കില്‍ എനിക്ക് മോക്ഷം ലഭിക്കില്ല. എന്‍റെ സന്തതി പരമ്പരകള്‍ക്ക് ദോഷമാവുമത്.” ആത്മാവ് തിടുക്കം കൂട്ടി തുടങ്ങി.
“ എന്‍റെ ചേച്ചീ... ഞാന്‍ സ്വാമിയുമല്ല, ഇളയതുമല്ല. നല്ല എ ക്ലാസ്സ്‌ നായരാണ്. അന്ന് ഞാനെന്തോ കോപ്രായം കാട്ടിക്കൂട്ടി എന്നുകരുതി എന്‍റെ വിളി കേട്ടപ്പോഴേക്കും എന്തിനാ ആക്രാന്തം മൂത്ത് ഇങ്ങോട്ട് ചാടിക്കേറി പോന്നത്? വെറുതെ എന്‍റെ വിളി കേട്ട് ഇങ്ങോട്ട് പോരാമെങ്കില്‍ ആ ഞാനിതാ പറയുന്നു... ദയവു ചെയ്തു തിരികെ പോകൂ.... ഇനി ഇതുകൊണ്ടൊന്നും തിരികെ പോകാന്‍ സാധിക്കുന്നില്ലെങ്കില്‍ ശിഷ്ടകാലം ഇവിടെ തന്നെ കഴിഞ്ഞുകൂടിക്കോളൂ... എന്തായാലും ഇവിടെ ഒക്കെ നല്ല പരിചയമായല്ലോ.. എന്നെക്കൊണ്ട് ഇത്രയൊക്കെയേ സാധിക്കൂ.”
ഒറ്റ ശ്വാസത്തില്‍ ഇത്രയും പറഞ്ഞൊപ്പിച്ച്, ആത്മാവിനെ അവിടെ നിഷ്കരുണം ഉപേക്ഷിച്ച് അച്യുതന്‍ വലിഞ്ഞു നടന്നു. പോയ്ക്കാലങ്ങളില്‍ ചെയ്തുകൂട്ടിയ ബാക്കി വിക്രിയകളുടെ കണക്കെടുപ്പ് തുടങ്ങിക്കൊണ്ട്.
കുറിപ്പ്: ഇതിലെ രണ്ടാമത്തെ കൌണ്ടറില്‍ ഇരുന്നിരുന്നത് ഞാനാണെന്ന് അച്ചു ഒരു പക്ഷേ ആരോപിക്കാന്‍ ഇടയുണ്ട്. കാലങ്ങളായി ഇരുളടഞ്ഞു കിടന്നിരുന്ന ചില നഗ്നസത്യങ്ങള്‍ വെളിപ്പെടുത്തിയതിന്‍റെ പ്രതികാരമായി കണക്കാക്കി അതിനെ നിങ്ങള്‍ തള്ളിക്കളയും എന്ന വിശ്വാസത്തോടെ.......
ഒപ്പ്‌

Saturday, September 10, 2011

റണ്‍വേയിലെ ഓണസദ്യ


ക്ണിം.... ”അബുദാബിയില്‍ നിന്നും കൊച്ചിയിലേക്ക് പോകുന്ന 412-ാ൦ നമ്പര്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്സ്‌ നാല്‍പതു മിനിറ്റ്‌ വൈകി രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ എത്തിച്ചേരുന്നതാണ്”. എയര്‍പോര്‍ട്ടിലെ കാത്തിരുപ്പു മുറിയില്‍ എന്‍റെ മനസ്സില്‍ കുറേക്കൂടി നിരാശ നിറച്ചുകൊണ്ട്‌ ആ സ്ത്രീ ശബ്ദം പറഞ്ഞുനിര്‍ത്തി.
ശ്ശോ... നാളെ തിരുവോണത്തിന് എങ്ങനെയെങ്കിലും വീട്ടിലെത്തണമെന്ന് നിശ്ചയിച്ചതാണ്. എത്ര കഷ്ടപ്പെട്ടിട്ടാണ് ഇതിലെങ്കിലുമൊരു ടിക്കറ്റ്‌ തരപ്പെടുത്തിയതെന്ന് എനിക്കും ട്രാവല്‍സിലെ രഞ്ജിയ്ക്കും മാത്രമേ അറിയൂ. ഇനിയും ഇതിങ്ങനെ വൈകിയാല്‍ അവിട്ടത്തിനേ വീട്ടിലെത്തൂ എന്നാ തോന്നണെ. നാട്ടിലെ ഓണവും ആഘോഷങ്ങളും എല്ലാം ഓര്‍ത്തപ്പോള്‍ കൊതി മൂത്ത് അതൊരാധിയായി തീര്‍ന്നു. ഒപ്പം എയര്‍ ഇന്ത്യയെ മനസ്സില്‍ ശപിക്കുകയും ചെയ്തു. നേരം വൈകികൊണ്ടിരിക്കുന്നതില്‍ മുഷിഞ്ഞിട്ടാവാം അടുത്തിരുന്ന തമിഴ്‌ കുടുംബം നിലത്ത് ഷീറ്റ് വിരിച്ച് കൊണ്ടുവന്ന ഭക്ഷണങ്ങളെല്ലാം നിരത്തി കുട്ടികളെ തൈരുസാദം തീറ്റിക്കുന്ന തിരക്കിലേര്‍പ്പെട്ടു. മറ്റു പല കുട്ടികളും അവിടെയെല്ലാം ഓടി കളിച്ചു കൊണ്ടിരിക്കുന്നുണ്ട്. മുറിയിലെ ചില്ലുജനാലയ്ക്കരികില്‍ കറുത്ത് മെലിഞ്ഞ താടിക്കാരന്‍ ഇതൊന്നും ശ്രദ്ധിക്കാതെ അങ്ങകലെ നിര്‍ത്തിയിട്ടിരിക്കുന്ന വിമാനങ്ങളും നോക്കി ബീഡി വലിച്ചുകൊണ്ട് നില്‍ക്കുന്നു. നീണ്ട ഇടനാഴിയുടെ അങ്ങേയറ്റത്ത്‌ മൂത്രപ്പുരയുടെ വാതില്‍ക്കല്‍ കാവല്‍ക്കാരന്‍ മേശപ്പുറത്ത് തലയും ചായ്ച്ച് കിടന്നുറങ്ങുന്നുണ്ട്. അടുത്തു തന്നെ ഒരു ബോര്‍ഡും. “മൂത്രം-2 ദിര്‍ഹം. കക്കൂസ്-5 ദിര്‍ഹം. വെള്ളിയാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും സൌജന്യം.”..കാശു വാങ്ങിയിട്ടെന്താ കാര്യം.. ഒരു വൃത്തിയുമില്ല‍. അടുത്ത മുറിയില്‍ വെളുത്തേടത്തി അമ്മിണി കുട്ടികളെ ഇംഗ്ലീഷ്‌ പഠിപ്പിക്കുന്നു. ജാനകി ടീച്ചര്‍, മൊറായിയുടെ പശുവിന് പുല്ലു ചെത്താന്‍ പോയ ഒഴിവിനു വന്നതായിരിക്കും.
“മുംബൈ വഴി ബാങ്ക്ലൂര്‍ക്ക് പോകുന്ന 547-ാ൦ നമ്പര്‍ ഇത്തിഹാദ്‌ ഫ്ലൈറ്റ് സ്റ്റാന്‍ഡ് വിട്ടുപോണം.... 547 ഇത്തിഹാദ്‌.... ഉടന്‍ സ്റ്റാന്‍ഡ് വിട്ടുപോണം”. ഏറണാകുളം സ്റ്റാന്‍ഡിലെ ആ മനുഷ്യന്‍ ഇവിടെയിരുന്നു അനൌണ്‍സ്മെന്‍റ്  തകൃതിയായി നടത്തുന്നു. ഇയാള്‍ക്ക് എന്നാണാവോ ഇവിടെ ജോലി കിട്ടിയത്.. ഇനിയെന്തായാലും ഫ്ലൈറ്റുകളൊന്നും തന്നെ പഴയപോലെ വെറുതെ വട്ടം കറങ്ങി എയര്‍പോര്‍ട്ടില്‍ നില്‍ക്കില്ല. അയാള്‍ അനൌണ്‍സ് ചെയ്ത് ഓടിച്ചു വിട്ടോളും. അയാള്‍ക്കു പിന്നിലെ ബഞ്ചുകളില്‍ കുറെ പൈലറ്റുമാര്‍ ബീഡിയും വലിച്ച് വര്‍ത്തമാനവും ബഹളങ്ങളുമായി ഇരിക്കുന്നുണ്ട്. ഡ്യൂട്ടിയില്ലെങ്കിലും ശീട്ടുകളിക്കാന്‍ വന്നിരിക്കുന്നതായിരിക്കും...
“അതേയ്....ഊണിനുള്ളവരെല്ലാം ആ റണ്‍വേയിലേയ്ക്കിരുന്നോളൂ. അവിടെ ഇലയിട്ടിട്ടുണ്ട്. എല്ലാവരും ചെല്ലൂ”. തലയിലൊരു തോര്‍ത്തും കെട്ടി ആദ്യാവസാനക്കാരനെപ്പോലെ തോന്നിക്കുന്ന ഒരു മനുഷ്യന്‍ വന്ന് എല്ലാവരോടുമായി ഉറക്കെ പറഞ്ഞു. അയാള്‍ പറഞ്ഞു നിര്‍ത്തിയതും പിന്നെയൊരു തിക്കും തിരക്കുമായിരുന്നു അവിടെ. എങ്ങനെയൊക്കെയോ ഉന്തിത്തള്ളി ഗേറ്റ്കടന്നു ഞാനും റണ്‍വേയിലെത്തി. മത്സരയോട്ടത്തിനും കസേരകളിയ്ക്കുമൊടുവില്‍ എനിക്കും എങ്ങനെയോ ഒരു സീറ്റ്‌ തരപ്പെടുത്താനായി. വിളമ്പലുകാരന്‍ കുമാരനും കൂട്ടരും ഇന്ന് പുതിയ വേഷത്തിലാണ്,
ഇലയ്ക്കു മുന്നിലെ കാത്തിരിപ്പിനൊടുവില്‍ വിളമ്പാന്‍ ഉപ്പിലിട്ടതും ഉപ്പേരിയുമായി ലവനും കുശനും വന്നു. പിന്നാലെ സദ്യവട്ടങ്ങളുമായി അര്‍ജുനന്‍, കൃഷ്ണന്‍, കീചകന്‍, ദുര്യോധനന്‍, ദുശ്ശാസനന്‍ തുടങ്ങിയവര്‍.. ദമയന്തിയും പാഞ്ചാലിയും കഴുകി വൃത്തിയാക്കിയ ഗ്ലാസ്സുകള്‍ നിറച്ച കുട്ടയുമേന്തി വരുന്നുണ്ട്. എല്ലാത്തിനും മേല്‍നോട്ടം വഹിച്ചുകൊണ്ട് ആ തലേക്കെട്ടുകാരന്‍ അങ്ങോട്ടുമിങ്ങോട്ടും ഓടി നടക്കുന്നുമുണ്ട്. നല്ല അസ്സല്‍ സദ്യ. കാളന്‍റെയും പലടയുടെയും സ്വാദ്‌ വച്ചുനോക്കിയാല്‍ ദേഹണ്ഡം സുബ്രഹ്മണ്യസ്വാമി ആവാനേ തരമുള്ളൂ. പാലട അതിഗംഭീരം. കഴിച്ചിട്ടു മതിയായില്ല. ആ വിളമ്പലുകാരനെവിടെ?
“ പാലട...പാലട.. ഇവിടെ വര്വാ...” ഞാന്‍ ഉറക്കെ വിളിച്ചു.
അതു കേള്‍ക്കാത്ത പോലെ ദുശ്ശാസന വേഷം പാലടയുമായി എന്നെയും കടന്നു പോയി. ആഗ്രഹം മൂത്ത് ഞാന്‍ വീണ്ടും അയാളെ വിളിച്ചു.
“ഇവിടെ എല്ലാവര്‍ക്കും കൊടുക്കാന്‍ തികയില്ല. അപ്പോഴാണ്‌ തനിക്ക്..ഹും.. രണ്ടാമതും തരാനില്ല”. ദുശ്ശാസനന്‍ തിരിഞ്ഞുനിന്ന് പറഞ്ഞു.
“എനിക്ക് കുറച്ചു കൂടി വേണം... ഡോ.. ദുശ്ശാസനാ താന്‍ ഇവിടെ വര്വാ..” ഞാന്‍ വീണ്ടും വിളിച്ചു.
പാത്രം താഴെ വച്ച് ദുശ്ശാസനന്‍ എന്‍റെ അടുത്തേക്ക് ക്രുദ്ധനായി പാഞ്ഞുവന്നു. ഉണ്ണികൃഷ്ണന്‍ പിടിച്ച തിരശ്ശീലയ്ക്കു പിന്നില്‍ നിന്ന് തിരനോക്ക് നടത്തിയ ശേഷം എന്‍റെ വസ്ത്രങ്ങള്‍ ഓരോന്നായി അയാള്‍ അഴിക്കാന്‍ തുടങ്ങി. തീരുന്ന മുറക്ക് എന്‍റെ പെട്ടിയില്‍ നിന്നും ഞാന്‍ വസ്ത്രങ്ങള്‍ എടുത്തു കൊടുത്തു. അച്ഛനും അമ്മയ്ക്കും ഭാര്യക്കും മക്കള്‍ക്കുമുള്ള ഓണപ്പുടവകളെല്ലാം ഓരോന്നായി ദുശ്ശാസനന്‍ വലിച്ചെടുത്തുകൊണ്ടേയിരുന്നു. അട്ടഹാസവും അലര്‍ച്ചയും ബഹളങ്ങളും കേട്ട് വിമാനങ്ങള്‍ ഭയന്ന് തലങ്ങും വിലങ്ങും പറക്കാന്‍ തുടങ്ങി. .
അവസാന രക്ഷാശ്രമമെന്ന നിലയ്ക്ക് ഞാന്‍ ദുശ്ശാസനന്‍റെ മേലേയ്ക്കു ചാടി വീണു. പക്ഷേ ദുശ്ശാസനന്‍ തെന്നിമാറുകയും എന്നെ എടുത്തുയര്‍ത്തി അടുത്തുകണ്ട അഗാധ ഗര്‍ത്തത്തിലേയ്ക്ക് വലിച്ചെറിയുകയും ചെയ്തു. പ്രാണരക്ഷാര്‍ത്ഥം ഞാന്‍ അലറിവിളിച്ചു. പക്ഷേ എന്നെ രക്ഷിക്കാന്‍ ആരുമുണ്ടായിരുന്നില്ല.
“ നിന്നോട് ഈ സോഫയില്‍ കിടക്കേണ്ടയെന്നു ഞാന്‍ പറഞ്ഞതല്ലേ. വല്ല സ്വപ്നവും കണ്ടോ?..” താഴെ വീണുകിടക്കുന്ന എന്നെ പിടിച്ചെഴുന്നേല്പ്പിച്ചുകൊണ്ട് സഹമുറിയന്‍ ചോദിച്ചു.
തിരുവോണത്തിന് വീട്ടിലെത്താന്‍ വേണ്ടി ഫ്ലൈറ്റ് ടിക്കറ്റുമെടുത്ത്‌ ഒരുങ്ങികെട്ടിയതിനു ശേഷം പോകാന്‍ പറ്റാതെ വന്നതിന്‍റെ കുണ്ഠിതം മനസ്സിലൊതുക്കി സന്തോഷിന്‍റെ വീട്ടിലെ ഗംഭീര ഓണസദ്യയും കൂടാതെ രാജേഷിന്‍റെ വീട്ടില്‍നിന്നും പായസവുമെല്ലാം കഴിച്ചു മത്തുപിടിച്ച് കിടന്നുറങ്ങിപ്പോയി. ഉറക്കത്തില്‍ സ്വപ്നം കണ്ടതിന്‍റെയും താഴെ വീണതിന്‍റെയും ചമ്മല്‍ മറയ്ക്കാന്‍ ഒരു വളിച്ച ചിരിയും ചിരിച്ച് ഞാനിരുന്നു. അടുത്ത മയക്കത്തിലെ വികലസ്വപ്നം സ്വപ്നം കണ്ടുകൊണ്ട്.